(ജീവിതത്തെ കുറിച്ച്, നാളെയെ കുറിച്ച് ഒന്നും തീര്‍ത്തുപറയാനാവാതെ ഒരു തെരുവില്‍ രാത്രികള്‍ തള്ളിനീക്കേണ്ടി വന്നാലെങ്ങനെയിരിക്കും? ആരോരുമില്ലാതെ, കയ്യില്‍ പണമില്ലാതെ, കഴിക്കാനുള്ള ഭക്ഷണം മോഷ്‍ടിച്ച്... അത്തരമൊരനുഭവം പറയുകയാണ് സൂസന്‍ സുടോന്‍ എന്ന അറുപതുകാരി. ഏറെനാളുകള്‍ തെരുവില്‍ ഭയത്തോടെ കഴിഞ്ഞ സൂസന്‍ താന്‍ മനസിലാക്കിയ കാര്യങ്ങള്‍ തുറന്നെഴുതുകയാണ്. ഒപ്പം ദൈവത്തെപ്പോലെ ഒരാള്‍ കടന്നുവന്ന് അവള്‍ക്ക് പുതിയൊരു ജീവിതം നല്‍കിയതിനെ കുറിച്ചും. 'ഗാര്‍ഡിയനി'ല്‍ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പിന്‍റെ പരിഭാഷ)

ലണ്ടനിൽ വെസ്റ്റ് കെൻസിംഗ്ടണിലെ ഒരു പബ്ബിൽ ജോലി ചെയ്യുന്നതിനിടെയാണ് ഞാനെന്‍റെ ആദ്യഭർത്താവിനെ കണ്ടുമുട്ടിയത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായപ്പോൾ എനിക്കു 18 വയസ്സായിരുന്നു പ്രായം. ഹാക്ക്‌നിയിലെ അദ്ദേഹത്തിന്‍റെ അമ്മയുടെ വസതിയിലേക്കാണ് വിവാഹശേഷം ഞങ്ങൾ പോയത്. സന്തോഷത്തിന്‍റെ നാളുകളായിരുന്നു പിന്നീട്. എന്നാൽ, എല്ലാം തകർന്നടിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഒരുദിവസം അദ്ദേഹത്തിന്‍റെ കുടുംബത്തിലെ ഒരംഗം അവിടെയെത്തുകയും എന്നോട് അവിടെനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. അയാളെ അതിന് പ്രേരിപ്പിച്ചത് എന്താണെന്ന്  ഇന്നുമെനിക്കറിയില്ല. ഒരു സായാഹ്നത്തിൽ ഞങ്ങൾ മാത്രമുള്ളപ്പോൾ ആ മനുഷ്യൻ എന്‍റെ  അടുത്തേക്ക് വന്നു. അയാൾ പോക്കറ്റിൽ നിന്ന് മൂർച്ചയുള്ള ഒരു ബ്ലേഡ് എടുത്ത് എന്‍റെ തൊണ്ടയിൽ ചേർത്തുപിടിച്ചുകൊണ്ട്, എന്നോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്‍തു. വിവാഹം കഴിഞ്ഞ് വെറും ആഴ്‍ചകൾ മാത്രമുള്ളപ്പോൾ, പോകാൻ ഒരിടം പോലുമില്ലാത്ത ഞാൻ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഒടുവിൽ തകർന്ന മനസ്സോടെ എങ്ങോട്ടെന്നില്ലാതെ ഞാൻ ഇറങ്ങി നടന്നു.

തെരുവിലെ എന്‍റെ ആദ്യത്തെ രാത്രി ഭയപ്പെടുത്തുന്നതായിരുന്നു. ചുറ്റും കനക്കുന്ന നിശബ്‍ദത... ഞാൻ ഇരുട്ടിലേക്ക് നോക്കിയിരുന്നു. എനിക്ക് വല്ലാത്ത നിരാശയും ഒറ്റപ്പെടലും തോന്നി. എനിക്ക് ഞാൻ മാത്രമേയുള്ളുവെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ചുറ്റുമുള്ള ഏകാന്തതയും തണുപ്പും എന്നെ ഭയപ്പെടുത്തി. അക്കാലത്ത്, വിക്ടോറിയ സ്റ്റേഷനിലെ പ്ലാറ്റ്‍ഫോം ടിക്കറ്റിന് വളരെ തുച്ഛമായ തുകയേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഒരു പ്ലാറ്റ്‍ഫോം ടിക്കറ്റെടുത്തു. ഡോവറിലേക്ക് പോകാനുള്ള ട്രെയിൻ ഏകദേശം 12.15 മുതൽ 6.30 വരെ സ്റ്റേഷനിൽ തങ്ങുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ രണ്ടും കല്‍പ്പിച്ച് പ്ലാറ്റ്ഫോം ടിക്കറ്റുമായി ട്രെയിനിൽ കയറി, അതിൽ കിടന്നുറങ്ങി. അങ്ങനെ തെരുവിലെ എന്‍റെ ആദ്യത്തെ രാത്രി ഞാൻ ഒരുവിധം കഴിച്ചുകൂട്ടി.

പിന്നീടുള്ള എന്‍റെ ജീവിതം വളരെ ക്ലേശകരമായിരുന്നു. കൂടുതൽ സമയവും തെരുവിൽ തന്നെ കഴിച്ചുകൂട്ടേണ്ടിവന്നു. ഒന്നുമില്ലാത്തപ്പോഴും മറ്റുള്ളവരെ ആശ്രയിക്കാൻ എനിക്ക് മനസുവന്നില്ല. ഞാൻ എന്‍റെ വസ്ത്രങ്ങൾ വിക്ടോറിയ സ്റ്റേഷനിലെ ലഗേജ് ലോക്കറുകളിൽ സൂക്ഷിച്ചു. സ്റ്റേഷനിലെ ശുചിമുറിയിൽ ഞാൻ വസ്ത്രങ്ങളലക്കി. വീടും ആശ്രയവുമില്ലാതെ തീർത്തും ഒറ്റപ്പെട്ട ഞാൻ രാവും പകലും എങ്ങനെയൊക്കെയോ തള്ളി നീക്കിക്കൊണ്ടിരുന്നു. ഒരുനേരത്തെ ആഹാരത്തിനുപോലും വഴിയില്ലാതെ ഞാൻ വലഞ്ഞു. ആ സമയത്താണ് വിക്ടോറിയയിൽ നമ്പർ 9 എന്ന് വിളിക്കുന്ന ഒരു കഫെ എന്‍റെ ശ്രദ്ധയിൽ പെട്ടത്.  എന്നെപ്പോലെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട, ആരും ആശ്രയമില്ലാത്ത മറ്റു നാലുപേരെയും ഞാൻ അവിടെ കണ്ടുമുട്ടാനിടയായി. വിശപ്പുസഹിക്കാൻ കഴിയാതെ അവർക്കൊപ്പം ഭക്ഷണം മോഷ്ടിക്കാൻ ഞാനും ചേർന്നു. വിശപ്പിനേക്കാളും വലുതല്ല ഒരു തത്വശാസ്ത്രവും എന്നെനിക്ക് അന്ന് മനസ്സിലായി. എന്‍റെ മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തിയെങ്കിലും ജീവൻ നിലനിർത്താൻ എനിക്ക് അത് ചെയ്യേണ്ടിവന്നു.

തെരുവിലെ ജീവിതം ദുഷ്‌കരമായിരുന്നു. മയക്കുമരുന്നിന് അടിമകൾ, മദ്യപാനികൾ, ലൈംഗിക തൊഴിലാളികൾ എന്നിവർക്കിടയിൽ ഒരു വർഷത്തോളം ഞാൻ ചെലവഴിച്ചു. എന്നാൽ സമൂഹത്തിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞു നടക്കുന്ന നിഷ്ഠൂരന്മാരെക്കാൾ മാന്യതയുണ്ടായിരുന്നു അവർക്ക്. അവരുടെ പരാധീനതകളിലും അവർ പരസ്‍പരം സഹായിച്ചിരുന്നു. ഒന്നുമില്ലായ്‍മകളിലും അവർ ആവോളം സ്നേഹം പങ്കിട്ടു.  ചിലപ്പോൾ രാത്രികളിൽ തലചായ്ക്കാൻ ഒരിടംപോലുമില്ലാത്ത ഞാൻ തെരുവുകൾ തോറും അലയുമായിരുന്നു. രാത്രികാലങ്ങളിലെ തണുപ്പ് സഹിക്കാനാകാതെ ഭക്ഷണശാലകളിൽ ഞാൻ അഭയം പ്രാപിച്ചു.

എന്‍റെ ജീവിതം മാറിമറിഞ്ഞതും അത്തരമൊരു രാത്രിയിലായിരുന്നു. ദൈവത്തിന്‍റെ അദൃശ്യമായ കയ്യൊപ്പായിരുന്നു അത്. ലെസ്റ്റർ സ്ക്വയറിലെ ഒരു ഭക്ഷണശാലയിൽ പതിവുപോലെ രാത്രി ചിലവഴിക്കാൻ ഞാൻ തീരുമാനിച്ചു. ഒരു സൂപ്പിനുള്ള കാശ് കഷ്‌ടിച്ചെന്‍റെ കൈയിൽ ഉണ്ടായിരുന്നു. ഞാൻ ഒരു സൂപ്പ് ഓർഡർ ചെയ്തു. രാത്രി മുഴുവൻ അവിടെ ചെലവഴിക്കേണ്ടത് കൊണ്ട് ഞാൻ സൂപ്പ് വളരെ പതുക്കെ കുടിക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്. അവിടെ ഇരുന്നിരുന്ന ഒരാൾ എന്നെത്തന്നെ തുറിച്ചുനോക്കുകയായിരുന്നു. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാൻ അയാളെ മനഃപൂർവ്വം അവഗണിക്കാൻ ശ്രമിച്ചു. പക്ഷേ, അയാൾ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. പതുക്കെ അയാൾ എന്‍റെ അടുത്തേക്ക് നടന്നടുത്തു. ഒരുപാട് കാലത്തെ പരിചയമുള്ളപോലെ അയാൾ എന്നോട് സംസാരിക്കാൻ തുടങ്ങി. എന്‍റെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അയാൾ എന്നോട് തിരക്കി. അയാളുടെ പേര് ഡേവിഡ് എന്നായിരുന്നു. ഞങ്ങൾ അവിടെ മണിക്കൂറുകളോളം ഇരുന്നു. 

ഒടുവിൽ, എന്‍റെ കഥകൾ കേട്ട് സഹതാപം തോന്നിയിട്ടാണോ എന്നറിയില്ല അയാൾ എനിക്ക് ഒരു കിടക്ക വാഗ്ദ്ധാനം ചെയ്തു. ഞാൻ ആദ്യം മടിച്ചു. ഒരുപരിചയവുമില്ലാത്ത ഒരാൾ ഒരു കിടക്ക വാഗ്ദ്ധാനം ചെയ്യുമ്പോൾ സ്വാഭാവികമായും നമുക്ക് ഭയം തോന്നുമല്ലോ. അത് സ്വീകരിക്കണോ വേണ്ടയോ എന്ന ചിന്ത എന്നെ അലട്ടി. ഒരു തീരുമാനം എടുക്കാനാകാതെ ഞാൻ ആകെ ആശയകുഴപ്പത്തിലായി. പക്ഷേ, അയാളിൽ എവിടെയോ നന്മയുടെ ഒരു പ്രകാശം എനിക്ക് കാണാനായി. എനിക്ക് എന്തോ അയാളെ വിശ്വസിക്കാനാണ് തോന്നിയത്. തെരുവുകളിൽ കിടക്കാൻ ഒരിടമില്ലാതെ  രാത്രികൾതോറും അലഞ്ഞുനടന്ന എനിക്ക് അതൊരു ആശ്വാസമായിരുന്നു. തെരുവുകളിലെ തണുത്തു വിറങ്ങലിച്ച രാത്രികൾ ഞാൻ ഓർത്തു. അവിടത്തെ പരുപരുത്ത തറയിൽ ഉറങ്ങുന്ന എനിക്ക് ഒരു ദിവസമെങ്കിലും മെത്തയിൽ സ്വസ്ഥമായി ഉറങ്ങണമെന്ന് കൊതി തോന്നി. ഞാൻ അയാളുടെ കൂടെ പോകാൻ തീരുമാനിച്ചു.

അയാൾ ഒരു നല്ലവനായിരുന്നു. ഒരുപാട് നാളുകൾക്കുശേഷം ഒരു രാത്രി മുഴുവൻ ഞാൻ കിടക്കയിൽ ആരെയും ഭയക്കാതെ, തണുപ്പിൽ മരവിക്കാതെ സ്വസ്ഥമായി ഉറങ്ങി. പിറ്റേന്ന് രാവിലെ  ഉറക്കമുണർന്നു നോക്കിയപ്പോൾ അയാളെ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല. ആ അപരിചിതൻ എനിക്കായി ഒരു താക്കോലും കുറച്ച് പണവും ഒരു കുറിപ്പും മേശപ്പുറത്ത് വച്ച് എവിടെയോ പോയിരുന്നു. പുറത്തുപോയ അയാൾ പക്ഷെ തിരികെ വന്നത്, നഷ്ടപ്പെട്ടുപ്പോയ എന്‍റെ ജീവിതവുമായിട്ടാണ്. അയാൾ ജോലി ചെയ്തിരുന്ന പാർക്ക് ലെയ്‌നിലെ ഹോട്ടൽ ഇന്റർകോണ്ടിനെന്റലിൽ എനിക്കും ഒരു ജോലി തരപ്പെടുത്താൻ അയാൾക്കായി. ഒരു നിമിഷത്തിൽ എന്‍റെ ജീവിതം മാറിമറിഞ്ഞതായി എനിക്കു തോന്നി. തെരുവിൽ നാളെയെക്കുറിച്ച് ആശങ്കപ്പെട്ട് ഓരോദിവസവും തള്ളിനീക്കിയ എനിക്ക് പ്രതീക്ഷയുടെ നുറുങ്ങുവെട്ടം കാണാനായി. തെരുവിൽ കിടന്ന ഒരു അപരിചിതയായ എന്നെ അയാൾ ശ്രദ്ധിക്കുകയും, വിശ്വസിക്കുകയും ചെയ്തു എന്നത് എന്നിൽ എന്തെന്നില്ലാത്ത അത്ഭുതമുളവാക്കി.

കാലം കടന്നു പോയി. ഡേവിഡും ഞാനും വളരെ അടുത്ത സുഹൃത്തുക്കളായി. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും എനിക്ക് താങ്ങുംതണലുമായി ഡേവിഡ് നിന്നു. ദിനങ്ങൾ അങ്ങനെ സന്തോഷകരമായി കടന്നുപോവുകയായിരുന്നു. അപ്പോഴാണ് വിധി പിന്നെയും എന്നോട് ക്രൂരത കാണിക്കാൻ തുടങ്ങിയത്. ഏതാനും ആഴ്‌ചകൾ‌ കഴിഞ്ഞപ്പോൾ, പാർക്ക് ലെയ്‌നിൽ‌ ബസ്സിൽ‌ നിന്നിറങ്ങിയ ഡേവിഡിനെ വണ്ടിയിടിക്കുകയായിരുന്നു. എന്‍റെ ജീവിതത്തിൽ പ്രതീക്ഷയും, ലക്ഷ്യവും നേടിത്തന്ന അയാൾ എന്നെ വിട്ട് പോയി. എനിക്ക് സഹിക്കാനായില്ല. ജീവിതം ഇത്ര ക്രൂരമാണോ? ഞാൻ ചിന്തിച്ചു. കാലം കടന്നു പോയെങ്കിലും ഇന്നും ആ മുറിവിൽ നിന്ന് ചോരപൊടിക്കുന്നു. ഇപ്പോഴും എന്‍റെ ഓർമ്മകളിൽ  ഡേവിഡ് നിറഞ്ഞുനിൽക്കുന്നു. അയാളെ ഞാൻ കണ്ടുമുട്ടിയിലായിരുന്നെങ്കിൽ എന്‍റെ ജീവിതം തെരുവിൽ  അവസാനിച്ചെന്നെ! എന്‍റെ ജീവിതത്തിലെ പ്രകാശമായിരുന്ന ഡേവിഡിനെ ഇന്നും കണ്ണീരോടെയല്ലാതെ എനിക്ക് ഓർക്കാൻ കഴിയില്ല.