ഈ കമ്പനിയുടെ വിജയത്തിനു പിന്നില്‍ ആരെയും പ്രചോദിപ്പിക്കുന്ന ഒരു കഥയുണ്ട്.  സി ഇ ഒയായ ഗിരീഷ് മാതൃഭൂതത്തിന്റെ കഥയാണത്. വര്‍ഷങ്ങളുടെ അധ്വാനവും, കണ്ണുനീരും, അപമാനവും അതിന്റെ പിന്നിലുണ്ട്. 

ഒരു കമ്പനി വളര്‍ന്നാല്‍ അതിന്റെ നേട്ടം മുതലാളിക്കാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ഇനി പറയുന്ന കഥയില്‍ പക്ഷേ, മുതലാളി മാത്രമല്ല രക്ഷപ്പെട്ടത്. മുതലാളിക്കൊപ്പം കഷ്ടപ്പെട്ടു പണിയെടുത്ത മറ്റു ജീവനക്കാര്‍ക്കും അതിന്റെ നേട്ടമുണ്ടായി. മുതലാളിക്കു പിന്നലെ, അവരില്‍ അഞ്ഞൂറിലേറെ പേരും കോടീശ്വരന്‍മാരായി. 

ഇത് ഫ്രഷ് വര്‍ക്‌സ് (Freshworks) എന്ന കമ്പനിയുടെ കഥയാണ്. വന്‍കിട കമ്പനികള്‍ക്ക് വിദഗ്ധ സേവനങ്ങള്‍ നല്‍കുന്ന കമ്പനി.രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍-ആസ്-എ-സര്‍വീസ് (SaaS) കമ്പനികളിലൊന്നാണ് ഇത്. 12.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ കമ്പനിയുടെ വിജയത്തിനു പിന്നില്‍ സി ഇ ഒ ആയ ഗിരീഷ് മാതൃഭൂതം (Girish Mathrubootham) ആണ്. 'ഓട്ടോറിക്ഷ ഓടിക്കാന്‍ പോലും പറ്റില്ല'' എന്ന് ബന്ധുക്കള്‍ പരിഹസിച്ചു നടന്ന ഒരു കാലത്തുനിന്നുമാണ് സ്വപ്രയത്‌നത്തിലൂടെ 46-കാരനായ ഗിരീഷ് ഈ സാമ്രാജ്യം കെട്ടിപ്പൊക്കിയത് 

കമ്പനി ആരംഭിക്കുന്ന സമയത്ത് മുതല്‍ ഗിരീഷ് പറയുന്ന ഒരു കാര്യമുണ്ട്. 'എനിക്ക് ബിഎംഡബ്ല്യു വാങ്ങാന്‍ വേണ്ടിയല്ല ഞാന്‍ കമ്പനി തുടങ്ങിയത്. എല്ലാവര്‍ക്കും (ജീവനക്കാര്‍ക്ക്) അത് വാങ്ങാനാണ്.'' ആ വാക്കുകള്‍ സത്യമായി. നാസ്ഡാകില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ കമ്പനി അതിന്റെ ജീവനക്കാര്‍ക്കും ഓഹരികള്‍ നല്‍കിയിരുന്നു. അധികം വൈകാതെ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നു. അങ്ങനെ കമ്പനിയുടെ 500 ജീവനക്കാരും കോടീശ്വരന്മാരായി മാറി. അതില്‍ മിക്കവരുടെയും പ്രായം 30 വയസില്‍ താഴെയാണ് എന്നു കൂടി ഓര്‍ക്കണം. 

12.2 ബില്യണ്‍ ഡോളര്‍ (90,000 കോടി രൂപ) മൂല്യമുള്ള ഈ കമ്പനിയുടെ വിജയത്തിനു പിന്നില്‍ ആരെയും പ്രചോദിപ്പിക്കുന്ന ഒരു കഥയുണ്ട്. സി ഇ ഒയായ ഗിരീഷ് മാതൃഭൂതത്തിന്റെ കഥയാണത്. വര്‍ഷങ്ങളുടെ അധ്വാനവും, കണ്ണുനീരും, അപമാനവും അതിന്റെ പിന്നിലുണ്ട്. 

1974 മാര്‍ച്ചില്‍ തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ഗിരീഷ് ജനിച്ചത്. അച്ഛന്‍ ഒരു ബാങ്ക് ജീവനക്കാരനായിരുന്നു. കാംബിയന്‍ ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. ഗിരീഷിന് വെറും 7 വയസ്സുള്ളപ്പോള്‍ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം അച്ഛന്‍ പുനര്‍വിവാഹം ചെയ്തു. ഇത് ഗിരീഷിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാന്‍ ഈ അനുഭവം അദ്ദേഹത്തിന് പ്രേരണയായി. ഇത് അദ്ദേഹത്തിന്റെ പഠിത്തത്തെയും ബാധിച്ചു. പൊതുവെ പഠിക്കാന്‍ പുറകോട്ടായ അദ്ദേഹത്തെ ബന്ധുക്കള്‍ നിരന്തരം അപമാനിച്ചു. പ്ലസ് ടുവിനും എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലും മോശം പ്രകടനം നടത്തിയ ഗിരീഷിനെ ബന്ധുക്കള്‍ വിമര്‍ശിച്ചു. പഠിത്തത്തിലുള്ള കഴിവില്ലായ്മ കണ്ട് അദ്ദേഹം ഒന്നിനും കൊളളില്ലെന്ന് അവര്‍ വിധി എഴുതി. 

എന്നാല്‍ ഓരോ കുത്തുവാക്കുകളും, അപമാനവും മുന്നോട്ട് നടക്കാനുള്ള ഊന്നുവടികളാക്കി അദ്ദേഹം. സ്വന്തം രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കാനുള്ള ഒരു വൈദഗ്ദ്ധ്യം അദ്ദേഹം ഉണ്ടാക്കി എടുത്തു. തുടര്‍ന്ന് അദ്ദേഹം ഷണ്‍മുഖ ആര്‍ട്‌സ്, സയന്‍സ്, ടെക്‌നോളജി ആന്‍ഡ് റിസര്‍ച്ച് അക്കാദമിയില്‍ നിന്ന് ബി.ഇ - ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് മാര്‍ക്കറ്റിംഗ് ഇന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് മാര്‍ക്കറ്റിംഗില്‍ എംബിഎ എടുക്കുകയും ചെയ്തു. അതിനിടെ അദ്ദേഹം ജാവ പഠിച്ചു. അതിനുശേഷം അദ്ദേഹം ചില ചെറിയ ജോലികള്‍ ചെയ്തു. 

താമസിയാതെ, ഗിരീഷ് ഒരു ജാവ പരിശീലന സ്ഥാപനം തുടങ്ങി. പക്ഷേ ഈ സംരംഭം അധികനാള്‍ നീണ്ടുനിന്നില്ല. അദ്ദേഹം എച്ച്‌സിഎല്ലില്‍ ചേര്‍ന്ന് അമേരിക്കയിലേക്ക് മാറി, അവിടെ ഒരു വര്‍ഷം താമസിച്ചു. 2001 -ല്‍ ജോലി ഉപേക്ഷിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യയില്‍ ഒരു പരിശീലന കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. ഗിരീഷിന്റെ എല്ലാ സുഹൃത്തുക്കളും അപ്പോഴേക്കും നല്ല ശമ്പളമുള്ള ജോലിയില്‍ പ്രവേശിച്ചിരുന്നു. അവര്‍ക്കൊക്കെ സ്വന്തമായി വീടും, കാറുമായി കഴിഞ്ഞിരുന്നു. എന്നാല്‍ ഗിരീഷാകട്ടെ മാസാമാസം കിട്ടുന്ന ചെറിയ തുകയിലാണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ അപ്പഴേക്കും വിരമിച്ചിരുന്നു. മകനെ കുറിച്ചോര്‍ത്ത് ആ അച്ഛന്‍ ആവലാതിപ്പെട്ടു.

പിന്നീടാണ് സോഹോ കോര്‍പ്പറേഷനില്‍ പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടറായി അദ്ദേഹം നിയമിതനാവുന്നത്. രണ്ടുവര്‍ഷത്തിന് ശേഷം, കമ്പനിയില്‍ പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റായി. അഞ്ച് വര്‍ഷത്തിനു ശേഷം അദ്ദേഹം സ്വന്തം കമ്പനി സ്ഥാപിച്ചു. ആദ്യം അെതിനിട്ട പേര് ഫ്രഷ്‌ഡെസ്‌ക് എന്നായിരുന്നു. 2017 ജൂണില്‍ കമ്പനിക്ക് ഫ്രെഷ് വര്‍ക്ക്‌സ് എന്ന് പേരു മാറ്റി. അതിന്റെ മൊത്തത്തിലുള്ള മൂല്യം ഇപ്പോള്‍ 13 ബില്യണ്‍ ഡോളറിലധികമാണ്. എളിയ രീതിയില്‍ തുടങ്ങിയ അദ്ദേഹം സ്വന്തം കഠിനാധ്വാനത്തിലൂടെയും സര്‍ഗ്ഗാത്മകതയിലൂടെയും നേട്ടങ്ങള്‍ കൈവരിക്കുകയായിരുന്നു.