1885 -ല്‍ നവംബർ മാസത്തിൽ അഹമ്മദാബാദിലെ വ്യവസായികളുടെയും കച്ചവടക്കാരുടെയും കുടുംബത്തിലാണ് അനസൂയ സാരാഭായിയുടെ ജനനം. എന്നാൽ, അനസൂയാ സാരാഭായിയുടെ പ്രവർത്തനങ്ങളെല്ലാം തൊഴിലാളികൾക്കുവേണ്ടിയുള്ളതായിരുന്നു. അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷന്റെ സ്ഥാപകയായിരുന്നു അനസൂയ. അനസൂയയ്ക്ക് ഒമ്പത് വയസ് പ്രായമുള്ളപ്പോൾത്തന്നെ അവളുടെ മാതാപിതാക്കൾ മരണമ‌ട‍ഞ്ഞു. പിന്നീട്, രണ്ട് സഹോദരങ്ങൾക്കൊപ്പം അമ്മാവന്റെ വീട്ടിലേക്ക് അയക്കപ്പെട്ടു അനസൂയ. വെറും പതിമൂന്നാമത്തെ വയസ്സില്‍ അനസൂയയുടെ വിവാഹം കഴിഞ്ഞു. എന്നാൽ, പിന്നീട് അത് തകർന്നു. 

ഇരുപത്തിയേഴാമത്തെ വയസ്സിലാണ് അനസൂയ യുകെ -യിലേക്ക് പോകുന്നത്. മെഡിക്കൽ പഠനത്തിനാണ് പോയതെങ്കിലും പിന്നീട് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലേക്ക് മാറി. അവിടെ വച്ച് വോട്ടവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയടക്കം അനസൂയ കണ്ടുമുട്ടി. ഒപ്പം തന്നെ പലതരത്തിലും അവകാശങ്ങള്‍ക്കുവേണ്ടി പോരടിക്കുന്ന പലരേയും അവര്‍ കണ്ടുമുട്ടി. അതവരുടെ ജീവിതത്തിലെ സമരപോരാട്ടങ്ങളുടെ തുടക്കമായി.

നാട്ടിലേക്ക് മടങ്ങിയയുടനെ ഇന്ത്യയിലെ തൊഴിലാളികളുടെ ദുരവസ്ഥയാണ് അവളെ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ പ്രേരിപ്പിച്ചത്. മില്‍ തൊഴിലാളികളുടെ 36 മണിക്കൂര്‍ ഷിഫ്റ്റിനെതിരെയുള്ള പോരാട്ടമായിരുന്നു ആദ്യത്തേത്. 36 മണിക്കൂർ നീണ്ട ഷിഫ്റ്റിനുശേഷം അവശരായി മടങ്ങുന്ന തൊഴിലാളികൾ അവളെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെയാണ് അതിനൊരന്ത്യമാകണമെന്ന ലക്ഷ്യത്തോടെ സമരമാരംഭിക്കുന്നത്. അതുപോലെ ടെക്‌സ്‌റ്റൈല്‍ തൊഴിലാളികളുടെ കൂടെ 21 ദിവസം നീണ്ടുനിന്ന സമരം നയിച്ചു അനസൂയ. തൊഴിലാളികള്‍ക്ക് മികച്ച സാഹചര്യമൊരുക്കണമെന്നും ജോലിസമയം കൃത്യമായി ക്രമീകരിക്കണമെന്നും അവരാവശ്യപ്പെട്ടു. 

1918 -ല്‍ മില്‍ തൊഴിലാളികള്‍ക്ക് സാലറിയില്‍ 50 ശതമാനം വർധനവ് വേണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങി അനസൂയ. അത് മഹാത്മാഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അദ്ദേഹം സമരത്തെ പിന്തുണക്കുകയും ചെയ്തു. സമരം വെറുതെയൊന്നും അവസാനിക്കില്ലെന്ന് മില്ലുടമകള്‍ക്ക് മനസിലായി. അങ്ങനെ കൂലിയില്‍ 35 ശതമാനം വര്‍ധനവ് നല്‍കാമെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി അനസൂയ ഒരുപാട് പ്രവര്‍ത്തിച്ചു. പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളുടെ.  

ഗുജറാത്തിയിൽ മുതിർന്ന സഹോദരി എന്നർഥം വരുന്ന മോട്ടാബെൻ എന്നാണ് അനസൂയ അറിയപ്പെട്ടിരുന്നത് തന്നെ. തൊഴിലാളികൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും പ്രവർത്തനങ്ങളും അവരെ ഇന്ത്യയിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ തുടക്കാരിലൊരാളായി അടയാളപ്പെടുത്തുന്നു. 1972 -ലാണ് അനസൂയ സാരാഭായ് മരിക്കുന്നത്.