വീരപ്പൻ വാഴുന്നിടത്ത് ഫോറസ്റ്ററായിരിക്കുക അത്ര എളുപ്പമുള്ള പണിയല്ല. കന്നഡ സിനിമാതാരം രാജ്‌കുമാറിന്റെ തട്ടിക്കൊണ്ടുപോകലിനും, ചോദിച്ച പണം നൽകിയുള്ള മോചനത്തിനുമൊക്കെ ശേഷം വീരപ്പന്റെ ക്രൗര്യം ഇരട്ടിച്ചു. തന്നെ പിടിക്കാൻ ശ്രമിക്കുന്ന ഫോറസ്റ്റർമാരെ വീരപ്പൻ ഉന്നംവെച്ച്, കെണിയിൽ വീഴ്ത്തി കൊന്നുതള്ളാൻ തുടങ്ങി. ഫോറസ്റ്റ് റേഞ്ചുകളിൽ വീരപ്പന്റെ ഭീതി പടർന്നു.

വീരപ്പന്റെ കുപ്രസിദ്ധി ഏറി വന്നതിനനുസരിച്ച് അയാളെ പിടികൂടാനുള്ള പൊലീസിന്‍റെ ശ്രമങ്ങൾക്കും വ്യാപ്തിയേറ്റി. സത്യമംഗലം കാടിന്റെ പരിസരങ്ങളിലുള്ള ഗ്രാമീണരുടെ ജീവിതം നരകതുല്യമാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് പൊലീസും സ്‌പെഷ്യൽ ടാസ്ക് ഫോഴ്സും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റും ചേർന്ന് നടത്തിക്കൊണ്ടിരുന്നത്. വീരപ്പന്റെ വിശ്വസ്തരെന്ന് അവർ സംശയിച്ച ഗ്രാമീണർ കൊടിയ ലോക്കപ്പ് മർദ്ദനങ്ങൾക്ക് ഇരയായി. അവരുടെ വീടുകളിലെ സ്ത്രീകളെപ്പോലും പൊലീസ് വെറുതെ വിട്ടില്ല. ചോദ്യംചെയ്യലിന്റെ പേരിൽ ലൈംഗികചൂഷണങ്ങൾ പോലും നടന്നു.

എന്നാൽ, ഈ ട്രെൻഡിന് വിരുദ്ധമായി പ്രവർത്തിച്ച, ഒഴുക്കിനെതിരെ നീന്താൻ ശ്രമിച്ച ഒരു ഐഎഫ്എസ് ഓഫീസറുണ്ടായിരുന്നു എൺപതുകളിൽ. അദ്ദേഹത്തിന്റെ പേര് പി ശ്രീനിവാസ് എന്നായിരുന്നു. കാടിനോടുള്ള ഭ്രമം കാരണം തന്റെ ഇരുപതാമത്തെ വയസ്സിൽ IFS എഴുതിയെടുത്ത ആളാണ് ശ്രീനിവാസ്. അദ്ദേഹം പ്രദേശത്തെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറെസ്റ്റ്‌സ് ആയി ചാർജെടുത്തതോടെ, വീരപ്പനുവേണ്ടിയുള്ള അന്വേഷണത്തിന് പുതിയ മാനങ്ങൾ കൈവന്നു.

അദ്ദേഹത്തിന് കാടെന്നുവെച്ചാൽ ജീവനായിരുന്നു. അതുകൊണ്ടുതന്നെ, അതിനെ നശിപ്പിക്കുന്ന, അതിൽ സ്വൈരവിഹാരം ചെയ്യുന്ന ആനകളെ കൊന്നൊടുക്കുന്ന, ഫോറസ്റ്റുദ്യോഗസ്ഥരെ കൊന്നുതള്ളിക്കൊണ്ട് ഭീകരത പടർത്തുന്ന വീരപ്പനെന്ന കാട്ടുകളളനെ പിടികൂടാൻ തന്നെ അദ്ദേഹം ഉറപ്പിച്ചു. ഒരു കാര്യം അദ്ദേഹത്തിന് നന്നായറിയാമായിരുന്നു, വീരപ്പന്റെ ബലം കാടുകാക്കുന്ന കാടിന്റെ മക്കളും, കാട് കയ്യേറി ജീവിക്കുന്ന പാവം ഗ്രാമീണരുമാണ്. അവരുടെ സഹായമില്ലാതെ, അവരുടെ വിശ്വാസമാർജ്ജിക്കാതെ ഒരുകാലത്തും വീരപ്പനെ പിടികൂടാനാകില്ല. 

ഗ്രാമീണരെയും ആദിവാസികളെയും പീഡിപ്പിക്കുന്ന കാര്യത്തിൽ ഫോറസ്റ്റുദ്യോഗസ്ഥരും ഒട്ടും മോശമല്ലാതിരുന്നതുകൊണ്ട് ഒരു തരത്തിലുള്ള സഹകരണവും അവരിൽ നിന്ന് വീരപ്പന്റെ കാര്യത്തിൽ കിട്ടിയിരുന്നില്ല. ആ അവസ്ഥ മാറ്റണം എന്ന്  അദ്ദേഹമുറപ്പിച്ചു. അവരുടെ വിശ്വാസമാർജ്ജിക്കാൻ വേണ്ട പ്രവർത്തനങ്ങൾ തുടങ്ങി ശ്രീനിവാസ്. ആദിവാസിക്കുടികളിലും, ഗ്രാമീണരുടെ വീടുകളിലുമൊക്കെ ചെന്ന് താമസിച്ച് അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുളള ശ്രമങ്ങൾ അദ്ദേഹം നടത്തി. ശ്രീനിവാസ് അവരുടെ പ്രശ്നങ്ങൾക്കും പരിഭവങ്ങൾക്കും ആവലാതികൾക്കും ഒക്കെ ചെവികൊടുത്തു. അതിനൊക്കെ പരിഹാരങ്ങൾ നിർദേശിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത് ചെയ്യാൻ ശ്രമിച്ചു. എന്നിട്ടദ്ദേഹം വനസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിച്ചു. ആനകളെ എന്തുകൊണ്ട് സ്വൈര്യമായി കാട്ടിൽ കഴിയാൻ വിടണം എന്നും ചന്ദനമരങ്ങൾ എന്തുകൊണ്ട് വെട്ടരുത് എന്നും അദ്ദേഹം പറഞ്ഞപ്പോൾ, എന്തുകൊണ്ട് തങ്ങളിത് നേരത്തെ ഓർത്തില്ല എന്ന ആശ്ചര്യത്തിൽ ഗ്രാമീണരും ആദിവാസികളും നിന്നു.

അദ്ദേഹം വീരപ്പന്റെ ജന്മനാടായ ഗോപിനാഥത്തിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസം അങ്ങോട്ടേക്ക് മാറ്റി. അവിടത്തെ ഗ്രാമീണരെ അദ്ദേഹം അഹിംസയുടെ തത്വങ്ങൾ സ്വാംശീകരിക്കാൻ പ്രേരിപ്പിച്ചു. അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം ഗ്രാമവാസികൾ അദ്ദേഹത്തെ തിരിച്ചു സ്നേഹിച്ചു. വീരപ്പന്റെ സ്വന്തം നാട്ടിലെ ജനങ്ങൾ വീരപ്പനെ പിടികൂടാൻ നടക്കുന്ന ഫോറസ്റ്റ് കൺസർവേറ്ററെ ജീവനുതുല്യം സ്നേഹിച്ചു. ബഹുമാനിച്ചു. അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാൻ അവർ ഒരുക്കമായി. വീരപ്പനെ വേട്ടയാടാൻ വേണ്ടി അനുവദിക്കപ്പെട്ടിരുന്ന ഫണ്ടിലെ പണം ചെലവിട്ടുകൊണ്ട് അദ്ദേഹം ഗോപിനാഥത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. 

അവിടെ മൂന്നുലക്ഷം രൂപ ചെലവിട്ടു കൊണ്ട് ഗ്രാമീണർക്കായി ഒരു മാരിയമ്മൻ കോവിൽ ശ്രീനിവാസ് നിർമിച്ചുകൊടുത്തു. ഗ്രാമാതിർത്തിയിൽ പലയിടത്തും ശുദ്ധജലം സൗജന്യമായി ലഭ്യമാക്കി. റോഡുകൾ സഞ്ചാരയോഗ്യമാക്കി. അദ്ദേഹം വിഭാവനം ചെയ്ത സഞ്ചരിക്കുന്ന ഡിസ്‌പെൻസറി ഗ്രാമത്തിലങ്ങോളമിങ്ങോളം വൈദ്യസേവനങ്ങൾ നൽകി. ഗ്രാമീണർക്ക് വേണ്ട വൈദ്യസഹായങ്ങൾ ചെയ്യാൻ ശ്രീനിവാസ് തന്നെ പ്രാഥമികശുശ്രൂഷകളിൽ പരിശീലനം നേടി. അവരെ ശുശ്രൂഷിച്ചു. 

ശ്രീനിവാസിന്റെ സ്വാധീനവലയം വളർന്നുകൊണ്ടിരുന്നു. ഗ്രാമീണരെ ഭീതിയിലാഴ്ത്തി തങ്ങളിൽ നിന്നും അകറ്റി ലോക്കൽ പോലീസ് കളഞ്ഞുകുളിച്ചിരുന്ന ഇന്റലിജൻസ് നെറ്റ്‍വർക്ക് ശ്രീനിവാസ് തിരിച്ചുപിടിച്ചു കഴിഞ്ഞിരുന്നു. വീരപ്പന്റെ അടുത്ത അനുയായികളിൽ പലരുടെയും കുടുംബത്തെ നേരിൽ കണ്ട് ശ്രീനിവാസ് കാര്യങ്ങൾ സംസാരിച്ചു. തങ്ങളുടെ ഭർത്താക്കന്മാരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ അദ്ദേഹം ഭാര്യമാരെ പ്രേരിപ്പിച്ചു. അവരുടെ വാക്കുകളാൽ സ്വാധീനിക്കപ്പെട്ട പല വീരപ്പൻ സംഘാംഗങ്ങളും തോക്കുപേക്ഷിച്ച് പൊലീസിന് കീഴടങ്ങി.

ശ്രീനിവാസിന്റെ പ്രശസ്തി വർധിക്കുന്നത് വീരപ്പൻ അറിയുന്നുണ്ടായിരുന്നു. ഇനിയും ആ ഫോറസ്റ്റ് ഓഫീസറെ ജീവനോടെ വെച്ചിരുന്നാൽ താൻ കെട്ടിപ്പടുത്ത ഭീതിയുടെ സാമ്രാജ്യം നിലം പൊത്തുമെന്നു വീരപ്പന് മനസ്സിലായി. ശ്രീനിവാസിനെ വധിക്കാൻ വീരപ്പൻ ഉറപ്പിച്ചു. വീരപ്പൻ കുടിലബുദ്ധിയായ ഒരു കൊള്ളക്കാരനായിരുന്നു. അയാൾ ഒരു വിവരം കീഴടങ്ങാനുറപ്പിച്ച് മലയിറങ്ങിയ തന്റെ അനുയായികളിൽലൊരാൾ മുഖാന്തിരം ശ്രീനിവാസിനെ ധരിപ്പിച്ചു. ശ്രീനിവാസ് നിരായുധനായി കാടുകേറി വന്നുകണ്ടു സംസാരിച്ചാൽ വീരപ്പൻ കീഴടങ്ങാനൊരുക്കമാണ്. പാവം ശ്രീനിവാസ്..! വീരപ്പൻ വിരിച്ച വലയിലേക്ക് അയാൾ നിരായുധനായിത്തന്നെ നടന്നുകയറി.

താൻ ചതിക്കപ്പെട്ടു എന്നറിയുന്നതിന് മുമ്പുതന്നെ വീരപ്പന്റെ ഇരട്ടക്കുഴൽ തോക്കിൽ നിന്നുള്ള വെടിയുണ്ട ശ്രീനിവാസിന്റെ നെഞ്ചുപിളർന്നുകൊണ്ട് കടന്നുപോയിക്കഴിഞ്ഞിരുന്നു. സത്യമംഗലത്തെ കാട്ടിനുള്ളിൽ വീരപ്പന്റെ വെടിയേറ്റ് ആ ചെറുപ്പക്കാരനായ ഫോറസ്റ്റ് കൺസർവേറ്റർ മരിച്ചുവീണു. അതുകൊണ്ടും കലിയടങ്ങാതെ  വീരപ്പൻ ശ്രീനിവാസിന്റെ തല വെട്ടിമാറ്റി. അതിനു ശേഷം കൈകൾ കൊത്തിയരിഞ്ഞു. തന്നെപ്പിടിക്കാൻ വേണ്ടി ഏറെ പണിയെടുത്ത ആ കൈകളോട് വീരപ്പന് അത്രയ്ക്ക് ദേഷ്യമായിരുന്നു. ആ തല പൊലീസിന് വിട്ടുകൊടുക്കാതെ ഒരു ട്രോഫി പോലെ വീരപ്പൻ കൂടെ കൊണ്ടുനടന്നു.

സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സിൽ നിന്നും ഒരു സഹായവും ശ്രീനിവാസിന് കിട്ടിയിരുന്നില്ല. സത്യത്തിൽ, ഗ്രാമീണരോട് അടുപ്പം സ്ഥാപിച്ചുകൊണ്ടുള്ള ശ്രീനിവാസിന്റെ രീതി അവർക്ക് ഇഷ്ടമല്ലായിരുന്നു എന്നതാണ് വാസ്തവം. വീരപ്പന്റെ സഹോദരി മാലയുമായി ശ്രീനിവാസിന് അടുപ്പമുണ്ട് എന്ന് പ്രചരിപ്പിക്കുക വരെ ചെയ്തു പൊലീസുകാർ. ആ അപവാദപ്രചാരണങ്ങളിൽ മനംനൊന്ത് മാല ആത്മഹത്യ ചെയ്തതാണ് വീരപ്പനെ ചൊടിപ്പിച്ചതും ശ്രീനിവാസിനെ കൊല്ലാനുള്ള കാരണമായതും.

മുപ്പതു മുപ്പത്തിരണ്ട് വയസ്സ് പ്രായമേ മരിക്കുമ്പോൾ ശ്രീനിവാസിന് ഉണ്ടായിരുന്നുള്ളൂ. ആ മരണത്തോടെ ഗ്രാമീണരെ വീരപ്പന് എതിരാക്കാം എന്ന പ്രതീക്ഷയും അസ്തമിച്ചു. വീരപ്പനെ വേട്ടയാടുന്നതിനിടയിലും മനുഷ്യനന്മയിൽ വിശ്വസിച്ചുപോയ ഒരു നല്ല മനുഷ്യനായി എന്നതാണ് ശ്രീനിവാസ് ചെയ്ത കുറ്റം. വീരപ്പനെ പിടികൂടിയാലും ശ്രീനിവാസ് വെടിവെച്ചുകൊല്ലുകയൊന്നും ചെയ്യുമായിരുന്നില്ല. അഹിംസയിൽ അടിയുറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം. 

ഔദ്യോഗികകർമ്മപഥത്തിൽ പൊലിഞ്ഞ ആ ധീരനായ ഓഫീസറെ രാഷ്ട്രം മരണാനന്തരം 'കീർത്തിചക്ര' നൽകി ആദരിക്കുകയുണ്ടായി. വീരപ്പൻ എന്ന കാട്ടുകള്ളന്റെ ത്രസിപ്പിക്കുന്ന കഥകളോളം തന്നെ പ്രസക്തമായ ഒന്നുതന്നെയാണ് പി ശ്രീനിവാസ് എന്ന സത്യസന്ധനും സഹൃദയനുമായ പോലീസ് ഓഫീസറുടെ വേദനിപ്പിക്കുന്ന മരണത്തിന്റെ ഓർമകളും...!