എന്തെങ്കിലും വ്യത്യസ്‍തമായി ചെയ്യണമെന്ന് കരുതുന്നയാളാണ് ശ്രിപതി ചാമ്‌നാര്‍. വെറും രണ്ട് ഏക്കര്‍ ഭൂമിയില്‍ 1600 മുരിങ്ങയുടെ തൈകള്‍ നട്ടുവളര്‍ത്തി ലക്ഷങ്ങള്‍ സമ്പാദിച്ച ഇദ്ദേഹം വെള്ളമില്ലാതെ വലയുന്ന കര്‍ഷകര്‍ക്ക് വരുമാനമുണ്ടാക്കാനുള്ള നല്ലൊരു മാര്‍ഗവും കൂടിയാണ് കാണിച്ചുതരുന്നത്.

മഹാരാഷ്ട്രയിലെ യെല്‍ഡ എന്ന വികസനം എത്തിനോക്കാത്ത ഗ്രാമത്തിലാണ് ശ്രിപതി കൃഷി ചെയ്യുന്നത്. ഇവിടെ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള ഒരു സാധ്യതയുമില്ല. ഭൂരിഭാഗം ആളുകളും പരമ്പരാഗതമായി കൃഷിക്കാരാണ്. ഇവര്‍ സാധാരണ കൃഷിരീതി അവലംബിക്കുന്നവരായതുകൊണ്ട് വരള്‍ച്ചയിലും വെള്ളമില്ലാത്ത അവസ്ഥയിലും കൃഷി ചെയ്യുകയെങ്ങനെയന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. അതുകൊണ്ടുതന്നെ കൃഷിയിലൂടെ വലിയ ലാഭമൊന്നും ഇവര്‍ക്ക് കിട്ടാറില്ല. വിത്തുകളും വളവും വാങ്ങാന്‍ ഇവര്‍ ലോണ്‍ എടുക്കുകയാണ് ചെയ്യുന്നത്. വിളനാശം സംഭവിച്ചാല്‍ വരുമാനം കിട്ടാത്ത കര്‍ഷകര്‍ കടംവീട്ടാന്‍ കഴിയാതെ ദുരിതക്കയത്തിലാകുന്ന അവസ്ഥ. അപ്പോള്‍ കര്‍ഷകന്‍ വീണ്ടും ലോണ്‍ എടുത്ത് കൂടുതല്‍ കൃഷി ചെയ്‍ത് വിറ്റഴിച്ച് വരുമാനമുണ്ടാക്കി പഴയ കടം വീട്ടാനൊരുങ്ങുന്നു. ഇത് ഗ്രാമത്തിലെ ഒരു തുടര്‍പ്രക്രിയയാവുകയും കര്‍ഷകര്‍ കടം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുകയും ചെയ്യുമായിരുന്നു.

ഈ സാഹചര്യത്തിലാണ് 50 വയസ്സുള്ള കര്‍ഷകനായ ശ്രിപതി ചാമ്‌നാര്‍ തന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ മറ്റൊരു വഴി കണ്ടെത്തിയത്. പരുത്തി കൃഷി ചെയ്ത ഇദ്ദേഹം നഷ്ടം കണ്‍മുന്നില്‍ കണ്ടപ്പോള്‍ ആകെ നിരാശനായി. കാലാവസ്ഥയും വെള്ളവുമാണ് ഇദ്ദേഹത്തെ ചതിച്ചത്. വരുമാനമെന്ന പേരില്‍ തുച്ഛമായ പണമാണ് കിട്ടിയത്. മാനവ്‌ലോക്, സേവ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് എന്നീ രണ്ട് എന്‍.ജി.ഒ -കളെപ്പറ്റി ഈ കര്‍ഷകന്‍ കേട്ടറിഞ്ഞത് അപ്പോഴാണ്. ഈ രണ്ടു സംഘടനകളും മുരിങ്ങ കൃഷി ചെയ്ത് വിജയം നേടാനുള്ള വഴികളാണ് ശ്രിപതിക്ക് പറഞ്ഞുകൊടുത്തത്.

'പരുത്തിച്ചെടികളാണ് എല്ലായ്‌പ്പോഴും എന്റെ ഗ്രാമത്തില്‍ കൃഷി ചെയ്തിരുന്നത്. ഞാന്‍ മറ്റൊരു മാര്‍ഗം തേടി നടക്കുകയായിരുന്നു. മാനവ് ലോകും സേവ് ഇന്ത്യന്‍ ഫാര്‍മേഴ്‌സുമാണ് മുരിങ്ങത്തോട്ടം തുടങ്ങാനുള്ള ആശയം എനിക്ക് പറഞ്ഞുതന്നത്. ഇപ്പോള്‍ എനിക്ക് പരമ്പരാഗതവിളകള്‍ കൃഷി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം നേടാനും നന്നായി ജീവിക്കാനും കഴിയുന്നുണ്ട്.' ശ്രിപതി താന്‍ മുരിങ്ങക്കൃഷിയിലൂടെ ജീവിതവിജയം നേടിയത് ഓര്‍ത്തെടുക്കുന്നു.

മുരിങ്ങയുടെ ഔഷധഗുണം കാരണം വിപണിയില്‍ നല്ല ഡിമാന്റുള്ള വിളയാണിത്. ഇങ്ങനെ ഒരു മാര്‍ഗം മുന്നില്‍ തെളിഞ്ഞപ്പോള്‍ വരണ്ടുണങ്ങിയ കൃഷിഭൂമിയില്‍ ധൈര്യപൂര്‍വം മുരിങ്ങ കൃഷി ചെയ്യാന്‍ ആരംഭിച്ചു. 1600 മുരിങ്ങകളുടെ തൈകള്‍ ശ്രിപതി നട്ടുപിടിപ്പിച്ചു. രണ്ട് ഏക്കര്‍ ഭൂമിയാണ് മുരിങ്ങക്കൃഷിക്ക് തിരഞ്ഞെടുത്തത്.  1:1 അടി ആഴത്തിലും 10:6 അടി അകലത്തിലുമാണ് മുരിങ്ങയുടെ തൈകള്‍ നട്ടുപിടിപ്പിച്ചത്.

മുരിങ്ങയുടെ തൈകളും തുള്ളിനനയ്ക്കുള്ള സംവിധാനവും ഈ സംഘടനകള്‍ സൗജന്യമായി നല്‍കിയതാണ്. ഇതുപയോഗിച്ച് ശ്രിപതിയെക്കൂടാതെ നിരവധി കര്‍ഷകര്‍ വരണ്ടമണ്ണില്‍ നിന്ന് വിജയകരമായി വിളവെടുത്തു. ജീവാമൃതവും ചാണകപ്പൊടിയും മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചത്. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുകയായിരുന്നു. തൈകള്‍ നട്ട് ആറുമാസം കഴിഞ്ഞപ്പോള്‍ മുരിങ്ങ വിളവെടുക്കാന്‍ കഴിഞ്ഞു. മുരിങ്ങച്ചെടിയില്‍ സാധാരണയായി അസുഖങ്ങളൊന്നും ബാധിക്കാറില്ല. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് കിട്ടും. അതുപോലെ കുറഞ്ഞ പണം മുടക്കി വിളവില്‍ നിന്നും കൂടുതല്‍ വരുമാനമുണ്ടാക്കാം.

 

വെള്ളം കിട്ടാത്ത സ്ഥലങ്ങളില്‍ കൃഷി ചെയ്യാന്‍ പറ്റിയ വിളയാണ് മുരിങ്ങ. തുള്ളിനനയാണ് ഇതിന് അനുയോജ്യം. അതുപോലെ ദൂരസ്ഥലങ്ങളിലേക്ക് വിപണനത്തിനായി കൊണ്ടുപോകുമ്പോള്‍ കാര്യമായ തകരാറുകളൊന്നുമില്ലാതെയും കേടുപാടുകളില്ലാതെയുമെത്തിക്കാമെന്നതാണ് മറ്റൊരു ഗുണം.

മുരിങ്ങയുടെ ചെടികള്‍ക്ക് ആഴ്ചയില്‍ അഞ്ചോ ആറോ ദിവസം മാത്രമേ നനച്ചിട്ടുള്ളു. വിളവെടുത്ത മുരിങ്ങയ്ക്ക് 2 അടി മുതല്‍ 2.5 അടി വരെ നീളമുണ്ട്. ഇതുപോലെയുള്ള അഞ്ചോ ആറോ മുരിങ്ങകള്‍ ചേര്‍ത്തുവെച്ചാല്‍ 1 കി.ഗ്രാം ഭാരമുണ്ടാകും. ഇതിന് മാര്‍ക്കറ്റില്‍ 60 മുതല്‍ 70 കി.ഗ്രാം വരെയാണ് വില. മുരിങ്ങ വളര്‍ത്തി വിളവെടുത്ത ഇതേ തോട്ടത്തില്‍  വെണ്ടയും തക്കാളിയും ചോളവും വളര്‍ത്തി.  4000 കി.ഗ്രാം മുരിങ്ങ വിളവെടുത്താല്‍ ശ്രിപതിക്ക് ലഭിക്കുന്നത് രണ്ടുലക്ഷം രൂപയാണ്. ഇതിന് വേണ്ടി നിക്ഷേപിക്കുന്നത് വളരെ കുറഞ്ഞ പൈസയും.