ആളുകൾ വലിയ ഗ്രൂപ്പുകളായി ഒത്തുചേരുന്ന അത്തരം സന്ദർഭങ്ങളിൽ പാത്രം കഴുകാൻ ആരും താല്പര്യപ്പെട്ടില്ലെന്നും ജൂലിയ കൂട്ടിച്ചേർത്തു. അതിനുള്ള ഒരു എളുപ്പവഴിയായിരുന്നുവത്രെ ഒരുതവണ മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഇത്തരത്തിലുള്ള പാത്രങ്ങൾ.   

അടുക്കളയിൽ പാചകം ചെയ്യാൻ പലർക്കും താൽപര്യം കാണും. പുതിയ വിഭവങ്ങൾ ഉണ്ടാക്കാനും അത് ഉറ്റവരെ കഴിപ്പിക്കാനും ഉത്സാഹം കാണിക്കുന്ന പലരും, പക്ഷേ പാത്രങ്ങൾ കഴുകാൻ തീരെ താല്പര്യം കാണിക്കില്ല എന്നതാണ് വാസ്തവം. പാത്രങ്ങൾ കഴുകാൻ മിക്കവർക്കും മടിയാണ്. പുറംരാജ്യത്തുള്ളവർ ഡിഷ്‌വാഷർ പോലുള്ള സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതും ഇതുകൊണ്ടു തന്നെ. പാത്രങ്ങൾ കഴുകാനുള്ള നമ്മുടെ മടി ഇപ്പോൾ ഉണ്ടായതാണോ? അതോ നമ്മുടെ പൂർവികരും ഇങ്ങനെ തന്നെയായിരുന്നോ? വാസ്തവമറിയണമെങ്കിൽ ബ്രിട്ടീഷ് മ്യൂസിയത്തിൽ പോയാൽ മതി.

3600 വർഷത്തോളം പഴക്കമുള്ള ഒരു ഡിസ്പോസിബിൾ കപ്പ് അവിടെ പ്രദർശനത്തിന് വച്ചിട്ടുണ്ട്. ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ 1700 -നും 1600 -നും ഇടയിൽ ജീവിച്ചിരുന്ന യൂറോപ്യൻ നാഗരികതകളിലൊന്നായ മിനോവാനുകളാണ് ഇത് ഉപയോഗിച്ചിരുന്നത്. നമുക്ക് മാത്രമല്ല, നമ്മുടെ പൂർവികർക്കും പാത്രങ്ങൾ കഴുകുന്നത് ഒട്ടും താല്പര്യമുള്ള കാര്യമല്ല എന്ന് ഇത് സൂചിപ്പിക്കുന്നു.

ദ്വീപിലെ പുരാവസ്തു സ്ഥലങ്ങളിൽനിന്ന് ഇങ്ങനെയുള്ള ആയിരക്കണക്കിന് പാത്രങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ഒരുതവണ മാത്രം ഉപയോഗിക്കാൻ പറ്റുന്നതരത്തിലുള്ള കപ്പുകളും കണ്ടെത്തിയിട്ടുണ്ട്. അനവധി വർഷത്തെ പഴക്കം ഉണ്ടെങ്കിലും ഇന്നും ഇത് കേടുപാടുകൂടാതെ ഇരിക്കുന്നു എന്നത് ഒരു അതിശയമാണ്.

“സമ്പന്നവര്‍ഗം അവരുടെ സമ്പത്തും പദവിയും പ്രകടിപ്പിക്കാൻ ഇതുപോലുള്ള വലിയവലിയ പാർട്ടികളും വിരുന്നുകളും ഉത്സവങ്ങളും സംഘടിപ്പിച്ചിരുന്നു.” ബ്രിട്ടീഷ് മ്യൂസിയത്തിലെ ക്യൂറേറ്റർ ജൂലിയ ഫാർലി പറഞ്ഞു. ആളുകൾ വലിയ ഗ്രൂപ്പുകളായി ഒത്തുചേരുന്ന അത്തരം സന്ദർഭങ്ങളിൽ പാത്രം കഴുകാൻ ആരും താല്പര്യപ്പെട്ടില്ലെന്നും ജൂലിയ കൂട്ടിച്ചേർത്തു. അതിനുള്ള ഒരു എളുപ്പവഴിയായിരുന്നുവത്രെ ഒരുതവണ മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഇത്തരത്തിലുള്ള പാത്രങ്ങൾ.

ബ്രിട്ടീഷ് മ്യൂസിയത്തിലെ 'Rubbish And Us' പ്രദർശനത്തിലാണ് ഈ കപ്പുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ആധുനികകാലത്തു നിലനിന്നിരുന്ന ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും അതിലുൾപ്പെടുന്നു. 1990 -കളിൽ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ചൂടുള്ള പാനീയങ്ങൾ വിളമ്പുന്നതിനായി നിർമ്മിച്ച വാക്സ് പേപ്പർ കപ്പ് അതിനൊരുദാഹരണമാണ്.

“ഡിസ്പോസിബിൾ, സിംഗിൾ യൂസ് കപ്പുകൾ നമ്മുടെ ആധുനിക ഉപഭോക്തൃ സമൂഹത്തിന്‍റെ കണ്ടുപിടുത്തമല്ലെന്നത് ഒരു അത്ഭുതമാണ്, അവ വാസ്തവത്തിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്” ജൂലിയ പറയുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ്, മിനോവക്കാർ ഇന്നത്തേതുപോലെ പാർട്ടികളിൽ പാനീയങ്ങൾ വിളമ്പാൻ ഉപയോഗിച്ചിരുന്നുവെന്നും, ഒരേയൊരു വ്യത്യാസം അത് നിർമ്മിച്ച വസ്‍തുവിലാണെന്നും അവര്‍ കൂട്ടിച്ചേർത്തു. ഇപ്പോൾ സെറാമിക്സ് ഒരു ഉയർന്ന സ്റ്റാറ്റസ് മെറ്റീരിയലായി കണക്കാക്കുമ്പോൾ അന്ന് സെറാമിക്സിൽ നിന്നുണ്ടാകുന്ന കപ്പുകൾ ഉപയോഗത്തിന് ശേഷം വലിച്ചെറിയുകയായിരുന്നു. ഇന്നത്തെ പ്ലാസ്റ്റിക്ക് പോലെ, അന്ന് കളിമണ്ണ് എളുപ്പത്തിൽ ലഭിക്കുന്ന വസ്തുവായിരുന്നു എന്നതാകാം അതിന് കാരണം.

എന്നാൽ കളിമണ്ണ് പോലെയല്ല പ്ലാസ്റ്റിക്. വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് അവ ഉണ്ടാകുന്നത്. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, പോളിസ്റ്റൈറൈൻ തുടങ്ങിയ വസ്തുക്കൾ അഴുകുന്നതിന് നൂറ്റാണ്ടുകൾ എടുക്കും. ലോക സമുദ്രങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യം കഴിച്ച് കടൽ പക്ഷികൾക്ക് ആരോഗ്യപ്രശ്നങ്ങൽ നേരിടുന്നു എന്നത് ഈ വർഷം ആദ്യം ഗവേഷകർ കണ്ടെത്തിയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു വിദൂര ദ്വീപിൽ അടിഞ്ഞുകൂടിയ 400 ദശലക്ഷത്തിലധികംവരുന്ന പ്ലാസ്റ്റിക് കൂമ്പാരത്തിൽ ഏകദേശം 1 ദശലക്ഷം ഷൂസുകളും, 370,000 ഓളം ടൂത്ത് ബ്രഷുകളും ഉൾപ്പെട്ടിരുന്നുവെന്നതും ഈ അവസരത്തില്‍ ഓര്‍ത്തേ തീരൂ.