Asianet News MalayalamAsianet News Malayalam

ഐഎന്‍എ ഇന്‍റലിജന്‍സ് വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാരവനിത; ആവേശം കൊള്ളിക്കുന്ന ഒരു ജീവിതകഥ!

'കൊള്ളക്കാരെ നമുക്ക് വെടിവെക്കാം, കൊല്ലാം പറ്റില്ലേ? ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണ്. ഒരു ബ്രിട്ടീഷുകാരനെ എങ്കിലും വലുതാകുമ്പോള്‍ ഞാന്‍ വെടിവച്ചു കൊല്ലും'' രാജാമണി യാതൊരു പതര്‍ച്ചയും കൂടാതെ ഗാന്ധിജിയോട് പറഞ്ഞു. 

story of Saraswathi Rajamani
Author
Thiruvananthapuram, First Published Jun 15, 2019, 4:13 PM IST

1947 -ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ആ കോളനി ഭരണത്തില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ എത്രയോ പേര്‍ പോരാടി. എത്രയോ പേര്‍ ജീവന്‍ വെടിഞ്ഞു. അപ്പോഴും എവിടെയും അറിയാതെ പോയ ഒരുപാട് പേരുണ്ട്. അവരവരുടേതായ സാന്നിധ്യം കൊണ്ട് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് ശക്തി പകര്‍ന്നവര്‍. അങ്ങനെ ഒരു സ്ത്രീയുമുണ്ട്. വളരെ കുറച്ച് പേര്‍ക്ക് മാത്രം അറിയാവുന്ന ഒരാള്‍. 

ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ചാര വനിത എന്ന് വിളിക്കാവുന്ന ഒരാള്‍. അന്നവര്‍ക്ക് പ്രായം 16 വയസ്സ്. പേര്, സരസ്വതി രാജാമണി. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഇന്‍റലിജന്‍സ് വിങ്ങിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുക എന്നതാണ് ജോലി. 

സരസ്വതി രാജാമണി പിറന്നത് 1927 -ല്‍ ബര്‍മ്മയിലാണ്. ജനിച്ചത് സ്വാതന്ത്ര്യസമരപോരാളികളുടെ വീട്ടില്‍. സരസ്വതി രാജാമണിയുടെ പിതാവ് സ്വാതന്ത്ര്യസമരത്തെ ശക്തമായി പിന്തുണച്ചിരുന്ന ഒരാളാണ്. രാജാമണിയുടെ വീട്ടില്‍ പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞ് ആരേയും മാറ്റിനിര്‍ത്തിയിരുന്നില്ല. രാജ്യസ്നേഹം എന്നും ഉള്ളില്‍ സൂക്ഷിച്ചിരുന്ന രാജാമണി പത്താമത്തെ വയസ്സിലാണ് മഹാത്മാ ഗാന്ധിയെ കാണുന്നത്. അന്നവര്‍ രംഗൂണിലായിരുന്നു. അന്നുതന്നെ സ്വാതന്ത്ര്യസമരത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന മഹാത്മാഗാന്ധിയെ കാണാന്‍ രാജാമണിയുടെ വീട്ടില്‍ എല്ലാവരും ഒത്തുചേര്‍ന്നു. എല്ലാവരും ഗാന്ധിജിയോട് സ്വയം പരിചയപ്പെടുത്തി. ആ സമയത്താണ് പത്തു വയസ്സുകാരിയായ രാജാമണിയെ അവിടെയെങ്ങും കാണാനില്ല എന്ന് മനസിലാവുന്നത്. എല്ലാവരും ചേര്‍ന്ന് അവളെ തിരയാനാരംഭിച്ചു. ഗാന്ധിജിയും അവര്‍ക്കൊപ്പം കൂടി. കുറേ തിരഞ്ഞപ്പോഴാണ് മുറ്റത്തെ പൂന്തോട്ടത്തില്‍ ഒരു തോക്കും പിടിച്ച് നില്‍ക്കുന്ന രാജാമണിയെ കാണുന്നത്. വെറും പത്ത് വയസ്സ് മാത്രമുള്ള കുട്ടിയുടെ കയ്യില്‍ തോക്ക് കണ്ടത് ഗാന്ധിജിയെ അദ്ഭുതപ്പെടുത്തി. അദ്ദേഹം ചോദിച്ചു, 'എന്തിനാണ് നിനക്ക് ഈ തോക്ക്?' എന്ന്. 

ബ്രിട്ടീഷുകാരെ വെടിവച്ചിടാന്‍ അല്ലാതെന്തിനെന്ന് യാതൊരു സംശയവും കൂടാതെ രാജാമണി ഗാന്ധിജിക്ക് മറുപടി നല്‍കി. അദ്ദേഹത്തിന്‍റെ മുഖത്ത് പോലും അവള്‍ നോക്കിയിരുന്നില്ല. ''ഹിംസ ഒന്നിനുമുള്ള പരിഹാരമല്ല കുഞ്ഞു പെണ്‍കുട്ടീ, അഹിംസയുടെ പാതയിലൂടെ വേണം നമ്മള്‍ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടാന്‍ കുട്ടിയും അത് ചെയ്യണം'' ഗാന്ധിജി തന്‍റെ മുന്നില്‍ തോക്കുമായി നില്‍ക്കുന്ന രാജാമണിയോട് പറഞ്ഞു. 

''കൊള്ളക്കാരെ നമുക്ക് വെടിവെക്കാം, കൊല്ലാം പറ്റില്ലേ? ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണ്. ഒരു ബ്രിട്ടീഷുകാരനെ എങ്കിലും വലുതാകുമ്പോള്‍ ഞാന്‍ വെടിവച്ചു കൊല്ലും'' രാജാമണി യാതൊരു പതര്‍ച്ചയും കൂടാതെ ഗാന്ധിജിയോട് പറഞ്ഞു. 

വളര്‍ന്നപ്പോള്‍ രാജാമണി, നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ചും അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ കുറിച്ചും കേട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ശക്തമായി പിന്തുണക്കുന്ന ഒരാളെന്ന രീതിയില്‍ അവരുടെ പ്രവര്‍ത്തനങ്ങളും നേതാജിയുടെ വാക്കുകളും അവളെ ആകര്‍ഷിച്ചു. സുഭാഷ് ചന്ദ്രബോസ് രംഗൂണിലെത്തുന്നത് രണ്ടാം ലോക മഹായുദ്ധം അതിന്‍റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുമ്പോഴാണ്. ഫണ്ട് ശേഖരിക്കാനും ഐ എന്‍ എ-യിലേക്ക് വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനുമായാണ് അദ്ദേഹം എത്തിയത്. അന്ന് രാജാമണിക്ക് 16 വയസ്സാണ് പ്രായം. ബോസിന്‍റെ പ്രസംഗം രാജാമണിയെ ആവേശം കൊള്ളിച്ചു. തനിക്കുണ്ടായിരുന്ന എല്ലാ ആഭരണങ്ങളും അവള്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിക്ക് നല്‍കി. 

രംഗൂണിലെ ഏറ്റവും പണക്കാരിലൊരാളുടെ മകളാണ് രാജാമണി എന്ന് അന്വേഷണത്തില്‍ സുഭാഷ് ചന്ദ്ര ബോസിന് മനസിലായി. പിറ്റേന്ന് തന്നെ രാജാമണി നല്‍കിയ മുഴുവന്‍ ആഭരണങ്ങളുമായി അദ്ദേഹം രാജാമണിയുടെ പിതാവിന്‍റെ അരികിലെത്തി. അദ്ദേഹത്തോട് പറഞ്ഞു, 'നിങ്ങളുടെ മകളുടെ നിഷ്കളങ്കത കാരണമാണെന്ന് തോന്നുന്നു എല്ലാ ആഭരണങ്ങളും അവള്‍ നമുക്ക് നല്‍കിയിരിക്കുന്നു. അത് മടക്കിത്തരാനാണ് ഞാന്‍ വന്നത്.' 

രാജാമണിയുടെ അച്ഛനും ഐ എന്‍ എയ്ക്ക് സംഭാവന നല്‍കിയിരുന്നു. സുഭാഷ് ചന്ദ്രബോസ് പറഞ്ഞതു കേട്ട് അദ്ദേഹം പുഞ്ചിരിക്കുക മാത്രം ചെയ്തു. രാജാമണി പറഞ്ഞു, 'അതെല്ലാം എന്‍റെ ആഭരണങ്ങളാണ്. അച്ഛന്‍റേതല്ല. ഞാനത് നിങ്ങള്‍ക്ക് സംഭാവന തന്നതാണ്. അത് തിരികെയെടുക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല.' 

രാജാമണിയുടെ ഉറച്ച തീരുമാനവും ആത്മവിശ്വാസവും ധീരതയുമെല്ലാം സുഭാഷ് ചന്ദ്രബോസിനെ ആകര്‍ഷിച്ചു. അദ്ദേഹം പറഞ്ഞു. ''ലക്ഷ്മി (പണം) വരികയും പോവുകയും ചെയ്യും. പക്ഷെ, സരസ്വതിയുടെ ജ്ഞാനം അങ്ങനെയല്ല. അതിനാല്‍ ഞാന്‍ നിന്നെ സരസ്വതി എന്ന് വിളിക്കുന്നു.'' അങ്ങനെയാണ് രാജാമണി,  സരസ്വതി രാജാമണി എന്ന് അറിയപ്പെടുന്നത്. 

തന്നെക്കൂടി ഐ എന്‍ എയിലേക്ക് റിക്രൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു സുഭാഷ് ചന്ദ്രബോസിനോട് രാജാമണി. അങ്ങനെ 16 വയസ്സുകാരി രാജാമണിയും അവരുടെ നാല് സുഹൃത്തുക്കളും ഐ എന്‍ എ ഇന്‍റലിജന്‍സ് വിങ്ങിന്‍റെ ചാരന്മാരായി മാറി. 

ബ്രിട്ടീഷുകാരുടെ മിലിറ്ററി ക്യാമ്പുകളില്‍ നിന്നും ഓഫീസര്‍മാരുടെ വീടുകളില്‍ നിന്നും അവര്‍ വിവരങ്ങള്‍ ചോര്‍ത്തി. അത് ഐ എന്‍ എയ്ക്ക് കൈമാറി. ആണ്‍കുട്ടികളുടെ വേഷം ധരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. എന്ത് വിലകൊടുത്തും ബ്രിട്ടീഷുകാരാല്‍ കണ്ടുപിടിക്കപ്പെടുന്നത് തടയണമെന്ന് രാജാമണിക്കും സുഹൃത്തുക്കള്‍ക്കും നിര്‍ദ്ദേശമുണ്ടായിരുന്നു. പക്ഷെ, എന്നിട്ടും ഒരിക്കല്‍ രാജാമണിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ പിടിക്കപ്പെട്ടു. പിടിക്കപ്പെട്ടാലുള്ള ഭീകരാവസ്ഥയെ കുറിച്ച് അറിയാമായിരുന്ന രാജാമണി സുഹൃത്തിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് തീരുമാനമെടുത്തിരുന്നു. 

അങ്ങനെ രാജാമണി ഒരു ഡാന്‍സ് ഗേളായി വേഷം ധരിച്ചു. ഓഫീസര്‍മാരെ കബളിപ്പിച്ച് സുഹൃത്തിനെ രക്ഷിച്ചു. പക്ഷെ, രക്ഷപ്പെടവേ ബ്രിട്ടീഷുകാര്‍ വെടിവച്ചു. രാജാമണിയുടെ വലത്തേ കാലിനാണ് വെടിയേറ്റത്. എന്നിട്ടും അവരുടെ കയ്യില്‍ പെടാതിരിക്കാനായി അവര്‍ ഒളിച്ചു നീങ്ങി. ഒരു മരത്തില്‍ ഇരുവരും ചേര്‍ന്ന് വലിഞ്ഞു കയറി. മൂന്ന് ദിവസമാണ് ബ്രിട്ടീഷുകാരുടെ കണ്ണില്‍ പെടാതെ അവര്‍ അതിന് മുകളില്‍ കഴിഞ്ഞത്. 

ബുള്ളറ്റ് കൊണ്ടത് രാജാമണിയുടെ കാലില്‍ എന്നേക്കുമായി ഒരു പരിക്ക് ശേഷിപ്പിച്ചു. പക്ഷെ, അത് രാജാമണിയെ അഭിമാനം കൊള്ളിച്ചിട്ടേയുള്ളൂ. 'താന്‍ ചാരവനിതയായിരുന്നതിന്‍റെ ഓര്‍മ്മയ്ക്ക്' എന്നാണ് അവരതിനെ കുറിച്ച് പറഞ്ഞത്. തങ്ങളുടെ ധീരമായ ആ രക്ഷപ്പെടലിൽ എത്രമാത്രം ആഹ്ളാദവാനായിരുന്നു അന്ന് നേതാജി എന്ന് രാജാമണി പിൽക്കാലത്ത് പലപ്പോഴും പറയുകയുണ്ടായിട്ടുണ്ട്. അന്ന് ജപ്പാനിലെ ചക്രവർത്തി നേരിട്ട് ചാർത്തിത്തന്ന മെഡലും, റാണി ലക്ഷ്മി ബായ് ബ്രിഗേഡിന്റെ ലെഫ്റ്റനന്റ് സ്ഥാനവും അവർക്കെന്നും അഭിമാനമേകിയ ഒരോർമ്മയാണ്.

ബ്രിട്ടീഷുകാര്‍ യുദ്ധത്തില്‍ ജയിച്ചതോടെ ഐ എന്‍ എ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് രാജാമണിയും സംഘവും ഇന്ത്യയിലേക്ക് തന്നെ തിരിച്ചു. ഇന്ത്യയിലേക്ക് മടങ്ങവേ കയ്യിലുള്ളതെല്ലാം സ്വതന്ത്ര്യസമരത്തിനായി നല്‍കിയിരുന്നു രാജാമണിയും കുടുംബവും. അതിനാല്‍ത്തന്നെ വിഷമകരമായ ജീവിതമായിരുന്നു പിന്നീട്. 

ചെന്നൈയിലെ ഒരു മോശം ഒറ്റമുറി അപാര്‍ട്മെന്‍റില്‍ തനിച്ചായിരുന്നു ഏറെക്കാലം രാജാമണി ജീവിച്ചത്. അവസാനകാലത്തും രാജാമണി പാവങ്ങള്‍ക്കായി ജീവിച്ചു. ഓരോ ടെക്സ്റ്റൈല്‍ ഷോപ്പുകളിലും ചെന്ന് ആവശ്യമില്ലാത്ത തുണികള്‍ ശേഖരിക്കുകയും അവകൊണ്ട് ഡ്രസ് തയിച്ച് അവ അനാഥാലയങ്ങളിലും മറ്റ് ആവശ്യക്കാരിലും എത്തിക്കുകയും ചെയ്തു രാജാമണി. 2006 -ലെ സുനാമിയില്‍ തന്‍റെ ഒരു മാസത്തെ പെന്‍ഷന്‍ അവര്‍ സുനാമി ബാധിതര്‍ക്കായി മാറ്റിവെച്ചു.

പിന്നീട്, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അവര്‍ക്ക് വീടും അഞ്ച് ലക്ഷം രൂപയും നല്‍കി. 2018 ജനുവരി 13 -നാണ് സരസ്വതി രാജാമണി മരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios