ട്രക്കിൽ എല്ലായിടവും വാല്‍നട്ട് കൊണ്ട് നിറഞ്ഞു. 158 കിലോ​ഗ്രാം ബ്ലാക്ക് വാല്‍നട്ടാണ് ഫിഷര്‍ വാഹനത്തില്‍ നിന്നും നീക്കം ചെയ്തത്രെ. 

പഞ്ഞമാസത്തേക്ക് വേണ്ടി മനുഷ്യര്‍ എന്തെങ്കിലും ശേഖരിച്ച് വയ്ക്കുന്നത് നേരത്തെയെല്ലാം സാധാരണമായിരുന്നു. എന്നാല്‍, നമ്മളങ്ങനെ ദിവസങ്ങളും മാസങ്ങളുമെടുത്ത് ശേഖരിച്ച് വച്ചതെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെട്ടാലെന്ത് ചെയ്യും? ഇവിടെയും സംഭവിച്ചത് അതാണ്. എന്നാല്‍, ശേഖരിച്ച് വച്ചതും അത് നഷ്ടപ്പെട്ടതും മനുഷ്യനല്ല, ഒരു അണ്ണാനാണ്. ഫാർഗോ, നോർത്ത് ഡക്കോട്ടയിലാണ് സംഭവം.

ബില്‍ ഫിഷര്‍ എന്നൊരാളുടെ വീട്ടുമുറ്റത്ത് വലിയൊരു വാല്‍നട്ട് മരമുണ്ട്. അതില്‍ നിറയെ നാരങ്ങാ വലിപ്പമുള്ള വാല്‍നട്ടുകളും. വരാന്‍ പോകുന്നത് ശിശിരകാലമാണ് എന്നറിയാവുന്ന അണ്ണാന്‍ എന്ത് ചെയ്തെന്നോ, ശിശിരകാലത്ത് കഴിക്കാനായി അതില്‍ നിന്നും നിറയെ വാല്‍നട്ടുകള്‍ ശേഖരിച്ച് സൂക്ഷിച്ച് വച്ചു തുടങ്ങി. സൂക്ഷിച്ചുവച്ചതാവട്ടെ ഫിഷര്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലും. 

കാറില്‍ എല്ലായിടവും വാല്‍നട്ട് കൊണ്ട് നിറഞ്ഞു. 158 കിലോ​ഗ്രാം ബ്ലാക്ക് വാല്‍നട്ടാണ് ഫിഷര്‍ വാഹനത്തില്‍ നിന്നും നീക്കം ചെയ്തത്രെ. വാഹനത്തിന്‍റെ എഞ്ചിനിലും റേഡിയേറ്ററിലും അടക്കം വാല്‍നട്ടുകൾ കൊണ്ട് നിറഞ്ഞിരുന്നു. തനിക്ക് ഫെൻഡറുകൾ ഊരിയെടുത്ത് വാൽനട്ട് മുഴുവൻ വൃത്തിയാക്കേണ്ടിവന്നു എന്ന് ഫിഷർ പറഞ്ഞു. ശിശിരകാലം മുഴുവനും ആ വാൽനട്ടുകളും തിന്ന് വാഹനത്തിൽ തന്നെ താമസമാക്കാനായിരുന്നിരിക്കണം അണ്ണാന്റെ പദ്ധതിയെന്നാണ് കരുതുന്നത്. 

എന്നാൽ, ദിവസങ്ങളോളം കഷ്ടപ്പെട്ട് അണ്ണാൻ ചെയ്ത ജോലിയെല്ലാം വെറുതെ ആയിരിക്കുകയാണ്. ഇനിയൊരു ശിശിരകാലം കഴിക്കണമെങ്കിൽ അണ്ണാൻ ഇപ്പോൾ ഫിഷർ എടുത്തതിനേക്കാൾ കൂടുതൽ പണിയെടുക്കേണ്ടി വരുമെന്ന് സാരം.