ലോകത്തിലേക്കും വെച്ച് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ചൈന. ജനസംഖ്യ ക്രമാതീതമായി വർധിച്ചുകൊണ്ടിരുന്നപ്പോൾ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ അതിനെ പ്രതിരോധിക്കാൻ കണ്ടെത്തിയ നയമായിരുന്നു 'നാമൊന്ന്, നമുക്കൊന്ന്' എന്നത്. അതായത് ഒരു കുടുംബത്തിൽ ഒരു കുട്ടിമാത്രം. ആ കുട്ടി വളർന്നു വലുതായി വരുന്നതിനിടെ കുഞ്ഞിനൊരു കൂടപ്പിറപ്പ് വേണമെന്ന തോന്നൽ കുടുംബത്തിലാർക്കെങ്കിലും ഉണ്ടായാൽ അതിനെ ഉള്ളിലടക്കിക്കൊള്ളണം. ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. 

സർക്കാരിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് രണ്ടാമതൊരു കുഞ്ഞുണ്ടാവുന്ന ദമ്പതികളെ 1980 -കളിലെ ചൈനയിൽ കാത്തിരുന്നത് അതിഭീമമായ പിഴയാണ്. ആയുഷ്കാലത്തെ സമ്പാദ്യം മുഴുവനും ചെലവിട്ടാലും, ചിലപ്പോൾ കിടപ്പാടം പോലും വിറ്റുപെറുക്കിയാലും അത് അടച്ചുതീർക്കാനാവില്ല. ദരിദ്രനാരായണന്മാരായ ചൈനയിലെ ഗ്രാമീണർക്കാണെങ്കിൽ പലപ്പോഴും അങ്ങനെ വിൽക്കാനും സ്വത്തൊന്നും കാണില്ല. 1979 മുതൽ 2015വരെ 36 വർഷക്കാലം ചൈനീസ് സർക്കാർ 'ഒറ്റക്കുട്ടി' മാത്രം എന്ന കടുംപിടുത്തം തുടർന്നുപോന്നു. 

 

എന്നാൽ, ഇത്ര ഭയങ്കരമായ പിഴ ശിക്ഷ നിലവിലുണ്ടായിരുന്നിട്ടും, ചൈനയിൽ പല അമ്മമാരും പ്രതീക്ഷിക്കാതെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു പോയിട്ടുണ്ട്. അവരിൽ പലരും സർക്കാരിനെപ്പേടിച്ച് മൂന്നുമുതൽ ആറുവരെയുള്ള മാസങ്ങളിൽ തങ്ങളുടെ ഉള്ളിൽ പൊടിച്ച കുരുന്നുഭ്രൂണങ്ങളെ പറിച്ചെറിഞ്ഞുകളഞ്ഞിട്ടുണ്ട്. ചുരുക്കം ചിലർക്ക് അതിനുള്ള മനസ്സുവന്നില്ല. അവർ സർക്കാരിന്റെ കണ്ണിൽപ്പെടാതെ തങ്ങളുടെ ഗർഭകാലം കഴിച്ചുകൂട്ടി. രഹസ്യമായി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. എന്നാൽ, പിന്നീടങ്ങോട്ടുള്ള വഴി അത്ര എളുപ്പമല്ല. വീടുകളിൽ രണ്ടാമതൊരു കുഞ്ഞുണ്ടോ എന്നറിയാൻ വേണ്ടി ഇടയ്ക്കിടെ സെൻസസ് പരിശോധനകൾ വളരെ രഹസ്യമായി നടന്നിരുന്നു അന്ന്. സർക്കാരിന്റെ കണ്ണുവെട്ടിച്ച് കുഞ്ഞിനെ വളർത്താനോ, അതിനുവേണ്ട വിദ്യാഭ്യാസം നൽകി, സ്വന്തം കുഞ്ഞെന്ന മേൽവിലാസത്തിൽ സമൂഹത്തിന്റെ ഭാഗമാക്കിമാറ്റാനോ ഒന്നുമാവില്ല. അതുകൊണ്ട് പലരും പ്രസവിച്ച് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ കുഞ്ഞുങ്ങളെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചു കളഞ്ഞിരുന്നു. 

പത്തുമാസം ചുമന്ന്, വേദനതിന്നു പ്രസവിച്ച തങ്ങളുടെ പൊന്നുമക്കളെ, പല അമ്മമാരും പിന്നീട് ഒരു നോക്കുപോലും കണ്ടില്ല. ചങ്കുപറിച്ചെറിയുന്ന നൊമ്പരത്തോടെ പല അച്ഛന്മാരും തങ്ങളുടെ സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെ പെരുവഴിയിൽ ഉപേക്ഷിച്ച്, കണ്ണുംതുടച്ച് തിരികെ വീട്ടിലേക്ക് പോന്നു. അങ്ങനെ എത്രയോ പേർ..! ഇനി പറയാൻ പോവുന്നത് അത്തരത്തിൽ ഒരു കുഞ്ഞിന്റെ കഥയാണ്. അമ്മയുമച്ഛനും തങ്ങളുടെ ഗതികേടുകൊണ്ട് പെരുവഴിയിലിട്ട് പോരേണ്ടി വന്ന ഒരു പിഞ്ചുകുഞ്ഞിന്റെ കഥ.

 

ഇരുപത്തിനാലു വർഷങ്ങൾക്ക് മുമ്പ്, ചൈനയിലെ ഹാങ്സൗ പട്ടണത്തിലാണ് കഥ നടക്കുന്നത്. അവിടെ ക്വിയാൻ ഫെൻസിയാങ് എന്നൊരു യുവതിയുണ്ടായിരുന്നു. സു ലിഡായുമായുള്ള വിവാഹത്തിൽ ജനിച്ച ആദ്യത്തെ പെൺകുഞ്ഞിന് രണ്ടര വയസ്സുള്ളപ്പോൾ ഓർത്തിരിക്കാതെ ക്വിയാൻ രണ്ടാമതും ഗർഭിണിയായി. ഗർഭം മൂന്നുമാസം പിന്നിട്ടിട്ടാണ് അവർ വിവരമറിയുന്നത്. വയറ്റിൽ ഇടയ്ക്കിടെ കുഞ്ഞിന്റെ നേരിയ അനക്കങ്ങൾ കേട്ടുതുടങ്ങി. അതോടെ തന്റെ സ്വാഭാവികമായ ജീവിതപരിസരങ്ങളിൽ നിന്ന് സ്വയം അപ്രത്യക്ഷയാകാൻ തീരുമാനിക്കേണ്ടി വന്നു അവർക്ക്. വീർത്തുവന്ന അവരുടെ വയർ ഒരു ഭീഷണിയായിരുന്നു. ആ വയറെങ്ങാനും സർക്കാരിന്റെ കണ്ണിൽ പെട്ടാൽ പിന്നെ, പിടിച്ചുകൊണ്ടുപോയി കയ്യോടെ 'ഡി ആൻഡ് സി' നടത്തി വയറ്റിൽ കിടക്കുന്ന വളർന്നുതുടങ്ങിയ കുഞ്ഞിനെ വെട്ടിനുറുക്കി പുറത്തെടുക്കും ഗവണ്മെന്റ്. സ്വന്തം വയറ്റിൽ പൊടിച്ചു തുടങ്ങിയ ആ കുഞ്ഞിന്റെ മിടിച്ചു തുടങ്ങിയ ഹൃദയത്തെ ഒരു കത്തിയ്ക്കും വിട്ടുകൊടുക്കാൻ അവർക്കാവുമായിരുന്നില്ല. എങ്ങനെയും, എവിടെപ്പോയി ഒളിച്ചിരുന്നു ആ കുഞ്ഞിനെ പ്രസവിക്കണം എന്നവർ ഉറപ്പിച്ചു.  

അങ്ങനെയാണ് അവർ ഹാങ്സൗവിൽ നിന്ന് 120 കിലോമീറ്റർ ദൂരെ, വിജനമായ സൂസോവു കനാലിലെ ഒരു ഹൗസ് ബോട്ടിനുള്ളിലേക്ക് തന്റെ മൂന്നരവയസ്സുള്ള കുഞ്ഞുമൊത്ത് ഒളിച്ചു താമസിക്കാൻ വേണ്ടി പോയത്. അവിടെ അവർ തന്റെ ഗർഭകാലം കഴിച്ചുകൂട്ടി. അവിടെ വെച്ചവർ, ചൈനയിലെ കിരാതനിയമപ്രകാരം നിർബന്ധിതമായി ഗർഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടിരുന്നേക്കാവുന്ന ആ പെൺകുഞ്ഞിനെ നൊന്തുപ്രസവിച്ചു. ഭാഗ്യവശാൽ അതൊരു സുഖപ്രസവമായിരുന്നു. ചൂടുവെള്ളത്തിലിട്ട് സ്റ്റെറിലൈസ് ചെയ്തെടുത്ത കത്രികകൊണ്ട് പൊക്കിൾക്കൊടി മുറിച്ചത് ക്വിയാന്റെ ഭർത്താവ് സു ലിഡാ തന്നെയായിരുന്നു. പ്രസവാനന്തരം ആ ഹൗസ് ബോട്ടിനുള്ളിൽ തന്നെ അമ്മയും കുഞ്ഞും സുഖം പ്രാപിച്ചുവന്നു. ക്വിയാനും സുവും തങ്ങളുടെ രണ്ടാമത്തെ പെൺകുഞ്ഞിന് 'ജിങ്സി' എന്ന് പേരിട്ടു.

അഞ്ചുദിവസം. ആറ്റുനോറ്റിരുന്ന് ഗർഭകാലത്തെ പീഡകളൊക്കെ സഹിച്ച്, വേദനതിന്ന് ആ കുഞ്ഞിനെ പെറ്റിട്ട ക്വിയാന് തന്റെ കുഞ്ഞിനെ പരിചരിക്കാൻ ഭാഗ്യമുണ്ടായത് അഞ്ചേ അഞ്ചുദിവസമാണ്. ആറാം ദിവസം പുലർച്ചെ കിഴക്ക് വെള്ളകീറും മുമ്പ് സു ലിഡാ തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെട്ടു. കയ്യിൽ കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞെടുത്ത ഒരു ചോരക്കുഞ്ഞുണ്ടായിരുന്നു. ആ കമ്പിളിപ്പുതപ്പിനുള്ളിൽ, സംഭവിക്കാൻ പോവുന്നതെന്തെന്നറിയാതെ, അച്ഛന്റെ നെഞ്ചുപറ്റിക്കൊണ്ട് ആ പെൺകുഞ്ഞ് സുഖമായി ഉറങ്ങിക്കൊണ്ടിരുന്നു. സുസോവുവിലെ പച്ചക്കറി മാർക്കറ്റിൽ തന്റെ കുഞ്ഞിനെ കൊണ്ടുകിടത്തിയിട്ട് അയാൾ തിരിച്ചു നടന്നു. നടന്ന് അല്പദൂരം കഴിഞ്ഞപ്പോഴേക്കും, കുഞ്ഞ് ഉണർന്ന് കരയുന്ന ശബ്ദം അയാൾ കേട്ടു. ഇരു കൈകളും കൊണ്ട് കാതുകൾ ഇറുക്കെ പൊത്തിപ്പിടിച്ച് അയാൾ തിരികെ വീട്ടിലേക്കോടി. അയാളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. പോകെപ്പോകെ കണ്ണുനീർ അയാളുടെ കാഴ്ച മങ്ങിച്ചുവെങ്കിലും, ഒരുവിധം തന്റെ ഭാര്യക്കരികിലേക്ക് അയാളെത്തി. അവിടെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ക്വിയാൻ അയാളെ കാത്തിരിപ്പുണ്ടായിരുന്നു. സ്വന്തം കുഞ്ഞിനെ പെരുവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന, ലോകത്തിലെ ഏറ്റവും ദുർഭാഗ്യവാന്മാരായ ആ ദമ്പതികൾ പരസ്പരം സാന്ത്വനിപ്പിച്ചു.

ഇങ്ങനെ പലരും തങ്ങളുടെ കുഞ്ഞുങ്ങളെ പെരുവഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട് ചൈനയിൽ. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന്, പതിനായിരക്കണക്കിനുപേർ. അവരെ സർക്കാർ സംവിധാനങ്ങൾ കണ്ടെടുത്തു. പലരും അനാഥാലയങ്ങളിൽ വളർന്നു. ഭാഗ്യം ചെയ്ത ചിലരെ കുഞ്ഞുങ്ങളില്ലാത്ത കുടുംബങ്ങൾ ദത്തെടുത്തുവളർത്തി. ആ കുഞ്ഞുങ്ങളൊന്നും തന്നെ പിന്നീടൊരിക്കലും ആയുഷ്കാലത്ത് തങ്ങളുടെ യഥാർത്ഥ അച്ഛനമ്മമാരെ കണ്ടുമുട്ടിയില്ല. അവിടെയാണ് ക്വിയാന്റെയും, സു ലിഡായുടെയും ജിങ്സിയുടെയും കഥ അപൂർവങ്ങളിൽ അപൂർവമാകുന്നത്. അന്ന് ആ പച്ചക്കറിമാർക്കറ്റിൽ വെച്ച് പരസ്പരം പിരിഞ്ഞ അവർ പതിറ്റാണ്ടുകൾക്കുശേഷം പരസ്പരം കണ്ടുമുട്ടി. അതിനു കാരണമായതോ, അന്ന് തന്റെ കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ സു ലിഡാ പുതപ്പിനുള്ളിൽ ഉപേക്ഷിച്ച ഒരു കത്തും. 

അതിൽ മഷിയിൽ മുക്കിയ ബ്രഷുകൊണ്ട് ഒരു കാൻവാസ്‌ ചുരുളിൽ അയാൾ ഇങ്ങനെ എഴുതിവെച്ചിരുന്നു, "ഞങ്ങളുടെ മകൾ, ജിങ്സി. ഞങ്ങളുടെ മാലാഖക്കുട്ടി ഈ ഭൂമിയിലേക്ക് കടന്നുവന്നത്, 1995 -ലെ ഏഴാം ചാന്ദ്രമാസത്തിലെ ഇരുപത്തിനാലാം ദിവസം രാവിലെ 10.00 മണിക്കാണ്. ദാരിദ്ര്യവും, നാട്ടിലെ ഇന്നത്തെ സാഹചര്യവുമാണ് ഞങ്ങളുടെ പൊന്നുമോളെ ഉപേക്ഷിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കിയിരിക്കുന്നത്. എന്തൊരു ഭാഗ്യംകെട്ട രണ്ടു മനുഷ്യജന്മങ്ങളാണ് ഞങ്ങൾ! അവളെ പെരുവഴിയിൽ കളയേണ്ടി വന്നതിന്റെ സങ്കടം ഞങ്ങൾക്ക് ഒരുകാലത്തും മാറില്ല. നിത്യം അവളെയോർത്ത് നീറിനീറിക്കഴിയുകയാണ് ഈ പാവം അച്ഛനുമമ്മയും. നിങ്ങളോട് ഞങ്ങൾക്ക്  തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഞങ്ങളുടെ മോളെ എടുത്തുവളർത്താൻ സന്മനസ്സുകാണിച്ചതിന്, അവളെ നെഞ്ചോട് ചേർക്കുന്നതിന്. ദൈവങ്ങൾക്ക് മനസ്സലിവെന്നത് തരിമ്പെങ്കിലുമുണ്ടെങ്കിൽ ഈ ശപിക്കപ്പെട്ട രണ്ടാത്മാക്കൾക്ക് അവരുടെ മകളെ മരിക്കും മുമ്പ് ഒരു നോക്കുകാണാൻ ഭാഗ്യമുണ്ടാവട്ടെ. ഇന്നേക്ക് പത്തോ ഇരുപതോ വർഷങ്ങൾക്കപ്പുറം ഹാങ്സൗവിലെ മുറിഞ്ഞ പാലത്തിന് മുകളിൽ, ക്വിക്സി ഉത്സവത്തിന്റെ അന്ന് രാവിലെ ഞങ്ങൾ വരും. കാണാം..! "

 

ക്വിക്സി ഉത്സവം ചൈനക്കാരുടെ വാലന്റൈൻസ് ഡേ പോലെയാണ്. ഉത്സവനാളിൽ വർഷാവർഷം ഹാങ്സൗവിലെ മുറിഞ്ഞ പാലം സന്തോഷാശ്രുക്കളാൽ കുതിരാറുണ്ട്. അന്ന് ജീവിതം വേർപിരിച്ച കമിതാക്കൾ, കാലങ്ങൾക്കുശേഷം തങ്ങളുടെ നഷ്ടപ്രണയങ്ങളെ അന്വേഷിച്ച് ആ പാലത്തിലെത്തും. നിങ്ങൾ ആരെയെങ്കിലും പ്രേമിച്ചു എന്ന് കരുതുക. ജീവിതസാഹചര്യങ്ങളാൽ ഒന്നിക്കാൻ സാധിച്ചില്ലെന്നും. വെവ്വേറെ ജീവിതങ്ങളിലേക്ക് കടന്നുചെന്ന ശേഷമാണ് നിങ്ങൾ തിരിച്ചറിയുന്നത്, നിങ്ങളുടെ ജീവിതം, നിങ്ങൾ നേരത്തെ പറിച്ചെറിഞ്ഞു കളഞ്ഞ പ്രണയിനിയുമൊത്താണ് എന്ന സത്യം. എങ്കിൽ, നിങ്ങൾക്ക് ആ ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ഒരു അവസരമാണ് ക്വിക്സി ഉത്സവം. അത് പ്രതീക്ഷകളുടെ ഉത്സവമാണ്. നിങ്ങൾക്ക് തോന്നിയ അതേ നഷ്ടബോധം നിങ്ങളെ പണ്ട് പ്രണയിച്ചിരുന്ന ആൾക്കും തോന്നുമെന്നും, അയാളും നിങ്ങളെപ്പോലെ പ്രണയം തിരിച്ചുപിടിക്കാൻ വേണ്ടി പാലത്തിൽ വന്നെത്തുമെന്നുമാണ് സങ്കൽപം. അന്നേദിവസം ആ പാലത്തിൽ ചെന്നാൽ, പ്രതീക്ഷാ നിർഭരമായി നിരവധി മിഴികൾ നിങ്ങൾക്കവിടെക്കാണാം. 

 

അന്ന് ക്വിയാനും, സു ലിഡായും ഒരു കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് പച്ചക്കറിച്ചന്തയിൽ ഉപേക്ഷിച്ചിട്ടുപോന്ന ജിങ്സി, സുസൗ നഗരത്തിലെ ശിശുക്ഷേമസമിതിയുടെ അനാഥാലയത്തിലാണ് ആദ്യമെത്തിയത്. പിന്നീട് അമേരിക്കയിൽ നിന്ന് ദത്തെടുക്കാൻ ഒരുപെൺകുഞ്ഞിനെത്തേടിയെത്തിയ കെൻ-റൂത്ത് പോഹ്ലർ ദമ്പതിമാർ അവളെ ദത്തെടുക്കുകയായിരുന്നു. അവർ ജിങ്‌സിയെ കാത്തി എന്ന് വിളിച്ചു. കാതറിൻ പോഹ്ലർ. അവർ അവളെ അമേരിക്കയ്ക്ക് കൊണ്ടുപോയി. അവിടെ തങ്ങളുടെ മറ്റുകുട്ടികൾക്കൊപ്പം ഏറ്റവും നല്ല വിദ്യാഭ്യാസം നൽകി വളർത്തി. ഒടുവിൽ 2017-ലെ ക്വിക്സി ഉത്സവത്തിൽ വെച്ച് കാത്തി തന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടുമുട്ടി. അത് ബിബിസിയുടെ ഒരു ഡോക്യൂമെന്ററിക്ക് വിഷയമായി. 

 

കെന്നിനും റൂത്തിനും ജിങ്‌സിയുടെ അച്ഛനമ്മമാരുടെ കത്ത് അനാഥാലയം അധികൃതർ ദത്തെടുത്തപ്പോൾ തന്നെ കൈമാറിയിരുന്നു. പക്ഷേ, അവൾക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും വരെ, തന്റെ ശരിക്കുള്ള അച്ഛനുമമ്മയും ആരാണ് എന്ന  ചോദ്യം അവളിൽ നിന്നുയരും വരെ അതേപ്പറ്റി അവളോട് പറയാൻ അവർക്ക് മനസ്സുവന്നില്ല.

ജിങ്‌സി അവരുടെ പ്രിയപ്പെട്ട കാത്തിയായി ആ വീട്ടിൽ വളർന്നു. ഇടക്കെപ്പോഴോ അവൾ റൂത്തിനോട് ചോദിച്ചു, "അമ്മാ... ഞാൻ അമ്മയുടെ വയറ്റീന്നാണോ വന്നത്..?" ഒരു നിമിഷം റൂത്ത് സംശയിച്ചുനിന്നു. നിഷ്കളങ്കമായ ആ കണ്ണുകളിലേക്ക് നോക്കി കള്ളം പറയാൻ ആ അമ്മയ്ക്കായില്ല. അവർ പറഞ്ഞു, "കാത്തീ, നീ വന്നത് എന്റെ വയറ്റിൽ നിന്നല്ല. എന്റെ നെഞ്ചിനുള്ളിൽ നിന്നാണ് പൊന്നേ..!" അവൾക്ക് അത്രയും മതിയായിരുന്നു. ചാടിത്തുള്ളിക്കൊണ്ട് കാത്തി തന്റെ അടുത്ത കളിയിലേക്ക് നീങ്ങി. അവൾ വളർന്നു വലുതായി വന്നു. കോളേജിൽ ചേർന്ന് അവൾ പൊതുജനാരോഗ്യവും, സംഗീതവും പഠിച്ചു. തന്റെ സഹോദരങ്ങളെപ്പോലെയല്ല താൻ എന്ന് അവൾക്ക് പോകെപ്പോകെ മനസ്സിലായിവന്നിരുന്നു. 

 

ജിങ്‌സിയെ ദത്തെടുക്കുന്നവർ തന്റെ കത്തിനോട് എങ്ങനെ പ്രതികരിക്കും എന്ന് സു ലിഡയ്ക്കും ക്വിയാനും അറിയില്ലായിരുന്നു. എങ്കിലും അവർക്ക് പ്രതീക്ഷകളുണ്ടായിരുന്നു. അതുകൊണ്ട്, അവർ കാത്തിരുന്നു. 2005 -ലായിരുന്നു ജിങ്‌സിക്ക് പത്തുവയസ്സു തികയുന്നത്. അക്കൊല്ലത്തെ ക്വിക്സി ഉത്‌സവം വന്നടുത്തു. ദിവസങ്ങൾ ഓരോന്നുമെണ്ണി അവരിരുവരും കാത്തിരുന്നു. തലേന്ന് രാത്രി സുവിന് ഒരു പോള കണ്ണടയ്ക്കാനായില്ല. അതിരാവിലെ എഴുന്നേറ്റ് അവർ ഹാങ്സൗവിലെ മുറിഞ്ഞപാലത്തിലേക്ക് ചെന്നു. കയ്യിൽ അവരുടെ മകളുടെ പേരെഴുതിവെച്ച ഒരു വലിയ ബാനറുമുണ്ടായിരുന്നു. പാലത്തിലൂടെ കടന്നുപോയ എല്ലാ പെൺകുട്ടികളെയും അവർ പ്രതീക്ഷയോടെ നോക്കി. വിശേഷിച്ച്, മാതാപിതാക്കളോടൊപ്പം വന്നവരെ. അവരിൽ ഏതെങ്കിലുമൊന്ന് തങ്ങളുടെ പൊന്നുമകൾ ആവുമെന്ന് അവർ പ്രതീക്ഷിച്ചു.

 

കാത്തുകാത്തിരുന്ന് മടുത്ത് ഒടുവിൽ, വൈകുനേരം നാലുമണിയോടെ അവർ മടങ്ങി. ഒരിറ്റു വെള്ളം കുടിക്കുകയോ, എന്തെങ്കിലും കഴിക്കുകയോ ചെയ്തിരുന്നില്ല അവർ ആ പകൽ. വിശപ്പിനേക്കാളും, ദാഹത്തെക്കാളുമൊക്കെ അവർക്ക് കുഞ്ഞിനെ കാണാനാകാഞ്ഞ സങ്കടമായിരുന്നു തോന്നിയത്. അവർ അറിയാതെ പോയ ഒരു കാര്യമുണ്ടായിരുന്നു. കെൻ പോഹ്ലർ അമേരിക്കയിൽ നിന്ന് ആനി വൂ എന്ന ഒരു ചൈനീസ് സുഹൃത്തിനെ അന്നേ ദിവസം ആ പാലത്തിലേക്ക് പറഞ്ഞയിച്ചിട്ടുണ്ടായിരുന്നു. മറ്റൊന്നിനുമല്ല, ആ ഹതഭാഗ്യരായ മാതാപിതാക്കളോട്, "നിങ്ങളുടെ മകളെ ഞങ്ങൾ പൊന്നുപോലെ വളർത്തിക്കൊണ്ടു വരികയാണ്" എന്ന് ഒന്ന് പറയാൻ വേണ്ടി മാത്രം.  എന്നാൽ ആനി വൂ അവിടെ എത്തിയപ്പോഴേക്കും കാത്തിരുന്ന് മടുത്ത് ജിങ്‌സിയുടെ അച്ഛനമ്മമാർ പോയിക്കഴിഞ്ഞിരുന്നു. അവർ തമ്മിൽ കണ്ടുമുട്ടിയില്ല, ആനിക്ക് കാര്യം പറയാനുമൊത്തില്ല.

ആരെയും കാണാഞ്ഞ് തിരികെപ്പോകാൻ തുടങ്ങുമ്പോഴാണ് ആനി പാലത്തിൽ ഒരു ടെലിവിഷൻ കാമറാസംഘത്തെ കാണുന്നത്. അവസാനത്തെ പ്രതീക്ഷ എന്ന നിലക്ക് ആനി അവരോട് അന്നെടുത്ത ഫൂട്ടേജ് ഒന്ന് പരിശോധിക്കാമോ എന്ന് അപേക്ഷിച്ചു. ഫൂട്ടേജിൽ ജിങ്‌സി എന്ന പേരെഴുതിയ ബാനറും പിടിച്ച് നിൽക്കുന്ന ക്വിയാനും സുവും പതിഞ്ഞിരുന്നു. ആ ടിവി ചാനലിന് അന്ന് കിട്ടിയ ലോട്ടറിയായിരുന്നു ആ എക്സ്ക്ലൂസീവ് സ്റ്റോറി. അത് അവർ ചൈനയിൽ അങ്ങോളമിങ്ങോളം പ്രക്ഷേപണം ചെയ്തു. പത്രക്കാരും ആ അപൂർവമായ വാർത്ത വൻ പ്രാധാന്യത്തോടെ ഒന്നാം പേജിൽ വെണ്ടയ്ക്കാ അക്ഷരങ്ങളിൽ തന്നെ പ്രസിദ്ധപ്പെടുത്തി. 

 

സു ലിഡായുടെ ഒരു സ്നേഹിതനാണ് ആദ്യമായി ടിവിയിൽ ഈ വാർത്തകാണുന്നത്. അയാൾ നേരെ ചെന്ന് തന്റെ സുഹൃത്തിനോട് കാര്യം പറഞ്ഞു. അവർ നേരെ ടെലിവിഷൻ കേന്ദ്രത്തിലേക്ക് ഓടി. അവിടെ അവരെക്കാത്തുകൊണ്ട് പോഹ്ലറുടെ കത്തും ജിങ്‌സിയുടെ ചെറുപ്പം തൊട്ടുള്ള നിരവധി ഫോട്ടോഗ്രാഫുകളും ഉണ്ടായിരുന്നു.

എന്നാൽ, ഒരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതിയിരുന്ന തങ്ങളുടെ മകളെ ഇതാ കാണാൻ ഭാഗ്യമുണ്ടാകാൻ പോകുന്നു എന്ന് തോന്നലുണ്ടാക്കിയ ആ സംഭവത്തിന് ശേഷം ആ മാതാപിതാക്കളെ കാത്തിരുന്നത് ഒരു നിരാശാകാലമായിരുന്നു. ആനി വു ഈ വിവരങ്ങൾ അങ്ങ് അമേരിക്കയിലിരിക്കുന്ന പോഹ്ലർ ദമ്പതികളെ അറിയിച്ചപ്പോൾ ആദ്യം കിട്ടിയ നിർദേശം, ക്വിയാൻ-സു ദമ്പതിമാരുമായുള്ള എല്ലാ സമ്പർക്കങ്ങളും അവസാനിപ്പിക്കണം എന്നതായിരുന്നു. അത് പോഹ്ലർ ദമ്പതിമാർ എടുത്ത ഒരു മുൻകരുതലായിരുന്നു. തന്റെ  യഥാർത്ഥ അച്ഛനമ്മമാരെപ്പറ്റിയുള്ള വിവരം കാത്തിയെ കൂടുതൽ സങ്കടപ്പെടുത്തരുത് എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട്, അവൾക്ക് തന്റെ യഥാർത്ഥ അച്ഛനമ്മമാരെക്കുറിച്ച് അറിയാൻ താത്പര്യമുണ്ടോ എന്നറിയാൻ പോഹ്ലർ ദമ്പതിമാർ ശ്രമിച്ചു. 

ആനിയോട് അവർ ഫോൺ നമ്പർ മാറ്റാൻ ആവശ്യപ്പെട്ടു. അതോടെ ചാനലിനും ക്വിയാൻ-സു ദമ്പതിമാർക്കും തങ്ങളുടെ മകളിലേക്കുള്ള ഒരേയൊരു തുമ്പ് നഷ്ടപ്പെട്ടു. അവരുടെ ജീവിതങ്ങളിലെ വെളിച്ചം വീണ്ടും അസ്തമിച്ചു.

അപ്പോഴാണ് ഒരു ഡോകുമെന്ററി സംവിധായകനായ ചാങ് ചാങ്‌ഫു അവരുടെ സഹായത്തിനെത്തുന്നത്. ക്വിയാൻ-സു ദമ്പതിമാരെ അവരുടെ മകൾക്കരികിലെത്തിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യാൻ അയാൾ ഉറപ്പിച്ചു. പക്ഷേ, അയാൾക്കു മുന്നിൽ ആകെ ഒരൊറ്റ കച്ചിത്തുരുമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് പോഹ്ലർ ദമ്പതിമാരിൽ നിന്ന് ആനി വൂ വഴി എത്തിയ ടൈപ്പ് ചെയ്ത കത്തുമാത്രമാണ്. അതിൽ കാത്തിയെ ദത്തെടുത്തത് സുസൗവിൽ നിന്നാണെന്നും, അവൾക്ക് ചെറുപ്പത്തിൽ റൂമറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ചിരുന്നു എന്നും എഴുതിയിരുന്നു. കത്തിനൊപ്പം അവരൊന്നിച്ചുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. 

ആ വിവരം മാത്രം വെച്ചാണ് ചാങ് ഇന്റർനെറ്റിൽ തന്റെ അന്വേഷണം തുടങ്ങുന്നത്. സുസൗവിൽ ആകെ ഒരു അനാഥാലയം മാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ ഓൺലൈൻ ഫോറത്തിൽ ചാങ് രെജിസ്റ്റർ ചെയ്തു. അവിടെ നടന്ന ചർച്ചകൾ പരിശോധിച്ചപ്പോൾ, അനാഥാലയത്തിന്റെ കഴിഞ്ഞ വർഷങ്ങളിലെ ദത്തെടുപ്പുകളെപ്പറ്റിയുള്ള ഒരു ചർച്ച കണ്ടു. അതിൽ പോഹ്ലർ ചെയ്ത കമന്റ് അയാൾ ശ്രദ്ധിച്ചു. ചിത്രങ്ങൾ താരതമ്യപ്പെടുത്തി നോക്കിയപ്പോൾ അത് ജിങ്‌സിയെ ദത്തെടുത്ത ആൾ തന്നെ എന്ന് ചാങ് ഉറപ്പിച്ചു. ചാങ് പോഹ്ലറുമായി നിരന്തരം കത്തിടപാടുകൾ നടത്തി. അപ്പോഴൊന്നും അവരെ പറഞ്ഞു മനസ്സിലാക്കാനോ ജിങ്‌സി എന്ന കാത്തിയെ അവളുടെ യഥാർത്ഥ അച്ഛനമ്മമാർക്കരികിലേക്ക് കൊണ്ടുവരാണോ അയാൾക്ക് സാധിച്ചില്ല.

ഒടുവിൽ വിധി അതിനായി കാത്തുവെച്ചിരുന്ന ആ ദിവസവും വന്നെത്തി. മൂന്നുവർഷം മുമ്പ് കാത്തിയ്ക്ക് 21 വയസ്സ് തികഞ്ഞു. അവളെ അച്ഛനമ്മമാർ സ്പെയിനിലയച്ച് പഠിപ്പിക്കാൻ തീരുമാനിച്ചു. അവിടെച്ചെല്ലുമ്പോൾ അവളുടെ ചൈനീസ് പാരമ്പര്യത്തെപ്പറ്റി ചോദ്യങ്ങൾ ഉയർന്നേക്കാം എന്ന് അവർക്ക് മനസ്സിലായി. അതുവരെ അവളോട് വെളിപ്പെടുത്താതിരുന്ന രഹസ്യങ്ങൾ തുറന്നു സംസാരിക്കാനുള്ള സമയമായി എന്ന് അവർ കരുതി. ക്വിയാൻ-സു ദമ്പതിമാരെപ്പറ്റിയും, അവരുടെ കത്തിനെപ്പറ്റിയും, അന്ന് ഹാങ്സൗവിലെ മുറിഞ്ഞ പാലത്തിൽ നടന്ന സംഭവങ്ങളെപ്പറ്റിയും അവർ അവളോട് പറഞ്ഞു. അതൊക്കെ കേട്ട് നിറകണ്ണുകളോടെ ഒരു നിമിഷം കണ്ണടച്ചിരുന്ന ശേഷം കാത്തി പറഞ്ഞു, "എനിക്ക് എന്റെ അച്ഛനെയും അമ്മയെയും ഒന്ന് കാണണം!" 

 

പോഹ്ലർ തന്റെ മകൾക്ക് ചാങിനെ പരിചയപ്പെടുത്തി. ചാങിന് കാത്തിയോട് ഒരു ചെറിയ അപേക്ഷയുണ്ടായിരുന്നു. കാലം കരുതിവെച്ച ഈ പുനഃസമാഗമം ഒരു ഡോകുമെന്ററിയാക്കാൻ തന്നെ അനുവദിക്കണം. കാത്തി സമ്മതിച്ചു. ഈ വർഷത്തെ ക്വിക്സി ഉത്സവത്തിനും ക്വിയാനും സു ലിഡായും മുടങ്ങാതെ വരുമെന്ന് ചാങിന് ഉറപ്പായിരുന്നു. അവർക്ക് ഒരു സർപ്രൈസ് നൽകാൻ തന്നെ ചാങ്ങും കാത്തിയും ഉറപ്പിച്ചു. രണ്ടു ദിവസം മുമ്പുതന്നെ അവർ സുസൗവിലെത്തി. അവിടത്തെ പച്ചക്കറി മാർക്കറ്റിൽ, ഇരുപത്തൊന്നു വർഷം മുമ്പ്, ഒരു കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് അന്നത്തെ ജിങ്‌സിയെന്ന ചോരക്കുഞ്ഞിനെ സു ഉപേക്ഷിച്ചു പോന്ന അതേ അങ്ങാടിയിൽ അവരെത്തി. അവിടെ വെച്ച് ചില ദൃശ്യങ്ങൾ അവർ പകർത്തി.

അടുത്ത ദിവസം ക്വിക്‌സി ഉത്സവത്തിന്റെ അന്ന് പകൽ ഹാങ്സൗവിലെ മുറിഞ്ഞ പാലത്തിൽ വെച്ച്, തമ്മിൽ പിരിഞ്ഞ് 21 സംവത്സരങ്ങൾക്കു ശേഷം ആ കുടുംബം വീണ്ടും ഒത്തുചേർന്നു. ക്വിയാനും സു ലിഡായും തങ്ങളുടെ മകളെ രണ്ടുദിവസത്തേക്ക് വീട്ടിൽ കൂടെ താമസിപ്പിച്ചു. പതിറ്റാണ്ടുകളുടെ വിശേഷങ്ങൾ തമ്മിൽ പങ്കുവെച്ചു. ജിങ്‌സിക്ക് അവളുടെ ചേച്ചിയെ പരിചയപ്പെടുത്തി. ഒരായുഷ്കാലത്തെക്ക് ഹൃദയത്തിൽ സൂക്ഷിക്കാനുള്ള ആത്മബന്ധങ്ങളും ഉള്ളിലേന്തി അവൾ തിരികെ അമേരിക്കയിലേക്ക് മടങ്ങി.

ജീവിതം കഴുത്തിന് കുത്തിപ്പിടിച്ചു നിർത്തിയപ്പോൾ, നൊന്തുപെറ്റ മകളെ നിസ്സഹായതകൊണ്ട് മാത്രം പുതപ്പിൽ പൊതിഞ്ഞ് പെരുവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ആ അമ്മയുടെ പേറ്റുനോവിന് അന്ന് ശമനമുണ്ടായി. രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം ജിങ്‌സി എന്ന കാത്തി, അമേരിക്കയിലെ തന്റെ വീട്ടിലേക്ക് മടങ്ങി. സങ്കടം തോന്നിയെങ്കിലും, ഇത്തവണ മകളെ വിവാഹം കഴിച്ചു പറഞ്ഞയച്ചു എന്നപോലെ ഒരു തോന്നലാണ് ക്വിയാൻ-സു ദമ്പതിമാർക്കുണ്ടായത്. "ഞങ്ങളുടെ പൊന്നുമോൾ സുഖമായിരിക്കുന്നു എന്നറിഞ്ഞല്ലോ. ഇനി ഞങ്ങൾക്ക് സമാധാനത്തോടെ കണ്ണടയ്ക്കാം" നിറകണ്ണുകളോടെ അവർ പറഞ്ഞു.

(കടപ്പാട്: ബിബിസി, സ്വതന്ത്ര പരിഭാഷ: ബാബു രാമചന്ദ്രന്‍)