അടിമത്തത്തെ കുറിച്ച് ചർച്ചചെയ്യുമ്പോഴും, അതിനെതിരെ ആഫ്രിക്കക്കാർ നടത്തിയ ശക്തമായ ചെറുത്തുനിൽപ്പിനെക്കുറിച്ച് വളരെ കുറിച്ച് മാത്രമേ പരാമർശിക്കപ്പെടാറുള്ളൂ. പാശ്ചാത്യരുടെ ക്രൂരതകളെ ധൈര്യത്തൊടെ എതിർത്തു നിന്നവരാണ് ആഫ്രിക്കക്കാർ. അവരുടെ പോരാട്ടത്തിന്‍റെയും സഹനത്തിന്‍റെയും കഥകൾ പലപ്പോഴും ചരിത്രത്തിന്‍റെ താളുകളിൽ നിന്ന് മാഞ്ഞുപോകുന്നു.  

അമേരിക്കയിലും, വെസ്റ്റ് ഇൻഡീസിലും, യൂറോപ്പിലും ആഫ്രിക്കൻ അടിമകൾ നടത്തിവന്നിരുന്ന കലാപങ്ങൾ അവരോട് കാണിച്ച ക്രൂരതക്കും മനുഷ്യത്വമില്ലായ്‍മക്കുമുള്ള ചുട്ട മറുപടിയായിരുന്നു. 1700 -കളോടെ ഇത് വളരെയധികം ശക്തിപ്രാപിച്ചു. ആ കാലഘട്ടത്തിൽ നടന്ന കലാപങ്ങളിൽ ബ്രെഫു നയിച്ച കലാപം ചരിത്രത്തിൽ വേറിട്ടുനില്‍ക്കുന്നു. ആരാണ് ബ്രെഫു എന്നല്ലേ? പെൺകരുത്തിന്‍റെയും, ചെറുത്തുനില്പിന്‍റെയും പ്രതിരൂപമാണ് ബ്രെഫു എന്ന വനിത. വെസ്റ്റ് ഇൻഡീസ് ഭരിച്ചിരുന്ന യൂറോപ്യൻ ശക്തിയായിരുന്നു അക്കാലത്ത് ഡെൻമാർക്ക്‌. അവര്‍ക്കെതിരെയായിരുന്നു 1733 -ൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സ്‍പാനിഷ്, ബ്രിട്ടീഷ്, ഫ്രഞ്ച്, ഡച്ച് തുടങ്ങിയവരുടെ ഭരണത്തിനുശേഷം 1600 മുതൽ 1718 വരെ വെസ്റ്റ് ഇൻഡീസ് ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്‍തിരുന്നത് ഡാനിഷുകാരാണ്.

1718 -ൽ വെസ്റ്റ് ഇൻഡീസ് പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ വരികയും അവിടെ അവർ കോളനികൾ സ്ഥാപിക്കുകയും ചെയ്‍തു. 15 വർഷത്തെ അവരുടെ ഭരണത്തിനിടയിലാണ് അടിമത്വത്തിനെതിരെ ബ്രെഫു നയിച്ച ആഫ്രിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കലാപം നടക്കുന്നത്. കോറൽ ബേയിലെ പീറ്റർ ക്രെയറിന്‍റെ അടിമയായിരുന്നു ബ്രെഫു. 1733 നവംബറിൽ, വെസ്റ്റ് ഇൻഡീസിൽ നിലയുറപ്പിച്ച ഡാനിഷ് സൈന്യത്തെ ആക്രമിക്കാൻ ബ്രെഫു പദ്ധതിയിട്ടു. ഘാനയില്‍നിന്നുള്ള അക്വാമു അകാൻ സംഘത്തിലെ 150 -ഓളം വരുന്ന ആഫ്രിക്കൻ അടിമകളാണ് യുദ്ധത്തിനായി അവളുടെ കീഴിൽ അണിനിരന്നത്.  അവൾക്കൊപ്പം ക്രിസ്‍റ്റീന്‍ എന്ന മറ്റൊരു അടിമയും  ഉണ്ടായിരുന്നു.

ഒരുപാട് നാളത്തെ പദ്ധതികൾക്കും ആസൂത്രണത്തിനുംശേഷം 1733 നവംബർ 23 -ന് അവർ സൈന്യത്തെ ആക്രമിച്ചു. എല്ലാ ദിവസത്തെയുംപോലെ അന്നും അവർ അവരുടെ ജോലികളെല്ലാം ചെയ്‍തുകൊണ്ടിരുന്നു. കോറൽ ബേയിലെ കോട്ടയിൽ സാധാരണയായി കൈമാറുന്ന കത്തികൾ അവർ കാട്ടിൽ ഒളിപ്പിച്ചകാര്യം അവരുടെ യജമാനന്മാരറിഞ്ഞില്ല. യാതൊരു സംശയവും തോന്നിപ്പിക്കാതെ അവർ ഫ്രെഡറിക്സ്വർൺ കോട്ടയിൽ വിജയകരമായി പ്രവേശിച്ചു. എല്ലാം ശാന്തമാണെന് കരുതിയിരിക്കുമ്പോഴാണ് അവരുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കോട്ടയിൽ പ്രവേശിച്ച അടിമകൾ സൈനികരെ കൊന്നൊടുക്കിത്തുടങ്ങി. അടിമകൾ എല്ലാ സൈനികരെയും കൊലപ്പെടുത്തി, ഒരാളെ ഒഴിച്ച്. ജോൺ ഗബ്രിയേൽ എന്ന സൈനികൻ മാത്രം എങ്ങനെയോ രക്ഷപ്പെടാൻ ഇടയായി. രക്ഷപ്പെട്ട ഉടൻ ഡാനിഷ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കാനായി അയാള്‍ ഓടി. പക്ഷേ വളരെ വൈകിപ്പോയിരുന്നു. അടിമകൾ കോട്ട ഏറ്റെടുത്തു. കോട്ട ഏറ്റെടുത്തതിന്‍റെ സൂചകമായി അവിടെയുള്ള പീരങ്കിവഴി അവർ വെടിയുതിർത്തു. അതിന്‍റെ ശബ്‌ദത്തിൽ കോട്ട വിറച്ചു.  

ബ്രെഫുവും മറ്റുള്ളവരും തോട്ടങ്ങളിൽ പീരങ്കിയുടെ വെടിയൊച്ചക്കായി കാത്തിരിക്കുകയായിരുന്നു. പീരങ്കിയിൽ  വെടിയുതിർത്തത് കേട്ടപ്പോൾ തന്നെ, അവർ ആക്രമണത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു. ക്രിസ്‍റ്റീനൊപ്പം ബ്രെഫു തന്‍റെ യജമാനനായ പീറ്റർ ക്രെയറിന്‍റെ വീട്ടിലേക്കാണ് നേരെ പോയത്. അവിടെയെത്തിയ അവർ അയാളെയും ഭാര്യയെയും കൊന്നുകളഞ്ഞു. ഈ  സമയത്ത് ബാക്കി അടിമകൾ ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു. ദ്വീപിലെ സമ്പന്ന കുടുംബങ്ങളിലൊന്നായ വാൻ സ്റ്റീൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെയും ബ്രെഫുവും അവളുടെ വിമതരുടെ സൈന്യവും കൊന്നു. ആഫ്രിക്കൻ അടിമകളുടെ രക്തവും, കണ്ണുനീരും, വിയർപ്പും കൊണ്ടുണ്ടാക്കിയ വാൻ സ്റ്റീലിന്‍റെ സമ്പത്ത് അവര്‍ കൈവശപ്പെടുത്തുകയും ചെയ്‍തു.

ഒട്ടുമിക്ക ആളുകളും ആ യുദ്ധത്തിൽ മരിച്ചപ്പോൾ, വളരെ കുറച്ചാളുകൾക്ക് ദ്വീപിൽ നിന്ന് രക്ഷപ്പെടാനായി.  ദ്വീപിന്‍റെ വലിയൊരു ഭാഗത്തിന്‍റെ അധികാരം പിടിച്ചെടുത്ത ബ്രെഫുവും, അക്വാമു ജനതയും, അങ്ങനെ 1734 വരെ ദ്വീപ് ഭരിച്ചു. എന്നാൽ പിന്നീട് വന്ന ഫ്രഞ്ച് സൈന്യം ദ്വീപിനെ ആക്രമിക്കുകയും ഡാനിഷുകാർക്ക് വേണ്ടി അധികാരം തിരിച്ചുപിടിക്കുകയും ചെയ്‍തു.

1734 ഏപ്രിൽ, ഫ്രഞ്ച് അധിനിവേശവും, യുദ്ധങ്ങളും നടക്കുമ്പോൾ, ബ്രെഫുവും അക്വാമു വിമതരുടെ മറ്റ് 23 നേതാക്കളും ആത്മഹത്യ ചെയ്യാനൊരുങ്ങുകയായിരുന്നു. യുദ്ധം ജയിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോൾ തോറ്റുകൊടുക്കാൻ മനസ്സില്ലാതെ അവർ സ്വയം ജീവൻ ത്യജിക്കാൻ തീരുമാനിച്ചു. അങ്ങനെ അവർ ആത്മഹൂതിയുടെ പാത സ്വീകരിച്ചു. ആത്മഹത്യ ചെയ്‍ത വിമതരുടെ മൃതദേഹങ്ങൾ ബ്രൗൺസ് ബേയിൽ പൊങ്ങിക്കിടന്നു.

ബ്രെഫുവിന്‍റെയും, മറ്റ് 23 പേരുടെയും മരണത്തിനിടയിലും വിമതർ ഫ്രഞ്ചുകാരുമായി യുദ്ധം തുടർന്നുകൊണ്ടേയിരുന്നു. എന്നാൽ, അതേവർഷം മെയ് ആയപ്പോഴേക്കും മികച്ച ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടായിരുന്ന ഫ്രഞ്ച് സൈന്യം അക്വാമു വിമതരെ പരാജയപ്പെടുത്തി. ഫ്രഞ്ചുകാർ  ബാക്കിയുള്ള അക്വാമു വിമതരെ അതേവർഷം തന്നെ വധിക്കുകയും ചെയ്‍തു. അങ്ങനെ അസാമാന്യ ചെറുത്തുനിൽപ്പിന്‍റെ ചരിത്രമുള്ള സെന്റ് ജോണിലെ അടിമ കലാപത്തിന്‍റെ അന്ത്യം അവിടെ കുറിക്കപ്പെട്ടു.

ബ്രെഫുവിന്‍റെ ധൈര്യവും നേതൃത്വപാടവവും സമാനതകളില്ലാത്തവയായിരുന്നു. കലാപത്തിന് നേതൃത്വം നൽകിയത് ഒരു സ്ത്രീയാണെന്ന് ഫ്രഞ്ച് സൈന്യത്തിനും ഡാനിഷ് ഉദ്യോഗസ്ഥർക്കും ഒടുവിൽ മനസ്സിലായി. ആഫ്രിക്കൻ സ്വാതന്ത്ര്യരംഗത്തെ ബ്രെഫുവിന്‍റെ പോരാട്ടം കറുത്തവരുടെ സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത ദാഹത്തെ സൂചിപ്പിക്കുന്നു. അവരുടെ അവകാശത്തെ കുറിച്ചുള്ള ബോധ്യത്തെ സൂചിപ്പിക്കുന്നു. അവരുടെ കഥ ആഫ്രിക്കൻ ജനത ഇന്നും നെഞ്ചോടു ചേർത്ത് വയ്ക്കുന്നു.