അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകിക്കൊണ്ടുള്ള വിധി വന്നിരിക്കുകയാണല്ലോ. ഒപ്പം, അവകാശവാദവുമായി സുപ്രീംകോടതിയെ സമീപിച്ച സുന്നി വഖഫ് ബോർഡിന്, വിട്ടുകൊടുക്കുന്ന ഭൂമിക്ക് പകരം അഞ്ചേക്കർ സ്ഥലം പള്ളി പണിയാൻ വേണ്ടി അയോധ്യയിൽ തന്നെ കണ്ടെത്തി നൽകണം എന്നും വിധിയിൽ പറഞ്ഞു. ഈ വിധിയിൽ പേര് പരാമർശിക്കപ്പെട്ടതിന്റെ പേരിൽ വീണ്ടും വെള്ളിവെളിച്ചത്തിൽ വന്നു നിൽക്കുന്ന ഒരു പേരുകൂടിയുണ്ട്. അത്, ഈ വിഷയത്തിൽ ഒരിക്കൽ കോടതിയെ സമീപിച്ചിട്ടുള്ള  ഗോപാൽ സിങ്ങ് വിശാരദിന്റേതാണ്. സമക്ഷത്ത് പരാതിയുമായി വന്ന് അറുപത്തൊമ്പത് കൊല്ലത്തിനു ശേഷം,   വിശാരദിന് കോടതി വിഗ്രഹങ്ങൾക്കടുത്തു ചെന്ന് പ്രാർത്ഥനാദികർമങ്ങൾ അനുഷ്ടിക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിധിച്ചിട്ടുണ്ട്. ഒരേയൊരു പ്രശ്നം മാത്രം, അദ്ദേഹം മരണപ്പെട്ടിട്ട് വർഷം മുപ്പത്തിമൂന്നുകഴിഞ്ഞിരിക്കുന്നു..! 

ആരാണ് ഈ ഗോപാൽ സിങ്ങ്  വിശാരദ് ?

അയോധ്യാ തർക്കത്തിൽ ആദ്യം ഫയൽ ചെയ്യപ്പെട്ട നാല് സിവിൽ അന്യായങ്ങളിലൊന്ന് ഗോപാൽ സിങ്ങ് 'വിശാരദി'ന്റേതായിരുന്നു. അയോധ്യാ നിവാസിയായിരുന്ന ഗോപാൽ സിങ്ങ് തനിക്ക് രാമജന്മഭൂമിയിലെ വിഗ്രഹങ്ങളിൽ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം നൽകണമെന്നുള്ള ഹർജിയുമായി ഫൈസാബാദ് ജില്ലാ കോടതിയെ സമീപിച്ചത് 1950 ജനുവരി 16 -നായിരുന്നു. അതിനും മുമ്പ്, 1949 ഡിസംബർ 22-23 രാത്രിയിൽ അഭയ് രാംദാസും അയാളുടെ സഹായികളും കൂടി ബാബരിമസ്ജിദിന്റെ മതിൽ ചാടി അകത്തുചെന്ന് വിഗ്രഹങ്ങൾ സ്ഥാപിക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ടായിരുന്നു. വിഗ്രഹങ്ങൾ ആരുമറിയാതെ കൊണ്ടുവെച്ചശേഷം രാമനും, സീതയും, ലക്ഷ്മണനും പ്രത്യക്ഷനായി തങ്ങളുടെ ഇടം തിരിച്ചു പിടിച്ചതാണ് എന്ന് അവർ പ്രചരിപ്പിക്കുകയുമുണ്ടായത്രേ.

അന്ന് നാല്പത്തിരണ്ടു വയസ്സായിരുന്നു ഗോപാൽ സിങ്ങ് വിശാരദിന്റെ പ്രായം. ഹിന്ദു മഹാസഭയുടെ അയോധ്യാ സെക്രട്ടറിയായിരുന്നു വിശാരദ്. 'വിശാരദ്' എന്നത് ഗോപാൽ സിങ്ങിന് സംസ്കൃതഭാഷയിലുണ്ടായിരുന്ന പാണ്ഡിത്യത്തിന്റെ സൂചകമായി  ബിരുദമായിരുന്നു. പുണ്യഭൂമിയിൽ ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് അയോധ്യയിലേക്ക് കുടിയേറി അവിടെ സ്ഥിരതാമസമാക്കിയ ഒരു അഭിഭാഷകനായിരുന്നു ഗോപാൽ സിങ്ങ്.

 

ഈ സംഭവങ്ങൾക്കു ശേഷമായിരുന്നു ഗോപാൽ സിങിന്റെ കോടതികയറ്റം. മേൽപ്പറഞ്ഞ വിഗ്രഹങ്ങൾ അവിടെ നിന്ന് മാറ്റരുത് എന്നും അതിന്മേൽ ദർശനത്തിനും പൂജക്കുമുള്ള അവകാശം അവകാശം തനിക്ക് അനുവദിച്ചു തരണം എന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. മൂർത്തികൾ നീക്കം ചെയ്യുന്നതിനെതിരെയുള്ള ഗോപാൽ സിങിന്റെ ഇൻജംക്ഷൻ കോടതി അനുവദിച്ചു. അത് മേൽക്കോടതിയിൽ ചലഞ്ച് ചെയ്യപ്പെട്ടു.  അധികം താമസിയാതെ ഇതേ ആവശ്യവുമായി രാമചന്ദ്ര ദാസ് പരമഹംസ എന്നൊരാളും കോടതിയെ സമീപിച്ചു. പിന്നീട് ഈ സിവിൽ അന്യായങ്ങളൊക്കെയും കോടതിനടപടികളുടെ നൂലാമാലയിൽ കുടുങ്ങി വൈകിക്കൊണ്ടിരുന്നു. കേസ് വർഷങ്ങളോളം നീണ്ടുപോയി. ഒടുവിൽ 1986-ൽ ഗോപാൽ സിങ്ങ് 'വിശാരദ്' മരിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ മകൻ രാജേന്ദ്ര സിങ്ങ് കേസ് നടത്തിപ്പോരുകയായിരുന്നു.  

അയോധ്യാ ഭൂമിതർക്കത്തിൽ എല്ലാ അന്യായങ്ങൾക്കും ചേർത്തുള്ള ഒറ്റവിധിയാണ് ഇപ്പോൾ പുറപ്പെടുവിക്കപ്പെട്ടത്. അതാണ് ഗോപാൽ സിങ്ങ് വിശാരദിന്റെ പേരും പ്രസ്തുത വിധിന്യായത്തിൽ പ്രത്യക്ഷപ്പെടാനുള്ള കാരണം. ഏറെ വൈകിയാണെങ്കിലും ഇന്ന് പ്രഖ്യാപിക്കപ്പെട്ട അയോധ്യാ തർക്കത്തിൽ വിധിന്യായം ഒടുവിൽ . ഗോപാൽ സിങിന് അനുകൂലമായിരുന്നു. അതിന് സാക്ഷ്യം വഹിക്കാൻ ഗോപാൽ  സിങ്ങ് 'വിശാരദ്' ഇന്ന് ജീവനോടെ അവശേഷിക്കുന്നില്ല എന്നുമാത്രം.