ആ സമയത്ത് മോഷ്ടിക്കപ്പെട്ട ഒരേയൊരു കുഞ്ഞായിരുന്നില്ല ഹിൽഡയുടെ മകന്‍. പിനോഷെയുടെ കാലഘട്ടത്തിലുടനീളം, നൂറുകണക്കിന് കുട്ടികളാണ് അഡോപ്ഷന്‍ ബ്രോക്കര്‍മാരാല്‍ കടത്തപ്പെട്ടത്. ആ കുട്ടികളെ രാജ്യത്തിന് പുറത്തേക്ക് മാറ്റി. സര്‍ക്കാര്‍ തന്നെ സ്പോണ്‍സര്‍ ചെയ്‍ത ഇത്തരത്തിലുള്ള ആയിരക്കണക്കിന് തട്ടിക്കൊണ്ടുപോകലുകള്‍ അക്കാലത്ത് നടന്നു എന്നാണ് വിശ്വസിക്കുന്നത്.

പ്രസവത്തിന് ശേഷം തന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പോലും ഭാ​ഗ്യമില്ലാതിരുന്ന അമ്മ. അവൻ മരിച്ചു എന്ന് വിശ്വസിക്കേണ്ടി വന്ന അമ്മ. ആരോ കെട്ടിച്ചമച്ച കള്ളക്കഥയുടെ ഇരയായിരുന്നു തന്റെ അമ്മ എന്ന് അറിയാതിരുന്ന ഒരു മകൻ. അവരിരുവരും തികച്ചും യാദൃച്ഛികമായി കണ്ടുമുട്ടിയത് 38 വർഷത്തിന് ശേഷം.

ഹൂസ്റ്റണി(Houston)ലെ ഒരു 38 -കാരനാണ് ഇത്രയും വർഷങ്ങൾക്ക് ശേഷം ചിലിയിലുള്ള തന്‍റെ അമ്മയുമായി ഒന്നുചേര്‍ന്നിരിക്കുന്നത്. ആദ്യമായിട്ടാവണം അയാള്‍ തന്‍റെ അമ്മയുടെ മുഖമൊന്ന് കാണുന്നത്. ടൈലര്‍ ഗ്രാഫ്(Tyler Graf) എന്ന യുവാവ് വളരെ യാദൃച്ഛികമായിട്ടാണ് 38 വർഷത്തിനുശേഷം താന്‍ തന്‍റെ യഥാര്‍ത്ഥ മാതാപിതാക്കളില്‍ നിന്നും മോഷ്ടിക്കപ്പെട്ടതാണ് എന്ന സത്യം തിരിച്ചറിയുന്നത്. 

എന്നാല്‍, അദ്ദേഹത്തെ പിന്നീട് ദത്തെടുത്തത് വളരെയധികം സ്നേഹവും കരുതലും ഉള്ള ഒരു കുടുംബമായിരുന്നു. ഗ്രാഫിന്‍റെ അഡോപ്ഷന്‍ പേപ്പറില്‍ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്‍റെ അമ്മയായ ഹില്‍ഡ ഡെല്‍ കാര്‍മന്‍ ക്വയ്സേദ(Hilda del Carmen Quezada)യ്ക്ക് മറ്റ് കുഞ്ഞുങ്ങളെ കൂടി നോക്കേണ്ടതിനാലും അതിനുള്ള സാഹചര്യമില്ലാത്തതിനാലും അവനെ ദത്ത് കൊടുക്കേണ്ടി വന്നു എന്നാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഹില്‍ഡ ഒരു വലിയ കള്ളത്തരത്തിന്‍റെ ഇരയായിരുന്നു. ഭരണാധികാരി അഗസ്തോ പിനോഷെയുടെ കീഴിലുള്ള അന്നത്തെ സര്‍ക്കാര്‍ അവളോട് പറഞ്ഞത് ജനിച്ച് രണ്ടാഴ്ചയ്ക്കകം അവളുടെ മകന്‍ മരിച്ചു എന്നാണ്. കുട്ടിയുടെ മൃതദേഹത്തിന് വേണ്ടി അവള്‍ ആവശ്യപ്പെട്ടുവെങ്കിലും അത് വളരെ ചെറുതാണ് എന്ന് പറഞ്ഞുകൊണ്ട് അവരത് കൊടുക്കാന്‍ തയ്യാറായില്ല. 

ആ സമയത്ത് മോഷ്ടിക്കപ്പെട്ട ഒരേയൊരു കുഞ്ഞായിരുന്നില്ല ഹിൽഡയുടെ മകന്‍. പിനോഷെയുടെ കാലഘട്ടത്തിലുടനീളം, നൂറുകണക്കിന് കുട്ടികളാണ് അഡോപ്ഷന്‍ ബ്രോക്കര്‍മാരാല്‍ കടത്തപ്പെട്ടത്. ആ കുട്ടികളെ രാജ്യത്തിന് പുറത്തേക്ക് മാറ്റി. സര്‍ക്കാര്‍ തന്നെ സ്പോണ്‍സര്‍ ചെയ്‍ത ഇത്തരത്തിലുള്ള ആയിരക്കണക്കിന് തട്ടിക്കൊണ്ടുപോകലുകള്‍ അക്കാലത്ത് നടന്നു എന്നാണ് വിശ്വസിക്കുന്നത്. ചിലിയില്‍ ഇപ്പോഴും സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ചിലിയിലെ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി, ജനസംഖ്യ നിയന്ത്രിക്കാനുദ്ദേശിച്ചു കൊണ്ട് ഇതുപോലെയുള്ള കടത്തുകളും ദത്ത് നല്‍കലുകളും സര്‍ക്കാര്‍ ചെയ്തുവെന്നാണ് ആരോപിക്കപ്പെടുന്നത്. 

വളരെ യാദൃച്ഛികമായിട്ടാണ് ഗ്രാഫ് ദത്തെടുക്കപ്പെട്ടതാണ് എന്ന് മനസിലാവുന്നത്. 'ചില്‍ഡ്രന്‍ ആന്‍ഡ് മദേഴ്സ് ഓഫ് സയലന്‍സ്' എന്ന നിര്‍ബന്ധിതമായി വേര്‍പെടുത്തപ്പെട്ട കുട്ടികളെയും അമ്മമാരെയും ഒരുമിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപകയായ മരിസോള്‍ റോഡ്‍റിഗസ് ഹില്‍ഡയെ ബന്ധപ്പെടുകയായിരുന്നു. അവർ ഹില്‍ഡയോട് ഒരു കഥ പറഞ്ഞു. റോഡ്‍റിഗസിന്റെ മകൻ, അഗ്നിശമന സേനാംഗമായിരുന്നു. അമേരിക്കൻ സഹപ്രവർത്തകർക്കൊപ്പം പരിശീലനത്തിനായി അദ്ദേഹം ഹൂസ്റ്റണിലേക്ക് പോയി. അവിടെ വച്ച് അയാള്‍ ഗ്രാഫുമായി സൗഹൃദത്തിലായി. ഗ്രാഫ് റോഡ്‍റിഗസിന്‍റെ മകനോട് തന്നെ ചിലിയില്‍ നിന്നും ദത്തെടുത്തതാണ് എന്ന് വെളിപ്പെടുത്തി. റോഡ്‍റിഗസിന്‍റെ മകന്‍ ഗ്രാഫിന്‍റെ അഡോപ്ഷന്‍ റെക്കോര്‍ഡുകള്‍ ട്രാക്ക് ചെയ്‍തു. അത് റോഡ്റിഗസിന് നല്‍കി. അങ്ങനെയാണ് അവന്‍ ഹില്‍ഡയുടെ മകനാണ് എന്ന സത്യം അവര്‍ കണ്ടെത്തുന്നത്. ഡിഎന്‍എ ടെസ്റ്റ് കൂടി നടത്തിയതോടെ അക്കാര്യത്തില്‍ ഉറപ്പുമായി. 

ഹില്‍ഡയ്ക്ക്, സംഭവിച്ചതൊന്നും വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. മരിച്ചുപോയി എന്ന് കരുതിയ മകന്‍ ജീവനോടെയിരിക്കുന്നു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ അവര്‍ ഒരുപാട് നേരമെടുത്തു. പിന്നീട്, ഗ്രാഫിനോടും അവര്‍ സത്യങ്ങളെല്ലാം പറഞ്ഞു. അവനെ അമ്മ ദത്ത് നല്‍കിയതല്ല എന്നും അവര്‍ പറഞ്ഞു. താനാകെ മരവിച്ചുപോയി എന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകുകയായിരുന്നു എന്നുമാണ് ഗ്രാഫ് 'ദ ടൈംസി'നോട് പറഞ്ഞത്. 'ബാറ്റിന് ഒരടി കിട്ടുകയും നക്ഷത്രങ്ങളെ കാണുകയും ചെയ്യുന്നതുപോലെ ഒരവസ്ഥയായിരുന്നു' എന്നാണ് ഗ്രാഫ് പറഞ്ഞത്. 

ആഴ്ചകള്‍ക്ക് ശേഷം ഹില്‍ഡ അവളുടെ മകനെ കാണാന്‍ പറന്നുചെന്നു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണ് ആ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഇരുവരും കെട്ടിപ്പിടിച്ചു, പൊട്ടിപ്പൊട്ടിക്കരഞ്ഞു, ഏറെനേരം ചുംബിച്ചു... അവര്‍ക്ക് കരച്ചിലടക്കാനേ കഴിഞ്ഞില്ല. ഗ്രാഫിന് മൂന്ന് സഹോദരിമാര്‍ കൂടിയുണ്ട് എന്നും അദ്ദേഹം അപ്പോഴാണ് മനസിലാക്കുന്നത്. ഇപ്പോള്‍ ഗ്രാഫ് തന്‍റെ രണ്ട് കുടുംബങ്ങളെയും ഒരുപോലെ പരിഗണിക്കുന്നു. പെറ്റമ്മയേയും പോറ്റമ്മയേയും ഒരുപോലെ സ്നേഹിക്കുന്നു. രണ്ടുപേര്‍ക്കും വേദനിക്കരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.