സ്മോക്കിംഗ് ഏരിയയിൽ ഇരിക്കാൻ ബെഞ്ചില്ലെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിക്ക് സർവകലാശാലാ അധ്യാപകൻ നൽകിയത് കിടിലന്‍ മറുപടി. അതോടെ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടിയാണ് അധ്യാപകന്‍ നേടുന്നത്.
സ്മോക്കിംഗ് ഏരിയയിൽ ബെഞ്ചുകളില്ലാത്തതിനാൽ നിന്ന് പുകവലിക്കുന്നത് കഠിനമായ ക്ഷീണമുണ്ടാക്കുന്നുവെന്ന വിദ്യാർത്ഥിയുടെ പരാതിക്ക് സർവകലാശാലാ അധ്യാപകൻ നൽകിയ കിടിലൻ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ഒരു സർവകലാശാലയിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. സ്കൂളിന്റെ ഇന്റേണൽ ഫീഡ്‌ബാക്ക് സംവിധാനം വഴിയാണ് വിദ്യാർത്ഥി പരാതി സമർപ്പിച്ചതെന്ന് 'സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. സ്മോക്കിംഗ് ഏരിയയിൽ ആവശ്യത്തിന് ബെഞ്ചുകളില്ലാത്തതിനാൽ നിന്ന് പുകവലിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും, അതിനാൽ കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥിയുടെ ഔദ്യോഗിക പരാതി.

വിദ്യാർത്ഥിയുടെ ആവശ്യത്തെ പൂർണമായും തള്ളിക്കൊണ്ട് സർവകലാശാലയിലെ ഒരു അധ്യാപകൻ നീണ്ട കത്തിലൂടെയാണ് മറുപടി നൽകിയത്. സ്മോക്കിംഗ് ഏരിയ ബോധപൂർവ്വം തന്നെയാണ് ബെഞ്ചുകളില്ലാതെ രൂപകൽപ്പന ചെയ്തതെന്ന് അധ്യാപകൻ കത്തിൽ വ്യക്തമാക്കി. 'സ്മോക്കിംഗ് ഏരിയ ആളുകൾക്ക് ഇരുന്നുകൂടാനും വിശ്രമിക്കാനുമുള്ള സ്ഥലങ്ങളല്ല. പെട്ടെന്ന് പുകവലി നിർത്താൻ കഴിയാത്തവർക്ക് താൽക്കാലികമായി ഉപയോഗിക്കാനും, മറ്റുള്ളവരിലേക്ക് പാസ്സീവ് സ്മോക്കിംഗ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും വേണ്ടി മാത്രമാണ് ഈ സ്ഥലം സജ്ജീകരിച്ചിരിക്കുന്നത്' അധ്യാപകൻ കത്തിൽ കുറിച്ചു.
നിന്ന് പുകവലിക്കുമ്പോൾ തനിക്കുണ്ടാകുന്ന ക്ഷീണത്തെക്കുറിച്ച് പരാതിപ്പെടുന്ന വിദ്യാർത്ഥി, മറ്റുള്ളവർ ഈ പുക ശ്വസിക്കാൻ നിർബന്ധിതരാകുന്നത് എത്രത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അധ്യാപകൻ കത്തിലൂടെ ചോദിച്ചു. വിദ്യാർത്ഥിയുടെ ക്ഷീണത്തിന് കാരണം ബെഞ്ചുകളുടെ കുറവല്ല, മറിച്ച് സിഗരറ്റിനോടുള്ള അമിതമായ ആശ്രയത്വമാണെന്നും അധ്യാപകൻ ചൂണ്ടിക്കാട്ടി. പുകവലിക്കുമ്പോൾ ക്ഷീണം തോന്നുന്നുവെങ്കിൽ പുകവലി കുറയ്ക്കുകയാണ് വേണ്ടത്. സൗകര്യപ്രദമായി ഇരിക്കണമെന്നുണ്ടെങ്കിൽ വിദ്യാർത്ഥിക്ക് ലൈബ്രറിയിലോ ക്ലാസ് മുറിയിലോ കളിക്കളത്തിലോ പോകാമെന്നും അധ്യാപകൻ നിർദ്ദേശിച്ചു.
അതേസമയം, പുകവലി പൂർണ്ണമായും ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും കൗൺസിലിംഗും സർവകലാശാല ഉറപ്പുനൽകുന്നുണ്ടെന്നും കത്തിന്റെ അവസാനം അധ്യാപകൻ കൂട്ടിച്ചേർത്തു. അധ്യാപകന്റെ ഈ ശക്തമായ നിലപാടിനെ അനുകൂലിച്ച് വലിയ രീതിയിലുള്ള പിന്തുണയാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
