2018 -ല്‍ 176 മില്യണ്‍ മെട്രിക് ടണ്ണാണ് ഇന്ത്യയില്‍ ക്ഷീരമേഖലയില്‍ നിന്നുള്ള ഉത്പാദനം. എന്നിരുന്നാലും ക്ഷീരകര്‍ഷകര്‍ ഇപ്പോഴും ഗുണനിലവാരമുള്ള കാലിത്തീറ്റയും ഫോഡറും വാങ്ങാനായി പ്രയാസപ്പെടുകയാണ്. ഒരു പ്രധാനകാരണം കാലിത്തീറ്റയുടെ ഉയര്‍ന്ന വിലയാണ്. ഇത് പാലിന്റെ ഗുണനിലവാരത്തെയും പശുക്കളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് സാമ്പത്തികമായും വലിയ നഷ്‍ടമുണ്ടാക്കുന്നു. ഇന്ത്യന്‍ ഗ്രാസ് ലാന്റ് ആന്റ് ഫോഡര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2019 -ല്‍ 35.6 ശതമാനം കാലിത്തീറ്റ(ഫോഡര്‍) -യുടെ അഭാവം ഇന്ത്യയിലുണ്ടായിട്ടുണ്ട്.  ഉണങ്ങിയ വിളകളുടെ അവശിഷ്ടങ്ങളില്‍ നിന്നുള്ള കാലിത്തീറ്റയിലും 11 ശതമാനത്തിന്റെ കുറവുണ്ട്.

ഈ പ്രതിസന്ധിഘട്ടം മറികടക്കാനായി നിഖില്‍ ബോഹ്‌റ എന്ന 31 വയസ്സുള്ള ചെറുപ്പക്കാരന്‍ ക്രിമാന്‍ഷി എന്ന സ്റ്റാര്‍ട്ടപ്പുമായി രംഗത്തുവന്നു. 2015 -ലാണ് ഇത്തരമൊരു ആശയം പുറത്തെത്തിച്ചത്. ഭക്ഷണത്തില്‍നിന്നും കാര്‍ഷികവിളകളുടെ അവശിഷ്ടങ്ങളില്‍നിന്നും ചെലവ് കുറഞ്ഞ രീതിയില്‍ കാലിത്തീറ്റ ഉത്പാദിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം.

രാജസ്ഥാനിലെ ജോധ്പൂര്‍ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി ജോധ്പൂരിലെ 500 കര്‍ഷകര്‍ക്ക് ഈ സ്റ്റാര്‍ട്ടപ്പുകൊണ്ട് ഗുണം ലഭിച്ചു. ചെലവ് കുറച്ച് പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള എല്ലാ സഹായവും ഇദ്ദേഹം ചെയ്തുകൊടുത്തു. ഇത് കൂടാതെ പരിസ്ഥിതി സൗഹൃദപരമായ പ്രവര്‍ത്തനം കൂടിയാണിത്. അതായത് 100 ടണ്‍ മാലിന്യങ്ങളില്‍ നിന്ന് ഉപയോഗപ്രദമായ കാലിത്തീറ്റ നിര്‍മിച്ചതുകാരണം പരിസരശുചിത്വത്തിനും മുതല്‍ക്കൂട്ടായി.

ബയോടെക്‌നോളജിയില്‍ എന്‍ജിനീയറിങ്ങ് ബിരുദം നേടിയ ശേഷമാണ് നിഖില്‍ ഈ പദ്ധതിയിലേക്ക് ഇറങ്ങിയത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നിരവധി എന്‍.ജി.ഒകളുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവര്‍ത്തിച്ചു. പോഷകാഹാരം, ആരോഗ്യം, ശുചിത്വം എന്നിവയെല്ലാമായിരുന്നു നിഖിലിന്റെ പ്രവര്‍ത്തനമേഖല. അപ്പോഴാണ് കാലിത്തീറ്റ ഉണ്ടാക്കിയാലോ എന്ന ചിന്ത ഉരുത്തിരിഞ്ഞുവന്നത്.

ഉണങ്ങിയ ഇലകളും കുറ്റിച്ചെടികളും ഉപയോഗിച്ച് ഫോഡര്‍ ഉണ്ടാക്കാനായിരുന്നു ആദ്യത്തെ ശ്രമം. ഇതിനായി പഴങ്ങളുടെയും പച്ചക്കറികളുടെയും അവശിഷ്ടങ്ങള്‍ പ്രാദേശികമായ മാര്‍ക്കറ്റുകളില്‍ നിന്നും ശേഖരിച്ചു.

'ഏകദേശം 440 ബില്യന്‍ പച്ചക്കറികള്‍ ഇന്ത്യ ഓരോ വര്‍ഷവും ഉപയോഗശൂന്യമാക്കുന്നുണ്ട്. വലിച്ചെറിയുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും അളവ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. എന്തെങ്കിലും ചെയ്ത് ഉപയോഗപ്രദമായ രീതിയില്‍ മാലിന്യങ്ങള്‍ മാറ്റണമെന്ന ചിന്തയായിരുന്നു പിന്നീട്. കാരറ്റ്, പപ്പായ, മുസമ്പി എന്നിവയുടെ വലിച്ചെറിഞ്ഞ അവശിഷ്ടങ്ങള്‍ ഞാന്‍ ശേഖരിച്ച് പ്രോസസ് ചെയ്തു. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇത് ചെയ്തത്. ജോധ്പൂരിലെ ഒരു ക്ഷീരകര്‍ഷന്‍ അയാളുടെ കന്നുകാലികള്‍ക്ക് ഈ കാലിത്തീറ്റ നല്‍കുകയും പാലുത്പാദനത്തില്‍ പുരോഗതിയുണ്ടാകുകയും ചെയ്തു. ഇത് കണ്ട് ബോധ്യപ്പെട്ടതിനാലാണ് ഞാന്‍ ഇങ്ങനെയൊരു പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്.' നിഖില്‍ ബോഹ്‌റ വ്യക്തമാക്കുന്നു.

 

അങ്ങനെ 2017 -ല്‍ INVENT പ്രോഗ്രാം വഴി സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേറ്റ് ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയോടെ സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തിന്റെ കീഴില്‍ നൂതനമായ ആശയങ്ങളെയും സ്റ്റാര്‍ട്ട് അപ്പുകളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് INVENT.

രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്നും ഇതിനാവശ്യമായ ധനസഹായവും ഈ സ്റ്റാര്‍ട്ടപ്പിന് ലഭിച്ചു. എട്ട് മുഴുവന്‍ സമയ ജോലിക്കാരും 15 പാര്‍ട്ട് ടൈം ജോലിക്കാരുമായി പ്രവര്‍ത്തനം നടത്തുന്ന ഇവര്‍ ഉയര്‍ന്ന പോഷകഗുണമുള്ള കാലിത്തീറ്റയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് നല്‍കുന്നത്.

ജോധ്പൂരിലെ ജ്യൂസ് ഷോപ്പുകളില്‍ നിന്നും പ്രാദേശികമാര്‍ക്കറ്റുകളില്‍ നിന്നും പഴങ്ങളുടെയും പച്ചക്കറികളുടെയും അവശിഷ്ടങ്ങള്‍ ശേഖരിക്കാനായി നിഖില്‍ ചിലരം നിയോഗിച്ചു. ഈ അവശിഷ്ടങ്ങള്‍ ജോധ്പൂരിലെ പ്രോസസിങ്ങ് യൂണിറ്റിലേക്ക് എത്തിച്ചു. അല്‍പം ഉപ്പ് ചേര്‍ത്ത് ഈ മാലിന്യങ്ങളിലെ ഈര്‍പ്പം ഒഴിവാക്കാനും ബാക്റ്റീരിയയുടെ പ്രവര്‍ത്തനം തടയാനും ശ്രമിച്ചു. കിട്ടിയ മിശ്രിതം പൊടിച്ച് ചെറിയ തരികളാക്കി പൗഡര്‍ രൂപത്തിലാക്കി മാറ്റി. ഇത് പിന്നീട് പെല്ലറ്റുകളുടെ രൂപത്തിലാക്കാനായി ജോധ്പൂരിലെ മാനുഫാക്ച്വറിങ്ങ് യൂണിറ്റിലേക്ക് അയച്ചു. ഈ കാലിത്തീറ്റ പ്രാദേശിക വ്യാപാരികള്‍ക്ക് വിറ്റു. ഇവര്‍ രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് മാര്‍ക്കറ്റ് വിലയേക്കാളും പത്ത് ശതമാനം കുറച്ച് വില്‍പ്പന നടത്തുകയാണ്.

കര്‍ണാടകയിലേക്കും ക്രിമാന്‍ഷിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നിഖില്‍. ഒരു ദിവസം 10 ടണ്‍ ഉത്പാദനം നടത്താവുന്ന പ്രൊസസിങ്ങ് യൂണിറ്റാണ് ബംഗളുരുവില്‍ ഇവര്‍ പ്ലാന്‍ ചെയ്തത്. 18 മാസങ്ങളായി ക്രിമാന്‍ഷി നല്‍കിയ കാലിത്തീറ്റ ഉപയോഗിച്ച് 20 ശതമാനത്തോളം പാലുത്പാദനം വര്‍ദ്ധിപ്പിച്ച ക്ഷീരകര്‍ഷകര്‍ ഇവിടെയുണ്ട്.

'കാലിത്തീറ്റയുടെ വില 16 മുതല്‍ 24 വരെ ഉയരുന്നുണ്ട്. പക്ഷേ, പാലിന്റെ വില അപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഉയര്‍ന്ന വിലയുള്ള കാലിത്തീറ്റ വാങ്ങി കുറഞ്ഞ വിലയില്‍ പാല്‍ വിറ്റഴിക്കുന്ന ദുരിതം ഇല്ലാതാക്കാനും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്' നിഖില്‍ പറയുന്നു.