മീ ടൂ മൂവ്മെന്‍റ് (#MeToo) ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. സകല മേഖലകളിലും നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ സ്ത്രീകള്‍ തുറന്നു പറയുന്നു. കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് അവര്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങളോട് പ്രതികരിക്കാന്‍ ധൈര്യം പകരുകയും ചെയ്യുന്നുണ്ട് മീ ടൂ മൂവ്മെന്‍റ്.

ഇന്ത്യയില്‍ 'മദര്‍ ഓഫ് മീ ടൂ മൂവ്മെന്‍റ്' എന്ന് വിളിക്കാവുന്ന ധീരയായ ഒരു വനിതയുണ്ട്. പീഡനത്തെ അതിജീവിക്കുകയും അതിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്ത വനിത. പക്ഷെ, ആ കാലത്ത് അവര്‍ക്കൊരു ഫോണില്ലായിരുന്നു, ഹാഷ് ടാഗ് എന്താണ് എന്നറിയില്ലായിരുന്നു.

പക്ഷെ, അവര്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് എല്ലാക്കാലവും അഭിമാനമാണ്. കാരണം, തൊഴിലിടങ്ങളിലെ അതിക്രമങ്ങളെ സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചത് ഭന്‍വാരി ദേവി എന്ന ആ സ്ത്രീക്ക് നേരിട്ട അതിക്രമങ്ങള്‍ കോടതിമുറിയിലെത്തിയപ്പോഴാണ്. 

ഭന്‍വാരി ദേവിയുടെ കഥ
കര്‍ഷകയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു ഭന്‍വാരി ദേവി. 1992 -ലാണ് അവര്‍ കൂട്ടബലാത്സംഗത്തിനിരയാവുന്നത്. അതും അവരുടെ ജോലി ചെയ്തതിന്. കടമ നിറവേറ്റിയതിന്. 

1992 -ല്‍ രാജസ്ഥാന്‍ ഗവണ്‍മെന്‍റിന്‍റെ വനിതാ ശിശു വികസന പരിപാടിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഭന്‍വാരി ദേവി. തന്‍റെ ഗ്രാമത്തിലെ ഓരോ വീടുകളുടേയും വാതിലില്‍ മുട്ടി അവര്‍. അവിടെയുള്ള സ്ത്രീകളെ ശുചിത്വത്തെ കുറിച്ചും കുടുംബാസൂത്രണത്തെ കുറിച്ചും ബോധവല്‍ക്കരിക്കുകയായിരുന്നു ലക്ഷ്യം. ബാല വിവാഹത്തിനെതിരെയും ഭന്‍വാരി ദേവി സംസാരിച്ചിരുന്നു. 

1992 സപ്തംബറിലാണ്, ഭന്‍വാരി ദേവിയുടെ അയല്‍പക്കക്കാരന്‍ ഒമ്പത് മാസം മാത്രം പ്രായമുള്ള തന്‍റെ പെണ്‍കുഞ്ഞിന്‍റെ വിവാഹം നടത്താന്‍ തീരുമാനിച്ചു. അതിനെ എതിര്‍ത്തു ഭന്‍വാരി ദേവി. അത് റിപ്പോര്‍ട്ട് ചെയ്യുക എന്നത് ഭന്‍വാരി ദേവിയുടെ ജോലിയുടെ ഭാഗം കൂടിയായിരുന്നു. ആ കുഞ്ഞിന്‍റെ അച്ഛന്‍ വെറുതെ ഇരുന്നില്ല. നാട്ടിലെ ഉയര്‍ന്ന ജാതിയില്‍ പെട്ട നാലുപേരുമായി അയാള്‍ ഭന്‍വാരി ദേവി ജോലി ചെയ്യുന്ന സ്ഥലത്തെത്തി. അവിടെയുണ്ടായിരുന്ന അവരുടെ ഭര്‍ത്താവിനെ തല്ലിച്ചതച്ചു. മൂന്ന് പേര്‍ അവരെ നിലത്തേക്കമര്‍ത്തിപ്പിടിച്ചു. രണ്ട് പേര്‍ അവരെ ക്രൂരമായി ബലാത്സംഗം ചെയ്തു. 

ഭന്‍വാരി ദേവിയെ തളര്‍ത്താന്‍ എന്നിട്ടും അവര്‍ക്ക് കഴിഞ്ഞില്ല. ഭന്‍വാരി ദേവി കേസ് കൊടുത്തു. പക്ഷെ, പീഡിപ്പിച്ച കുറ്റത്തിന് കേസെടുക്കാന്‍ തയ്യാറാവാത്ത പൊലീസ് അവളെ ഉപദ്രവിച്ചു എന്ന കുറ്റം മാത്രം ആ പുരുഷന്മാര്‍ക്കെതിരെ ചുമത്തി. പക്ഷെ, ഒമ്പത് മാസം പ്രായമുള്ള ആ കുഞ്ഞിന്‍റെ വിവാഹം പിറ്റേന്ന് തന്നെ നടന്നു. 

ഭന്‍വാരി ദേവിയുടെ കേസ് സുപ്രീം കോടതിയിലെത്തി. അന്നാണ്, ആദ്യമായി തൊഴിലുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്. 2013 -ല്‍ അത് പരിഷ്കരിച്ചു. മീ ടൂവിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും നിയമം ചര്‍ച്ചയായി.

പൊലീസ് ബലാത്സംഗ കുറ്റം ചുമത്താന്‍ തയ്യാറായില്ലെങ്കിലും 1993 -ല്‍ കോടതി കുറ്റക്കാര്‍ക്ക് ജാമ്യം നിഷേധിക്കുകയും കുറ്റക്കാര്‍ ശൈശവ വിവാഹത്തെ എതിര്‍ത്തതിനുള്ള പ്രതികാരമെന്നോണമാണ് ഭന്‍വാരി ദേവിയെ പീഡിപ്പിച്ചതെന്നും ജഡ്ജി പറഞ്ഞു. 

പക്ഷെ, രാജസ്ഥാനിലെ കോടതി അവരുടെ കേസ് നീട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. ചെറിയ ചെറിയ കുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയത്. ഇതിനേക്കാളൊക്കെ ഞെട്ടിക്കുന്നത് ഹൈക്കോടതി ജഡ്ജി പറഞ്ഞത്, ഉന്നത ജാതിയില്‍ പെട്ട ആ പുരുഷന്മാര്‍ താഴ്ന്ന ജാതിയില്‍ പെട്ട ഭന്‍വാരി ദേവിയെ പീഡിപ്പിക്കരുതായിരുന്നു. കാരണം, താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീയെ പീഡിപ്പിക്കുന്നതിലൂടെ ഉന്നത ജാതിയില്‍ പെട്ടവര്‍ അശുദ്ധരാകും എന്നാണ്. 

കഴിഞ്ഞ 26 വര്‍ഷങ്ങളായി ഭന്‍വാരി ദേവി നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇന്ത്യയിലെ തന്‍റെ സഹോദരിമാര്‍ക്കെങ്കിലും നീതി കിട്ടണം എന്നാണ് ഭന്‍വാരി ദേവി പറയുന്നത്. ഭന്‍വാരി ദേവിയെപ്പോലെ അനേകരുണ്ട് ഇന്ത്യയിലെ പല ഗ്രാമങ്ങളിലും, നീതിക്ക് വേണ്ടി പോരാടാന്‍ തയ്യാറായവര്‍. ആ പോരാട്ടങ്ങള്‍ കൂടി ഇന്നത്തെ മൂവ്മെന്‍റിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. 

ഐക്യരാഷ്ട്രസഭയുടെ ബെയ്‌ജിങ്ങിൽ നടന്ന നാലാം വനിതാ സമ്മേളനത്തിൽ ഭന്‍വാരി ദേവി പങ്കെടുത്തു. 1994-ൽ അവർക്ക് നീരജ ഭാനോട്ട് അവാർഡ് ലഭിച്ചിരുന്നു. 2014, മാർച്ച് എട്ടിന് കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പരിപാടിയിൽ അവർ മുഖ്യ പ്രഭാഷണം നടത്തിയിരുന്നു.