ഒരു 101 -കാരിയുടെ ശീലങ്ങളാണ് ഇപ്പോള്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വൈകി മാത്രം ഉറങ്ങുക രാത്രി വൈകിയും സ്നാക്സ് കഴിക്കുക തുടങ്ങിയ ശീലങ്ങളാണ് ഈ മുത്തശ്ശിക്ക്. 

നേരത്തെ ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങുക, പ്രായമായ പലരുടേയും ശീലം ഇങ്ങനെ ആയിരിക്കും. എന്നാൽ, അതിനെയെല്ലാം തിരുത്തിക്കുറിച്ച് ജീവിക്കുന്ന ഒരു 101 വയസുകാരിയുണ്ട് അങ്ങ് ചൈനയിൽ. വൈകിയും ഉണർന്നിരിക്കുക, രാത്രി വൈകിയും സ്നാക്സ് കഴിക്കുക തുടങ്ങി പല ശീലങ്ങളാണ് പുള്ളിക്കാരിക്ക്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ വെൻഷൗവിൽ നിന്നുള്ള ജിയാങ് യുക്കിൻ എന്ന 101 -കാരിയാണ് അസാധാരണമായ ഈ 'റിവേഴ്സ് റൂട്ടീൻ' കൊണ്ട് ഇപ്പോൾ വൈറലായിരിക്കുന്നത്.

രാത്രി രണ്ട് മണി വരെ ടിവി കണ്ട് ഉണർന്നിരിക്കലാണത്രെ ഈ മുത്തശ്ശിയുടെ ശീലം. രാവിലെ 10 മണിക്കാണ് സാധാരണയായി ഉണരാറുള്ളത്. ഉണർന്നാലുടൻ കടുപ്പത്തിൽ ഒരു ​ഗ്രീൻ ടീ. ശേഷം വളരെ ശാന്തമായി തന്റെ ഒരു ദിവസം ചെലവഴിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് ഈ പതിവ് ആരംഭിച്ചത് എന്ന് അവരുടെ മകൾ യാവോ സോങ്‌പിംഗ് പറയുന്നു. ഒരു വീഴ്ചയിൽ കൈയ്ക്ക് പരിക്കേറ്റതിനെത്തുടർന്നാണ് വീട്ടുജോലി ചെയ്യുന്നതിൽ നിന്നും വീട്ടുകാർ ജിയാങ്ങിനെ വിലക്കുന്നത്. പിന്നാലെ പകൽസമയത്ത് ഒന്നും അധികം ചെയ്യാനില്ലാത്തതിനാൽ അവർ പകൽ സമയത്ത് കൂടുതൽ ഉറങ്ങാനും രാത്രിയിൽ ഉണർന്നിരിക്കാനും തുടങ്ങി എന്നും യാവോ പറയുന്നു.

രാത്രി ആറ് മണിക്ക് സാധാരണയായി ജിയാങ് ഭക്ഷണം കഴിക്കും. പിന്നീട് വിശന്നാൽ എത്ര രാത്രി ആയാലും സ്നാക്സ് കഴിക്കും. അവരുടെ പ്രിയപ്പെട്ട വിഭവം വാട്ടർ ചെസ്റ്റ്നട്ട് കൊണ്ട് നിർമ്മിച്ച മാറ്റിസോങ് എന്ന വെൻഷോ പേസ്ട്രിയാണ് എന്നും മകൾ പറയുന്നു. ഇത് മാത്രമല്ല കേട്ടോ, പലതരം സ്നാക്സുകൾ ജിയാങ്ങിന് ഇഷ്ടമാണ്. ഇപ്പോഴും പല്ലിനൊക്കെ നല്ല ആരോ​ഗ്യമാണത്രെ അവർക്ക്. അമ്മയുടെ ദീർഘായുസ്സിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മകൾ പറയുന്നത്, 'നന്നായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, ഗ്രീൻ ടീ ആസ്വദിക്കുക എന്നിവയാണ് അതിൽ പ്രധാനം' എന്നാണ്. 'എന്നാൽ ഇതിനേക്കാളൊക്കെ പ്രധാനം അമ്മയുടെ മാനസികാവസ്ഥയാണ്. അമ്മ ഒരിക്കലും കോപമോ പകയോ മനസിൽ സൂക്ഷിക്കാറില്ല, ജീവിതത്തെ ശാന്തമായിട്ടാണ് കാണുന്നത്' എന്നും അവർ പറയുന്നു.