'മൈക്രോഗ്രീന്‍സ് എന്തോ വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണമാണെന്ന വിചാരമാണ് ആളുകള്‍ക്ക്. ഇത് ഏതു സാധാരണക്കാരന്റെ വീട്ടിലെ ജനലിനരികിലും വളര്‍ത്താവുന്ന ഇലച്ചെടികളാണ്' ലിനേഷ് പിള്ള മൈക്രോഗ്രീന്‍സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയെക്കുറിച്ചാണ് ഇവിടെ ഓര്‍മിപ്പിക്കുന്നത്. 1000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമുണ്ടെങ്കില്‍ 100 കി.ഗ്രാം മൈക്രോഗ്രീന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഒരു മാസം ഉത്പാദിപ്പിക്കാം. എന്തിനാണ് തുറസായ സ്ഥലത്ത് വിഷമടിച്ച് വളര്‍ത്തുന്ന ഇലകള്‍ സാലഡില്‍ ചേര്‍ത്ത് ആരോഗ്യം നശിപ്പിക്കുന്നത്?

 

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ ഹോട്ടലുകള്‍ക്ക് സമീപവും മുംബൈ നഗരത്തിലെ മുക്കിലും മൂലയിലുമെല്ലാം ഇത്തിരിക്കുഞ്ഞന്‍മാരായ പോഷകച്ചെടികള്‍ വളര്‍ത്താനിറങ്ങിയതാണ് ലിനേഷും കൂട്ടരും. മൈക്രോഗ്രീന്‍ എന്ന് പേരിട്ട് വിളിക്കുന്ന ഈ ഇലച്ചെടികളുമായി ഇവര്‍ ഇന്ന് ഇന്ത്യയിലെ നാല് പ്രധാന പട്ടണങ്ങളിലായി 33 പ്രദേശങ്ങളില്‍ വിഷരഹിതമായ ഭക്ഷണമെത്തിക്കുകയെന്ന ദൗത്യം വിജയകരമായി നിര്‍വഹിക്കുന്നു. യു.എസിലും മോസ്‌കോയിലും ഇവര്‍ വേരുപിടിപ്പിച്ചു കഴിഞ്ഞു. സീറോ കാര്‍ബണ്‍ ഫുഡ് ജേര്‍ണിയെന്നാണ് ഇവര്‍ തങ്ങളുടെ സംരംഭത്തിന് നല്‍കിയിരിക്കുന്ന പേര്.

യു.എസിലെ റെസ്റ്റോറന്റിനുള്ളിലെ മൈക്രോ ഗ്രീൻ

 

'ഞാന്‍ കൃഷിയിലേക്കിറങ്ങുന്നതിന് മുമ്പ് പണമിടപാടുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് നടത്തുകയായിരുന്നു. ലണ്ടനില്‍ ഏഴു വര്‍ഷവും ദുബായില്‍ 10 വര്‍ഷവും ജോലി ചെയ്തു. അര്‍ബന്‍ അഗ്രിക്കള്‍ച്ചര്‍ എന്ന ആശയത്തിലേക്ക് ഇറങ്ങിയത് 2007 -ല്‍ പോളണ്ടിലെത്തിയപ്പോഴാണ്. എന്റെ അമ്മ പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിയാണ്. ഞാന്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്.' ലിനേഷ് പിള്ള സ്വയം പരിചയപ്പെടുത്തുന്നു.

ഒരു ചെടി പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുമ്പ് നമ്മള്‍ ഭക്ഷണമാക്കുമ്പോഴുള്ള  ഗുണത്തെക്കുറിച്ചാണ് ലിനേഷിന് പറയാനുള്ളത്. തളിരിലകളുള്ള പ്രായത്തിലെ ചെടികളില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ചെടിയിലുള്ളതിനേക്കാള്‍ 4 മുതല്‍ 40 മടങ്ങ് അധികം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രലോകം പറയുന്നതായി ഇവര്‍ ഓര്‍മപ്പെടുത്തുന്നു. അതുതന്നെയാണ് മൈക്രോഗ്രീനുകള്‍ കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണവും.

 

രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ചിന്തിച്ച ചെറുപ്പക്കാര്‍ വെര്‍ട്ടിക്കല്‍ ഫാമിങ്ങ് വഴി മുംബൈയില്‍ ഹരിതവിപ്ലവം സൃഷ്ടിക്കാനിറങ്ങിയ കഥയാണിത്. ഹോട്ടലുകളിലും സ്‌കൂളുകളിലും നഗരത്തിന്റെ മുക്കിലും മൂലയിലും മൈക്രോഗ്രീനുകള്‍ വളര്‍ത്തിയ ഇവര്‍ വിഷമില്ലാത്ത പച്ചക്കറികള്‍ മുംബൈ നഗരത്തിലെ ഊണ്‍മുറികളിലെത്തിച്ചു. ഔഷധഗുണമുള്ള ചെടികളും ഇലച്ചെടികളും ഭക്ഷിക്കാന്‍ അനുയോജ്യമായ പൂക്കളും ഇവര്‍ കൃഷി ചെയ്ത് വെര്‍ട്ടിക്കല്‍ ഫാമിങ്ങിന്റെ വിജയം മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തു. പട്ടണങ്ങളില്‍ അത്യാവശ്യമായി അവലംബിക്കേണ്ട കൃഷിരീതിയാണിതെന്ന് 'സീറോ കാര്‍ബണ്‍' കൃഷിയെക്കുറിച്ച് ലിനേഷ് ഓര്‍മിപ്പിക്കുന്നു.

മൈക്രോഗ്രീന്‍ ലിനേഷിന്റെ മനസില്‍ കയറിയ കാലം

ജൈവരീതിയില്‍ ഗുണനിലവാരമുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഉത്പാദനം വളരെ അത്യാവശ്യമാണെന്ന് മനസിലാക്കിയപ്പോഴാണ് ലിനേഷ് നാരായണന്‍ പിള്ള  2017ല്‍ 'അര്‍ബന്‍ ഗ്രീന്‍ ഫെയ്റ്റ് ഫാംസ്' എന്ന സ്ഥാപനം ആരംഭിച്ചത്. മുംബൈയില്‍ ആരംഭിച്ച കാര്‍ഷിക സ്റ്റാര്‍ട്ട് അപ്പാണ് അര്‍ബന്‍ ഗ്രീന്‍ ഫെയ്റ്റ് ഫാംസ്. ലൈവ് ഫുഡ് ഗാര്‍ഡന്‍ എന്ന രീതിയിലാണ് ഇവര്‍ കൃഷി ചെയ്തത്. കെട്ടിടങ്ങള്‍ക്ക് ഒരു കേടുപാടുകളും വരുത്താതെയാണ് കൃഷി. മൈക്രോഗ്രീനുകളെ പാത്രങ്ങളിലാക്കി ഇവര്‍ വീടുകളിലെത്തിക്കുന്നു. ചകിരിച്ചോറും കൂടി നല്‍കുന്നു. ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ ചെടികളില്‍ നിന്നും ഇലകള്‍ മുറിച്ചെടുത്ത് കൊണ്ടുപോകാവുന്നതാണ്. പട്ടിണി, പോഷകാഹാരക്കുറവ്, ഭക്ഷണ മലിനീകരണം, ഭക്ഷ്യ സുരക്ഷയില്ലായ്മ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഇവര്‍ നടത്തുകയുണ്ടായി. സമൂഹത്തിലെ താഴേക്കിടയില്‍ ജീവിക്കുന്നവര്‍ക്കിടയിലാണ് ഇവര്‍ ഇറങ്ങിച്ചെന്നത്.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 10,000 കി.ഗ്രാം മൈക്രോഗ്രീന്‍ ഇവര്‍ കൃഷിചെയ്തുണ്ടാക്കി. ഏകദേശം 4000 ആളുകളെ അവരുടെ വീട്ടില്‍ത്തന്നെ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞുമനസിലാക്കിക്കൊടുത്തു. പോഷകഗുണമുള്ളതും മലിനമാക്കപ്പെടാത്തതുമായ പച്ചക്കറികള്‍ എല്ലാവരുടെയും അടുക്കളകളില്‍ എത്തിക്കണമെന്ന ആഗ്രഹം വളരെ നാളുകള്‍ക്ക് മുമ്പേ ഉണ്ടായിരുന്നു. മുബൈയിലെ ഓരോ മട്ടുപ്പാവിലും മുക്കിലും മൂലയിലുമെല്ലാം പച്ചക്കറി ഫാം  ഉണ്ടാക്കണമെന്ന കാഴ്ചപ്പാടായിരുന്നു ലിനേഷിന്.

 

'എന്നോടൊപ്പം ചേരാന്‍ ആഗ്രഹമുള്ളവരെയാണ് ഞാന്‍ അന്വേഷിച്ചത്. എന്റെ ഒരു പഴയ കൂട്ടുകാരന്‍ മുന്നോട്ട് വന്നു. അതിനുശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി പ്രൊജക്ട് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ പങ്കാളികളെ കിട്ടി. 2013 -ലാണ് ടെറ്റാ ഫാംസ് എന്ന സ്ഥാപനത്തിന് രൂപം കൊടുക്കുന്നത്. പോളണ്ടില്‍ നിന്നുള്ള സംരംഭകനായ ഡാന്‍ ഗോമസ് ആയിരുന്നു ബിസിനസ് പങ്കാളി. ഇവിടെ നഗരങ്ങളിലെ വെര്‍ട്ടിക്കല്‍ ഫാമിങ്ങ് എന്ന ആശയം മുന്നോട്ട് വന്നു. ഈ സ്ഥാപനം 2017ല്‍ യു.ജി.എഫ് ഫാംസ് എന്ന പേരിലേക്ക് മാറി.' ലിനേഷ് തങ്ങളടെ സംരംഭത്തെക്കുറിച്ച് വിശദമാക്കുന്നു. ഇവര്‍ അന്വേഷിച്ചപ്പോള്‍ നഗരത്തിലുള്ളവരും കൃഷിയില്‍ തല്‍പ്പരരാണെന്ന് മനസിലാക്കി. പക്ഷേ കൃഷിഭൂമി ഇല്ലാത്തതായിരുന്നു ഇവരുടെ പ്രശ്നം.

വെര്‍ട്ടിക്കല്‍ ഫാമിങ്ങിന്റെ വിജയം

ഇന്ന് പട്ടണങ്ങളില്‍ ഈ ആശയം നിരവധി പേര്‍ നടപ്പിലാക്കുന്നു. വിവിധ സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി നടത്തുന്നുണ്ട്. മൈ ഹാര്‍വസ്റ്റ്, ക്രോഫ്റ്റേഴ്സ്, ദ ലിവിങ്ങ് ഗ്രീന്‍സ് എന്നിവ മണ്ണില്ലാതെ കൃഷി ചെയ്യാനുള്ള അവസരം നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പുകളാണ്.

എന്നിരുന്നാലും ലിനേഷിന്റെ ഫാം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വളരെ കുറഞ്ഞ ചിലവില്‍ നിര്‍മിക്കാമെന്നതാണ് പ്രത്യേകത. ഇവരുടെ മൈക്രോഗ്രീനുകള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന മറ്റിനങ്ങളേക്കാള്‍ നാലിരട്ടി പോഷകഗുണമുള്ളതാണെന്ന് ലിനേഷ് പറയുന്നു.

 

2017 -ല്‍ യു.ജി.എഫ് ഫാം ജീവരത്നി എന്ന സംഘടനയുമായി കൈകോര്‍ത്തു. സാമ്പത്തികമായും മാനസികമായും തഴയപ്പെട്ട കുട്ടികളെയും ഭിന്നശേഷിക്കാരായ കുട്ടികളെയും സംരക്ഷിക്കുന്ന സംഘടനയാണിത്. കുട്ടികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുകയും മൈക്രോഗ്രീനുകള്‍ വളര്‍ത്തിയെടുക്കാന്‍ പഠിപ്പിക്കുകയും ചെയ്തു.

 

'യു.ജി.എഫ് ഫാം ഇപ്പോള്‍ 'ഗ്രോയിങ്ങ് ടു ഈറ്റ്' ആക്റ്റിവിറ്റീസ് സ്‌കൂളുകളില്‍ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങള്‍ കുട്ടികളെ പച്ചക്കറികളുണ്ടാക്കാന്‍ പഠിപ്പിക്കുന്നു. സ്വയം പര്യാപ്തരാക്കാനും ജോലി ചെയ്യാനുമുള്ള അവസരം നല്‍കുന്നു. അതുവഴി പട്ടണം ഹരിതനഗരമാക്കാനും ശ്രമിക്കുന്നു.' ലിനേഷ് വ്യക്തമാക്കുന്നു. ഇവരുടെ ഫാം ഗോവ ആസ്ഥാനമാക്കിയുള്ള റസ്റ്റോറന്റായ ദ മസ്റ്റാര്‍ഡുമായി സഹകരിച്ച് പച്ചക്കറികളുടെ ഉത്പാദനം ആരംഭിച്ചു. സാലഡ് ഗ്രീന്‍സ്, പച്ചമരുന്ന് തോട്ടം, മൈക്രോ ഗ്രീനുകള്‍ എന്നിവയെല്ലാം റെസ്റ്റോറന്റിന്റെ പ്രവേശന കവാടത്തില്‍ നട്ടുവളര്‍ത്തി. മുമ്പ് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തയ്യാറാക്കിയ ഈ സ്ഥലത്ത് ഇപ്പോള്‍ മൈക്രോഗ്രീനുകള്‍ നിറഞ്ഞ് വളരുന്നു.

 

ഇവരുടെ ആശയം പ്രചാരം നേടിയപ്പോള്‍ കൂടുതല്‍ ഉപഭോക്താക്കളെ ലഭിച്ചു. ദ ഫ്യൂച്ചര്‍ ഗ്രൂപ്പ്, ഹൈപ്പര്‍സിറ്റി, ഹ്യാറ്റ് ഗ്രൂപ്പ് ഹോട്ടല്‍സ്, ഒലീവ് ബാര്‍ എന്നിവര്‍ ഇവരെ തേടിവന്നു. ബംഗളൂരുവിലെ ഫുഡ്ഹാള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവരുടെ മൈക്രോഗ്രീന്‍ വില്‍പ്പനയ്ക്കുണ്ട്. യു.എസ്.എയിലെ റെസ്റ്റോറന്റുകളിലും മൈക്രോഗ്രീനുകളും സാലഡുകളും വില്‍പ്പന നടത്തുന്നുണ്ട്. സഞ്ജീവ് കപൂര്‍ ബ്രാന്‍ഡുമായി സഹകരിച്ച് പുതിയ വിപണിയിലേക്കുള്ള യാത്രയിലാണ് ഇവര്‍ ഇപ്പോള്‍.

നിങ്ങള്‍ക്ക് മൈക്രോഗ്രീന്‍ വളര്‍ത്താന്‍ താല്‍പര്യമുണ്ടോ?

ഇത്തരം സംരംഭത്തിന് താല്‍പര്യമുണ്ടെങ്കില്‍ നിങ്ങള്‍ ഇലക്കറികള്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് നല്ല ധാരണയുണ്ടാകണമെന്ന് ലിനേഷ് സൂചിപ്പിക്കുന്നു.

 

നഗരങ്ങളില്‍ എല്ലാ തരത്തില്‍പ്പെട്ട പച്ചിലക്കറികളും കുഞ്ഞന്‍ചെടികളായി വളര്‍ത്തിയെടുക്കാം. പൂര്‍ണവളര്‍ച്ചയെത്താന്‍ മൂന്ന് മാസത്തില്‍ക്കൂടുതല്‍ കാലാവധി ആവശ്യമുള്ള ചെടികള്‍ തെരഞ്ഞെടുക്കരുത്.

 

മണ്ണില്ലാത്ത കൃഷിരീതിയാണ് സ്വീകരിക്കേണ്ടത്. വെര്‍ട്ടിക്കല്‍, ഷെല്‍ഫ്, ഹാങ്ങിങ്ങ് എന്നീ മൂന്ന് രീതിയില്‍ നിങ്ങള്‍ക്ക് വളര്‍ത്താം.

നന്നായി വെള്ളം വാര്‍ന്നുപോകുന്ന പാത്രങ്ങളിലായിരിക്കണം ചെടികള്‍ വളര്‍ത്തേണ്ടത്. പോട്ടിങ്ങ് മിശ്രിതം ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴിയും ലഭ്യമാണ്. തുടക്കക്കാര്‍ വളരെ ചെറിയ രീതിയിലേ ചെടികള്‍ വളര്‍ത്താവൂ എന്ന് ലിനേഷ് ഓര്‍മിപ്പിക്കുന്നു. പിന്നീട് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാം.