Asianet News MalayalamAsianet News Malayalam

'എന്നെയൊന്ന് കൊന്ന് തരൂ', ശരീരം ഉരുകുമ്പോഴും കണ്ണുകളിൽനിന്ന് രക്തമൊഴുകുമ്പോഴും അയാൾ നിലവിളിക്കുകയായിരുന്നു...

തുടർന്ന് നടന്ന അപകടത്തിൽ മൂവർക്കും പരിക്കേറ്റു. അതിൽ ഏറ്റവും കൂടുതൽ പരിക്കേറ്റത് ഹിഷാഷിക്കായിരുന്നു. അദ്ദേഹത്തിന്റെ 83 ദിവസത്തെ നരക ജീവിതത്തിന്റെ ആരംഭമായിരുന്നു അത്. 

story of Most Radioactive Man
Author
Japan, First Published Jul 6, 2021, 2:46 PM IST

റേഡിയേഷനെ കുറിച്ച് ഇതുവരെ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ കണ്ടെത്തലും ജീവജാലങ്ങളിൽ, പ്രത്യേകിച്ച് മനുഷ്യരിൽ ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇന്നും ശാസ്ത്രലോകം പഠിച്ചുകൊണ്ടിരിക്കയാണ്. എന്നാൽ, അതിനായുള്ള പരീക്ഷണങ്ങൾ പ്രധാനമായും മൃഗങ്ങളെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. എന്നാൽ, ഹിഷാഷി ഔചി അതിൽ നിന്ന് വ്യത്യസ്‍തനാണ്. ഒരുപക്ഷേ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റേഡിയേഷൻ ബാധിച്ച ഒരു വ്യക്തി അദ്ദേഹമായിരിക്കും. ദിവസങ്ങളോളം ആശുപത്രി കിടക്കയിൽ നരകിച്ച് കഴിഞ്ഞ അദ്ദേഹം ഇന്നും ശാസ്ത്രലോകത്തിന്റെ നൊമ്പരമാണ്.

ടോകൈമുര ന്യൂക്ലിയർ പ്ലാന്റിലെ മൂന്ന് ജീവനക്കാരിൽ ഒരാളായിരുന്നു ഹിഷാഷി. 1999 സെപ്റ്റംബർ 30 -ന് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. ആണവ നിലയത്തിൽ യുറേനിയം ഒരു വലിയ മെറ്റൽ ചരുവത്തിലേക്ക് ഒഴിക്കാൻ ഒരു സഹപ്രവർത്തകനെ സഹായിക്കുകയായിരുന്നു അദ്ദേഹം അന്ന്. അത് അത്യാവശ്യമായി തീർക്കേണ്ട പണിയായതിനാൽ അവർ വേഗത്തിൽ അത് ചെയ്യുകയായിരുന്നു. അതേസമയം അത്തരം സങ്കീർണ്ണ നടപടിക്രമങ്ങൾ നടത്താൻ അവർക്ക് പരിശീലനം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അതിന്റെ അളവുകൾ അവർ കൃത്യമായി നിരീക്ഷിച്ചിരുന്നില്ല. എന്നാൽ, പെട്ടെന്നാണ് അവരുടെ കണക്ക് കൂട്ടലുകൾ തെറ്റിപ്പോയത്. അനുവദനീയവുമായ അളവിൽ കൂടുതൽ അവർ അത് ചേർത്തതിന്റെ പേരിൽ അപകടകരമായ ന്യൂട്രോൺ, ഗാമാ വികിരണങ്ങൾ അന്തരീക്ഷത്തിലേയ്ക്ക് കലരാൻ തുടങ്ങി.  

അനുവദനീയവുമായ പരിധി വെറും 2.4 കിലോഗ്രാം മാത്രമാണ്. എന്നാൽ, അവർ 16 കിലോഗ്രാം യുറേനിയം ആ മിശ്രിതത്തിൽ കലർത്തി. തുടർന്ന് നടന്ന അപകടത്തിൽ മൂവർക്കും പരിക്കേറ്റു. അതിൽ ഏറ്റവും കൂടുതൽ പരിക്കേറ്റത് ഹിഷാഷിക്കായിരുന്നു. അദ്ദേഹത്തിന്റെ 83 ദിവസത്തെ നരക ജീവിതത്തിന്റെ ആരംഭമായിരുന്നു അത്. സ്ഫോടനം നടന്നയുടനെ അദ്ദേഹത്തിന്റെ ബോധം മറയുകയും, വീണ്ടും തെളിയുകയും ചെയ്തുകൊണ്ടിരുന്നു. കടുത്ത പൊള്ളേലറ്റ അദ്ദേഹം നിർത്താതെ ഛർദ്ദിച്ചു കൊണ്ടിരുന്നു. മാരകമായ റേഡിയേഷൻ മൂലം അദ്ദേഹത്തിന്റെ തൊലി ഉരുകി.  

അദ്ദേഹത്തിനേറ്റ റേഡിയേഷന്റെ അളവ് 17 sv ആയിരുന്നു. ഇത് ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനും താങ്ങാവുന്നതിലും ഇരട്ടിയിലധികമായിരുന്നു. ചെർണോബിലിലെ റേഡിയേഷന്റെ അളവ് പോലും വെറും 0.25sv മാത്രമായിരുന്നു. സംഭവത്തെ തുടർന്ന് അദ്ദേഹത്തെ ടോക്കിയോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്ലാന്റിന് ചുറ്റുമുള്ള പ്രദേശം പൂട്ടിയിടുകയും ചെയ്തു. അദ്ദേഹത്തിന്റെ രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാനായി സഹോദരി സ്റ്റെം സെല്ലുകളും ദാനം ചെയ്തു. റേഡിയേഷന്റെ ഫലമായി അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് രക്തം ഒഴുകി കൊണ്ടിരുന്നു.  

അദ്ദേഹത്തെ ജീവനോടെ നിലനിർത്താൻ ഡോക്ടർമാർ ശ്രമം തുടർന്നു. എന്നാൽ ഒരാഴ്ചത്തെ ചികിത്സയിൽ, അദ്ദേഹം തന്നെ ഒന്ന് കൊന്ന് തരാനായി അവരോട് ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. അത്രയ്ക്ക് വേദനയും, ദുരിതങ്ങളുമായിരുന്നു അദ്ദേഹം അനുഭവിച്ചത്. എന്നാൽ, അദ്ദേഹത്തെ മരിക്കാൻ അവർ അനുവദിച്ചില്ല. വീട്ടുകാരുടെ നിർബന്ധത്തിനെ തുടർന്ന് അദ്ദേഹത്തെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ അവർ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു. താൻ ഒരു ഗിനി പന്നിയല്ലെന്നും, തനിക്ക് ഇത് താങ്ങാനാവുന്നില്ല എന്നും അദ്ദേഹം കരഞ്ഞ് പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ വീട്ടിലേക്ക് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പിന്നീടുള്ള ആഴ്ചകളിൽ അദ്ദേഹം അനുഭവിച്ച വേദനയുടെ കാഠിന്യം ഊഹിക്കാവുന്നതേയുള്ളൂ. വേദനസംഹാരികൾ ശരീരത്തിൽ കുത്തി നിറച്ചിട്ടും, ചില സമയങ്ങളിൽ മരുന്നുകൾ കൊടുത്ത് മയക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം കരുണയ്ക്കായി നിലവിളിച്ചു കൊണ്ടിരുന്നു. സംഭവം നടന്ന് ഏകദേശം രണ്ട് മാസം കഴിഞ്ഞപ്പോൾ, ആശുപത്രിയിൽ കഴിയുന്ന 59 -ാം ദിവസം, അദ്ദേഹത്തിന്റെ ഹൃദയം മൂന്ന് തവണ നിലച്ചു. പക്ഷേ കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം ഓരോ തവണയും അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കാൻ ഡോക്ടർമാർ ശ്രമിച്ചു. ഇത് തലച്ചോറിനും വൃക്കകൾക്കും കൂടുതൽ നാശമുണ്ടാക്കുകയും ചെയ്തു. എന്നാൽ, ആ വർഷം ഡിസംബർ 21 ന് അദ്ദേഹത്തിന്റെ ശരീരം ഒടുവിൽ പൂർണമായും തോൽവി സമ്മതിച്ചു. ഒന്നിലധികം അവയവങ്ങളുടെ തകരാറിനെ തുടർന്ന് അദ്ദേഹം മരിച്ചു. മരിക്കാൻ അനുവദിക്കാതെ ശാസ്ത്രലോകം അദ്ദേഹത്തിൽ നടത്തിയ പരീക്ഷണങ്ങളുടെ പിന്നിലുള്ള ധാർമികതയെ ഇന്നും പലരും ചോദ്യചെയ്യുന്നു.

Follow Us:
Download App:
  • android
  • ios