ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (TISS) ഹൈദരാബാദ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാരസമരം ആറാം ദിവസമായിരിക്കുന്നു. ചര്‍ച്ചകളൊന്നും നടത്താതെ ഒറ്റയടിക്ക് ഹോസ്റ്റല്‍ ഫീസ് കൂട്ടിയതാണ് സമരത്തിന് കാരണം. ഇതിനെത്തുടര്‍ന്ന് അധികൃതര്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്യാമ്പസിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതായി അറിയിപ്പും നല്‍കി. 

കേരളത്തില്‍ നിന്നടക്കം വിദ്യാര്‍ത്ഥികളേറെ പഠിക്കുന്ന TISS -ല്‍ അതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നൂറിനടുത്ത് മലയാളി വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ക്യാമ്പസ് എന്ന് തുറക്കുമെന്ന് യാതൊരുറപ്പും പറയില്ലെന്നായതോടെ നാട്ടിലേക്ക് തിരിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. ഇപ്പോഴും അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും കാര്യങ്ങള്‍ അനിശ്ചിതമായി നീളുകയാണെന്നും എം എ ഡെവലപ്മെന്‍റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിനിയായ ശ്രുതി ഹരിലാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മലയാളിയായ ശ്രുതി സമരമുഖത്തുണ്ട്.  

ജൂലൈ എട്ട് മുതലാണ് ക്യാമ്പസില്‍ ശക്തമായ പ്രതിധേഷമുണ്ടാകുന്നത്. 35 വിദ്യാര്‍ത്ഥികള്‍ ഭരണസമിതിക്കെതിരെ സമരത്തിനിറങ്ങി. ഹോസ്റ്റല്‍ ഫീസ് കുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പക്ഷെ, TISS ഭരണസമിതി ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ല. ഇതോടെ പന്ത്രണ്ടാം തീയതി മുതല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തിനിറങ്ങി. ഇതേത്തുടര്‍ന്ന് ജൂലൈ 15 -ന് ഭരണസമിതി ഒരു സര്‍ക്കുലറും ഇറക്കി. TISS ഹൈദരാബാദ് കാമ്പസ് ഇനിയൊരറിയിപ്പുണ്ടാകും വരേയ്ക്കും എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നതായിട്ടായിരുന്നു അറിയിപ്പ്. കാരണമായിപ്പറഞ്ഞത് വിദ്യാര്‍ത്ഥികളുടെ സമരത്തെത്തുടര്‍ന്ന് അധ്യാപകര്‍ക്ക് ക്യാമ്പസിനകത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു. ക്യാമ്പസ് അടച്ചതോടെ, എങ്ങോട്ട് പോകുമെന്നോ, ഭാവിയെന്താകുമെന്നോ നിശ്ചയമില്ലാതെ വിദ്യാര്‍ത്ഥികള്‍ ആകെ പ്രശ്നത്തിലുമായി. 

ഹോസ്റ്റല്‍ ഫീസിലുണ്ടായ ഭീമമായ വര്‍ധനവാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിലേക്കെത്തിച്ചത്. 15000 രൂപയായിരുന്നു ഒരു സെമസ്റ്ററിലേക്കുള്ള ഹോസ്റ്റല്‍ ഫീസ്. അതുതന്നെ മൂന്നു തവണയായി അടച്ചാല്‍ മതിയായിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളോട് ചര്‍ച്ച പോലും നടത്താതെയാണ് ഒറ്റയടിക്ക് ഫീസ് 54000 രൂപയാക്കിയത്. അതും സെമസ്റ്ററിന്‍റെ തുടക്കത്തില്‍ തന്നെ അടക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഹോസ്റ്റല്‍ നടത്തിപ്പ്  സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതാണ് ഫീസ് കൂട്ടിയതിനുള്ള കാരണമായി മാനേജ്മെന്‍റ് പറയുന്നത്. 

അതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സ്കോളര്‍ഷിപ്പില്‍ നിന്നും ഇത്രയും ഭീമമായ തുക ഹോസ്റ്റല്‍ ഫീസായി നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് എസ് സി / എസ് ടി വിഭാഗം വിദ്യാര്‍ത്ഥികളാണ് ആദ്യം സമരം തുടങ്ങിയത്. പിന്നീട്, ക്യാമ്പസ് ഇതേറ്റെടുക്കുകയായിരുന്നു. നിരാഹാരം തുടങ്ങിയ ഉടനെതന്നെ തീരുമാനമെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നതാണ്. എന്നാല്‍, യാതൊരു നടപടിയോ ചര്‍ച്ചയോ ഒന്നും തന്നെ അവരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം ക്യാമ്പസ് അടച്ചിടുന്നതാണോ പരിഹാരമാര്‍ഗ്ഗമെന്നാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം. നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയാണ് ഈ ക്യാമ്പസും പഠനവും, അതില്ലാതാക്കിയാണോ അധികൃതര്‍ ഇങ്ങനെ പ്രതികരിക്കേണ്ടതെന്നും അവര്‍ ചോദിക്കുന്നു. പുതിയ ഹോസ്റ്റല്‍ ഫീസ് വന്നതോടെ നിരവധി ആദിവാസി/ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പാതിവഴിയിലുപേക്ഷിക്കേണ്ടി വരും. ഇത്രയും ഭീമമായ തുക ഒറ്റയടിക്ക് നല്‍കാനുള്ള സ്ഥിതിയില്ലാത്തതിനാലാണ് ഇത്. ഈ അവസ്ഥ മുന്നില്‍ക്കണ്ട് വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. 

ജൂലൈ 15 -ന് 3.45 -നാണ് കോളേജ് അധികൃതര്‍ നോട്ടീസ് ഇറക്കുന്നത്. അഞ്ച് മണിയാകുമ്പോള്‍ ക്യാമ്പസില്‍ നിന്ന് ഇറങ്ങണെന്നാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ക്യാമ്പസ് അടച്ചു. ഞങ്ങളെങ്ങോട്ട് പോകാനാണ് എന്നാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം... പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരത്തില്‍ തന്നെയാണ്. 

ക്യാമ്പസിലെ നിലവിലെ അവസ്ഥയെ കുറിച്ച് മലയാളി വിദ്യാര്‍ത്ഥിനി ശ്രുതി ഹരിലാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 

ഇപ്പോള്‍ നാലുപേര്‍ നിരാഹാര സമരം തുടരുന്നുണ്ട്. ഒരാളുടെ ആറാമത്തെ ദിവസമാണ്. ക്യാമ്പസ് അടച്ചിട്ടിരിക്കുകയാണ്. ബോയ്സ് ഹോസ്റ്റല്‍ ക്യാമ്പസിനകത്താണ്, ഗേള്‍സ് ഹോസ്റ്റല്‍ പുറത്തും. അതുകൊണ്ട്, മിക്കവരും ഗേള്‍സ് ഹോസ്റ്റലിലുണ്ട്. എല്ലാവരും ഇവിടെത്തന്നെയിരിക്കുകയാണ്. ഭരണസമിതിയുടെ ഭാഗത്ത് നിന്നും ആറ് പേജുള്ള ഒരു ലെറ്റര്‍ ഇറക്കിയിട്ടുണ്ട്. ഞങ്ങളതിന് മറുപടിയെന്നോണം ഒരു നോട്ടീസും ഇറക്കിയിട്ടുണ്ട്. പക്ഷെ, അവര്‍ ഒരു നടപടിയും എടുക്കുന്നില്ല. 

ഹോസ്റ്റല്‍ ഫീസ് കുറക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം. 54000 രൂപ ഒറ്റയടിക്ക് അടക്കണം. അതും വര്‍ഷത്തിലല്ല, സെമസ്റ്ററിലടയ്ക്കാനാണ് പറയുന്നത്.  ഒറ്റയടിക്ക് ഇത്രയും തുക അടക്കുക എന്നത് എസ് സി/ എസ് ടി / ഒ ബി സി കാറ്റഗറിയിലുള്ള കുട്ടികള്‍ക്കൊന്നും സാധിക്കണമെന്നില്ല. ഞങ്ങളുടെ ക്യാമ്പസാണെങ്കില്‍ ഇപ്പോള്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്ററോളം അകലെയുള്ള ഒരിടത്തേക്ക് മാറ്റിയിരിക്കുകയാണ്. തുര്‍ക്കയാംജല്‍ എന്ന സ്ഥലത്തേക്ക്. സി എന്‍ റെഡ്ഡി എന്നൊരാളുടെ പേരിലുള്ള ക്യാമ്പസും ഹോസ്റ്റലും റെന്‍റിനെടുത്തിരിക്കുകയാണ്. അയാളാണ് എല്ലാം തീരുമാനിച്ചത്. കോണ്‍ട്രാക്ടില്ല കോളേജും ഹോസ്റ്റലും റെഡ്ഡിയും തമ്മില്‍, ടെണ്ടറ് വിളിച്ചിട്ടില്ല. അഡ്മിനിസ്ട്രേഷനിലുള്ള ഒരു ഫിനാന്‍സ് ഓഫീസറുടെ ഒരു ബന്ധുവാണ് സി എന്‍ റെഡ്ഡി. അതാണ് അയാളും ക്യാമ്പസും തമ്മിലുള്ള ബന്ധം. 

സി എന്‍ റെഡ്ഡിയുമായി സംസാരിച്ച് ഫീസ് കുറക്കാവുന്നതേയുള്ളൂവായിരുന്നു. പക്ഷെ, അദ്ദേഹവുമായി ഒരു മീറ്റിങ്ങ് പോലും ഇതുവരെ നടക്കുകയോ അതിനുള്ള ശ്രമങ്ങള്‍ അഡ്മിനിസ്ട്രേഷന്‍ ഭാഗത്ത് നിന്നുണ്ടായിട്ടോ ഇല്ല. ഏപ്രില്‍ തൊട്ടേ ഞങ്ങളത് ആവശ്യപ്പെടുന്നുണ്ട്. ഏപ്രില്‍ ആദ്യം ഒരൊറ്റ മീറ്റിങ്ങ് നടന്നിരുന്നു. അന്ന്, ഞങ്ങളുടെ ആവശ്യങ്ങളെല്ലാം ഞങ്ങളെഴുതിക്കൊടുത്തു. അതൊന്നും നടന്നിട്ടില്ല ഇതുവരെ. നിരന്തരം മെയിലുകളയക്കുകയും നമ്മുടെ ആവശ്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. 

പുതിയതായി അഡ്മിഷനെടുക്കാന്‍ വരുമ്പോള്‍ ഇത്രയും രൂപ ഫീസടച്ചാല്‍ മാത്രമേ അഡ്മിഷന്‍ കിട്ടൂവെന്ന് പറയുന്നു. ആദിവാസി വിദ്യാര്‍ത്ഥികള്‍ വന്നിരുന്നു, മൂന്നുപേര്‍... ബംഗാളില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ളവരാണവര്‍. തനിച്ചാണ് വന്നത്. അവര്‍ക്ക് ഫീസടക്കാന്‍ പണമില്ലായിരുന്നു. അങ്ങനെ അവര്‍ ഹോസ്റ്റലിന്‍റെ പുറത്തിരുന്നു. രാത്രിയാണ് എന്നോര്‍ക്കണം. അന്ന് ഞങ്ങള്‍ ബന്ധപ്പെട്ടവരെ വിളിച്ച് അവരെ ഹോസ്റ്റലില്‍ താമസിപ്പിച്ചേ മതിയാകൂവെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി, പണം മുഴുവനായും അടക്കാതെ അത് പറ്റില്ലെന്നായിരുന്നു. ഈ രാത്രി കുട്ടികളെവിടെപ്പോകാനാണ് എന്ന് ചോദിച്ചെങ്കിലും മറുപടിയൊന്നും തന്നില്ല. ഒടുവില്‍ ഒറ്റദിവസത്തേക്ക് കിടക്കാന്‍ സമ്മതിച്ചു. പിറ്റേദിവസം ഇത്രയും പണം എവിടെനിന്നുണ്ടാക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള കുട്ടി വീട്ടില്‍ നിന്നും കൊണ്ടുവരാം എന്ന് പറഞ്ഞ് പോവുകയും പഠനം ഉപേക്ഷിക്കുകയും ചെയ്തു. ഇങ്ങനെ, ആദിവാസി, ദളിത് കുട്ടികള്‍ പഠനം ഉപേക്ഷിച്ച് പോകേണ്ടുന്ന അവസ്ഥയിലാണ്. 

ഈ  കനത്ത ഫീസ് എന്നത് തന്നെ ഞങ്ങള്‍ ഇവിടെയില്ലാത്ത രണ്ട് മാസത്തെ അവധി കൂടി കൂട്ടിയാണ്. നമ്മളില്ലാത്ത സമയത്തെ താമസത്തിന്‍റെ ഫീസ് മാത്രമല്ല, ഭക്ഷണത്തിന്‍റെയടക്കം ഫീസും നല്‍കണം എന്ന് പറയുന്നത് എന്ത് അവസ്ഥയാണ്. 60-80 പേരെങ്കിലും ഇവിടെ മലയാളികള്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച അതില്‍ 20 പേര്‍ക്ക് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്നും ഭക്ഷ്യ വിഷബാധയേറ്റു. നാലുപേര്‍ ആശുപത്രിയിലായിരുന്നു. അതില്‍ പോലും ഹോസ്റ്റലോ, അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 

സമാധാനപരമായിട്ടാണ് ഞങ്ങള്‍ സമരം തുടരുന്നത്. പക്ഷെ, അധികൃതരിപ്പോഴും അവഗണന തുടരുകയാണ്. ഞങ്ങളേതായാലും നിയമപരമായികൂടി നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ആവശ്യങ്ങളംഗീകരിക്കും വരെ സമരം തുടരാന്‍ തന്നെയാണ് തീരുമാനം.