താൻ കഠിനാധ്വാനം തന്നെ ചെയ്തു. എല്ലാ പോരാട്ടങ്ങളും ഒടുവിൽ ഫലം കണ്ടതുപോലെയാണ് തോന്നിയത്. എന്നാലിപ്പോൾ, എല്ലാം ശരിയായി വരുമ്പോഴിതാ മലിനീകരണം കാരണം മാതാപിതാക്കൾ തന്നെ ദില്ലിയിലെ കോളേജിൽ വിടാൻ സമ്മതിക്കുന്നില്ല എന്നും യുവാവ് പോസ്റ്റിൽ വ്യക്തമാക്കി.

ദില്ലിയിലെ വായുമലിനീകരണം വലിയ പാരിസ്ഥിതിക പ്രശ്നമാണ്. കുറച്ച് വർഷങ്ങളായി ഇതേക്കുറിച്ചുള്ള ആശങ്കകളും ചർച്ചകളുമെല്ലാം ഉയരുന്നുണ്ട്. ദില്ലിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയാവുന്നത്. പോസ്റ്റ് പങ്കുവച്ച യുവാവ് പറയുന്നത് ദില്ലിയിലെ ടോപ്പ് കോളേജുകളിൽ ഒന്നിൽ അഡ്മിഷൻ കിട്ടി പക്ഷേ വായുമലിനീകരണത്തിന്റെ പേര് പറഞ്ഞ് പോകാൻ അച്ഛനും അമ്മയും അനുവദിക്കുന്നില്ല എന്നാണ്.

@TurnoverWeak9601 എന്ന ഹാൻഡിൽ നിന്നാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. r/India എന്ന സബ്‌റെഡിറ്റിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നത് തനിക്ക് ദില്ലിയിലെ ഹൻസ്‌രാജ് കോളേജിൽ പ്രവേശനം ലഭിച്ചു. പക്ഷേ ഡൽഹിയിലെ മലിനീകരണം കാരണം തന്റെ മാതാപിതാക്കൾ തന്നെ അവിടേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ്. നിസ്സഹായത തോന്നുന്നു എന്നും പോസ്റ്റിന്റെ ടൈറ്റിലിൽ കാണാം.

ഇങ്ങനെയൊരു കോളേജിൽ പ്രവേശനം നേടാൻ താൻ എത്രമാത്രം കഷ്ടപ്പെട്ടു എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നുണ്ട്. താൻ ചണ്ഡീഗഡിൽ നിന്നുള്ള ആളാണ്. ഈ വർഷം CUET പരീക്ഷ എഴുതി. മൂന്ന് മത്സര പരീക്ഷകളിൽ പരാജയപ്പെട്ട് മാനസികമായി തകർന്ന ഒരു വർഷം കടന്നുപോയ ശേഷമാണ്, ആ​ഗ്രഹിച്ചതുപോലെ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹൻസ്രാജ് കോളേജിൽ പ്രവേശനം ലഭിക്കുന്നത് എന്നും യുവാവ് കുറിക്കുന്നു.

അതിന് വേണ്ടി താൻ കഠിനാധ്വാനം തന്നെ ചെയ്തു. എല്ലാ പോരാട്ടങ്ങളും ഒടുവിൽ ഫലം കണ്ടതുപോലെയാണ് തോന്നിയത്. എന്നാലിപ്പോൾ, എല്ലാം ശരിയായി വരുമ്പോഴിതാ ഡൽഹിയിലെ മലിനീകരണം കാരണം മാതാപിതാക്കൾ തന്നെ ദില്ലിയിലെ കോളേജിൽ വിടാൻ സമ്മതിക്കുന്നില്ല എന്നും യുവാവ് പോസ്റ്റിൽ വ്യക്തമാക്കി.

അവരുടെ ഉത്കണ്ഠ തനിക്ക് മനസിലാവും. പക്ഷേ, സ്വപ്നങ്ങളുടെ തൊട്ടടുത്തെത്തിയപ്പോൾ അവ തകർന്നത് പോലെയാണ് തനിക്ക് തോന്നുന്നത്. എന്താണ് താൻ ചെയ്യേണ്ടത്? എങ്ങനെയാണ് അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ടത്, ഇതുപോലെ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ ആരെങ്കിലും ഉണ്ടോ എന്നും യുവാവ് ചോദിക്കുന്നുണ്ട്.

നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകി. ഈ അവസരം വേണ്ടെന്ന് വച്ചാൽ അത് വിഡ്ഢിത്തമാണ് എന്ന് നിങ്ങളുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തുക എന്നാണ് പലരും യുവാവിനെ ഉപദേശിച്ചത്.