Asianet News MalayalamAsianet News Malayalam

ഇത് സോണിയാ ദൂഹൻ, ബിജെപിയുടെ മൂക്കിന് കീഴിലൂടെ നാല് എംഎൽഎമാരെ റാഞ്ചിക്കൊണ്ടുവന്ന എൻസിപിയുടെ യുവതുർക്കി

അടുത്തതായി അവർ ചെയ്തത്, ഹോട്ടലിന്റെ ഒരു ബ്ലൂ പ്രിന്റ് സംഘടിപ്പിക്കുകയാണ്. അതിലൂടെ, ഹോട്ടൽ ജീവനക്കാർ മാത്രം ഉപയോഗിക്കുന്ന, അതിഥികൾക്ക് പ്രവേശനമില്ലാത്ത, പുറമെ നിന്ന് നോക്കുന്നവർക്ക് കണ്ണിൽ പെടുക പോലും ചെയ്യാത്ത ചില വഴികൾ അവർക്ക് ഹോട്ടൽ മാനേജ്‌മെന്റിലെ സുഹൃത്തുക്കൾ പറഞ്ഞുകൊടുത്തു

Sonia Doohan the young turk of NCP who rescued the hostage MLAs in BJP Custody  from Gurgaon Oberoi Hotel
Author
Gurgaon, First Published Nov 28, 2019, 1:40 PM IST

മഹാരാഷ്ട്രയിൽ അരങ്ങേറിയ രാഷ്ട്രീയ തിരനാടകങ്ങൾക്കിടയിൽ നിർണ്ണായകമായ ഒരു ഓപ്പറേഷന് ചുക്കാൻ പിടിച്ചത് എൻസിപി വിദ്യാർത്ഥി സംഘടനയുടെ നേതാവായ ഒരു സോണിയാ ദൂഹൻ ആണ്. മഹാരാഷ്ട്രയിൽ നിന്ന് രായ്ക്കുരാമാനം കടത്തിക്കൊണ്ടുപോയി ഹരിയാനയിലെ ഗുഡ്‌ഗാവിലുള്ള ദി ഒബ്‌റോയ് ഹോട്ടലിൽ പാർപ്പിച്ചിരുന്ന ഈ എംഎൽഎമാരെ, വളരെ രഹസ്യമായി അവിടെ ചെന്നെത്തി, കാവലിന് നിയോഗിച്ചിരുന്ന ബിജെപിയുടെ ഇരുനൂറോളം പ്രവർത്തകരുടെ കണ്ണും വെട്ടിച്ച്, സാഹസികമായി റാഞ്ചിയെടുത്ത്  നേരെ ദില്ലി, 6 ജൻപഥിലുള്ള എൻസിപി പാർട്ടി ചീഫ് ശരദ് പവാറിന്റെ വസതിയിൽ  എത്തിച്ചതിന്റെ സീൻ ബൈ സീൻ വിവരണം, ദ ക്വിൻറ് വെബ്‌സൈറ്റിനോട് സോണിയ നടത്തുകയുണ്ടായി. ഒരു ബോളിവുഡ് ആക്ഷൻ സിനിമയുടെ രംഗങ്ങളെ ഓർമ്മിപ്പിക്കും ആ ഓപ്പറേഷൻ. 

Sonia Doohan the young turk of NCP who rescued the hostage MLAs in BJP Custody  from Gurgaon Oberoi Hotel

എൻസിപിയുടെ വിദ്യാർത്ഥി ഘടകം പ്രസിഡണ്ടാണ് ഇരുപത്തെട്ടുകാരിയായ സോണിയ ദൂഹൻ. ഗുഡ്‌ഗാവ് സ്വദേശിയാണ് അവർ. അതുകൊണ്ടുതന്നെ തങ്ങളുടെ പാർട്ടിയിലെ ബാബാ സാഹേബ് പാട്ടീൽ, ദൗലത് ദരോദ, അനിൽ പാട്ടീൽ, നിതിൻ പവാർ, നരഹരി സിർവാൽ എന്നിങ്ങനെ അഞ്ച് എംഎൽഎമാരെ ബിജെപി റാഞ്ചിക്കൊണ്ടുപോയി പാർപ്പിച്ചിരിക്കുന്നത് ഗുഡ്‌ഗാവിലെ ദ ഒബ്‌റോയ് ഹോട്ടലിൽ ആണെന്നറിഞ്ഞപ്പോൾ, അവരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം എൻസിപി വിശ്വസിച്ചേൽപ്പിച്ചത് അവരുടെ തീപ്പൊരി വിദ്യാർത്ഥിനേതാവായ സോണിയയെത്തന്നെയാണ്. രണ്ടു ദിവസം നീണ്ട വെൽ പ്ലാൻഡ് ഓപ്പറേഷനിലൂടെയാണ് സോണിയ അവരെ തിരികെ റാഞ്ചിക്കൊണ്ടുവരിക എന്ന ദുഷ്‌കരദൗത്യം സ്തുത്യർഹമായി നടപ്പിലാക്കിയത്. 

എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ഗുഡ്ഗാവിലെ ഒബ്‌റോയിൽ ആണെന്നുറപ്പിച്ച ശേഷം, സംഘടനയിലെ അംഗങ്ങളായ വിദ്യാർത്ഥികളെയാണ് ആദ്യം തന്നെ സോണിയ നിരീക്ഷണത്തിനായി ഹോട്ടൽ പരിസരത്തേക്ക് പറഞ്ഞയച്ചത്. ബിജെപി പ്രവർത്തകർ, ഏകദേശം  നൂറോളം പേർ, ആ ഹോട്ടലിന്റെ ഉള്ളിലും പുറത്തുമായി നിരന്നു നിൽപ്പുണ്ടായിരുന്നു. ആകെ ഒരു കാവിക്കോട്ടയായി ആ പഞ്ചനക്ഷത്ര ഹോട്ടൽ മാറിക്കഴിഞ്ഞിരുന്നു. അവരുടെ ഇടയിലൂടെ എംഎൽഎമാരെ കടത്തിക്കൊണ്ടുവരിക എന്നത് എളുപ്പമല്ല എന്ന് സോണിയ മനസ്സിലാക്കി. പിന്നീട് അവർ ബന്ധപ്പെട്ടത്, ഹോട്ടൽ മാനേജ്‌മെന്റിൽ തന്നെയുള്ള തന്റെ സുഹൃത്തുക്കളെയാണ്. അവരിൽ നിന്ന് സോണിയക്ക് ഒരു കാര്യം മനസ്സിലായി. ഹോട്ടലിന്റെ അഞ്ചാം നിലയിൽ 5109, 5110, 5112, 5113 എന്നീ മുറികളിലാണ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത്. യാദവ് എന്ന പേരിലാണ് ആ മുറികളുടെ ബുക്കിങ്ങ് ചെയ്തിരുന്നത്. 

Sonia Doohan the young turk of NCP who rescued the hostage MLAs in BJP Custody  from Gurgaon Oberoi Hotel

എന്തായാലും, ആ കോട്ടയ്ക്കുള്ളിലേക്ക് രണ്ടും കല്പിച്ചുകൊണ്ട് കടന്നു ചെല്ലാൻ തന്നെ സോണിയ തീരുമാനിച്ചു. എൻസിപിയുടെ യുവഘടകത്തിന്റെ റെസ്ക്യൂ ടീം രണ്ടായി പിരിഞ്ഞാണ് അവിടെ നിന്ന് മുന്നോട്ട് പോയത്.  ഒരു ടീം സോണിയ നയിച്ചു. രണ്ടാമത്തെ ടീമിനെ ധീരജ് ശർമ്മ എന്ന എൻസിപി യുവഘടകം പ്രസിഡന്റ് നയിച്ചു. ഇരു ടീമിലും നൂറുവീതം അംഗങ്ങളുണ്ടായിരുന്നു. സോണിയയുടെ ടീമിൽ കുറച്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. ഹോട്ടലിലേക്ക് കടന്നുചെന്ന അവർ, അവിടെ പല നിലകളിലായി മുറികൾ ബുക്ക് ചെയ്തു.  

അടുത്തതായി അവർ ചെയ്തത്, ഹോട്ടലിന്റെ ഒരു ബ്ലൂ പ്രിന്റ് സംഘടിപ്പിക്കുകയാണ്. അതിലൂടെ, ഹോട്ടൽ ജീവനക്കാർ മാത്രം ഉപയോഗിക്കുന്ന, അതിഥികൾക്ക് പ്രവേശനമില്ലാത്ത, പുറമെ നിന്ന് നോക്കുന്നവർക്ക് കണ്ണിൽ പെടുക പോലും ചെയ്യാത്ത ചില വഴികൾ അവർക്ക് ഹോട്ടൽ മാനേജ്‌മെന്റിലെ സുഹൃത്തുക്കൾ പറഞ്ഞുകൊടുത്തു.  പ്രധാനപ്പെട്ട എല്ലാ എൻട്രി-എക്സിറ്റ് വാതിലുകളിലും ബിജെപിയുടെ കാവൽക്കാരുണ്ടായിരുന്നു. 

ബുക്ക് ചെയ്ത മുറികൾ കേന്ദ്രീകരിച്ചു കൊണ്ട് അവർ ബിജെപിക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ നിതിൻ പാട്ടീൽ എന്ന ആദ്യ എംഎൽഎയെ നേരത്തെ പറഞ്ഞ രഹസ്യമാർഗ്ഗത്തിലൂടെ പുറത്തെത്തിച്ചു. ബിജെപിക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട് ആകെ ഒന്നോ രണ്ടോ മിനിറ്റിന്റെ ഇടവേള മാത്രമാണ് കിട്ടിക്കൊണ്ടിരുന്നത്. അതിനിടയിലായിരുന്നു ഈ സാഹസികമായ റാഞ്ചൽ നടന്നത്. 

രാത്രി ഒമ്പതര പത്തുമണിയോടെ അവിടെ നിയോഗിക്കപ്പെട്ടിരുന്ന ബിജെപി ടീമിനു പകരം പുതിയ സെറ്റ് ആളുകൾ വന്ന് കാവലിന്റെ ഷിഫ്റ്റ് മാറുന്ന സമയമായി. അത് റെസ്ക്യൂ ടീമിന് 5-10 മിനിറ്റിന്റെ ഇടവേള നൽകി. ആ സമയം കൊണ്ട് അടുത്ത രണ്ട് എംഎൽഎമാരെ രക്ഷിച്ചെടുത്തു. സർവീസ് ലിഫ്റ്റ് വഴി താഴെക്കൊണ്ടുവന്ന് സ്വിമ്മിങ് പൂളിന്റെ അരികിലൂടെ ഹോട്ടലിന്റെ പിൻഭാഗത്തുള്ള ഒരു രഹസ്യ എക്സിറ്റിലൂടെയാണ് അവരെ ഹോട്ടലിന് പുറത്തെത്തിച്ചത്. 

ഹോട്ടലിന്റെ പിൻഭാഗത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നാലുപേരെ കയറ്റി വണ്ടി സ്റ്റാർട്ട് ചെയ്തതും, വിവരമറിഞ്ഞ് ബിജെപിയുടെ പ്രവർത്തകർ ഓടിയെത്തി. അവരെ വെട്ടിച്ച് ഏറെ സാഹസികമായി, ഗുഡ്‌ഗാവിലെ ഊടുവഴികളിലൂടെ വാഹനമോടിച്ച് അവരുടെ കണ്ണുവെട്ടിച്ച് ദില്ലിയിലേക്ക് കയറി, നേരെ നമ്പർ 6  ജൻപഥിലുള്ള പവാറിന്റെ വസതിയിലേക്ക് എത്തിച്ചു സോണിയയും ടീമും. 

ഡിണ്ടോരി എംഎൽഎ നരഹരി സിർവാലിനെ രക്ഷിക്കാൻ പറഞ്ഞയച്ച സംഘം വഴി തെറ്റി മെയിൻ ലോബി വഴി പോവുകയും, നേരെ  ചെന്ന് ബിജെപിയുടെ കാവൽകർക്കു മുന്നിൽ പെടുകയും ചെയ്തു. ആ എംഎൽഎയ്ക്കും, കൂടെ ചെന്ന എൻസിപി വിദ്യാർത്ഥി സംഘത്തിനും ബിജെപി പ്രവർത്തകരുടെ ക്രൂരമായ മർദ്ദനത്തിന് ഇരയാകേണ്ടി വന്നു എന്നും സോണിയ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റുള്ള എൻസിപി പ്രവർത്തകർ ചേർന്നാണ് വിദ്യാർത്ഥികളെ മോചിപ്പിച്ചതെന്നും അവർ പറയുന്നു. 

Sonia Doohan the young turk of NCP who rescued the hostage MLAs in BJP Custody  from Gurgaon Oberoi Hotel


അങ്ങനെ സാഹസികമായ ഒബ്‌റോയിൽ നിന്ന് മോചിപ്പിച്ച എംഎൽഎമാരെ ദില്ലിയിൽ സുരക്ഷിതമായ ഒരിടത്ത് രാത്രി പാർപ്പിച്ച ശേഷം പുലർച്ചെയുള്ള വിമാനത്തിൽ കയറ്റി മുംബൈയ്ക്ക് വിടുന്നതുവരെ എല്ലാം തന്നെ സോണിയ ദൂഹാൻ എന്ന ഈ എൻസിപി യുവനേതാവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു. ഈ സാഹസികമായ റെസ്ക്യൂ ഓപ്പറേഷനോടെ പാർട്ടിയിൽ ഒരു യുവതുർക്കിയുടെ പരിവേഷമാണ് സോണിയക്ക് കൈവന്നിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios