ഒരു പത്രപ്രവർത്തകൻ തനിക്കു ചുറ്റും നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വേണ്ടി ഏതറ്റം വരെ പോകും? പല റാക്കറ്റുകളിലും ഒളി ക്യാമറകളുമായി നുഴഞ്ഞു കയറി  വളരെ സാഹസികമായി തെളിവുകൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ള പല ജേർണലിസ്റ്റുകളുടെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഫ്രാൻസിലെ വാലന്റൈൻ ഗെൻട്രോട്ട് എന്ന യുവ മാധ്യമപ്രവർത്തകൻ ചെയ്തത് നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും ആകാത്ത തരത്തിലുള്ള ഒരു അന്വേഷണാത്മക റിപ്പോർട്ടിങ്ങാണ്.

ഫ്രഞ്ച് പൊലീസിൽ നടക്കുന്ന വംശീയ വിദ്വേഷപരമായ വിവേചനങ്ങളായിരുന്നു വാലന്റൈന്റെ അന്വേഷണത്തിന് ആധാരം. പൊലീസ് തങ്ങളുടെ അധികാരത്തിന്റെ ബലത്തിൽ, സ്റ്റേഷനുകൾക്കുള്ളിൽ, ലോക്കപ്പിൽ, പൊലീസ് വാഹനങ്ങളിൽ ഒക്കെ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച്, വിവേചനങ്ങളെക്കുറിച്ച് പലപ്പോഴും പൊതുജനത്തിന് നേരിട്ട് വിവരം കിട്ടാറില്ല. അത് അറിയുക, പലപ്പോഴും ആ അതിക്രമങ്ങൾ അനുഭവിക്കേണ്ടി വരുന്ന നിസ്സഹായരായ മനുഷ്യർ മാത്രമാണ്. അവരാകട്ടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന പ്രതികാരനടപടികൾ ഭയന്ന് അതൊന്നും വെളിപ്പെടുത്താറുമില്ല. ഏറ്റവും വലിയ പ്രശ്നം, ഈ അതിക്രമങ്ങൾക്ക്, തങ്ങളുടെ അനുഭവ സാക്ഷ്യങ്ങൾ അല്ലാതെ, യാതൊരു തെളിവും ഹാജരാക്കാൻ അവർക്ക് കഴിയാറില്ല എന്നതാണ്. ഇങ്ങനെ അനധികൃത കുടിയേറ്റക്കാരും, മുസ്ലിങ്ങളും, കറുത്ത വർഗക്കാരും മറ്റും ഫ്രാൻസിലെ പൊലീസിന്റെ ഭാഗത്തുനിന്ന് അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യണം എന്നുണ്ടായിരുന്നു വാലന്റൈനിന്. അതിനായി അയാൾ ചെയ്തത് പൊലീസിന്റെ പരീക്ഷ പഠിച്ചു പാസായി ആ സേനയുടെ തന്നെ ഭാഗമാവുക എന്നതാണ്. 

 

 

പൊലീസ് സേനയുടെ അടിസ്ഥാന സ്വഭാവത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള അക്രമവാസന നേരിൽ കാണാനും കഴിയുന്നത്ര തെളിവുകൾ പകർത്താനും വേണ്ടിയാണ് ആ പത്രപ്രവർത്തകൻ 2018 -ൽ സ്‌പെഷ്യൽ കോൺസ്റ്റബിൾ പോസ്റ്റിലേക്ക് അപേക്ഷിച്ച്, അതിനു ക്വാളിഫൈ ചെയ്ത, സേനയിൽ നുഴഞ്ഞുകയറിയത്. നിസ്സഹായരായ പ്രതികളെ പൊലീസ് ഓഫിസർമാർ അപമാനിക്കുന്നതും, മുഖത്ത് നോക്കി 'ബാസ്റ്റാർഡ്‌സ്' എന്ന് വിളിച്ച് അപഹസിക്കുന്നതും അയാൾ നേരിട്ട് പലവട്ടം കണ്ടു. മൊത്തം പൊലീസ് ഫോഴ്‌സ് അങ്ങനെ അല്ല എന്നും അയാൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിരലിൽ എണ്ണാവുന്നവരാണ് ഓരോ സ്റ്റേഷനിലും ഈ വയലൻസ് കാണിച്ചിരുന്നത്. പക്ഷെ അവർ ഒരുവിധം എല്ലാവരോടും, എല്ലായ്പ്പോഴും ഇങ്ങനെ വയലന്റ് ആയിരുന്നു. 

പൊലീസിൽ പുതുതായി ചേരുന്ന ജൂനിയർ ഓഫീസർമാർക്ക് തങ്ങളുടെ സുപ്പീരിയർമാരിൽ നിന്ന് നേരിടേണ്ടി വരുന്ന പീഡനങ്ങളും വാലന്റൈന്റെ അന്വേഷണത്തിന്റെ ഭാഗമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അവരിൽ പലരും ഓഫീസർമാരുടെ പീഡനങ്ങൾ കാരണം കടുത്ത ഡിപ്രഷനിലേക്ക് വഴുതി വീഴുന്നതിന്റെ നേരനുഭവങ്ങൾ അയാൾ കുറിച്ചു. പാരീസിന്റെ പ്രക്ഷുബ്ധമായ വടക്കൻ പ്രവിശ്യകളിൽ ആറുമാസത്തോളം ജോലി ചെയ്തു വാലന്റൈൻ. വെറും മൂന്നു മാസത്തെ പരിശീലനത്തിന് ശേഷം തന്നെ ഒരു തോക്കും കൊടുത്ത് പട്രോളിംഗ് ഡ്യൂട്ടിക്ക് പറഞ്ഞയക്കുകയായിരുന്നു എന്ന് വാലന്റൈൻ പറഞ്ഞു. 

പൊലീസ് സേനയുടെ ഭാഗമായി പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ വാലന്റൈൻ തന്റെ, 'ഫ്ലിക് - പൊലീസിൽ നുഴഞ്ഞു കയറിയ ഒരു പത്രപ്രവർത്തകൻ' - FLIC - 'Un Journaliste Infiltre La Police' എന്ന പുസ്തകത്തിലൂടെ പുറം ലോകത്തോട് പറഞ്ഞു. പൊലീസ് സ്റ്റേഷനുകളിലെ ഓഫീസർമാരുടെ പെരുമാറ്റത്തെ നിരീക്ഷിക്കാനോ, നിയന്ത്രിക്കാനോ, പരുവപ്പെടുത്താനോ ഒരു സംവിധാനവും പാരീസ് പൊലീസ് സേനയിൽ ഇല്ല എന്ന് അയാൾ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഓഫീസർക്ക് അയാളുടെ ഒരു ദിവസത്തെ മാനസിക നിലക്ക് അനുസൃതമായി തന്റെ മുന്നിൽ വന്നുപെടുന്ന നിസ്സഹായനായ നിയമലംഘകനോട് വയലന്റ് ആവുകയോ ആവാതിരിക്കുകയോ ചെയ്യാം. ആരും ഒന്നും ചോദിയ്ക്കാൻ വരില്ല എന്ന അവസ്ഥയാണ്. നിരവധി പേർ ഇങ്ങനെ വയലന്റ് ആകുന്ന പൊലീസ് ഓഫീസർമാരുടെ കൈകളാൽ കൊടിയ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്. അപമാനിതരാകുന്നുണ്ട്. വാലന്റൈൻ പറഞ്ഞു. 

 

 

മുപ്പത്തിരണ്ടുകാരനായ ഈ ജേർണലിസ്റ്റ് തന്റെ ജേർണലിസം പഠനം പൂർത്തിയാക്കിയ ശേഷം നിരവധി പ്രാദേശിക പത്രങ്ങൾക്ക് വേണ്ടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാലന്റൈൻ എന്നും 'അണ്ടർ കവർ' സ്റ്റിങ് ഓപ്പറേഷനുകളിൽ വളരെ തത്പരനായിരുന്നു. ഇതിനു മുമ്പ് ടൊയോട്ടയുടെ പ്രൊഡക്ഷൻ ലൈനിലും, ലിൻഡ്ൽ ഹൈപ്പർ മാർക്കറ്റിലും ഇതുപോലെ ജോലി നേടി നുഴഞ്ഞുകയറി റിപ്പോർട്ട് ചെയ്ത ചരിത്രമുണ്ട് വാലന്റൈന്. ആ രണ്ടു ദൗത്യങ്ങൾക്ക് ശേഷമാണ് അയാൾ പൊലീസിലേക്ക് സെലക്ഷൻ നേടി അവിടെ ഇരുന്നുകൊണ്ട് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. 

തന്റെ പുസ്തകം ഒരിക്കലും പൊലീസിനെ ദുഷിക്കുന്ന ഒന്നല്ല എന്ന് വാലൻന്റൈൻ പറയുന്നു. അത് പൊലീസ് സേന എന്ന രാവണൻ കോട്ടയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള ഒരു നേർവിവരണം മാത്രമാണ്. ഫ്രാൻസിൽ രണ്ടു കാര്യങ്ങളെപ്പറ്റി അധികം ചർച്ചകൾ പതിവില്ലാത്തതാണ്. ഒന്ന്, പൊലീസ് അതിക്രമങ്ങളും അവർ നടത്തുന്ന അഴിമതികളും, രണ്ട്, സേനയിൽ നടക്കുന്ന ആത്മഹത്യകൾ. ഇത് രണ്ടും അതിന്റെ ഭാഗമായി നിന്ന് നേരിൽ കണ്ടറിഞ്ഞ് റിപ്പോർട്ട് ചെയ്യാനാണ് താൻ പൊലീസിൽ ചേർന്നത് എന്ന് വാലൻന്റൈൻ പറഞ്ഞു. 

കരിയറിന്റെ തുടക്കം മുതൽ കാര്യമായ സോഷ്യൽ മീഡിയ ഫുട്ട് പ്രിന്റുകൾ ഒന്നും ഇല്ലാതിരുന്ന ഒരാളായിരുന്നു എന്നത് പൊലീസ് വെരിഫിക്കേഷനിൽ പ്രശ്നങ്ങളുണ്ടാകാതെ കാത്തു. ജോലിക്കെടുക്കും മുമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലും ജോലിക്ക് ചേരുന്നതിൽ വാലെന്റൈനുണ്ടായിരുന്ന ദുരുദ്ദേശ്യം വെളിപ്പെട്ടില്ല. ബ്രിട്ടണിയിലെ സെന്റ് മുട്ട പൊലീസ് അക്കാദമിയിൽ മൂന്നുമാസത്തെ പരിശീലനത്തിന് ശേഷമാണ് അയാളെ ജോലിക്ക് നിയോഗിക്കുന്നത്. 54 പേരുണ്ടായിരുന്ന ബാച്ചിൽ ഇരുപത്തേഴാമതായിട്ടാണ് വാലൻന്റൈൻ പരിശീലനം പൂർത്തിയാക്കിയത്. 

 

 

അതിനു ശേഷമാണ് അനധികൃത കുടിയേറ്റം വളരെയധികം നടക്കുന്ന പാരീസിന്റെ 19th Arrondissement സ്റ്റേഷനിലേക്ക് അയാൾക്ക് ഡെപ്യൂട്ടേഷൻ കിട്ടുന്നത്. അവിടെ ചെന്ന് ജോയിൻ ചെയ്ത ആഴ്ച തന്നെ വാലെന്റൈനും സുപ്പീരിയർ ഓഫീസറും ചേർന്ന് ഒരു വാനിൽ പട്രോളിംഗ് നടത്തുന്നതിനിടെ ആ ഓഫീസർ ഒരു അനധികൃത കുടിയേറ്റക്കാരനെ ആ വാനിന്റെ പിന്നിലിട്ട് മർദ്ദിക്കുന്നതിന് വാലൻന്റൈൻ മൂകസാക്ഷിയായി. വാനിൽ വെച്ചായിരുന്നു ആക്രമണം എന്നതിനാലും, മർദ്ദനം സിസിടിവി ക്യാമറയുടെ പരിധിക്ക് പുറത്തുവെച്ചായിരുന്നു എന്നതിനാലും തെളിവുകൾ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല.

പൊലീസിന്റെ മർദ്ദനങ്ങൾക്കെതിരെ പരാതിപ്പെടുന്നവർക്കുമേലെ വളരെ വലിയ കുറ്റങ്ങൾ ചാർത്തി കള്ളക്കേസ് ചമയ്ക്കുന്നതും, അതിന്റെ പേരിൽ അവരെ പ്രതികാരബുദ്ധ്യാ വേട്ടയാടി തുറുങ്കിൽ അടക്കുന്നതും, വീണ്ടും മർദ്ദിക്കുന്നതും ഒക്കെ പാരീസിൽ സ്ഥിരം നടന്നുവരുന്ന പരിപാടിയാണ്. 

രണ്ടാമത്തെ വിഷയം, പൊലീസിൽ നടക്കുന്ന ആത്മഹത്യയായിരുന്നു. 2019 -ൽ മാത്രം ഫ്രഞ്ച് പൊലീസിൽ ഉണ്ടായിട്ടുള്ളത് 59  ആത്മാഹുതികളാണ്. അത് കഴിഞ്ഞ വർഷത്തേക്കാൾ 60 ശതമാനം കൂടുതലാണ്. അത്രക്ക് മാനസിക സമ്മർദ്ദം ജൂനിയർ പോലീസുകാർ സീനിയേഴ്സിൽ നിന്ന് അനുഭവിക്കുന്നുണ്ട് എന്ന് താൻ നേരിൽ കണ്ട സംഭവങ്ങൾ വിവരിച്ച് വാലെന്റൈൻ തന്റെ പുസ്തകത്തിൽ സമർത്ഥിക്കുന്നു.

തന്റെ പുസ്തകത്തിൽ ഉള്ളത്  ഫ്രാൻസിലെ ഒരു പൊലീസ് സ്റ്റേഷനിൽ പ്രവർത്തിക്കവെ താൻ നേരിൽ കണ്ട കാര്യങ്ങളുടെ വർണ്ണന മാത്രമാണ് എന്നും, അതിന്റെ ബലത്തിൽ ഫ്രഞ്ച് പൊലീസ് മൊത്തത്തിൽ അങ്ങനെയാണ് എന്ന് താൻ പറയാൻ ആഗ്രഹിക്കുന്നില്ല എന്നും വാലെന്റൈൻ പറയുന്നുണ്ട്. എന്നാലും, ഈ ഒരു സ്റ്റേഷനിലെ അനുഭവങ്ങൾ ഏറെക്കുറെ മറ്റു സ്റ്റേഷനുകളിലെ പൊലീസുകാരുടെ പെരുമാറ്റത്തിന്റെ നേർക്ക് പിടിച്ച ഒരു കണ്ണാടി തന്നെയാണ് എന്നാണ് വായനക്കാരുടെ അഭിപ്രായം. ഇങ്ങനെ ഒരു വെളിപ്പെടുത്തൽ തന്റെ പുസ്തകത്തിലൂടെ ഉണ്ടായ സാഹചര്യത്തിലെങ്കിലും ഫ്രഞ്ച് പൊലീസ് അധികാരികൾ തങ്ങളുടെ പ്രവർത്തനശൈലിയെപ്പറ്റി ഒരു പുനർവിചിന്തനം നടത്തുമെന്ന് വാലെന്റൈൻ പ്രതീക്ഷ പ്രകടിപ്പിച്ചു. യൂണിഫോം നൽകുന്ന അധികാരത്തിന്റെ ബലത്തിൽ നിസ്സഹായരായ സഹജീവികളോട് ഓഫീസർമാർ   ഇങ്ങനെയുള്ള പീഡനങ്ങൾ നടത്താനുള്ള സാദ്ധ്യതകൾ നിലനിൽക്കുന്ന സാഹചര്യങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ അധികൃതർ ശ്രമിക്കും എന്നുള്ള ശുഭാപ്തി വിശ്വാസവും ആ യുവ ജേർണലിസ്റ്റിനുണ്ട്.