രാജ്യാന്തര കപ്പൽ പാതയായ സൂയസ് കനാലിൽ ഒരു ഭീമൻ ചരക്ക് കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയത് വലിയ പ്രതിസന്ധിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സൃഷ്ടിച്ചത്. എന്നാൽ, ഇപ്പോൾ സൂയസ് കനാലിൽ കുടുങ്ങിയ ആ ഭീമൻ കണ്ടെയ്നർ കപ്പൽ സ്വതന്ത്രമാവുകയും സുപ്രധാന ജലപാതയിലൂടെ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ആ സൂയസ് കനാലിന്റെ ചരിത്രപരമായ പ്രാധാന്യം എത്ര പേർക്കറിയാം? ഇന്ത്യയുടെ വ്യാപാര ചരിത്രത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ ജലപാതയുടെ പങ്ക് വളരെ വലുതാണ്. എന്നാൽ, ഇത് കൂടാതെ മറ്റൊരു മേഖലയിലും പരിവർത്തനം സൃഷ്ടിക്കാൻ ഇതിന് കഴിഞ്ഞിട്ടുണ്ട്. ആദ്യം കനാലിന്റെ ചരിത്രപരമായ പ്രാധാന്യം ഒന്ന് പരിശോധിക്കാം.  

ഈജിപ്റ്റിലെ ഒരു വൻ മനുഷ്യനിർമിത കനാലാണ് സൂയസ് കനാൽ. സീനായ് ഉപദ്വീപിന് പടിഞ്ഞാറ് ഭാഗത്തായിട്ട് സ്ഥിതി ചെയ്യുന്ന ഇതിന്റെ നീളം 163 കിലോമീറ്ററും, ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ്. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത് ഈജിപ്ത് പ്രസിഡന്റായിരുന്ന ജമാൽ അബ്ദുന്നാസിറിന്റെ കാലത്താണ് ദേശസാൽകരിക്കപ്പെട്ടത്. മെഡിറ്ററേനിയൻ കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന സൂയസ് കനാൽ തുറന്നത് യൂറോപ്പും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിച്ചു. ഇതുവഴി ഇംഗ്ലണ്ടിൽ നിന്ന് ഉപഭൂഖണ്ഡത്തിലേക്കുള്ള യാത്രാസമയം മൂന്ന് മാസത്തിൽ നിന്ന് നാലോ അഞ്ചോ ആഴ്ചയായി കുറഞ്ഞു. ഇതിനുമുമ്പ്, കപ്പലുകൾക്ക് ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് കേപ്പിന് ചുറ്റും സഞ്ചരിക്കേണ്ടി വന്നു.

ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് ഏറ്റവും വികസിത തുറമുഖമുള്ള നഗരമായി മുംബൈ. യൂറോപ്പിൽ നിന്നുള്ള കപ്പലുകൾക്ക് വന്നു ചേരാൻ സൗകര്യമുള്ള ഇവിടം ഗേറ്റ് വേ ഓഫ് ഇന്ത്യയായി രൂപാന്തരപ്പെട്ടു. റെയിൽ‌വേ ലൈനുകളുടെ വിപുലമായ ഒരു ശൃംഖല മഹാനഗരത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിച്ചു. ഇങ്ങനെ മുംബൈ നഗരം വികസനത്തിന്റെ പാതയിൽ നീങ്ങികൊണ്ടിക്കുമ്പോഴാണ് ഇന്തോ-യൂറോപ്യൻ ടെലിഗ്രാഫ് സ്ഥാപിതമാകുന്നത്. അത് യൂറോപ്പും ഇന്ത്യയും തമ്മിലുള്ള വേഗതയേറിയതും വിശ്വസനീയവുമായ ആശയവിനിമയത്തിനുള്ള അവസരം നൽകി. വിക്ടോറിയൻ കാലഘട്ടത്തിലെ ബിസിനസുകൾക്ക് നിർണായക സന്ദേശങ്ങൾ അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സമയം ഇത് ആഴ്ചകളിൽ നിന്ന് മിനിറ്റുകളായി കുറച്ചു.  

കനാലും, ഇന്തോ-യൂറോപ്യൻ ടെലിഗ്രാഫും ഇന്ത്യയുടെ ഉൽ‌പ്പന്നങ്ങൾ‌ വളരെ വേഗത്തിൽ‌ വിദേശ മാർക്കറ്റിൽ എത്തിക്കുന്നതിന് സഹായകമായി. ചരക്കുകളുടെ ദ്രുതഗതിയിലുള്ള ചലനവും കിഴക്ക്-പടിഞ്ഞാറൻ വ്യാപാരത്തിന്റെ വർദ്ധിച്ചുവരുന്ന അവസരവും വാണിജ്യത്തിന്റെ അനുബന്ധ സ്ഥാപനങ്ങളായ ബാങ്കിംഗ്, ഇൻഷുറൻസ്, ഷിപ്പിംഗ് എന്നിവയുടെ വളർച്ചയ്ക്ക് കാരണമായി. ഭൂഖണ്ഡങ്ങൾ തമ്മിലുള്ള യാത്ര വേഗത്തിലും കൂടുതൽ സുഖപ്രദമായും മാറിയപ്പോൾ, മുംബൈയുടെ ജീവിത മേഖലകളിൽ മറ്റൊന്നിനു കൂടി മാറ്റം സംഭവിച്ചു, ലൈംഗിക തൊഴിൽ മേഖലയിൽ. വാണിജ്യവും സെക്സും തമ്മിൽ എന്താണ് ബന്ധം എന്ന് ചിന്തിക്കുന്നുണ്ടാകും?

സൂയസ് കനാലും ലൈം​ഗിക വ്യാപാരവും തമ്മിലെന്ത്?

1869 -ൽ സൂയസ് കനാൽ തുറക്കുന്നതിനുമുമ്പ്, കിഴക്കൻ യൂറോപ്പിൽ നിന്നുള്ള വിദേശികളായ വേശ്യകൾ ബോംബെയിൽ അജ്ഞാതമായിരുന്നു.   യുറേഷ്യൻ അല്ലെങ്കിൽ ഇന്ത്യൻ ലൈംഗിക തൊഴിലാളികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന് സിവിൽ സർവീസ് എസ് എം എഡ്വേർഡ്സ് 1929 -ൽ പ്രസിദ്ധീകരിച്ച തന്റെ പുസ്തകമായ ബോംബെ സിറ്റി പൊലീസിൽ പറയുന്നു. യൂറോപ്പും ഏഷ്യയും ചേരുന്ന ലാൻഡ്‌മാസിനെയാണ് യുറേഷ്യൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ, വലിയ യൂറോപ്യൻ ഷിപ്പിംഗ് കമ്പനികൾ ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിച്ചു തുടങ്ങിയപ്പോൾ, ഈജിപ്തിലെ പോർട്ട് സെയ്ഡ് തുറമുഖം യൂറോപ്പിലെ വേശ്യകളുടെ പ്രിയപ്പെട്ട ഇടമായിത്തീർന്നു. തുടർന്ന് ഇന്ത്യയും ആഗോള ലൈംഗിക വ്യാപാരത്തിന്റെ ഭാഗമായി തീരുകയായിരുന്നു.  

"സ്ത്രീകൾ സാധാരണയായി സ്വന്തം ഇഷ്ടപ്രകാരമാണ് ഇന്ത്യയിൽ എത്തിച്ചേർന്നിരുന്നത്. ബോംബെയിൽ എത്തുന്ന അവരെല്ലാം പ്രായപൂർത്തിയായവരായിരുന്നു. അവിടെ അവരെ സ്വീകരിക്കാൻ വേശ്യാലയത്തിന്റെ യജമാനത്തികളുണ്ടാകും. അത് ഒരുപക്ഷേ, പ്രായം ചെന്ന ഒരു മുൻ വേശ്യയാകാം. ദിവസേന തങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനം പ്രതിഫലമായി ഈ വേശ്യകൾ തങ്ങളുടെ യജമാനത്തിയ്ക്ക് നൽകുമ്പോൾ പകരമായി അവർ ഭക്ഷണവും, പാർപ്പിടവും നൽകുന്നു" എഡ്വേർഡ്സ് എഴുതി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഇന്ത്യയിലെ മറ്റേത് നഗരങ്ങളിലെക്കാളും കൂടുതൽ യൂറോപ്യൻ ലൈംഗികത്തൊഴിലാളികൾ ഉണ്ടായിരുന്നത് മുംബൈയിലായിരുന്നു എന്ന് അശ്വിനി തംബെ തന്റെ 'കോഡ്‍സ് ഓഫ് മിസ്‍കണ്ടക്ട്: റെ​ഗുലേറ്റിം​ഗ് പ്രോസ്റ്റിറ്റിയൂഷൻ ഇൻ ലേറ്റ് കൊളോണിയൽ ബോംബെ' (Codes of Misconduct: Regulating Prostitution in Late Colonial Bombay)  -യിൽ എഴുതിയിരുന്നു. “പോളണ്ടിൽ നിന്നുപോലും സ്ത്രീകൾ ബോംബെയിലെ വേശ്യാലയങ്ങളിൽ എത്തിച്ചേർന്നിരുന്നു” അവർ കുറിച്ചു.

യൂറോപ്യൻ സ്ത്രീകളിൽ പലരും ടാർഡിയോ, ഗ്രാന്റ് റോഡ്, ബൈക്കുല്ല എന്നിവിടങ്ങളിലെ വേശ്യാലയങ്ങളിൽ ജോലി ചെയ്തിരുന്നു. അവിടെ ശുക്ലജി സ്ട്രീറ്റിലെ ഒരു ഭാഗം 'സേഫ്ഡ് ഗല്ലി' അല്ലെങ്കിൽ 'വൈറ്റ് ലെയ്ൻ' എന്നറിയപ്പെട്ടു. 'വംശീയ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും വംശീയ സങ്കലനം തടയുന്നതിനുമായുള്ള ഒരു നിർണായക രാഷ്ട്രീയ പദ്ധതിയായി അത് മാറി' -ടാംബെ എഴുതുന്നു. യൂറോപ്യൻ വേശ്യാലയങ്ങളുടെ നിലനിൽപ്പിന് കാരണമായത് ഈ മൂന്ന് വ്യത്യസ്ത അനിവാര്യതകളാണ്: ബ്രിട്ടീഷ് പട്ടാളക്കാർക്കും നാവികർക്കും ലൈംഗിക വിനോദം നൽകുക, മറ്റ് വംശക്കാരുമായുള്ള ലൈംഗികത തടയുക, ബ്രിട്ടീഷ് ദേശീയ അന്തസ് സംരക്ഷിക്കുക. ബ്രിട്ടീഷ് പുരുഷന്മാരും ഇന്ത്യൻ സ്ത്രീകളും തമ്മിലുള്ള ലൈംഗിക ബന്ധം സ്വീകാര്യമായിരുന്നെങ്കിലും യൂറോപ്യൻ പുരുഷന്മാർ ബ്രിട്ടീഷ് സ്ത്രീകളെയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. 

എന്നാൽ, ബ്രിട്ടീഷ് ഭരണാധികാരികൾ വേശ്യാലയങ്ങൾക്ക് തടസം പറഞ്ഞില്ലെങ്കിലും, വേശ്യാലയ തൊഴിലാളികൾ ബ്രിട്ടീഷുകാരല്ലെന്ന് ഉറപ്പുവരുത്താൻ അവർ ശ്രമിച്ചു. അത് ബ്രിട്ടീഷ് സ്ത്രീത്വത്തെ മോശമായി പ്രതിഫലിപ്പിക്കുമെന്ന് അവർ ഭയപ്പെട്ടു. ഒടുവിൽ വർദ്ധിച്ചുവന്ന സമ്മർദ്ദങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്വ അധികാരികളെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു. വൈറ്റ് സ്ലേവറി തടയാനായി 1912 -ലെ ക്രിമിനൽ നിയമ ഭേദഗതി നിയമം പാസാക്കപ്പെട്ടു. ഈ നിയമം പിമ്പുകൾക്കും കടത്തുകാർക്കുമെതിരെ വേഗത്തിൽ നിയമനടപടി അനുവദിക്കുകയും വേശ്യാവൃത്തിക്കായി സ്ത്രീകളെ വാങ്ങുന്നവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്തു. എങ്കിലും, 1930 വരെ ബ്രിട്ടീഷ് ഇന്ത്യയിൽ വേശ്യാലയങ്ങൾ നിയമാനുസൃതമായി തുടർന്നു.