എത്രയെത്ര തവണ നാം നമ്മുടെ അവസ്ഥകളെ പഴിച്ചു കാണണം... നമ്മുടെ ജീവിത സാഹചര്യത്തെ, നമ്മുടെ ചുറ്റുപാടുകളെ ഒക്കെ... പക്ഷെ, അങ്ങനെ തളര്‍ന്നുപോകാന്‍ എല്ലാ അവസരവുമുണ്ടായിട്ടും തളരാന്‍ തയ്യാറാവാത്ത എത്രയോ പേരുണ്ട് നമ്മുടെ ചുറ്റിലും. കാളിഘട്ടില്‍ റെഡ് ലൈറ്റ് ഏരിയയിലെ മുപ്പത്തിരണ്ടുകാരിയായ ടുംപ അധികാരി അതിലൊരാളാണ്. അവളുടെ അനുഭവങ്ങള്‍ അവളെ തളര്‍ത്തുകയല്ല ചെയ്തത്. മറിച്ച് അവ അവളെ കരുത്തുറ്റവളാക്കി, ധീരയാക്കി... 

തന്‍റെ സാഹചര്യങ്ങളോട് പൊരുതിത്തന്നെയാണ് അവള്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചത്. എല്ലാ ലൈംഗിക തൊഴിലാളിയുടേയും മകളേപ്പോലെ ടുംപയ്ക്കും സ്വന്തം അമ്മയുടെ തൊഴിലേറ്റെടുക്കാനും അമ്മയും ചുറ്റുമുള്ളവരും നയിക്കുന്ന അതേ ജീവിതം നയിക്കാനും സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷെ, അവളതിന് തയ്യാറായിരുന്നില്ല. അവളുടെ ആഗ്രഹം ചുറ്റുമുള്ള കുഞ്ഞുങ്ങള്‍ക്ക് അറിവേകണമെന്നായിരുന്നു. അവരെ ലൈംഗിക ചൂഷണങ്ങളില്‍ നിന്നും മോചിപ്പിക്കണം എന്നതായിരുന്നു. 

ഇന്ന്, ആ കുട്ടികളുടെ ഭാവി ഭദ്രമാക്കാനായി അവരെ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയും ലൈംഗിക തൊഴിലാളികളാകുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുകയും ചെയ്യുകയാണ് ടുംപ.

അമ്മയെ തിരഞ്ഞെത്തുന്നവരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നു. അതെത്രമാത്രം വേദനാജനകമാണെന്നും അവള്‍ക്കറിയാമായിരുന്നു. താന്‍ അനുഭവിച്ചത് മറ്റൊരു കുട്ടി കൂടി അനുഭവിക്കേണ്ടി വരരുതെന്നും അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 'നോ' പറയാന്‍ അവര്‍ക്കും അവകാശമുണ്ട് എന്നത്  റെഡ് ലൈറ്റ് ഏരിയയിലെ കുട്ടികള്‍ മനസിലാക്കണമെന്നും ടുംപ ആഗ്രഹിച്ചു. 

ടുംപയുടെ അച്ഛന്‍ ഒരു മദ്യപാനിയായിരുന്നു. അവള്‍ക്ക് പഠനത്തിനായി മാറ്റിവയ്ക്കുന്ന പണം മുഴുവന്‍ അയാള്‍ കുടിച്ച് തീര്‍ത്തു. മാത്രവുമല്ല അവളുടെ അമ്മയെ അയാള്‍ കണ്ടമാനം ഉപദ്രവിക്കുകയും ചെയ്തു. അച്ഛനെതിരെ പരാതിയുമായി ഒടുവില്‍ അവള്‍ക്ക് തന്നെ പൊലീസ് സ്റ്റേഷനില്‍ ചെല്ലേണ്ടി വന്നു. സ്കൂളിലെ അവസ്ഥയും നല്ലതായിരുന്നില്ല. ലൈംഗിക തൊഴിലാളിയുടെ മകള്‍ എന്ന നിലയില്‍ അവള്‍ എപ്പോഴും മാറ്റിനിര്‍ത്തപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. അവസാനം ഈ പരിഹാസവും സാമ്പത്തിക ബുദ്ധിമുട്ടുമെല്ലാം കാരണം അവള്‍ക്ക് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. 

പക്ഷെ, അവളുടെ സ്വപ്നത്തിന്‍റെ വേരറുക്കാന്‍ ഇതിനൊന്നും കഴിഞ്ഞില്ല. ആ സമയത്താണ് അവള്‍ സാമൂഹ്യപ്രവര്‍ത്തക പരൊമിതാ ബാനര്‍ജിയെ കാണുന്നത്. റെഡ് ലൈറ്റ് ഏരിയയിലെ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനെത്തിയതായിരുന്നു അവര്‍. 'നമ്മള്‍ നമ്മെ രക്ഷിക്കാന്‍ ഒരാളെത്തും എന്നും കരുതി കാത്തിരിക്കരുത്. പകരം, നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തന്നെ നിങ്ങളുടെ രക്ഷകനായേ തീരൂ'വെന്ന് പറയുന്നത് പരൊമിതയാണ്. 

അത് ടുംപയ്ക്ക് സ്വന്തം യാത്രയിലേക്കുള്ള ആവേശം പകര്‍ന്നു കൊടുത്തു. 2005 -ലായിരുന്നു അത്. 16 പേരോടൊപ്പം ചേര്‍ന്ന് ടുംപ, ദിശ എന്നൊരു എന്‍ ജി ഒയ്ക്ക് തുടക്കമിട്ടു. രാത്രികാലങ്ങളില്‍ ആവശ്യമായ കുഞ്ഞുങ്ങള്‍ക്ക് അത് അഭയകേന്ദ്രമായി. ചൂഷണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നല്‍കാനായി വിവിധ ക്യാമ്പുകള്‍ ദിശ സംഘടിപ്പിച്ചു. 

പലപ്പോഴും അവിടെ അമ്മമാര്‍ പോലും കരുതിയിരുന്നത് ആ കുഞ്ഞുങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നത് വളരെ സ്വാഭാവികമായ ഒന്നാണെന്നാണ്. പക്ഷെ, ദിശയുടെ പ്രവര്‍ത്തനങ്ങള്‍ വെറുതെയായില്ല. പല അമ്മമാരും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായിരിക്കാനുള്ള അവകാശത്തെ കുറിച്ച്, ചൂഷണങ്ങള്‍ക്കെതിരെ അറിവുള്ളവരായി.

ടുംപ ഇങ്ങനെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാനും അവിടെയുള്ളവരെ സഹായിച്ചു. കൂടാതെ, സ്വന്തം അമ്മയെ ആ തൊഴിലില്‍ നിന്ന് മോചിപ്പിച്ചു. 'എനിക്ക് എന്‍റെ വേരുകളെ കുറിച്ച് നാണക്കേടില്ല. ആ സിസ്റ്റത്തിനകത്തു തന്നെ നിന്ന് അതിനെ മാറ്റിയെടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്' എന്നാണ് ടുംപ പറയുന്നത്. 

ലഭിക്കാവുന്ന സ്കോളര്‍ഷിപ്പുകള്‍ നേടിയെടുക്കാനും പഠിക്കാനുമെല്ലാം അവള്‍ ചുറ്റുമുള്ള പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്നു. എല്ലാ പെണ്‍കുട്ടികളും വിദ്യാഭ്യാസം നേടുന്ന, അവര്‍ക്കെല്ലാം നല്ല ഭാവിയുണ്ടാവുന്ന ഒരു ദിവസത്തേയാണ് ടുംപ സ്വപ്നം കാണുന്നത്. ടുംപ നമുക്കെല്ലാവര്‍ക്കും മാതൃകയാണെന്നും ഇന്ന് നമുക്ക് കാണാന്‍ സ്വപ്നങ്ങളുണ്ട് എന്നുമാണ് അവിടെയുള്ള പെണ്‍കുട്ടികള്‍ പറയുന്നത്.