അയല്‍പ്പക്കത്തെ കുട്ടികളും വെറുതെ ഇരുന്നില്ല. ആണിനെപ്പോലെയല്ല പെരുമാറുന്നത് എന്ന് പറഞ്ഞുകൊണ്ട് അവളെ ഉപദ്രവിച്ചു. കല്ലുകൊണ്ടെറിഞ്ഞു. 

അഭിന അഹേറി(Abhina Aher)ന് എപ്പോഴും തന്‍റെ അമ്മയുടെ നൃത്തം ചെയ്യാനുള്ള കഴിവിനോട് ആരാധനയായിരുന്നു. വളര്‍ന്നു വന്നപ്പോള്‍ അതവളെ നൃത്തം ചെയ്യുന്നതിലേക്കും എത്തിച്ചു. ട്രാന്‍സ് ഗ്രൂപ്പ് നയിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡാന്‍സ് ട്രൂപ്പായ 'ഡാന്‍സിംഗ് ക്വീന്‍സി'(Dancing queens)ന്‍റെ സ്ഥാപകയാണ് ഇന്ന് 44 -കാരിയായ അഭിന. പക്ഷേ, അതിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 

ഇതുകൂടാതെ, ട്രാൻസ് കമ്മ്യൂണിറ്റിയെ അണിനിരത്താൻ വിവിധ സംഘടനകളുമായി ചേർന്ന് കഴിഞ്ഞ 26 വർഷമായി അവൾ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ അടിസ്ഥാന പൗരാവകാശങ്ങൾ നേടാൻ തന്റെ കമ്മ്യൂണിറ്റിയെ സഹായിക്കുകയും ചെയ്യുന്നു അവര്‍. അവരുടെ എൻജിഒ TWEET (ട്രാൻസ്‌ജെൻഡർ വെൽഫെയർ ഇക്വിറ്റി ആൻഡ് എംപവർമെന്റ് ട്രസ്റ്റ്) ഫൗണ്ടേഷനിലൂടെ, ട്രാൻസ് സ്ത്രീകൾക്കും പുരുഷന്മാർക്കും ആശ്വാസവും പുനരധിവാസവും നൽകുന്നതിൽ അവർ മുൻപന്തിയിലാണ്.

ഇരുപതുകളിലാണ് അഭിന തന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്താന്‍ തീരുമാനിക്കുന്നത്. ഇത് 2000 -ത്തിന്‍റെ തുടക്കത്തിലായിരുന്നു. അന്ന് അവിടെ ട്രാന്‍സ് വ്യക്തികളെ അംഗീകരിക്കുന്ന അവസ്ഥയിലായിരുന്നില്ല. “ചെറുപ്പത്തിൽ തന്നെ എനിക്ക് എന്റെ രൂപത്തില്‍ പ്രശ്നമുണ്ടായിരുന്നു, കണ്ണാടി എന്റെ ഏറ്റവും വലിയ ശത്രുവായി. ഞാൻ കടന്നുപോകുന്ന ശാരീരിക മാറ്റങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ മുഖത്ത് രോമങ്ങള്‍ വളരുന്നത് അസ്വസ്ഥയാക്കി. എന്റെ അച്ഛൻ മരിച്ചശേഷം ഒരു പരമ്പരാഗത കുടുംബത്തിന്റെ അഭിമാനം തകരാതിരിക്കുന്നതില്‍ അമ്മ ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ എനിക്ക് വിശ്വസിച്ച് കാര്യങ്ങള്‍ പറയാന്‍ ആരുമില്ലായിരുന്നു. എന്റെ സ്വന്തം ഐഡന്റിറ്റി അംഗീകരിക്കാൻ എനിക്ക് തന്നെ വർഷങ്ങളെടുത്തു” അഭിന ബെറ്റർ ഇന്ത്യയോട് പറയുന്നു.

അഭിനയ്ക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. സിംഗിള്‍ പാരന്‍റ് എന്ന നിലയിൽ, അമ്മ മംഗള ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ക്ലാർക്കായി ജോലി ചെയ്തു. പ്രഗത്ഭയായ നാടോടി നർത്തകി ആയതിനാൽ, അധിക വരുമാനത്തിനായി അവർ പലപ്പോഴും നൃത്ത പരിപാടികളിൽ പങ്കെടുക്കുകയും മറാത്തി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്യുമായിരുന്നു. മറാത്തി നാടൻ പാട്ടുകൾക്ക് നൃത്തം ചെയ്യാൻ അമ്മയുടെ മനോഹരമായ സാരി ഉടുക്കാനും മേക്കപ്പ് ഇടാനും തനിക്ക് ഇഷ്ടമായിരുന്നുവെന്ന് അഭിന പറയുന്നു. ആദ്യം, മംഗള ഇതിനെ അഭിനന്ദിച്ചു. എന്നാൽ, വയസ് കൂടിവന്നപ്പോള്‍ മംഗളയ്ക്ക് അത് അരോചകമായി തോന്നി. സമൂഹത്തെ ആയിരുന്നു അവര്‍ ഭയന്നിരുന്നത്. തന്‍റെ മകന്‍റെ സ്ത്രീകളുടേത് പോലെയുള്ള പെരുമാറ്റം കാണുമ്പോള്‍ നാട്ടുകാരെന്ത് പറയും എന്നതായിരുന്നു അവരെ അലട്ടിയത്. 

സ്കൂളിലാവട്ടെ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ അഭിനയെ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അവളുടെ ശരീരത്തിലേക്ക് മരത്തിന്‍റെ റൂളര്‍ കയറ്റി. അതവളെ വല്ലാതെ ഭയപ്പെടുത്തി. ആഴ്ചകളോളം അവള്‍ സ്കൂളില്‍ പോയില്ല. അയല്‍പ്പക്കത്തെ കുട്ടികളും വെറുതെ ഇരുന്നില്ല. ആണിനെപ്പോലെയല്ല പെരുമാറുന്നത് എന്ന് പറഞ്ഞുകൊണ്ട് അവളെ ഉപദ്രവിച്ചു. കല്ലുകൊണ്ടെറിഞ്ഞു. കൂടുതൽ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, അവൾ അമ്മയുടെ ആഗ്രഹങ്ങൾക്ക് വഴങ്ങി. പുരികം ഷേപ്പ് ചെയ്യുന്നതും മേക്കപ്പ് ഇടുന്നതും നിർത്തി. അഭിന പിന്നീട് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും നേടി.

27 -ാം വയസ്സിൽ അവൾ ഒടുവിൽ ഒരു ട്രാന്‍സിഷന്‍ സര്‍ജറിക്ക് വിധേയയായി. അക്കാലം ഒട്ടും എളുപ്പമായിരുന്നില്ല എന്ന് അഭിന പറയുന്നു. ഹോര്‍മോണിലെ വ്യത്യാസം അവളുടെ മാനസികനിലയെ ബാധിച്ചു. സമൂഹത്തിന്‍റെ കാഴ്ചപ്പാടാവട്ടെ അതിലും വലിയ പ്രശ്നമായിത്തീര്‍ന്നു. ആരും അവള്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായില്ല. പലരും ആണിനെ പോലെ വസ്ത്രം ധരിച്ചു വരൂ എന്നുവരെ പറഞ്ഞു. ഗതിയില്ലാതെ തനിക്കും അമ്മയ്ക്കും ജീവിക്കാനായി അവള്‍ രണ്ടുവര്‍ഷത്തോളം ലൈംഗികത്തൊഴിലാളിയായി. 

എന്നാല്‍, സര്‍ജറിക്ക് ശേഷം അമ്മ അവളെ സ്ത്രീയായി അംഗീകരിച്ചു. എന്തുവന്നാലും ഞാനുണ്ട് കൂടെ എന്ന് പറഞ്ഞു. ലൈംഗികത്തൊഴിലാളിയായി ജോലി നോക്കവെ പല എന്‍ജിഒ -യുമായും അവള്‍ പരിചയപ്പെട്ടിരുന്നു. അങ്ങനെയാണ് ഹംസഫര്‍ ട്രസ്റ്റുമായും പരിചയത്തിലാവുന്നത്. അങ്ങനെ എട്ട് വര്‍ഷത്തോളം അവള്‍ ട്രസ്റ്റിന്‍റെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. 

2013 -ല്‍ അത് വിട്ട് TWEET തുടങ്ങി. ട്രാന്‍സ് ആയിട്ടുള്ള ആളുകളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പിന്തുണക്കുക എന്നതായിരുന്നു എൻജിഒ -യുടെ ലക്ഷ്യം. ഒപ്പം തന്നെ 'ഡാന്‍സിംഗ് ക്വീന്‍സും' ആരംഭിച്ചു. അത് ഒരുപാട് സ്റ്റേജ് ഷോ സംഘടിപ്പിച്ചു. അതിന് ചുക്കാന്‍ പിടിച്ചതാവട്ടെ അഭിനയുടെ അമ്മ മംഗള ആയിരുന്നു. വിദേശരാജ്യങ്ങളിലടക്കം അഭിനയും സംഘവും പോയി. തന്‍റെ കമ്മ്യൂണിറ്റിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ഇന്ന് അഭിന ചെയ്യുന്നുണ്ട്. ഒപ്പം ഒരുകാര്യം കൂടി അവള്‍ പറയുന്നു, നേരത്തെ ഗതിയില്ലാതെ ട്രാൻസിൽ പലര്‍ക്കും യാചിക്കേണ്ടിയും ലൈംഗികത്തൊഴിലാളികളാകേണ്ടിയും വന്നിരുന്നു എങ്കില്‍ ഇന്ന് പലരും പല ജോലികളും ചെയ്ത് മുന്നോട്ട് വരുന്നുണ്ട് എന്ന്.