അതിനിടയിലാണ് അശ്വീത 'യങ്ങ് ഇന്ത്യാ സ്കോളര്‍ഷിപ്പി'നായി അപേക്ഷിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കാനറിയില്ല എന്നതു കൊണ്ടുതന്നെ അവള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ, ആദ്യഘട്ടം അവള്‍ ജയിച്ചു. രണ്ടാമത്തെ ഘട്ടത്തില്‍ ഇംഗ്ലീഷ് സംസാരിക്കണം. മാത്രവുമല്ല അത്രയും ദൂരത്തേക്ക് മകളെ അയക്കുന്നതില്‍ അവളുടെ അച്ഛനും ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ, അഭിമുഖത്തിലും അവള്‍ വിജയിച്ചു. ഇംഗ്ലീഷില്‍ തനിക്ക് സംസാരിക്കാനായി എന്നതും അവളെ അമ്പരപ്പിച്ചു.
ഇത് അശ്വീത ഷെട്ടിയുടെ കഥയാണ്... നിശ്ചയദാര്‍ഢ്യം കൊണ്ട് തന്‍റേയും തന്‍റെ ചുറ്റുമുള്ളവരുടേയും ജീവിതം മാറ്റിയ പെണ്‍കുട്ടി. ബോധി ട്രീ ഫൗണ്ടേഷന്‍റെ സ്ഥാപകയാണ് അശ്വീത.. തിരുനെല്‍വേലിയിലെ മുക്കുടല്‍ എന്ന ഗ്രാമത്തില്‍ ബീഡിത്തൊഴിലാളികളുടെ മകളായാണ് അശ്വീത ജനിച്ചത്.
തന്‍റെ ചെറുപ്പത്തില്‍ താന്‍ കരുതിയിരുന്നത് പുരുഷന്മാര്‍ സ്ത്രീകള്‍ക്കുനേരെ ശബ്ദമുയര്‍ത്തുന്നതും കയ്യുയര്‍ത്തുന്നതും എല്ലാം സാധാരണ സംഭവങ്ങളാണ് എന്നാണ്. അതില്‍ തെറ്റുള്ളതായി അന്നെനിക്ക് അറിയില്ലായിരുന്നു. അശ്വീത പറയുന്നു. ഗ്രാമത്തിലെ മറ്റുള്ളവരെ പോലെ തന്നെ അശ്വീതയുടെ മാതാപിതാക്കളും പാവപ്പെട്ടവരായിരുന്നു. അതുകൊണ്ട് തന്നെ തന്‍റെ മേല്‍ ആര്‍ക്കും പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നും അശ്വീത കരുതി. അശ്വീതയുടെ മൂത്ത സഹോദരിയുടെ വിവാഹം സ്കൂള്‍ പഠനം കഴിഞ്ഞയുടനേയായിരുന്നു. താനും അതേ വിധിയിലൂടെ കടന്നുപോകേണ്ടിവരും എന്ന് കരുതി ഭയത്തോടെയാണ് അവള്‍ കഴിഞ്ഞിരുന്നത്.
വായന തീര്‍ത്ത ലോകം
വളരെ ചെറുപ്പത്തില്‍ തന്നെ അശ്വീതയ്ക്ക് വായിക്കാനിഷ്ടമായിരുന്നു. തന്‍റെ കുഞ്ഞു ഗ്രാമത്തിനപ്പുറത്തേക്കുള്ള വിശാലമായ ലോകത്തെ കുറിച്ച് അവളറിയുന്നത് പുസ്തകങ്ങളിലൂടേയും മാഗസിനുകളിലൂടേയുമായിരുന്നു. ഇറോം ശര്‍മ്മിളയുടെ അനുഭവങ്ങളെ കുറിച്ച് വായിച്ചത് അവളെ ആഴത്തില്‍ സ്പര്‍ശിച്ചു. പതിമൂന്നാമത്തെ വയസ്സില്‍ അവള്‍ ഹെലന്‍ കെല്ലറുടെ ആത്മകഥ വായിച്ചു. അതോടെ, സ്വന്തം ജീവിതം മാറണമെങ്കില്‍ താന്‍ തന്നെ ശ്രമിക്കണമെന്ന് അവള്‍ക്ക് മനസ്സിലായി.
കൂടുതല്‍ വായിക്കുന്തോറും തന്‍റെ ജീവിതം കൂടുതല്‍ ഇടുങ്ങിയതാണെന്ന സത്യം കൂടി അവള്‍ക്ക് ബോധ്യപ്പെട്ടു. ആ ഇടുങ്ങിയ ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനും അവളാഗ്രഹിച്ചു. ബര്‍ക്കാ ദത്തും അവളെ ഏറെ ആകര്‍ഷിച്ചൊരാളായിരുന്നു. അവര്‍ അവതാരികയായി വന്ന പരിപാടികളെല്ലാം അശ്വീത കണ്ടുതുടങ്ങി. അവളുടെ അമ്മ പറയുന്ന അത്രയും എണ്ണം ബീഡി തെറുത്തു കഴിഞ്ഞാല്‍ അവളെ ബര്‍ക്കാ ദത്തിന്‍റെ ഒരു പ്രോഗ്രാം കാണാന്‍ സമ്മതിക്കും അതായിരുന്നു അവര്‍ തമ്മിലുള്ള കരാര്‍. ഈ പരിപാടികളിലൂടെ അവളുടെ ഇംഗ്ലീഷ് മെച്ചപ്പെട്ടു തുടങ്ങി.
അതിനിടയിലാണ് അശ്വീത 'യങ്ങ് ഇന്ത്യാ സ്കോളര്‍ഷിപ്പി'നായി അപേക്ഷിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കാനറിയില്ല എന്നതു കൊണ്ടുതന്നെ അവള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ, ആദ്യഘട്ടം അവള്‍ ജയിച്ചു. രണ്ടാമത്തെ ഘട്ടത്തില്‍ ഇംഗ്ലീഷ് സംസാരിക്കണം. മാത്രവുമല്ല അത്രയും ദൂരത്തേക്ക് മകളെ അയക്കുന്നതില്‍ അവളുടെ അച്ഛനും ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ, അഭിമുഖത്തിലും അവള്‍ വിജയിച്ചു. ഇംഗ്ലീഷില്‍ തനിക്ക് സംസാരിക്കാനായി എന്നതും അവളെ അമ്പരപ്പിച്ചു.
സ്കോളര്‍ഷിപ്പ് കിട്ടി ദില്ലിയിലെത്തിയത് അവളുടെ ജീവിതത്തെ സ്വാധീനിച്ചു. ആദ്യമൊക്കെ അവളെ സംബന്ധിച്ച് ദില്ലിയിലെ ജീവിതം ദുസ്സഹമായിരുന്നു. പക്ഷെ, എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുത്തു. പുലര്‍ച്ചെ നാല് മണി വരെയൊക്കെ അവളിരുന്ന് പഠിക്കുകയും അസൈന്‍മെന്‍റ് എഴുതുകയും ചെയ്തു. മറ്റുള്ളവര്‍ക്കെല്ലാം ഇംഗ്ലീഷ് നന്നായി അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അവരേക്കാള്‍ പത്ത് മടങ്ങ് കഷ്ടപ്പെടേണ്ടി വന്നു അശ്വീതയ്ക്ക്. താന്‍ ജനിച്ചപ്പോള്‍ തന്‍റെ മാതാപിതാക്കള്‍ വളരെ വളരെ ദാരിദ്ര്യത്തിലായിരുന്നു. അതുകൊണ്ടു തന്നെ താന്‍ കൂടി ഈ ഭൂമിയിലേക്ക് വരണമെന്ന് അവര്‍ക്ക് ആഗ്രഹമില്ലായിരുന്നു. എന്ന് അശ്വീത പറയുന്നു.
പക്ഷെ, പിന്നീട് അശ്വീതയ്ക്ക് ഏറ്റവുമധികം കരുത്ത് പകര്‍ന്നത് അവളുടെ അമ്മ തന്നെയായിരുന്നു. താന്‍ ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത് അമ്മയുടെ പിന്തുണ കൂടി ഉണ്ടായതുകൊണ്ട് മാത്രമാണ് എന്നും അശ്വീത പറയുന്നു.
ബോധി ട്രീ ഫൗണ്ടേഷന്‍
2014 മേയ്യിലാണ് അശ്വീത ബോധി ട്രീ ഫൗണ്ടേഷന്‍ തുടങ്ങുന്നത്. തങ്ങളുടേതു പോലുള്ളവരുടെ നില മെച്ചപ്പെടുത്തുന്നതിനായി തുടങ്ങിയതാണ് ബോധി. ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കുക, കാരീര്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക, ലീഡര്‍ഷിപ്പ് ക്വാളിറ്റി കൂട്ടുക തുടങ്ങിയവയൊക്കെയാണ് ബോധിയിലൂടെ ചെയ്യുന്നത്. 'തന്‍റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരും എനിക്കെന്താകണമെന്ന് ചോദിച്ചിട്ടില്ല. ഈ കുട്ടികള്‍ അങ്ങനെയാവരുത്. അതിനാണ് ബോധി' എന്നാണ് അവള്‍ പറയുന്നത്.
പാവപ്പെട്ട കുട്ടികള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. അവര്‍ക്ക് മറ്റ് കുട്ടികളോടൊപ്പം എളുപ്പത്തില്‍ ഇടപഴകാന്‍ പോലും ആയെന്ന് വരില്ല. അപകര്‍ഷതാ ബോധമുണ്ടാകും. എന്‍റെ ജീവിതത്തില്‍ എനിക്ക് അങ്ങനെ ഉണ്ടായിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് അങ്ങനെയുണ്ടാവരുതെന്നും അശ്വീത പറയുന്നു.
(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)
