തണുപ്പിരച്ചു കയറി വരുന്ന ശിശിര ദിനങ്ങളാണ്. ചുറ്റും മരങ്ങളിലെ നിറം മാറിയ ഇലകൾ പൊഴിയാൻ തുടങ്ങിയിരിക്കുന്നു. ഇടക്കൊരു 16 ഡിഗ്രി കിട്ടിയ സന്തോഷത്തിൽ ഇന്നലെ ഓഫീസിലെ സൗജന്യ ഉച്ചഭക്ഷണം വേണ്ടെന്ന് വെച്ച് ഒരു വ്യത്യാസത്തിന് വേണ്ടിയാണ് ഞങ്ങൾ മൂന്നുപേർ പുറത്ത് കഴിക്കാൻ പോയത്. എല്ലാ റെസ്റ്റോറന്‍റുകളിലും നീണ്ട നിരകൾ. ഒരിടത്ത് എരിവുള്ള ചിക്കൻ ഫ്രൈ വന്നിട്ടുണ്ടത്രെ, ജാപ്പനീസ് കൂട്ടുകാരി കണ്ടുപിടിച്ചു അർത്ഥവത്തായി മൂളി, ഒരിത്തിരി തിരക്ക് കുറവുള്ളതും അവിടെത്തന്നെ. ഒരു സെറ്റ് ലഞ്ചിന്‌ 1000 യെൻ അഥവാ 645 രൂപ. നാട്ടിൽ ഒരു 100 രൂപ ചെലവഴിക്കുന്ന മൂല്യമേയുള്ളൂ.

ഓഫീസിനു മുന്നിലെ വിശാലമായ മുറ്റത്ത് ചിതറിയ പൂവുകൾ പോലെ ആൾക്കൂട്ടം. ഞാൻ വൈകുന്നേരത്തെ മീറ്റിംഗിനെ കുറിച്ചും, അവൻ വാരാന്ത്യത്തിൽ ഏതോ തടാകക്കരയിൽ പോകുന്നതിനെക്കുറിച്ചും, അവൾ കഴിഞ്ഞയാഴ്ച വാങ്ങിച്ച പുതിയ പൂച്ചക്കുട്ടിയെ പറ്റിയും പറഞ്ഞു പറഞ്ഞു ഓഫീസിനടുത്തെത്തിയപ്പോഴാണ് നീല ജാക്കറ്റിട്ട നീണ്ട ചെറുപ്പക്കാരൻ ഒരു ചെറിയ വെള്ളിപ്പൊതിയുമായി വന്ന് ഇതെന്താണെന്നു ഊഹിക്കാമോ എന്ന് ചോദിച്ചത്. ഒറ്റനോട്ടത്തിൽ ഒരു ഫൈവ്സ്റ്റാർ ചോക്ലേറ്റ് പോലിരുന്ന കുഞ്ഞു പൊതി നോക്കി, ചോക്ലറ്റ്, പോക്കറ്റ് ടിഷ്യു, പഞ്ഞി എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഒന്നും ശരിയല്ലത്രേ.

അയാൾ പിന്നിലിരുന്ന പെട്ടിയിൽ നിന്ന് ഒരു ചിത്രപുസ്‍തകമെടുത്ത് പുറംചട്ട കാണിച്ചു. പല പ്രായത്തിലുള്ള നിരവധി അഭയാര്‍ത്ഥിക്കുട്ടികൾ. അവരിലോരോ കുട്ടിയുടെയും ഒരു ദിവസത്തെ ഭക്ഷണമായിരുന്നത്രെ നേരത്തെ കാണിച്ച കുഞ്ഞിപ്പൊതി. 1000 യെൻ ഉണ്ടെങ്കിൽ ഒരു മാസം 15 പേർക്ക് ഭക്ഷണം കഴിക്കാമത്രേ. നേരത്തെ വേണ്ടാതെ വലിച്ചു വാരിക്കഴിച്ച ഭക്ഷണം വയറ്റിൽ കിടന്നു നീറി. ചെറുപ്പക്കാരൻ ഐക്യരാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജൻസി (UNHCR )-യിൽ ജോലിക്കാരനാണ്. ഒരു കുഞ്ഞു വീഡിയോ കൂടി കണ്ടതോടെ കണ്ണു വെറുതെ നിറഞ്ഞു. ചോദിക്കാതെ തന്നെ ഞങ്ങൾ മൂന്നാളും മേശപ്പുറത്തു വെച്ച ഫോമുകളിൽ മാസത്തിൽ ഒരിക്കൽ ഒരു ചെറിയ ഫണ്ട് എന്ന നിലയ്ക്ക് ഒപ്പിട്ടു നൽകി.

ജാതി-മത-രാഷ്ട്ര-ലിംഗ-വംശീയതകളുടെ പേരിൽ ജനിച്ചു വളർന്ന നാട്ടിൽ തന്നെ അല്ലെങ്കിൽ കുറച്ചകലെ എല്ലാം ഇട്ടെറിഞ്ഞോടിപ്പോയി അഗതികളും അഭയാർഥികളുമായി ജീവിക്കുന്നത് മനുഷ്യകുലത്തിൽ പെട്ട സഹജീവികൾ തന്നെയാണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആൻ ഫ്രാങ്കിന്‍റെ ഡയറി ആദ്യമായി വായിച്ചത്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള ഒരു പെൺകുട്ടി ഒരു ദുരിതകാലത്തെ സഹനങ്ങളെ അതീവ ലളിതമായ ഭാഷയിൽ കുറിച്ചിട്ട രക്തം കിനിയുന്ന അക്ഷരങ്ങളുള്ള പുസ്തകം. വർഷങ്ങൾക്കിപ്പുറം നെതെർലാൻഡ്‌സ് യാത്രയിൽ അവളുടെ വീട് കണ്ടു ഹൃദയം തകർന്നു നിന്നതും മറക്കാനാവില്ല. നിയമങ്ങളുടെയും ഭേദഗതികളുടെയും പേരിൽ ഭരണഘടനയിലെ അടിസ്ഥാന തത്വമായ സമത്വത്തിന്‍റെ കടക്കൽ കത്തിവെക്കുന്നത് കാണുമ്പോൾ ആൻ ഫ്രാങ്കിന്‍റെ ഡയറിയിലെ ഈ ഭാഗം ഓർമ്മ വരുന്നു .

"പതുക്കെപ്പതുക്കെ മർദ്ദന നിയമങ്ങളുടെ ഒരു പ്രവാഹം തന്നെയുണ്ടായി, ജൂതരെ തിരിച്ചറിയാൻ മഞ്ഞ നക്ഷത്രം ധരിക്കണമെന്നത് നിർബന്ധിതമായി. ജൂതർ സൈക്കിളുകൾ ഉന്തിക്കൊണ്ടേ പോകാവൂ, പൊതു ഗതാഗത സംവിധാനമായ ട്രാമുകൾ ഉപയോഗിക്കാൻ പാടില്ല. ഡ്രൈവിംഗ് ചെയ്യുന്നത് നിരോധിച്ചു. മൂന്നു മണിക്കും അഞ്ചു മണിക്കും ഇടയിൽ മാത്രമേ കച്ചവടം ചെയ്യാവൂ. കടകളിൽ ജൂതക്കട എന്ന ബോർഡ് വെക്കണം. മറ്റുള്ള സ്ഥലങ്ങളിൽ കച്ചവടം അനുവദിക്കില്ല. എട്ടുമണിക്കുള്ളിൽ ജൂതരെല്ലാം വീടുകൾക്കുള്ളിൽ എത്തിച്ചേരണം. മുറ്റത്തുപോലും ഇരിയ്ക്കാൻ പാടില്ല. സിനിമയോ മറ്റു കലാരൂപങ്ങളോ കാണാൻ പോകാൻ പാടില്ല. സ്റ്റേഡിയങ്ങളിലേക്കോ, ടെന്നീസ് ഹോക്കി കോർട്ടുകളിലേക്കോ പ്രവേശനം നിഷേധിച്ചു, പൊതുജനങ്ങൾക്കുള്ള കായിക വിനോദങ്ങൾക്ക് വരെ യഹൂദർക്ക് വിലക്കേർപ്പെടുത്തി. ക്രിസ്ത്യാനികളെ ജൂതർ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജൂതർ പൊതു വിദ്യാലയങ്ങളിൽ പോകുന്നത് വിലക്കി, ജൂതർക്ക് മാത്രമായുള്ള സ്‍കൂളുകളിലേ പോകാൻ പാടുള്ളു എന്ന നിയമം വന്നു" - പലതും ചെയ്യാൻ കഴിയാതെ വീർപ്പുമുട്ടിയെങ്കിലും ജീവിതം മുന്നോട്ട്! ഏതുകാര്യവും വിലക്കപ്പെട്ടതാണോ എന്നോർത്തു ഭയത്തോടെയല്ലാതെ ചെയ്യാൻ കഴിയുന്നില്ല!!

തലമുറകൾക്കിപ്പുറവും രണ്ടാം ലോക മഹായുദ്ധത്തിൽ ചെയ്തു കൂട്ടിയ ക്രൂരതയുടെ നിഴലുകൾ വിടാതെ പിന്തുടർന്ന് ശ്വാസം മുട്ടിക്കുന്നതായി ജർമൻ -ജാപ്പനീസ് സുഹൃത്തുക്കൾ പറയാറുണ്ട്. ചരിത്രം ആവർത്തിക്കപ്പെടാതിരിക്കട്ടെ, തോറ്റ ജനതയായി കാലം നമ്മെ അടയാളപ്പെടുത്താതിരിക്കട്ടെ!