അങ്ങനെയാണ് ബോഡി ബില്‍ഡറാവാന്‍ മംമ്ത തീരുമാനിക്കുന്നത്. തന്നെ പോലെ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു സാധാരണ പെണ്‍കുട്ടിക്ക് അത് അത്ര എളുപ്പമാവില്ല എന്നും അംഗീകരിക്കപ്പെടില്ല എന്നും അവള്‍ക്കറിയാമായിരുന്നു. പക്ഷെ, അവള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
ബോഡി ബില്‍ഡിങ്ങൊക്കെ പുരുഷന്മാര്‍ക്കുള്ളതല്ലേ എന്നൊക്കെ പറയാന്‍ വരട്ടേ.. ഈ മാതൃദിനത്തില്‍ ഒരു അടിപൊളി അമ്മയെ പരിചയപ്പെട്ടാല്‍ ആ സംശയം തീരും.
വിജയിയുടെ കിരീടവുമായി മംമ്താ സനത്കുമാര്‍ വേദിയില്‍ നില്‍ക്കുമ്പോള്‍ സദസ്സില്‍ നിന്ന് ഒരു അഞ്ച് വയസ്സുകാരി ഓടിവന്നു. അവളെ കെട്ടിപ്പിടിച്ചു. അത് അവളുടെ മകളായിരുന്നു. ഇന്നും ബോഡിബില്‍ഡിങ്ങ് പുരുഷന്മാര്‍ക്കുള്ളതല്ലേ എന്ന ചിന്തയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. പക്ഷെ, മംമ്തയെപ്പോലെ കുറച്ചുപേരെങ്കിലും അതിനെ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നോട്ട് വരുന്നു.
ബിക്കിനി ധരിച്ച, പ്രൊഫഷണല്‍ ബോഡി ബില്‍ഡറായ മംമ്ത സ്റ്റേജില്‍ തിളങ്ങി നില്‍ക്കുന്നത് തനിക്കു വേണ്ടി മാത്രമല്ല, 'ലഡ്ഡു' എന്ന് അവള്‍ സ്നേഹത്തോടെ വിളിക്കുന്ന അവളുടെ മകള്‍ക്കായി കൂടിയാണ്.
എല്ലായ്പ്പോഴും ഞാന്‍ ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധിക്കുന്ന ആളല്ല, വര്‍ക്കൗട്ട് പോലും ചെയ്യാറില്ല. പക്ഷെ, 2015 നവംബര്‍ മുതല്‍ എനിക്ക് ഭാരക്കൂടുതലായി. എല്ലാവരേയും പോലെ തന്നെ ബര്‍ഗര്‍, പിസ്സ ഇതൊക്കെ എനിക്കും പ്രിയമായിരുന്നു. സോഫ്റ്റ് ഡ്രിങ്ക്സും, ജങ്ക് ഫുഡ്സും ഞാനും ഇഷ്ടപ്പെട്ടു. പ്രസവം കൂടി കഴിഞ്ഞതോടെ ഞാന്‍ 90 കിലോയെത്തി. അങ്ങനെയാണ് ഞാന്‍ വര്‍ക്കൗട്ട് ചെയ്ത് തുടങ്ങിയത്. പിറ്റേ നവംബര്‍ ആയപ്പോഴേക്കും ഞാന്‍ 62 കിലോ ആയി. അപ്പോഴേക്കും ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനെ സ്നേഹിച്ചും തുടങ്ങിയിരുന്നു.

അമ്മ, വീട്ടുകാരി എന്ന നിലയിലൊക്കെ ഒരു സാധാരണ ജീവിതം നയിക്കുകയായിരുന്നു മംമ്ത. 2017 -ന്‍റെ അവസാനത്തോടു കൂടിയാണ് അവളുടെ ജീവിതം മാറിയത്. ഭര്‍ത്താവിന് ജോലി നഷ്ടമായി. അത് ജീവിതം പ്രയാസകരമാക്കി. മാത്രവുമല്ല, ജോലി നഷ്ടപ്പെട്ടതോടെ ഭര്‍ത്താവ് മാനസികപ്രയാസത്തിലായി. അത് മിക്കപ്പോഴും വീട്ടില്‍ വഴക്കുണ്ടാകുന്നതിലുമെത്തി നിന്നു. മകള്‍ അതു കണ്ട് നില്‍ക്കേണ്ടി വരുന്നത് മംമ്തയില്‍ വലിയ വേദനയുണ്ടാക്കി.
അങ്ങനെയാണ് ബോഡി ബില്‍ഡറാവാന്‍ മംമ്ത തീരുമാനിക്കുന്നത്. തന്നെ പോലെ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു സാധാരണ പെണ്‍കുട്ടിക്ക് അത് അത്ര എളുപ്പമാവില്ല എന്നും അംഗീകരിക്കപ്പെടില്ല എന്നും അവള്‍ക്കറിയാമായിരുന്നു. പക്ഷെ, അവള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
അത് ഒട്ടും എളുപ്പമായിരുന്നില്ല. വീട്ടുകാരില്‍ നിന്നും യാതൊരു പിന്തുണയുമില്ല. മറ്റുള്ളവരില്‍ നിന്നും, സോഷ്യല്‍ മീഡിയയില്‍ നിന്നും ശരീരം പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് വീട്ടുകാരും ഭര്‍ത്താവും അവളോട് പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ, എതിര്‍പ്പുകളെ പിന്തുണയാക്കി മാറ്റാന്‍ അവളെ സഹായിച്ചതും സോഷ്യല്‍ മീഡിയ ആണ്. കമന്‍റുകളെല്ലാം അവളെ അഭിനന്ദിച്ചു കൊണ്ടുള്ളതായിരുന്നു. അതെല്ലാം വായിക്കുന്തോറും വീട്ടുകാര്‍ അവളെ അംഗീകരിച്ചു തുടങ്ങി.
അമ്മയാവുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ പലപ്പോളും സ്ത്രീകള്‍ക്ക് ഇത്തരം മേഖലകളില്‍ ശോഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ആ സ്ട്രെച്ച് മാര്‍ക്കുകള്‍ മേക്കപ്പിലൂടെയും മറ്റും മായിച്ചു കളയാനും പലര്‍ക്കും ശ്രമിക്കേണ്ടി വരാറുണ്ട്. പക്ഷെ, മംമ്ത പറയുന്നത് ഒരു കുഞ്ഞിന് ജന്മം നല്‍കി ഉണ്ടാകുന്ന ആ സ്ട്രെച്ച് മാര്‍ക്ക് കാണിച്ചു കൊടുക്കുന്നത് അമ്മയാവുന്നതും ഒന്നിനും തടസമല്ല എന്ന് കൂടിയാണെന്നാണ്. അതുണ്ടായത് നമ്മുടെ കുഞ്ഞിന് ജന്മം നല്‍കാനാണ് എന്നതും ഓര്‍ക്കാമെന്നും അവര്‍ പറയുന്നു.
ഇന്ന് കുടുംബത്തിന്‍റെ പിന്തുണയോട് കൂടിത്തന്നെ ബോഡി ബില്‍ഡിങ്ങില്‍ കൂടുതലുയരങ്ങളിലെത്തുകയാണ് മംമ്ത എന്ന 27 വയസ്സുകാരി. ഒരു ജിമ്മില്‍ ട്രെയിനറായി നിന്നുകൊണ്ട് വീട്ടിലേക്കുള്ള വരുമാനവും അവള്‍ നേടുന്നു. പൂര്‍വ്വിക എന്ന മകളും മുന്നോട്ടുള്ള യാത്രയിലുള്ള അവളുടെ പ്രേരകശക്തിയാകുന്നു.
''ലഡ്ഡുവാണ് എന്‍റെ പ്രചോദനം. കാരണം, എന്നെങ്കിലും ഞാനവള്‍ക്ക് പ്രചോദനമാകണം എന്നെനിക്കുണ്ട്. ഞാന്‍ വളരെ സ്നേഹമുള്ള ഒരു അമ്മയും ഒരു പരിശീലകയുമാണ്. വീട്ടിലുള്ളവരുടെ പിന്തുണ കൂടി ഇന്നുണ്ടെങ്കിലും എല്ലാക്കാലവും എന്‍റെ മകളാണ് എന്‍റെ ഏറ്റവും വലിയ ശക്തി..'' എന്നും മംമ്ത പറയുന്നു.
