ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ല. ഓരോ രോഗിയുടേയും വേദന, അവശത എല്ലാത്തിലൂടെയും റാവുവിനും കടന്നു പോകേണ്ടി വന്നു. കണ്ടു സഹിക്കാനാവാത്ത വിധം വേദനയനുഭവിക്കുന്ന ഒരുപാട് രോഗികള്‍ക്കിടയില്‍ അദ്ദേഹം സാന്ത്വനവുമായി നിന്നു.

കരുണാശ്രയ തുടങ്ങിയത് 82 -കാരനായ കിഷോര്‍ റാവു ആണ്. അതായിരിക്കണം അസുഖം ബാധിച്ചവര്‍ക്ക് വേണ്ടി തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍. രണ്ട് പതിറ്റാണ്ടുകളായി കരുണാശ്രയ (ബാംഗ്ലൂര്‍ ഹോസ്പീസ് ട്രസ്റ്റ്) പ്രവര്‍ത്തിക്കുന്നു. 20,000 കാന്‍സര്‍ രോഗികള്‍ക്കാണ് അവരുടെ അവസാനകാലത്ത് കരുണാശ്രയ ആശ്രയമായത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ ബാധിച്ചാണ് കിഷോര്‍ റാവുവിന്‍റെ അമ്മ മരിച്ചത്. അത് ഒരു നോവായി അദ്ദേഹത്തിന്‍റെ മനസ്സില്‍ തങ്ങിനിന്നു. അങ്ങനെയാണ് കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവുമായി അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 1986 -ല്‍ ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കര്‍ണാടക ശാഖ കിഷോര്‍ റാവുവിന്‍റെ നേതൃത്വത്തില്‍ തുടങ്ങി. കോര്‍പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ആ സമയം കിഷോര്‍ റാവു. അതില്‍ നിന്നും കുറച്ചുകാലം അവധിയെടുത്തായിരുന്നു പ്രവര്‍ത്തനം. കാന്‍സറിനെ കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക, തിരിച്ചറിയാന്‍ സഹായിക്കുക, സാന്ത്വനമേകുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റിക്ക്. 

ആ സമയത്താണ് സര്‍ക്കാരിന് വേണ്ടത്ര ശ്രദ്ധ ഇക്കാര്യത്തില്‍ കൊടുക്കാന്‍ കഴിയുന്നില്ലെന്ന് കിഷോര്‍ റാവു മനസിലാക്കുന്നത്. മാത്രവുമല്ല, മറ്റ് ചിലര്‍ കാന്‍സറിന്‍റെ അവസാനകാലത്ത് കഷ്ടമനുഭവിക്കുന്ന മനുഷ്യരെ പരിചരിക്കാനായി മുന്നോട്ട് വരുന്നതും അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെയാണ് ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റിയുടേയും റോട്ടറി ക്ലബ്ലിന്‍റേയും സഹായത്തോടെ ബാംഗ്ലൂര്‍ ഹോസ്പീസ് ട്രസ്റ്റിന് രൂപം കൊടുക്കുന്നത്. 

ഒരു നഴ്സ്, കൗണ്‍സിലര്‍ എന്നിവരടങ്ങുന്ന ഒരു സംഘം രോഗികളുടെ വീട്ടിലെത്തി അവര്‍ക്കാവശ്യമായ സഹായവും പിന്തുണയും നല്‍കുക എന്നതായിരുന്നു ആദ്യകാലത്ത് ഇതിന്‍റെ പ്രവര്‍ത്തന രീതി. 1999 മേയ് ഒന്നിന് 50 ബെഡ്ഡുകളോട് കൂടി ഹോസ്പീസ് പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് അത് വികസിപ്പിച്ചു. ആരും നോക്കാനില്ലാതെ രോഗം മൂര്‍ച്ഛിക്കുന്ന അവസാന ഘട്ടത്തിലായിരുന്നു പലപ്പോഴും രോഗികള്‍ അവിടെയെത്തിയിരുന്നത്. ഒരോ ദിവസവും രണ്ടുപേരെങ്കിലും മരിക്കും. 

ആ രോഗികള്‍ക്ക് പറയാന്‍ ഓരോ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളുണ്ടാകും. രാത്രിയില്‍ ബിരിയാണി വേണം എന്നതുപോലെയുള്ള ആഗ്രഹങ്ങളായിരുന്നു അത്. രാത്രികാലത്ത് ബിരിയാണി ഉണ്ടാക്കി നല്‍കി. അവര്‍ക്കിഷ്ടമുള്ള ഭക്ഷണവും പരിചരണവും നല്‍കി. ചിലപ്പോള്‍ അവരാഗ്രഹിച്ച് പറയുന്നത് അവരുടെ അവസാനത്തെ ആഗ്രഹമായി മാറും. അതിനാല്‍ത്തന്നെ അവശതയില്‍ കഴിയുന്ന രോഗികളുടെ ആഗ്രഹത്തിനൊന്നും തന്നെ അവര്‍ റാവു എതിര്‍പ്പ് പറഞ്ഞില്ല. 

ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ല. ഓരോ രോഗിയുടേയും വേദന, അവശത എല്ലാത്തിലൂടെയും റാവുവിനും കടന്നു പോകേണ്ടി വന്നു. കണ്ടു സഹിക്കാനാവാത്ത വിധം വേദനയനുഭവിക്കുന്ന ഒരുപാട് രോഗികള്‍ക്കിടയില്‍ അദ്ദേഹം സാന്ത്വനവുമായി നിന്നു. വയസ്സായ രോഗികളെ സ്വന്തം മക്കള്‍ പോലും തിരിഞ്ഞുനോക്കിയിരുന്നില്ല. ആര്‍ക്കും വേണ്ടാത്ത അവരെ അദ്ദേഹം ചേര്‍ത്തു പിടിച്ചു. 

ഇന്ത്യയില്‍ മാത്രം 100 മില്ല്യണ്‍ വൃദ്ധര്‍ വാക്കാലും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നുണ്ട്. 65 വയസ്സ് കഴിഞ്ഞു, ആരോഗ്യമുണ്ടെങ്കിലും ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാനുള്ള അവസരം ഏറെയൊന്നും ഇവിടെയില്ല. എന്തെങ്കിലും ജോലിയില്‍ വ്യാപൃതരാവാനുള്ള അവസരവും ആരും നല്‍കാറില്ല. അവരെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മാത്രം കൂടെനിര്‍ത്തുക എന്ന പ്രവണതയും വര്‍ധിച്ചു വരുന്നു. വയസ്സാവുക എന്നത് ഒരുകാലത്ത് എല്ലാവരുടേയും ജീവിതത്തില്‍ നിര്‍ബന്ധമായും സംഭവിക്കുന്ന ഒന്നാണ്. അതിനാല്‍, വയസ്സായവരെ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്. അതാണ് റാവു ചെയ്യുന്നത്.