Asianet News MalayalamAsianet News Malayalam

മകൻ ജനിക്കും മുമ്പ് തന്നെ യുദ്ധത്തില്‍ ജീവത്യാ​ഗം ചെയ്ത അച്ഛന്റെ ഓർമ്മയ്ക്ക് അവരവന് പേര് നൽകി, കാർ​ഗിൽ...

ഭർത്താവിന്റെ പെട്ടെന്നുള്ള മരണം അവളെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയിൽ അവൾ നീറി നീറി കഴിഞ്ഞു. എന്നിരുന്നാലും മരണത്തിന് മുന്നിൽ അടിപതറാതെ പിടിച്ച് നിന്ന ഭർത്താവിന്റെ ഓർമ്മ അവൾക്ക് ശക്തി പകർന്നു. 

son named Kargil for the memory of father
Author
Siliguri, First Published Jul 26, 2021, 3:23 PM IST

കാർഗിൽ യുദ്ധം നടന്നിട്ട് ഇന്നേയ്ക്ക് 22 വർഷം തികയുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നായ ആ യുദ്ധത്തിൽ പൊലിഞ്ഞത് 527 ധീര ജവാന്മാരുടെ ജീവനാണ്. സുരേഷ് ഛേത്രി അതിലൊരാളായിരുന്നു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത അദ്ദേഹം എന്നാൽ മകനിലൂടെ ഇന്നും ജീവിക്കുന്ന ഓർമ്മയായി തുടരുന്നു. ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് മകൻ ഇന്ന്. പേര് സുമൻ സുരേഷ് 'കാർഗിൽ' ഛേത്രി. ഓരോതവണയും അവനെ ആളുകൾ കാർഗിലെന്ന് വിളിക്കുമ്പോൾ, അവന്റെ മനസ്സിൽ അച്ഛനോടുള്ള സ്നേഹത്തിന്റെ തിരി ആളിക്കത്തും, ഒരേസമയം അഭിമാനവും, നൊമ്പരവും അവനിൽ ഉറഞ്ഞുകൂടും. മരണപ്പെട്ട ആ ധീരജവാന്റെ ഓർമ്മക്കായിട്ടാണ് കുടുംബം മകന് ആ പേര് നൽകിയത്.  

ആദ്യമൊക്കെ തന്റെ വിചിത്രമായ പേര് കേട്ട് ആളുകൾ അതിശയിക്കാറുണ്ടെന്ന് സുമൻ പറയുന്നു. പലരും അതിന്റെ പിന്നിലുള്ള കഥ ചോദിക്കുമ്പോൾ അവൻ സന്തോഷത്തോടെ തന്റെ അച്ഛന്റെ വീര കഥകൾ വിശദീകരിക്കും. മരിക്കുമ്പോൾ സുരേഷിന് വെറും ഇരുപത്താറുവയസ്സായിരുന്നു. 1999 ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരോട് സന്ധിയില്ലാ യുദ്ധം ചെയ്ത അദ്ദേഹം,  ജൂലൈ ഏഴിന് വീരമൃത്യ വരിക്കുകയായിരുന്നു.  

നാഗ റെജിമെന്റിലെ ശിപായിയായ സുരേഷ് മരിക്കുമ്പോൾ മകൻ സുമനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു ഭാര്യ. പ്രസവത്തിന് താൻ തീർച്ചയായും എത്തുമെന്ന് അദ്ദേഹം ഭാര്യ മഞ്ജുവിന് വാക്ക് കൊടുത്തിരുന്നു. എന്നാൽ, മകന്റെ മുഖം ഒരുനോക്ക് കാണാൻ സാധിക്കാതെ അദ്ദേഹം യാത്രയായി. ത്രിവർണ പതാകയിൽ പൊതിഞ്ഞ അദ്ദേഹത്തിന്റെ മൃതദേഹമാണ് തിരിച്ച് വീട്ടിൽ എത്തിയത്. അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് നാല് മാസത്തിന് ശേഷം 1999 നവംബർ 4 -ന് മഞ്ജു മകനെ പ്രസവിച്ചു. സുരേഷിന്റെ ഓർമ്മക്കായി മകന് കാർഗിൽ എന്ന് പേരിടാൻ കുടുംബം തീരുമാനിച്ചു. അങ്ങനെ അന്ന് മുതൽ അവൻ സുമൻ സുരേഷ് കാർഗിൽ ഛേത്രിയായി. അവന്റെ പേർ മരണപ്പെട്ട ആ ധീരജവാന്റെ ഓർമ്മകൾക്ക് ജീവൻ നൽകി.

സുമന് ഒരിക്കലും അച്ഛനെ കാണാൻ ഭാഗ്യം ലഭിച്ചില്ലെങ്കിലും, വീട്ടുകാരും നാട്ടുകാരും അച്ഛനെ കുറിച്ച് ഒരുപാട് കഥകൾ അവന് പറഞ്ഞു കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ജീവത്യാഗത്തിന്റെ കഥകൾ വിവരിക്കുന്ന പഴയ പത്രക്കുറിപ്പുകളും അവൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. “ഞാൻ ഒരിക്കലും അച്ഛനെ കണ്ടിട്ടില്ല. പക്ഷേ, ‘സുരേഷ് കാർഗിൽ’ എന്ന പേര് എനിക്ക് നൽകാൻ എന്റെ കുടുംബം കരുതൽ കാട്ടി. ഇപ്പോൾ എവിടെ പോയാലും എല്ലാവരും എന്റെ പേരിനെ കുറിച്ചാണ് ആദ്യം ചോദിക്കുന്നത്. എന്റെ പിതാവിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് അതൊരു  അവസരമാണ്” സുമൻ പറയുന്നു.

ചില സമയങ്ങളിൽ, അച്ഛൻ ഇല്ലാത്ത ദുഃഖം സുമനെ അലട്ടുമെങ്കിലും, അതിനെയെല്ലാം അതിജീവിക്കാൻ കരുത്തുനൽകുന്നത് അമ്മയുടെ സ്നേഹവും, കരുതലുമാണ്. സുമന്റെ വീടിന്റെ സ്വീകരണമുറി  നിറയെ അച്ഛന്റെ ഫോട്ടോകളും മരണാനന്തരം ലഭിച്ച ബഹുമാന സർട്ടിഫിക്കറ്റുകളുമാണ്. അച്ഛനെ തന്റെ റോൾ മോഡലായി കരുതുന്ന സുമൻ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ ശേഷം ആർമിയിൽ ചേരാനാണ് ആഗ്രഹിക്കുന്നത്. മകന്റെ ഈ തീരുമാനത്തോട് പൂർണ്ണയോജിപ്പാണ് മഞ്ജുവിന്.

21 വയസ്സുള്ളപ്പോഴാണ് മഞ്ജു സുരേഷിനെ വിവാഹം കഴിക്കുന്നത്. കുറച്ച് കാലംമാത്രമാണ് അവർ ഒരുമിച്ച് കഴിഞ്ഞത്. വെറും 24 -ാമത്തെ വയസ്സിൽ അവൾ വിധവയുമായി. പിന്നീട് അവൾ സ്വന്തം കുഞ്ഞിന് വേണ്ടി ജീവിച്ചു. “തനിച്ച് ഒരു കുട്ടിയെ വളർത്തുക എന്നത് ഇന്നത്തെ കാലത്ത് എത്ര പ്രയാസമുള്ള കാര്യമാണ് എന്നത് എല്ലാവർക്കുമറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടം അതായിരുന്നു. പക്ഷേ, എന്റെ ഭർത്താവിന്റെ കുടുംബം എന്റെ കൂടെ നിൽക്കുകയും ഓരോ ഘട്ടത്തിലും എന്നെ സഹായിക്കുകയും ചെയ്തു” അവൾ പറഞ്ഞു.

ഭർത്താവിന്റെ പെട്ടെന്നുള്ള മരണം അവളെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയിൽ അവൾ നീറി നീറി കഴിഞ്ഞു. എന്നിരുന്നാലും മരണത്തിന് മുന്നിൽ അടിപതറാതെ പിടിച്ച് നിന്ന ഭർത്താവിന്റെ ഓർമ്മ അവൾക്ക് ശക്തി പകർന്നു. വേദന അവളെ തകർക്കാൻ അവൾ അനുവദിച്ചില്ല. ഇപ്പോൾ 47 കാരിയായ മഞ്ജു വിജയകരമായ ഒരു ബിസിനസ്സ് സംരംഭകയാണ്. ബാഗ്ഡോഗ്രയിലും നക്സൽബാരിയിലും ഉടനീളം ആറ് പാചക വാതക വിതരണ ഏജൻസികൾ അവൾക്കുണ്ട്. മുന്നൂറോളം പേർ അവളുടെ കീഴിൽ ജോലി ചെയ്യുന്നു. ഭർത്താവിനെ കുറിച്ചോർക്കുമ്പോൾ ഇന്നും അഭിമാനം മാത്രമേയുള്ളൂ അവൾക്ക്. കുടുംബത്തിന്റെ മാത്രമല്ല, ആ നാടിന്റെയും കൂടി നായകനാണ് സുരേഷ്. താരബാരിയിലെ ആളുകൾ അദ്ദേഹത്തിനായി ഒരു പ്രതിമ പണികഴിപ്പിച്ചിട്ടുണ്ട്. ആ സൈനികന്റെ പേരിൽ ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂളുമുണ്ട്.  

 

Follow Us:
Download App:
  • android
  • ios