ഉച്ച് ശിക്ഷിത് ആദര്‍ശ് യുവ സര്‍പഞ്ച് അവാര്‍ഡ് 2016 -ല്‍ ലഭിച്ചത് റിതു ജയ്സ്വാളിനാണ്. ബീഹാറില്‍ ഈ പുരസ്കാരം കിട്ടുന്ന ഒരേയൊരു ഗ്രാമമുഖ്യ, റിതുവാണ്. ദില്ലിയിലെ ഏറ്റവും മികച്ച നഗരത്തില്‍ ജീവിക്കുന്ന റിതു പക്ഷെ എങ്ങനെയാണ് ബീഹാറിലെ സിംഘ്വാഹിനി  നഗരത്തിലെ മികച്ച സര്‍പഞ്ച് ആയി മാറിയത്? 

ആ കഥ ഇങ്ങനെയാണ്
വളരെ ചെറുപ്പത്തില്‍ തന്നെ സാമൂഹിക സേവനങ്ങളില്‍ താല്‍പര്യമുള്ള ആളായിരുന്നു റിതു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി എപ്പോഴും പ്രവര്‍ത്തിക്കാന്‍ അവള്‍ സമയം കണ്ടെത്തിയിരുന്നു. 

1996 -ല്‍ അവര്‍ അരുണ്‍ കുമാര്‍ എന്ന ഐ എ എസ് ഓഫീസറെ വിവാഹം കഴിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്‍റെ കൂടെ അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പോയതാണ് റിതു. അത് സിതാമര്‍ഹിയിലായിരുന്നു. അവിടെ വൈദ്യുതി ഉണ്ടായിരുന്നില്ല, കുടിവെള്ളം ശരിക്ക് കിട്ടിയിരുന്നില്ല, കക്കൂസുകളോ കുളിമുറികളോ ഉണ്ടായിരുന്നില്ല. ആ നാടിന്‍റെ അവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ റിതുവിനെ ഞെട്ടിച്ചു. എന്തെങ്കിലും ചെയ്തേ തീരൂവെന്നും അവര്‍ക്ക് തോന്നി. 

റിതു, ഗ്രാമത്തിലെ വിദ്യാഭ്യാസരംഗത്തിന്‍റെ അവസ്ഥയെ കുറിച്ച് അന്വേഷിച്ചു. സിംഘ്‌വാഹിനിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ബി എഡ്ഡ് പൂര്‍ത്തിയാക്കിയതായും നിലവില്‍ ബൊക്കാറോവില്‍ അധ്യാപികയായി ജോലി ചെയ്യുന്നതായും റിതു മനസിലാക്കി. ആ പെണ്‍കുട്ടിക്ക് വലിയൊരു ശമ്പളം വാഗ്‌ദാനം ചെയ്ത് അവളെ റിതു നാട്ടില്‍ സ്കൂളിലെ ജോലിക്ക് കൊണ്ടുവന്നു. ഗ്രാമത്തിലെ സ്കൂളില്‍ നിന്നും പാതിവഴിയില്‍ പഠനം മതിയാക്കിപ്പോയ 25 പെണ്‍കുട്ടികളെ പഠിപ്പിക്കാമെന്നും ആ പെണ്‍കുട്ടി സമ്മതിച്ചു. അതില്‍ 12 പേര്‍ 2015 -ല്‍ മെട്രിക്കുലേഷന്‍ പാസായി. അത് അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി. 

വെളിപ്രദേശത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടി വരുന്നതിനെ കുറിച്ച്, ഗാര്‍ഹിക പീഡനത്തെ കുറിച്ച്, പെണ്‍ഭ്രൂണഹത്യ, ഓര്‍ഗാനിക് ഫാമിംഗ് തുടങ്ങി പല മേഖലയിലേയും കാര്യങ്ങള്‍ റിതു ശ്രദ്ധിച്ചു തുടങ്ങി. ഗ്രാമവാസികള്‍ക്കായി ഈ വിഷയങ്ങളില്‍ സെമിനാറുകളും യോഗങ്ങളുമെല്ലാം സംഘടിപ്പിച്ചു റിതു തന്‍റെ നേതൃത്വത്തില്‍. 

റിതു തന്‍റെ സമയത്തിന്‍റെ ഏറിയ പങ്കും ചെലവിട്ടത് സിംഘ്‌വാഹിനി ഗ്രാമത്തിലാണ്. ആ നാടിനെ മാറ്റിയെടുക്കുക എന്നത് അവളുടെ സ്വപ്നമായി മാറി. ഭര്‍ത്താവും രണ്ട് മക്കളും അവളെ പിന്തുണച്ചു. ആ സമയത്താണ് ഗ്രാമവാസികള്‍ അവളോട് ഗ്രാമത്തിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്. രാഷ്ട്രീയത്തിലേക്കിറങ്ങുക എന്നത് അവളുടെ ചിന്തയേ ആയിരുന്നില്ല. പക്ഷെ, ഗ്രാമവാസികള്‍ക്ക് അവളിലുള്ള വിശ്വാസം അവളെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചു. 

തെരഞ്ഞെടുപ്പില്‍ അവള്‍ വിജയിച്ചു. ആ അവസരം നന്നായി ഉപയോഗിക്കാന്‍ റിതു തീരുമാനിച്ചു. വെളിപ്രദേശത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നതിനെതിരെയായിരുന്നു അവളുടെ ആദ്യ പ്രവര്‍ത്തനം. ഗ്രാമവാസികളുടേയും ജില്ലാ മജിസ്ട്രേറ്റിന്‍റേയും സഹകരണത്തോടെ 2000 ടോയിലെറ്റുകളാണ് ഗ്രാമത്തില്‍ നിര്‍മ്മിച്ചത്. 2016 ഒക്ടോബറോട് കൂടി സിംഘ്‌വാഹിനി ODF (Open Defecation Free) ആയി പ്രഖ്യാപിക്കപ്പെട്ടു. 

റിതുവിന്‍റെ അടുത്ത ലക്ഷ്യം റോഡ് വികസനമായിരുന്നു. സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് തന്നെ റിതു റോഡിന്‍റെ പണിക്ക് നല്‍കി. അത് ഗ്രാമവാസികളെ ആകര്‍ഷിച്ചു. പതിയെ അവരും റിതുവിനൊപ്പം ചേര്‍ന്നു. ഇന്ന് സിംഖ് വാഹിനിയിലെ റോഡുകളെല്ലാം മികച്ചതാണ്. തീര്‍ന്നില്ല, പഞ്ചായത്തിന്‍റെ അഴിമതികളും മറ്റും മനസിലാക്കുകയും അതില്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു റിതുവും അവളുടെ ചെറിയ സംഘവും. 

ഗ്രാമത്തില്‍ വൊക്കേഷണല്‍ ട്രെയിനിങ്ങ് സെന്‍ററുകള്‍ തുടങ്ങുകയായിരുന്നു അടുത്ത പ്രവര്‍ത്തനം. അവിടെ നിന്നും പരിശീലനം നേടിയ പലരും സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങി. 

2017 -ലാണ് സിതാമര്‍ഹിയില്‍ വെള്ളപ്പൊക്കമുണ്ടായത്. ആ സമയത്തും എങ്ങും പോവാതെ റിതു ആ സ്ഥലത്തെ ചേര്‍ത്തുപിടിച്ചു. രാപ്പകല്‍ ഗ്രാമവാസികള്‍ക്കായി പ്രവര്‍ത്തിച്ചു. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായും രക്ഷാപ്രവര്‍ത്തകര്‍ക്ക് പിന്തുണയായും അവര്‍ നിലകൊണ്ടു. 

റിതുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഒരു ഗ്രാമത്തെ അഴിമതിയില്‍ നിന്നും പിന്നോക്കാവസ്ഥയില്‍ നിന്നും എങ്ങനെ മാറ്റിയെടുക്കാന്‍ സഹായിക്കും എന്നാണ്.