ഹോട്ടലിൽ 7400 രൂപയുടെ ബില്ലടച്ച് അപരിചിതൻ, ഒപ്പം വൈകാരിമായ കുറിപ്പും, കരഞ്ഞുപോയി എന്ന് ഡോക്ടർ
'ഈ ലോകത്തിന് ഇതുപോലെയുള്ള നല്ല ആളുകളെ ഒരുപാട് ആവശ്യമുണ്ട്' എന്നും കുറിപ്പിൽ എഴുതിയിരുന്നു. ആ അപരിചിതൻ ഒരു റിട്ട. ആർമി മെഡിക് ആണെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.

ടെക്‌സാസിലെ ഒരു റെസ്റ്റോറൻ്റിൽ തൻ്റെ കുടുംബത്തോടൊപ്പം ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു ജെ മാക്ക് സ്ലോട്ടർ എന്നയാൾ. എന്നാൽ, ബില്ലടക്കാൻ നോക്കുമ്പോഴാണ് ട്വിസ്റ്റ്. അദ്ദേഹത്തിന്റെ 7400 രൂപയുടെ ബില്ല് ഏതോ ഒരു അപരിചിതൻ അടച്ചിരിക്കുന്നു. മാക് ആകെ അന്തംവിട്ടുപോയി. ബില്ലടക്കുക മാത്രമല്ല, ഒരു കുറിപ്പും അപരിചിതനായ വ്യക്തി അതിനൊപ്പം വച്ചിട്ടുണ്ടായിരുന്നു.
ഒരു എമർജൻസി റൂം ഡോക്ടറാണ് മാക് എന്ന 41 -കാരൻ. ജനുവരി ആദ്യമാണ് ടെക്സസിലെ ഫോർട്ട് വർത്തിലെ ഒരു കഫേയിൽ തന്റെ ഭാര്യയോടും മൂന്ന് കുട്ടികളോടുമൊപ്പം അദ്ദേഹം ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി പോയത്. അപ്പോഴാണ് അപരിചിതനായ ഏതോ ഒരാൾ 85.21 ഡോളർ (7,480 രൂപ) ബിൽ അടച്ചിട്ടുണ്ടെന്ന് വെയിട്രസ് അദ്ദേഹത്തോട് പറയുന്നത്.
ഒപ്പം മനോഹരമായ ഒരു കുറിപ്പും ആ അപരിചിതൻ മാക്കിന് വേണ്ടി നൽകിയിട്ടുണ്ടായിരുന്നു. അതിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്, 'ഒരു മികച്ച അച്ഛനായിരിക്കുന്നതിന് നന്ദി'. അതിന്റെ മറുപുറത്ത് 'ഡാഡ് ടു ഡാഡ്' എന്നും എഴുതിയിരുന്നു.
'ഈ ലോകത്തിന് ഇതുപോലെയുള്ള നല്ല ആളുകളെ ഒരുപാട് ആവശ്യമുണ്ട്' എന്നും കുറിപ്പിൽ എഴുതിയിരുന്നു. ആ അപരിചിതൻ ഒരു റിട്ട. ആർമി മെഡിക് ആണെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ആ കുറിപ്പ് വായിച്ചതോടെ താൻ കരഞ്ഞുപോയി എന്ന് മാക് പറയുന്നു.
ആ കണ്ണീര് ആരും കണ്ടിരുന്നില്ല, ആ അപരിചിതൻ അപ്പോഴേക്കും അവിടെ നിന്നും പോയിരുന്നു എന്നും മാക് പറഞ്ഞു. കുട്ടികളുമായി ലളിതമായ ഒരു ഗെയിം കളിക്കുകയായിരുന്നു താൻ റെസ്റ്റോറന്റിൽ. പക്ഷേ, അത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നോ അത് അപരിചിതനായ ഒരാളെ ആകർഷിക്കുമെന്നോ താൻ കരുതിയിരുന്നില്ല എന്നും മാക് പറഞ്ഞു.
(ചിത്രം പ്രതീകാത്മകം)
