വെസ്റ്റ് ബാങ്കിലെ ബൈത്ത് ആവാ പട്ടണത്തിലെ, ഹെബ്രോൻ സ്റ്റേറ്റ് ഹോസ്പിറ്റലിലെ മതിലിന് രണ്ടാൾ പൊക്കമുണ്ട്. ജിഹാദ് അൽ സുവൈത്തി എന്ന ചെറുപ്പക്കാരന് അതൊരു തടസ്സമായില്ല. ആ ആശുപത്രിയുടെ മതിൽ ചാടിക്കടന്ന് അവൻ അതിനുള്ളിലെ കൊവിഡ് ഇന്റെൻസീവ് കെയർ യൂണിറ്റിലെ ഐസൊലേഷൻ വാർഡിന്റെ ജനാലക്കൽ ചെന്ന് ഇരിപ്പുറപ്പിച്ചു. അവിടെ നിന്ന് നോക്കിയാൽ അകത്ത് ഐസൊലേഷനിൽ കിടക്കുന്നവരെ കാണാം. നിരനിരയായി കിടത്തിയിരിക്കുന്ന ആ കിടക്കകളിൽ ഒന്നിൽ അവന്റെ ഉമ്മയുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ളവരെയാണ് ഈ വാർഡിലേക്ക് കയറ്റുക എന്ന് അവനറിയാം. 

അൽപനേരം പരതി നടന്ന ശേഷം അവന്റെ കണ്ണുകൾ തന്റെ ഉമ്മയെ കണ്ടെത്തി. കൊവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയതിൽ പിന്നെ എഴുപത്തിമൂന്നുകാരിയായ തന്റെ ഉമ്മയെ ജിഹാദിന് കാണാനൊത്തിട്ടില്ല. ഇപ്പോൾ ആശുപത്രിക്കാർ പറയുന്നത് ഉമ്മ ഏത് നിമിഷം വേണമെങ്കിലും മരിക്കാം എന്നാണ്. അതെങ്ങനെയാണ് ശരിയാവുക ? പെറ്റുമ്മയെ അവസാനമായി ഒരുനോക്ക് കണ്ടു യാത്രപറയാതെ എങ്ങനെയാണ് മരിക്കാൻ വിടുക? 

അങ്ങനെയാണ് നാലുദിവസം മുമ്പ്, തന്റെ ഉമ്മ റസ്മി സുവൈത്തിയെ കാണാൻ മകൻ ജിഹാദ് അൽ സുവൈത്തി എത്തിയത്. ഐസൊലേഷൻ വാർഡിന്റെ ചില്ലുജനാലയ്ക്കൽ ആ മുപ്പതുകാരൻ തന്റെ അമ്മയെ കാണാൻ എത്തി നിമിഷങ്ങൾക്കകം അവർ തന്റെ അന്ത്യശ്വാസമെടുത്തു. തനിക്ക് ജന്മം നൽകിയ അമ്മയുടെ പ്രാണൻ ആ ശരീരം വിട്ടുപോകുന്നത് അവരുടെ മകൻ ആ ചില്ലുജനാലയ്ക്കപ്പുറത്ത് കൊണ്ട് നിർന്നിമേഷനായി കണ്ടുനിന്നു. 

ആ മുപ്പതുകാരൻ അങ്ങനെ ആ കൊവിഡ് ഐസൊലേഷൻ വാർഡിന്റെ ചില്ലുജനാലയ്ക്കൽ വലിഞ്ഞു കേറി അകത്തേക്കും നോക്കി ഇരിക്കുന്ന ചിത്രം മുഹമ്മദ് സഫ എന്നൊരാൾ എടുത്ത് ട്വീറ്റ് ചെയ്തു. അത് ലോകമെമ്പാടുമുള്ള നിരവധി പേരിൽ ഏറെ വേദനയുളവാക്കി. " എന്തൊരു സ്നേഹമാണ് ആ മോന്. ആ ചിത്രം എന്റെ നെഞ്ചു വേദനിപ്പിക്കുന്നു. കണ്ണ് നനയിക്കുന്നു" എന്നൊരാൾ ട്വീറ്റിന് കമന്റിട്ടു. 

 

 

ആ അമ്മ രക്താർബുദം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടുനിൽക്കേയാണ് അവരെ കൊവിഡിന്റെ രൂപത്തിലെത്തിയ മരണം ആശ്ലേഷിച്ചത്. അകത്തേക്ക് ആശുപത്രി അധികൃതർ കടത്തിവിട്ടില്ല എന്നുറപ്പായതോടെയാണ് അയാൾ ഉയരത്തിലുള്ള ആ ജനാലയിലേക്ക് വലിഞ്ഞു കയറിയതും അവിടെ നിന്ന് തന്റെ ഉമ്മയുടെ അവസാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചതും, ഉമ്മയോട് വിടപറഞ്ഞതും.