Asianet News MalayalamAsianet News Malayalam

അതിഥികളെയെല്ലാം കൊന്നുതള്ളുന്ന, മക്കളെ ക്രൂരപീഡനത്തിനിരയാക്കുന്ന ഒരു സ്ത്രീ...

നോടെക് ഇരകളെ പട്ടിണിക്കിടുകയും, മയക്കുമരുന്ന് നൽകുകയും, പീഡിപ്പിക്കുകയും ചെയ്തു. ഒടുവിൽ അതിഥികളെ മേൽക്കൂരയിൽ നിന്ന് ചാടാൻ നിർബന്ധിച്ചു. തുടർന്ന് അവരുടെ മുറിവുകളിൽ അവൾ ബ്ലീച്ച് ഇട്ടു. എന്തിനേറെ, മൂത്രം കുടിക്കാൻ പോലും അവരെ പ്രേരിപ്പിച്ചു.

Story of Shelly Knotek the serial killer
Author
Washington D.C., First Published May 3, 2021, 4:01 PM IST

പുറത്തു നിന്ന് നോക്കുമ്പോൾ നോട്ട്സ് ഒരു സാധാരണ കുടുംബം പോലെത്തന്നെയാണ് കാണപ്പെട്ടിരുന്നത്. വാഷിംഗ്ടണിലെ ചെറിയ പട്ടണമായ റെയ്മണ്ടിൽ താമസിച്ചിരുന്ന ഷെല്ലി എന്നറിയപ്പെടുന്ന സുന്ദരിയായ റെഡ്ഹെഡ് മിഷേലിന് മൂന്ന് പെൺമക്കളായിരുന്നു. ഭർത്താവ് ഡേവിഡ് നാവികസേനയിലെ ഒരു വെറ്ററൻ ആയിരുന്നു. നിസ്വാർത്ഥതയ്ക്ക് പേരുകേട്ട ഈ ദമ്പതികൾ അവരോടൊപ്പം താമസിക്കാൻ സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കുമായിരുന്നു. പക്ഷേ, ആ അതിഥികൾ ഓരോരുത്തരായി അപ്രത്യക്ഷമാകുമായിരുന്നു. നോടെക്കിന്റെ കൂടെ താമസിക്കുമ്പോൾ ആദ്യമായി അപ്രത്യക്ഷനായ വ്യക്തി അവളുടെ പഴയ സുഹൃത്ത് കാതി ലോറെനോ ആയിരുന്നു. 1994 -ൽ അപ്രത്യക്ഷമാകുന്നതിനുമുമ്പ് അവർ അഞ്ചുവർഷത്തോളം നോട്ടെക്കിന്റെ വീട്ടിൽ താമസിച്ചിരുന്നു. ലോറെനോ മറ്റെവിടെയെങ്കിലും ഒരു പുതിയ ജീവിതം ആരംഭിച്ചിരിക്കാമെന്ന് നോടെക് പറഞ്ഞു. മറ്റ് രണ്ട് പേരും വീട്ടിൽ നിന്ന് അപ്രത്യക്ഷമായപ്പോഴും അവർ ഇത് തന്നെ പറഞ്ഞു.

ഒടുവിൽ നോടെക്കിന്റെ മൂന്ന് പെൺമക്കൾ സധൈര്യം തങ്ങളുടെ കഥയുമായി മുന്നോട്ട് വന്നു. മൂന്നുപേരെയും മാതാപിതാക്കൾ ശാരീരികമായി പീഡിപ്പിച്ചു എന്നവർ പറഞ്ഞു. അവരുടെ അതിഥികൾ മറ്റെവിടെയോ പോയതല്ല, മറിച്ച് കൊല്ലപ്പെടുകയായിരുന്നു എന്നും അവർ പറഞ്ഞു. കൗമാരത്തിലേക്ക് കടന്ന കാലം മുതൽ ഷെല്ലി പെൺമക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. പതിവായി വീടിനു പുറത്ത് ഉറങ്ങാൻ കുഞ്ഞുങ്ങൾ നിർബന്ധിതരായി. അർദ്ധരാത്രിയിൽ തണുത്തുറഞ്ഞ താപനിലയിൽ നഗ്നരായി നില്‍ക്കാന്‍ കുഞ്ഞുങ്ങൾ നിർബന്ധിതരായി. കൂടാതെ, അവരുടെ ശരീരത്തിൽ ആ ക്രൂരയായ അമ്മ ഐസ് പോലെ തണുത്ത വെള്ളം ഒഴിച്ചു. ചിലപ്പോൾ വസ്ത്രങ്ങൾ ഊരിയെടുത്ത് ചെളിയിൽ ഉരുളാനും അവരോട് ആവശ്യപ്പെടുമായിരുന്നു. എന്തിനായിരുന്നു ഇത്ര കടുത്ത ശിക്ഷ നടപടികൾ? ചോദിക്കാതെ ബാത്ത്റൂമിൽ പോയി എന്നത് പോലുള്ള നിസ്സാര കാരണങ്ങൾക്കായിരുന്നു ഈ ശിക്ഷാമുറകൾ.
 
ഇത് കൂടാതെ, ഷെല്ലി തന്റെ പെൺമക്കളുടെ നനുത്ത മുടി മുറിക്കുകയും, അവരെ നായ്ക്കൂട്ടിലും, കോഴിക്കൂട്ടിലും പൂട്ടിയിടുകയും ചെയ്യുമായിരുന്നു. മൂത്ത മകളായ നിക്കിയെയും ഷെയ്‌നിനെയും അപമാനിക്കാനായി നഗ്നരായി നൃത്തം ചെയ്യാൻ നിർബന്ധിക്കുമായിരുന്നു. ഒരു സ്കൂൾ അവധിക്കാലത്ത് അവൾ നിക്കിയുടെ തല ഒരു ഗ്ലാസ് വാതിലിൽ കൊണ്ടുപോയിടിച്ചു. അവളുടെ മുഖത്ത് നിന്ന് രക്തം വാർന്നു കൊണ്ടിരിക്കുമ്പോൾ ഷെല്ലി വിളിച്ചുപറഞ്ഞു, “നീ എന്നെകൊണ്ട് എന്താണ് ചെയ്യിപ്പിച്ചതെന്ന് നോക്കൂ." പെൺമക്കളുടെ സ്‌കൂളിൽ ആരും ഇതൊന്നും അറിയാതിരിക്കാൻ, ഷെല്ലി ആ മുറിവുകൾ പരിചരിക്കും, മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ സൂക്ഷിക്കും. പെൺകുട്ടികൾക്ക് അവൾ   മികച്ച വസ്ത്രങ്ങളും വസ്തുവകകളും നൽകി. പിന്നീട് സ്വയം ഒരു ക്യാൻസർ രോഗിയാണ് എന്ന് കള്ളം പറഞ്ഞ് പുരികം ഷേവ് ചെയ്ത് സ്വയം സഹതാപം പിടിച്ച് പറ്റാനും ഷെല്ലി ശ്രമിച്ചു.

1964 ഏപ്രിൽ 15 -ന് ജനിച്ച ഷെല്ലി ഒരിക്കലും തന്റെ ജന്മനാടായ റെയ്മണ്ട് വിട്ടു പോയില്ല. 2019 -ൽ ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു റിപ്പോർട്ട് പറയുന്നതനുസരിച്ച്, ഷെല്ലിയുടെ കുട്ടിക്കാലം വളരെ ദുരിതപൂർണമായിരുന്നു എന്നാണ്. മൂന്ന് സഹോദരങ്ങളിൽ മൂത്തവളായ ഷെല്ലിയെ വളർത്തിയത് മദ്യപാനിയായ ഒരു അമ്മയാണ്. സങ്കടം ഉള്ളിൽ ഉറഞ്ഞുകൂടിയ ഷെല്ലി ആ ദേഷ്യമെല്ലാം അവളുടെ ഇളയ സഹോദരന്മാരോട് തീർത്തു. എന്നാൽ, പിന്നീട് 13 -ാം വയസ്സിൽ അവളുടെ അമ്മയെ ആരോ തല്ലിക്കൊന്നു എന്നറിഞ്ഞപ്പോൾ അവളുടെ സ്വഭാവം കൂടുതൽ കലുഷിതമായി. അവൾ കള്ളം പറഞ്ഞു, സാധനങ്ങൾ തീയിട്ടു നശിപ്പിച്ചു, മോഷ്ടിച്ചു, ചെരിപ്പുകളിൽ കുപ്പിച്ചില്ലുകൾ നിറച്ചു. പതിനഞ്ചു വയസ്സുള്ളപ്പോൾ, പിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് അവർ വ്യാജമായി ആരോപിച്ചു.  

ഷെല്ലിയുടെ വിവാഹം നടക്കുന്നത് 17 വയസ്സുള്ളപ്പോഴാണ്. അതിന് ശേഷം രണ്ട് വിവാഹങ്ങൾ കൂടി അവൾ കഴിച്ചു. അവളുടെ മൂന്ന് ഭർത്താക്കന്മാരും അവളുടെ സൗന്ദര്യത്തിലും മനോഹാരിതയിലും ആകർഷിക്കപ്പെട്ടു. എന്നാൽ, അവളുടെ കൈകളിൽ ഓരോരുത്തരും വൈകാരികമായും ശാരീരികമായും  പീഡിപ്പിക്കപ്പെട്ടു. നോടെക് വീട്ടിൽ വെച്ച് കൊല്ലപ്പെട്ട ആദ്യത്തെ വ്യക്തിയാണ് കാതി. 1988 ക്രിസ്മസിന് ആദ്യം താമസം മാറിയപ്പോൾ, അവളെ ഷെല്ലി ഊഷ്മളമായി സ്വാഗതം ചെയ്തു. എന്നിരുന്നാലും, താമസിയാതെ ഷെല്ലി അവളെ മർദ്ദിക്കുകയും വൈകാരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഒരുഘട്ടത്തിൽ കാതി നഗ്നയായി ഭക്ഷണം കഴിക്കാൻ നിർബന്ധിതയായി. കുടുംബത്തിന്റെ കാറിന്റെ ബൂട്ടിൽ കയറാനും ബേസ്മെന്റിലെ ബോയിലറിനടുത്ത് ഉറങ്ങാനും അവൾ നിർബന്ധിതയായി. ആറുവർഷത്തെ പീഡനത്തെത്തുടർന്ന് 1994 -ൽ കാതി മരിച്ചു. നോടെക് ഇരകളെ പട്ടിണിക്കിടുകയും, മയക്കുമരുന്ന് നൽകുകയും, പീഡിപ്പിക്കുകയും ചെയ്തു. ഒടുവിൽ അതിഥികളെ മേൽക്കൂരയിൽ നിന്ന് ചാടാൻ നിർബന്ധിച്ചു. തുടർന്ന് അവരുടെ മുറിവുകളിൽ അവൾ ബ്ലീച്ച് ഇട്ടു. എന്തിനേറെ, മൂത്രം കുടിക്കാൻ പോലും അവരെ പ്രേരിപ്പിച്ചു.

കുറച്ച് വർഷങ്ങൾക്ക് ശേഷം, സ്വവർഗ്ഗാനുരാഗിയും വെറ്ററനുമായ വുഡ്‌വർത്ത് ഇവിടേയ്ക്ക് മാറിയപ്പോൾ ഷെല്ലിയുടെ ദുരുപയോഗം വീണ്ടും ആരംഭിച്ചു. അവൾ വുഡ്‌വർത്തിന്റെ സുഹൃത്തുക്കളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും അദ്ദേഹത്തെ അകറ്റി. അദ്ദേഹത്തെ വിലകെട്ടവനും മോശക്കാരനുമാക്കി. പതുക്കെ വൈകാരിക ദുരുപയോഗം ശാരീരികമാവുകയും വസ്ത്രങ്ങൾ, ഭക്ഷണം, ഇൻഡോർ ബാത്ത്റൂം എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുകയും ചെയ്‌തു. ഗുളികകൾ നൽകി അദ്ദേഹത്തെ മയക്കി കിടത്തുമായിരുന്നു അവൾ. സ്വന്തം മൂത്രം കുടിക്കാനും രണ്ടു നിലകളുള്ള വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടാനും നിർബന്ധിതനായതിനെ തുടർന്ന് 2003 ഓഗസ്റ്റിൽ അദ്ദേഹം മരിച്ചു. ചികിത്സയ്ക്കുപകരം, അദ്ദേഹത്തിന്റെ മുറിവുകളിൽ തിളക്കുന്ന വെള്ളവും, ബ്ലീച്ചും ഒഴിച്ചു. വുഡ്‌വർത്തിന്റെ മരണശേഷം പെൺകുട്ടികൾ പൊലീസിനെ സമീപിച്ചു. തുർന്ന് അവരുടെ അമ്മയെയും രണ്ടാനച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2004 മുതൽ ഷെല്ലി ജയിലിൽ കിടക്കുകയാണ്. എന്നാൽ 2022 ജൂണിൽ അവൾ മോചിതയാകും. അതിനെ ശേഷം എന്ത് സംഭവിക്കുമെന്ന് ഓർത്ത് ആ പെൺമക്കൾ ഭയപ്പെടുകയാണ്.  

നോടെക് സഹോദരിമാരായ നിക്കിയും സാമിയും ഇപ്പോൾ 40 -കളുടെ മധ്യത്തിലാണ്. ഇരുവരും സിയാറ്റിലിൽ താമസിക്കുന്നു, അതേസമയം അവരുടെ സഹോദരി ടോറിക്ക് കൊളറാഡോയിലേക്ക് മാറി. “അമ്മ എന്റെ വീട്ടുവാതിൽക്കൽ വന്നാൽ, വാതിൽ പൂട്ടിയിട്ട് ഞാൻ പൊലീസിനെ വിളിക്കും,” സാമി പറഞ്ഞു. 2018 ൽ പരോളിൽ പുറത്ത് വന്ന ഡേവിഡ് നോടെക്കിനോട് മക്കൾ ക്ഷമിക്കാൻ തയ്യാറായി. എന്നാൽ ഷെല്ലി നോടെക് മൂന്ന് സ്ത്രീകൾക്കും ഭയപ്പെടുത്തുന്ന സാന്നിധ്യമായി തുടരുന്നു. മാത്രമല്ല അവളുടെ ആസന്നമായ മോചനം അവരുടെ പേടിസ്വപ്നമായി മാറുകയാണ്.  


 

Follow Us:
Download App:
  • android
  • ios