ജെനെ മാത്രം പാവയെ കൂടെത്തന്നെ കൂട്ടി. വിവാഹശേഷവും പാവ ജെനെയുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. എന്നാൽ, അയാളുടെ ഭാര്യയ്ക്ക് പാവയെ ഇഷ്ടമായിരുന്നില്ല. അതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കം വരെ ഉണ്ടായി.

പ്രേതം, ഭൂതം ഇവയൊക്കെ കെട്ടുകഥകളാണ്. എങ്കിലും ഇവയെ ചുറ്റിപ്പറ്റി ഭയപ്പെടുത്തുന്ന കഥകൾ എക്കാലത്തും ഇറങ്ങാറുണ്ട്. അതുപോലെ ഒരു പാവയുടേയും കഥയുണ്ട്. 'ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള പാവ' എന്ന പഴിയാണ് ആ പാവം പാവയെ തേടി എത്തിയത്. ഏതാണ് ആ പാവ എന്നല്ലേ? അവന്റെ പേര് റോബർട്ട്. 'റോബർട്ട് ദ ഡോൾ' എന്നാണ് അവൻ അറിയപ്പെടുന്നത്. അവൻ കാരണം കാറപകടം മുതൽ‌ വിവാഹമോചനം വരെ ഉണ്ടായി എന്ന് കെട്ടുകഥകളുണ്ട്. 

1905 -ൽ ഒരു മെയ്‍ഡാണ് റോബർട്ട് യൂജിൻ ഓട്ടോയ്ക്ക് ആ പാവയെ സമ്മാനമായി നൽകുന്നത്. ജെനെ എന്നും പേരുള്ള റോബർട്ടിന് ആ പാവയെ വളരെ വളരെ ഇഷ്ടമായിരുന്നു. ആ പാവയ്ക്ക് അവൻ തന്റെ പേരായ റോബർട്ട് എന്ന പേര് തന്നെ സമ്മാനിച്ചു. ഒപ്പം ആ പാവയ്ക്ക് ഒരു വീട് നിർമ്മിച്ച് നൽകി, അതിൽ ഫർണിച്ചറുകളും കളിപ്പാട്ടങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഒപ്പം പാവയ്ക്ക് ഒരു ടെഡ്ഡി ബിയറിനേയും സമ്മാനമായി നൽകി. ജെനെ താൻ പോകുന്ന ഇടത്തെല്ലാം ഈ പാവയേയും കൊണ്ടുപോകും. അവരെ ഇരുവരെയും 'ബെസ്റ്റ് ഫ്രണ്ട്സ്' എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. 

എന്നാൽ, ജെനയുടെ വീട്ടിലുള്ള മറ്റുള്ളവരും വീട്ടിലേക്കെത്തുന്ന അതിഥികളും എല്ലാം ആ പാവയെ ഭയന്നു. എന്തോ ഒരു പ്രശ്നം ആ പാവയ്ക്കുണ്ട് എന്ന് അവരെല്ലാം ആരോപിച്ചു. ജെനെയുടെ വീടിന് മുന്നിലെ തെരുവിലൂടെ പോകുന്ന ആളുകൾ പാവ ഒരു ജനാലയ്ക്കരികിൽ നിന്നും മറ്റൊരു ജനാലയ്ക്കരികിലേക്ക് നീങ്ങുന്നത് കണ്ടു എന്നെല്ലാം പറയാൻ തുടങ്ങി. വീട്ടുകാരും പാവ സ്വയം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നീങ്ങുന്നു എന്നെല്ലാം ആരോപിച്ച് തുടങ്ങി. മാത്രമല്ല, ആളുകൾ സംസാരിക്കുമ്പോൾ അതിനനുസരിച്ച് പാവയുടെ ഭാവം മാറുന്നുണ്ട് എന്നും പലരും ആരോപിച്ചു. 

എന്നാൽ, ജെനെ മാത്രം പാവയെ കൂടെത്തന്നെ കൂട്ടി. വിവാഹശേഷവും പാവ ജെനെയുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. എന്നാൽ, അയാളുടെ ഭാര്യയ്ക്ക് പാവയെ ഇഷ്ടമായിരുന്നില്ല. അതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കം വരെ ഉണ്ടായി. ജെനെയും ഭാര്യയും മരിച്ച ശേഷം ആ വീട് ജെനെയുടെ കേയർടേക്കറായിരുന്ന മിർട്ടിൽ റൂട്ടർ വാങ്ങി. റൂട്ടറുടെ കൈവശമായിരിക്കുമ്പോൾ പാവ ചിരിക്കുന്നതും മറ്റും കേട്ടു എന്ന് പലരും ആരോപിച്ചു. 

പിന്നീട്, പാവയെ സംഭാവന ചെയ്തു. ഇപ്പോൾ, കീ വെസ്റ്റിലെ ഫോർട്ട് ഈസ്റ്റ് മാർട്ടല്ലോ മ്യൂസിയത്തിലാണ് പാവ ഉള്ളത്. മ്യൂസിയത്തിലെ ക്യുറേറ്ററായ കോറി കൺവെർട്ടിറ്റോ ആണ് ഇന്ന് പാവയെ നോക്കുന്നത്. വർഷത്തിലൊരു ദിവസം അവർ പാവയെ വച്ചിരിക്കുന്നിടത്ത് നിന്ന് പുറത്തെടുക്കുകയും പരിശോധിക്കുകയും ചെയ്യും. എന്നാൽ, റോബർട്ടിനെ ചുറ്റിപ്പറ്റി നിൽക്കുന്ന കെട്ടുകഥകളിലൊന്നും അവർക്ക് വിശ്വാസമില്ല. 'എനിക്കറിയില്ല, ശരിക്കും അറിയില്ല. എനിക്കൊരിക്കൽപ്പോലും ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. എനിക്കൊരു ജോലി ചെയ്യാനുണ്ട്. ഞാനത് ചെയ്യുന്നു. റോബർട്ട് എന്നെ അതിന് അനുവദിക്കുന്നു' എന്നാണ് അവർ പറയുന്നത്. 

ഏതായാലും റോബർട്ടിനെ കുറിച്ചുള്ള കെട്ടുകഥകളുടെ തുടക്കം എവിടെ നിന്നാണ് എന്നോ എന്ത് കാര്യസാധ്യത്തിന് വേണ്ടിയാണ് അവ ഉണ്ടാക്കപ്പെട്ടതെന്നോ അറിയില്ല.