മെസ്സർ ഇബറിക്കസ് എന്ന ഇനം റാണി ഉറുമ്പുകൾക്ക്, മെസ്സർ സ്ട്രക്റ്റർ എന്ന മറ്റൊരു സ്പീഷീസിൽപ്പെട്ട ആൺ ഉറുമ്പുകൾക്ക് ജന്മം നൽകാൻ കഴിയും. സംഭരിച്ചുവെച്ച ബീജത്തിലെ ജനിതകവസ്തുവിനെ ക്ലോൺ ചെയ്താണ് റാണി ഉറുമ്പുകൾ ഈ അത്ഭുത പ്രതിഭാസം സാധ്യമാക്കുന്നത്.
അച്ഛനുമമ്മയും ഏത് സ്പീഷീസാണോ അതേ സ്പീഷീസായിരിക്കും കുഞ്ഞുങ്ങളുമെന്നാണ് നിങ്ങളുടെ ധാരണയെങ്കില്‍ തെറ്റി. സാധാരണയായി അങ്ങനെയാണെങ്കിലും രണ്ട് സ്പീഷിസിലുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കാൻ കഴിയുന്ന ഒരു ഉറുമ്പിനത്തെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നു. മെഡിറ്ററേനിയൻ ഹാർവെസ്റ്റർ ഇനത്തിൽപ്പെട്ട മെസ്സർ ഇബറിക്കസ് (Messor ibericus) എന്ന ഉറുമ്പുകളുടെ രാജ്ഞിക്ക്, മെസ്സർ സ്ട്രക്റ്റർ (Messor structor) എന്ന മറ്റൊരു സ്പീഷീസിൽപ്പെട്ട ആൺ ഉറുമ്പുകൾക്ക് (male offspring) ജന്മം നൽകാൻ കഴിയുമെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ഈ മാസം പുറത്തിറങ്ങിയ 'നേച്ചർ' (Nature) ശാസ്ത്ര മാസികയിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. ഫ്രാൻസ്, ഇറ്റലി, ബൾഗേറിയ, ഓസ്ട്രിയ എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് പഠനം നടത്തിയത്.
ഒരു റാണി, രണ്ട് സ്പീഷീസ് കുട്ടികൾ
"ഈ സ്പീഷീസിന് എന്തൊക്കെയോ അസാധാരണമായ പ്രത്യേകതകളുണ്ടെന്ന് ഞങ്ങൾക്ക് ബലമായ സംശയമുണ്ടായിരുന്നു, പക്ഷേ, ഇത്രയുമൊരു അസാധാരണത്വം ഞങ്ങൾ പ്രതീക്ഷിച്ചതേയില്ല" കണ്ടെത്തലിനെക്കുറിച്ച് ഗവേഷണ പ്രബന്ധത്തിന്‍റെ സഹ-രചയിതാവും ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഓഫ് മോണ്ട്പെല്ലിയറിലെ ബയോളജിസ്റ്റുമായ ജൊനാഥൻ റോമിഗിയർ, സിഎൻഎന്നിനോട് പറഞ്ഞു. ഹാർവെസ്റ്റർ ഉറുമ്പുകളുടെ കോളനികളിൽ, റാണി ഉറുമ്പുകൾക്ക് മാത്രമാണ് അടുത്ത തലമുറയ്ക്ക് ജന്മം നൽകാനുള്ള കഴിവുള്ളൂ. ഇതിനായുള്ള ബീജം നൽകുന്നത് ആൺ ഉറുമ്പുകളാണ്.

(മെസ്സർ ഇബറിക്കസ്)
വന്ധ്യകളായ പെൺ തൊഴിലാളി ഉറുമ്പുകളാണ് കൂടുകളുടെ നിർമ്മാണം, കുഞ്ഞുങ്ങളെ പരിപാലിക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഗവേഷകർ നടത്തിയ പഠനത്തിൽ, എല്ലാ മെസ്സർ ഇബറിക്കസ് തൊഴിലാളി ഉറുമ്പുകളും സങ്കരയിനമാണെന്നും (hybrid), അവയുടെ ഡിഎൻഎയുടെ പകുതിയോളം മെസ്സർ സ്ട്രക്റ്ററിനോട് സാമ്യമുള്ളതാണെന്നും കണ്ടെത്തി. ഇത്തരം സങ്കരയിനം സ്പീഷീസുകൾ ഉറുമ്പുകൾക്കിടയിൽ സാധാരണമാണ്. റാണി ഉറുമ്പുകൾ മറ്റ് സ്പീഷീസുകളിലെ ആൺ ഉറുമ്പുകളുമായി ഇണചേർന്ന് സങ്കരയിനം തൊഴിലാളി ഉറുമ്പുകൾക്ക് ജന്മം നല്‍കാറുണ്ട്. മെസ്സർ ഇബറിക്കസിനെ ഉദാഹരണമായി എടുക്കുകയാണെങ്കില്‍, ഇവയുടെ കോളനികൾ മെഡിറ്ററേനിയൻ പ്രദേശത്തെ പല ഭാഗങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും അവിടെയൊന്നും മെസ്സർ സ്ട്രക്റ്റർ കോളനികൾ ഇല്ല. അതിനാൽ, എങ്ങനെയാണ് മെസ്സർ ഇബറിക്കസ് റാണി ഉറുമ്പുകൾക്ക് സങ്കരയിനം തൊഴിലാളികൾക്ക് ജന്മം നൽകാനായി മെസ്സർ സ്ട്രക്റ്റർ ആൺ ഉറുമ്പുകളെ കണ്ടെത്താൻ കഴിയുന്നത് എന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി.

(മെസ്സർ സ്ട്രക്റ്റർ)
ഗവേഷണം
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി റോമിഗിയറും സഹപ്രവർത്തകരും മെസ്സർ ഇബറിക്കസ് കോളനികളിലെ ഉറുമ്പുകളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. തുടർന്ന് നടത്തിയ പഠനത്തിൽ ഈ കോളനികളിൽ മെസ്സർ സ്ട്രക്റ്റർ ഇനത്തിൽപ്പെട്ട നിരവധി ആൺ ഉറുമ്പുകൾ ജീവിക്കുന്നതായും ഈ ആൺ ഉറുമ്പുകൾക്ക് മെസ്സർ ഇബറിക്കസ് റാണി ഉറുമ്പുകളുടെ മൈറ്റോകോൺഡ്രിയൽ ഡിഎൻഎ (mitochondrial DNA) ഉണ്ടെന്നും വ്യക്തമായി. ഈ പ്രത്യേകതരം ഡിഎൻഎ അമ്മയിൽ നിന്ന് മാത്രമാണ് ലഭിക്കുന്നത്. അതിനാൽ മെസ്സർ സ്ട്രക്റ്റർ ആൺ ഉറുമ്പുകളുടെ അമ്മ. മെസ്സർ ഇബറിക്കസ് റാണി ഉറുമ്പാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് ശാസ്ത്രജ്ഞർ മെസ്സർ ഇബറിക്കസ് റാണികളെ വേർതിരിച്ച് അവയിടുന്ന മുട്ടകൾ പരിശോധിച്ചു. മുട്ടകളിൽ ഏകദേശം 10 % പൂർണ്ണമായും മെസ്സർ സ്ട്രക്റ്റർ ഇനത്തിൽപ്പെട്ടതാണെന്ന് കണ്ടെത്തി. 'ഒരു മനുഷ്യൻ ചിമ്പാൻസി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതുപോലെ' എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിച്ചത്.
മെസ്സർ ഇബറിക്കസ് റാണികൾ, സ്പേമാതാക്ക (spermatheca) എന്ന പ്രത്യേക അവയവത്തിൽ (spermatheca) സംഭരിച്ചിരിക്കുന്ന മെസ്സർ സ്ട്രക്റ്റർ ആൺ ഉറുമ്പുകളുടെ ബീജത്തിലെ ജനിതക വസ്തുവിനെ ക്ലോൺ ചെയ്താണ് രണ്ട് വ്യത്യസ്ത സ്പീഷീസുകൾക്ക് ജന്മം നൽകുന്നതെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഈ പ്രക്രിയയിലൂടെ ഉണ്ടാകുന്ന മുട്ടകളിൽ മൈറ്റോകോൺഡ്രിയൽ ഡിഎൻഎയിൽ ഒഴികെ മെസ്സർ ഇബറിക്കസ് ഡിഎൻഎയുടെ സാന്നിധ്യം ഉണ്ടാവില്ല. ബീജത്തിൽ ഈ ഡിഎൻഎ ഇല്ലാത്തതാണ് ഇതിന് കാരണം. ന്യൂ സയന്‍റിസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, രണ്ട് വ്യത്യസ്ത സ്പീഷീസുകളിൽപ്പെട്ട ആൺ ഉറുമ്പുകളെ ഉത്പാദിപ്പിക്കുന്നതിലൂടെ, ഭാവിയിൽ റാണികളായി മാറുന്ന പെൺ മക്കൾക്ക് മറ്റ് രണ്ട് സ്പീഷീസുകളിലെ ആൺ ഉറുമ്പുകളുമായി ഇണ ചേരാനുള്ള സാധ്യത ഉറപ്പാക്കാൻ റാണിക്ക് കഴിയുന്നു. പുതിയ റാണിമാരെ ഉത്പാദിപ്പിക്കാൻ മെസ്സർ ഇബറിക്കസ് ബീജം ഉപയോഗിക്കുമ്പോൾ, സങ്കരയിനം തൊഴിലാളികളെയും പുതിയ മെസ്സർ സ്ട്രക്റ്റർ ആൺ ഉറുമ്പുകളെയും ഉത്പാദിപ്പിക്കാൻ മെസ്സർ സ്ട്രക്റ്റർ ബീജത്തെയുമാണ് ഉപയോഗിക്കുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.


