Asianet News MalayalamAsianet News Malayalam

സെമിത്തേരിയിലെ ഫോട്ടോകളില്‍ കണ്ട ദുരൂഹ സ്ത്രീരൂപം ആരുടേതാണ്, പ്രേതമെന്ന് പ്രചാരണം!

പല പ്രശസ്തരെയും അടക്കിയ മണ്ണാണ് അതെങ്കിലും, അവിടെ ഏറ്റവും ചര്‍ച്ചപ്പെടുന്നത് ഒരു സ്ത്രീയാണ്. 1888-ല്‍ മരിച്ച സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍ നിന്നുള്ള സ്യൂ ഹോവാര്‍ഡ് ഹാര്‍ഡി. ഇവരുടെ ആത്മാവ് സെമിത്തേരിയില്‍ അലഞ്ഞു നടക്കുന്നതായാണ് കഥകള്‍.

strange figure walks through the graveyard caught on camera
Author
South Carolina, First Published Jun 23, 2022, 1:03 PM IST

യുഎസിലെ സൗത്ത് കരോലിനയില്‍ പ്രസിദ്ധമായ ഒരു പള്ളിയുണ്ട്, സെന്റ് ഫിലിപ്‌സ് പള്ളി. ആ പള്ളിയുടെ സെമിത്തേരിക്ക് അത്ര പ്രശസ്തിയല്ല ഉള്ളത്. നാട്ടുകാര്‍ ഇത്തിരി ഭയത്തോടെയാണ് ഈ സെമിത്തേരിയെ കാണുന്നത്. രാത്രി കാലങ്ങളില്‍ ആളുകള്‍ ഇവിടെ പോകാന്‍ ഭയക്കുന്നു. അവിടം സന്ദര്‍ശിച്ച നിരവധി പേരാണ് തങ്ങള്‍ക്ക് പല വിചിത്ര അനുഭവങ്ങളും ഉണ്ടായതായി വെളിപ്പെടുത്തിയത്. വസ്തുതകളേക്കാള്‍ കഥകളും കെട്ടുകഥകളുമാണ് ഈ സെമിത്തേരിയുമായി ബന്ധപ്പെട്ട് പരക്കുന്നതെന്ന് വേണം കരുതാന്‍. 

പല പ്രശസ്തരെയും അടക്കിയ മണ്ണാണ് അതെങ്കിലും, അവിടെ ഏറ്റവും ചര്‍ച്ചപ്പെടുന്നത് ഒരു സ്ത്രീയാണ്. 1888-ല്‍ മരിച്ച സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍ നിന്നുള്ള സ്യൂ ഹോവാര്‍ഡ് ഹാര്‍ഡി. ഇവരുടെ ആത്മാവ് സെമിത്തേരിയില്‍ അലഞ്ഞു നടക്കുന്നതായാണ് കഥകള്‍. സെമിത്തേരിയില്‍നിന്നെടുത്ത ഫോട്ടോകളില്‍ ഇവരുടെ രൂപം പതിഞ്ഞതായി രണ്ടുതവണയാണ് പ്രചാരണമുയര്‍ന്നത്. ഈയടുത്താണ് ഒടുവിലായി ഇത്തരം കഥ ഇറങ്ങിയത്. സെമിത്തേരിയിലെ ക്യാമറയില്‍ പതിഞ്ഞ അവ്യക്തമായ സ്ത്രീ രൂപം ഇവരുടേതാണ് എന്നാണ് ആളുകള്‍ പറഞ്ഞുനടക്കുന്നത്. 

ഇതില്‍ എത്രത്തോളം വിശ്വാസ്യതയുണ്ടെന്ന് വ്യക്തമല്ല. എങ്കിലും അവരുടെ കഥ ആരുടേയും കണ്ണ് നനയിപ്പിക്കുന്നതാണ്.      

1680-ല്‍ പണികഴിപ്പിച്ചതാണ് ചാള്‍സ്റ്റണിലെ സെന്റ് ഫിലിപ്സ് പള്ളി. ഗാസ്റ്റണ്‍ ഹാര്‍ഡിയും ഗര്‍ഭിണിയായ ഭാര്യ സ്യൂ ഹോവാര്‍ഡും ഈ പള്ളിയിലെ അംഗങ്ങളായിരുന്നു. ജൂണ്‍ 10 -ന് പ്രസവത്തില്‍ അവള്‍ക്ക് കുഞ്ഞിനെ നഷ്ടമായി. തുടര്‍ന്ന്, ആറ് ദിവസത്തിന് ശേഷം അവളും മരിച്ചു. മരണകാരണം എന്തെന്ന് വ്യക്തമല്ല. പ്രസവത്തിനെ തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ കാരണമാണ് മരണം സംഭവിച്ചതെന്ന് പലരും അനുമാനിക്കുന്നു.  ഇവിടത്തെ ശ്മശാനത്തിലാണ് കുഞ്ഞിനെയും, അമ്മയെയും അടക്കിയത്. എന്നാല്‍ അവളുടെ കഥ അവിടെ അവസാനിച്ചില്ല. യഥാര്‍ത്ഥ കഥ ആരംഭിക്കുന്നത് അതിനും 90 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

1987 ജൂണ്‍ 10-ന്, അമേച്വര്‍ ഫോട്ടോഗ്രാഫറായ ഹാരി റെയ്‌നോള്‍ഡ്‌സ് സെന്റ് ഫിലിപ്പ്‌സ് പള്ളി സെമിത്തേരിക്ക് ചുറ്റും ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. സെമിത്തേരിയുടെ പ്രധാന ഗേറ്റ് പൂട്ടിയിരിക്കുകയാണെങ്കിലും, പിന്നിലെ ഗേറ്റിലെ കമ്പികള്‍ക്കിടയിലൂടെ ക്യാമറ തിരുകി അദ്ദേഹം സെമിത്തേരിയുടെ അകത്തെ ചിത്രങ്ങള്‍ പകര്‍ത്തി. ഹാരി പിന്നീട് താന്‍ എടുത്ത ചിത്രങ്ങള്‍ പരിശോധിച്ചു. അതിലൊന്ന് അദ്ദേഹത്തെ ഭയപ്പെടുത്തി. ശരീരം മറയ്ക്കുന്ന തരത്തിലുള്ള ഒരു തരം വസ്ത്രം ധരിച്ച് ഒരു രൂപം കുഞ്ഞിന്റെ ശവകല്ലറയ്ക്ക് സമീപം ഇരിക്കുന്നതാണ് അദ്ദേഹം ഫോട്ടോയില്‍ കണ്ടത്.  അയാള്‍ അതിന്റെ നെഗറ്റീവുകള്‍ ക്യാമറാ കമ്പനിയായ കൊഡാക്കിന് അയച്ചു കൊടുത്തു. കൊഡാക്ക് കമ്പനിയിലെ വിദഗ്ധര്‍ ഫോട്ടോ പരിശോധിച്ചുവെങ്കിലും, കണ്ടത് വിശദീകരിക്കാനോ, നിരാകരിക്കാനോ ശ്രമിച്ചില്ല.  

എങ്കിലും ഹാരിയുടെ ക്യാമറയില്‍ പ്രത്യക്ഷപ്പെട്ട രൂപം സ്യൂവിന്‍േറതാണ് എന്നാണ് പ്രചാരണമുണ്ടായത്. ഇതോടൊപ്പം മറ്റൊന്നു കൂടി സംഭവിച്ചു. പള്ളി സെമിത്തേരിയുടെ കഥ വ്യാപകമായി പ്രചരിക്കപ്പെട്ടു. അതോടെ ആളുകള്‍ സെമിത്തേരി കാണാനും ഫോട്ടോ എടുക്കാനും വന്നു തുടങ്ങി. പിന്നീടിത്, വിനോദ സഞ്ചാരികളുടെ കേന്ദ്രമായി മാറി. ആളുകള്‍ക്ക് പേടിപ്പിക്കുന്ന കഥകള്‍ പറഞ്ഞുകൊടുക്കുന്ന ഗൈഡുമാരുടെ സ്ഥലമായും ഇതുമാറി. 

 

strange figure walks through the graveyard caught on camera

 

ഇപ്പോഴിതാ, 35 വര്‍ഷങ്ങള്‍ക്ക് ശേഷം സമാനമായ മറ്റൊരു സംഭവം നടന്നിരിക്കുകയാണ്. ഇത്തവണ കാസി അലക്‌സിസ് ലാന്‍ എന്ന ഒരു സ്ത്രീയാണ് ഫോട്ടോയുമായി രംഗത്തുവന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ വസ്ത്രം ധരിച്ച ഒരു സ്ത്രീ ശ്മശാനത്തിലൂടെ തല കുനിച്ച് നടക്കുന്നതാണ് ചിത്രത്തില്‍. താന്‍ പകര്‍ത്തിയ ചിത്രത്തിലുള്ളത് സ്യൂ ആണെന്നാണ് കാസി അലക്‌സിസ് അവകാശപ്പെടുന്നത്.  ''ഞങ്ങളുടെ ഗൈഡ് സ്യൂ ഹോവാര്‍ഡ് ഹാര്‍ഡി എന്ന സ്ത്രീയെക്കുറിച്ച് ഞങ്ങളോട് പറയുന്നതിനിടയിലാണ് ഞാന്‍ ഈ ഫോട്ടോ എടുത്തത്'' -കാസി പറഞ്ഞു. മരിച്ച സ്ത്രീയുടെ ആദ്യ ഫോട്ടോ ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍, അവരും സമാനമായ വസ്ത്രം ധരിച്ചിരിക്കുന്നതായി താന്‍ കണ്ടെത്തിയെന്നും ഇവര്‍ അവകാശപ്പെടുന്നു. 
 
അതേസമയം, ഇത് സത്യമല്ലെന്നും, വെറും കെട്ടുകഥകളാണെന്നും വിശ്വസിക്കുന്നവരാണ് കൂടുതല്‍. എങ്കിലും, സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്ന ആളുകളോട് ശ്മശാനത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ഇന്നും ഗൈഡുകള്‍ ആ അമ്മയുടെയും, അവള്‍ക്ക് ഓമനിക്കാന്‍ സാധിക്കാതെ പോയ കുഞ്ഞിന്റെയും കഥ പറയുന്നു.  
 

Follow Us:
Download App:
  • android
  • ios