രാവിലെ മിക്ക ദിവസവും ഒന്നും ഉണ്ടാക്കിയിട്ടുണ്ടാവില്ല വീട്ടിൽ. അല്ലെങ്കിൽ തന്നെ എഴുന്നേറ്റ് കുളിച്ച് തയ്യാറായി വരുമ്പോഴേക്കും സ്‌കൂളിൽ ബെല്ലടിക്കാറായിട്ടുണ്ടാവും. ചെയ്യാനുള്ള ഹോംവർക്കും, അത് ചെയ്തില്ലെങ്കിൽ കിട്ടുന്ന അടിയും ഒക്കെ പോവാതിരിക്കാനള്ള കാരണങ്ങളായി മുന്നിൽ കൈവിടർത്തിനിന്നു തടയിടുമ്പോഴും മുടങ്ങാതെ എന്നും സ്‌കൂളിൽ പോവാൻ നമ്മളിൽ പലരെയും പ്രേരിപ്പിച്ചിരുന്ന ഒന്നുണ്ട്.. ഉച്ചക്കഞ്ഞി. 

ഉച്ചയ്ക്കുമുമ്പത്തെ അവസാനത്തെ പിരീഡ് കഴിഞ്ഞു കിട്ടുക പ്രയാസമാണ്. കുന്നിൻ മുകളിലെ സ്‌കൂളിലെ ഓലപ്പുരകളിലൂടെ  കടന്നുപോവുന്ന കാറ്റിൽ ഒരു പന്ത്രണ്ടു പന്ത്രണ്ടരയോടെ തന്നെ വെന്ത ചെറുപയറിന്റെയോ കടലയുടെയോ ഒക്കെ ഗന്ധം പരക്കാൻ തുടങ്ങും. പിന്നെ ഉച്ചയ്ക്കത്തെ ലോങ്ങ് ബെൽ മുഴങ്ങാനുള്ള കാത്തിരിപ്പാണ്. ക്ലാസിൽ അദ്ധ്യാപകൻ പറയുന്നതൊക്കെയും പിന്നെ പോവുക തലയ്ക്ക് മുകളിലൂടെ മാത്രമാണ്. ഒടുവിൽ ഒരുമണിക്ക് കൃത്യം പ്യൂൺ വന്ന് മണിയടിക്കും. 

ടീച്ചർ ക്ലാസിന്റെ കട്ടിളപ്പടി കടന്നു പുറത്തിറങ്ങുന്നതും, പിന്നാലെ ഒറ്റ ഓട്ടമാണ്. ഉച്ചക്കഞ്ഞിക്കുള്ള പാത്രമൊക്കെ ആദ്യമേ എടുത്ത് കയ്യിൽ പിടിച്ചിരിക്കും. അച്ചടക്കത്തോടെ വാരി നിൽക്കുന്ന കുട്ടികൾ കയ്യിൽ കരുതുന്ന പാത്രങ്ങളിൽ സ്‌കൂളിലെ കഞ്ഞിവെക്കുന്ന ചേച്ചി പകരും നല്ല ആവി പറക്കുന്ന കഞ്ഞി. അതിനു പിന്നാലെ, പയറോ കടലയോ.  ഈ ഒരൊറ്റ പ്രലോഭനം ഉള്ളതുകൊണ്ട് മാത്രം പത്തുവരെ പഠിത്തം തുടർന്ന എത്രയോ പേർ ഇന്ത്യയിലുണ്ട്. ഒരുപക്ഷേ, ഇന്ത്യയുടെ സാക്ഷരതാ-വിദ്യാഭ്യാസ നിലവാരത്തെ തന്നെ സ്വാധീനിച്ചിട്ടുള്ള ഈ 'മിഡ് ഡേ മീൽ ' അഥവാ ഉച്ചക്കഞ്ഞി വിതരണം എന്ന പരിപാടിയുടെ ഉത്ഭവം തിരഞ്ഞു ചെന്നാൽ നമ്മൾ എത്തിച്ചേരുക തമിഴ് നാട്ടിലെ മധുര സൗരാഷ്ട്ര ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ്. സർക്കാർ വിദ്യാലയങ്ങളിൽ ഇന്ന് സർവസാധാരണമായി കാണുന്ന ഉച്ചക്കഞ്ഞി ആദ്യമായി കൊടുക്കാൻ തുടങ്ങുന്നത് ഈ സ്‌കൂളിലായിരുന്നു. 

ഗുജറാത്തിലെ ലാട്ടാ പ്രവിശ്യയിൽ നിന്നും  നിന്നും ദക്ഷിണേന്ത്യയിലേക്ക് ഉപജീവനാർത്ഥം ചേക്കേറിയ സൗരാഷ്ട്രീയർക്ക് വിദ്യ പകർന്നുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ 1904-ൽ തുടങ്ങിയ സ്ഥാപനമായിരുന്നു ഇതെങ്കിലും, തദ്ദേശീയരായ നിരവധി പാവപ്പെട്ടവർക്ക് ഈ സ്‌കൂൾ ഏകാശ്രയമായിരുന്നു.  സൗരാഷ്ട്രീയരുടെ കുലത്തൊഴിൽ നെയ്ത്തായിരുന്നു. അവരിൽ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിന് മുൻ‌തൂക്കം നൽകിയിരുന്നില്ല. കുട്ടികൾ ഒന്ന് മുതിർന്നു വരുമ്പോഴേക്കും അച്ഛനമ്മമാരെ നെയ്ത്തിൽ സഹായിക്കാൻ കൂടും. അങ്ങനെ അജ്ഞാനത്തിന്റെ അന്ധകാരത്തിൽ പെട്ടുഴറിയിരുന്ന അവരെ പുനരുദ്ധരിക്കാൻ വേണ്ടി തുടങ്ങിയതായിരുന്നു ഈ സ്‌കൂൾ. തങ്ങളുടെ കുട്ടികളെ ജോലിക്ക് കൂട്ടുവിളിക്കാതെ അവരെ സ്‌കൂളിൽ വിടാൻ അവരുടെ അച്ഛനമ്മമാർക്ക് തോന്നാൻ വേണ്ടി സ്‌കൂൾ അധികൃതർ പ്രയോഗിച്ച ഒരു വിദ്യയായിരുന്നു ഉച്ചയ്‌ക്കൊരു നേരം ഭക്ഷണം കൊടുക്കുക എന്നത്. എല്ലുമുറിയെ വേല ചെയ്താൽ  കഷ്ടിച്ച് അരവയർ നിറഞ്ഞുകിട്ടിയിരുന്ന അക്കാലത്ത് അത് വല്ലാത്തൊരു പ്രലോഭനമായിരുന്നു. അതുവരെ കുട്ടികളെ സ്‌കൂളിലയച്ചിട്ടില്ലാതിരുന്ന പലരും അതോടെ അവരെ സ്കൂളില്‍ വിടാൻ തുടങ്ങി. 

1911 -ലാണ് സൗരാഷ്ട്ര ബോയ്‌സ് സ്‌കൂളിൽ ഉച്ചക്കഞ്ഞി വിതരണം തുടങ്ങുന്നത്. എന്നാൽ 1954 -ൽ സ്‌കൂൾ അതിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കാൻ തയ്യാറെടുക്കും വരെ അതിന് കാര്യമായ പൊതുശ്രദ്ധ കിട്ടുകയുണ്ടായില്ല. ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ വേണ്ടി സ്‌കൂളിൽ വന്ന അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജിനെ ഈ ആശയം ഹഠാദാകര്‍ഷിച്ചു. തിരിച്ചു ചെന്നപാടെ അദ്ദേഹം അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഡോ. സുന്ദരവടിവേലുവിനെ സൗരാഷ്ട്ര സ്‌കൂളിൽ ചെന്ന് അവരുടെ ഉച്ചക്കഞ്ഞി വിതരണരീതി കണ്ടു പഠിച്ചുവരാൻ ചട്ടം കെട്ടി. സുന്ദര വടിവേലു വിശദമായ പഠനത്തിന് ശേഷം, ഇതേ മാതൃക സംസ്ഥാനത്തുള്ള എല്ലാ സ്‌കൂളുകളിലും നടപ്പിൽ വരുത്താൻ കാമരാജിനെ ഉപദേശിച്ചു. 

അക്കാലത്ത് കേന്ദ്രത്തിലും കാമരാജിന് ചെറുതല്ലാത്ത സ്വാധീനമുള്ള കാലമാണ്. നെഹ്രുവുമായും ഇന്ദിരയുമായും ഒക്കെ അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ദില്ലിവൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത് തന്നെ 'കിംഗ് മേക്കർ' കാമരാജ് എന്നായിരുന്നു. അദ്ദേഹം ഡോ. സുന്ദര വടിവേലുവിന്റെ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് ഇതേ പദ്ധതി രാജ്യത്തെമ്പാടുമുള്ള സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി. 

സമ‍ീകൃത ഡയറ്റ് 

തുടങ്ങിയ കാലത്ത് അവർ കൊടുത്തിരുന്നത് ചുടുകഞ്ഞിയും പയറോ കടലയോ പോലുള്ള ധാന്യങ്ങളും ആയിരുന്നെങ്കിൽ ഇന്ന് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് തികച്ചും സമീകൃതമായ ഒരു ഡയറ്റ്‌ തന്നെയാണ് സർക്കാർ സ്‌കൂളുകൾ പിന്തുടരുന്നത്. അതിൽ മുട്ടയും പാലും ഇറച്ചിയും ഒക്കെ വരും. സ്‌കൂളിൽ നിന്നും പതിനഞ്ചു കിലോമീറ്റർ ദൂരെ നിന്നുവരെ കുട്ടികൾ വന്ന് ഇന്ന് ഈ ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. ഏകദേശം 2000  കുട്ടികളിലധികം ഈ മിഡ് ഡേ മീൽ പദ്ധതിയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നുണ്ട്. 

കേരളത്തിലെ 12,327  സർക്കാർ/എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ പഠിക്കുന്ന 26,54,807 കുട്ടികൾ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. അതിനായി സർക്കാർ ബജറ്റിൽ ഫണ്ടും വകയിരുത്തിയിട്ടുണ്ട്. 'ഉച്ചഭക്ഷണ കമ്മിറ്റി'യുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അതിന്റെ പാചക, വിതരണ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാഘട്ടത്തിലും തികഞ്ഞ ഗുണനിലവാര പരിശോധനകൾ സർക്കാർ നേതൃത്വത്തിൽ തന്നെ ഉറപ്പു വരുത്തുന്നുണ്ട്.  സ്‌കൂൾ ഹെഡ് മാസ്റ്ററും, പിടിഎ പ്രസിഡണ്ടും, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മെമ്പറും ഒക്കെ ചേർന്നതാണ് കമ്മിറ്റി. സ്‌കൂളുകളിലെ പരിമിതമായ സൗകര്യങ്ങൾ പാചകത്തിന്റെ കാര്യത്തിൽ ചില വെല്ലുവിളികളൊക്കെ ഉയർത്തുന്നുണ്ടങ്കിലും സ്വകാര്യവ്യക്തികളുടെ സന്നദ്ധ വിക്ഷേപങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേരളത്തിലെ സ്‌കൂളുകൾ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും മാതൃകാപരമായി നടത്തപ്പെടുന്ന ഉച്ചഭക്ഷണ വിതരണ പദ്ധതി കേരളത്തിലെതാണ്.

കുട്ടികൾ കൂടി തൊഴിലെടുക്കാതെ വീട്ടിൽ അടുപ്പുപുകയില്ല എന്ന അവസ്ഥയുള്ള  ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങൾ ഇന്നും നമ്മുടെ ഭാരതത്തിലുണ്ട്. ആ കുടുംബങ്ങളിൽ നിന്നുള്ള പലരും ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പഠിത്തം പാതിവഴി ഉപേക്ഷിച്ചു പോവുന്നവരാണ്. അവരിൽ പലരേയും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ പലപ്പോഴും പ്രേരിപ്പിച്ചിട്ടുള്ളതും, ഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നതും  ഈ ഉച്ചക്കഞ്ഞി തന്നെയാണ്.