ഇത് അഹമ്മദ് മസൂദിന്റെ വാക്കുകളാണ്.  2001 സെപ്തംബര്‍ ഒമ്പതിന് അല്‍ഖാഇദ ചാവേറുകള്‍ വധിച്ച അഫ്ഗാന്‍ വീരനായകന്‍ അഹമ്മദ് ഷാ മസൂദിന്റെ മകന്‍. അഫ്ഗാനിസ്താനില്‍ താലിബാനെതിരായി നടക്കുന്ന പോരാട്ടത്തിന്റെ നായകന്‍. വാഷിംഗ്ടണ്‍ പോസ്റ്റില്‍ പേരുവെച്ചെഴുതിയ കുറിപ്പിലാണ് മസൂദ് ഇക്കാര്യം പറയുന്നത്. 

''പഞ്ച്ഷീര്‍ താഴ്‌വരയില്‍നിന്നാണ് ഞാനിതെഴുതുന്നത്. എന്റെ പിതാവിന്റെ കാലടിപ്പാടുകള്‍ പിന്തുടരാന്‍ തയ്യാറാറെടുത്തു കൊണ്ട്, നിരവധി മുജാഹിദുകള്‍ താലിബാനെതിരെ വീണ്ടും പടപൊരുതാന്‍ തയ്യാറായി എന്റെ കൂടെയുണ്ട്. ഞങ്ങളുടെ കൈയില്‍ നിരവധി വെടിക്കോപ്പുകളും അനവധി ആയുധങ്ങളുമുണ്ട്. എന്റെ പിതാവിനെ താലിബാന്‍ ചതിയില്‍ വധിച്ച അന്ന് മുതല്‍ ശേഖരിക്കുന്നതാണ് ആയുധങ്ങള്‍. ഈ ദിവസം വരുമെന്ന് ഞങ്ങള്‍ക്ക് അന്നേ അറിയാമായിരുന്നു. ''

ഇത് അഹമ്മദ് മസൂദിന്റെ വാക്കുകളാണ്. 2001 സെപ്തംബര്‍ ഒമ്പതിന് അല്‍ഖാഇദ ചാവേറുകള്‍ വധിച്ച അഫ്ഗാന്‍ വീരനായകന്‍ അഹമ്മദ് ഷാ മസൂദിന്റെ മകന്‍. അഫ്ഗാനിസ്താനില്‍ താലിബാനെതിരായി നടക്കുന്ന പോരാട്ടത്തിന്റെ നായകന്‍. വാഷിംഗ്ടണ്‍ പോസ്റ്റില്‍ പേരുവെച്ചെഴുതിയ കുറിപ്പിലാണ് മസൂദ് ഇക്കാര്യം പറയുന്നത്. 

വടക്കന്‍ അഫ്ഗാനിസ്താനിലെ ഈ തന്ത്രപ്രധാന പര്‍വ്വതമേഖല താലിബാന്‍ വളഞ്ഞിരിക്കുകയാണ്. താലിബാനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ദേശീയ പ്രതിരോധ മുന്നണി എന്തിനും തയ്യാറായി നില്‍ക്കുന്നു. അഫ്ഗാനിസ്താന്റെ പല പ്രദേശങ്ങളിലുമായി ഇവര്‍ താലിബാനുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. നൂറു കണക്കിന് താലിബാന്‍കാരെ സഖ്യം ഇതിനകം കൊന്നൊടുക്കി. താലിബാനില്‍നിന്നും നിരവധി പ്രദേശങ്ങള്‍ പിടിച്ചടക്കി. 

മസൂദിനൊപ്പം മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹുമുണ്ട്. സോവിയറ്റ് യൂനിയനെ ഗറില്ലാ യുദ്ധത്തിലൂടെ തറപറ്റിച്ച പഴയ അഫ്ഗാന്‍ മുജാഹിദുകളും അഹമ്മദ് ഷാ മസൂദിന്റെ സഹപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ട്. ഇവരുമായി യുദ്ധം ഒഴിവാക്കാന്‍ താലിബാന്‍ റഷ്യയുടെ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ മധ്യസ്ഥത ഫലിച്ചില്ലെങ്കില്‍, പഞ്ച്ഷീര്‍ വീണ്ടും യുദ്ധഭൂമിയാവുമെന്ന് ഉറപ്പാണ്. സംഘര്‍ഷഭരിതമായ ഈ സാഹചര്യത്തിലാണ്, മസൂദിന്റെ ലേഖനം വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. 

Scroll to load tweet…

ഞാന്‍ അഹമ്മദ് ഷാ മസൂദിന്റെ മകനാണ്, കീഴടങ്ങല്‍ എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല

1998-ല്‍ തനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ നടന്ന ഒരു സംഭവം സൂചിപ്പിച്ചാണ് മസൂദിന്റെ ലേഖനം ആരംഭിക്കുന്നത്. ''തന്റെ സൈനികരെ പിതാവ് അഹമ്മദ് ഷാ മസൂദ് പഞ്ച്ഷീര്‍ താഴ്‌വരയിലെ ഒരു ഗുഹയില്‍ വിളിച്ചുചേര്‍ത്തു. അവിടെയിരുന്ന് അവര്‍, എന്റെ പിതാവിന്റെ സുഹൃത്ത് കൂടിയായ ഫ്രഞ്ച് ചിന്തകന്‍ ബെര്‍ണാര്‍ഡ് ഹെന്റി ലെവിയുടെ വാക്കുകള്‍ കേട്ടു. ലെവി പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുമ്പോള്‍, നിങ്ങള്‍ ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂടിയാണ് പൊരുതുന്നത്. താലിബാനെതിരായ പോരാട്ടത്തിനിടെ, എന്റെ പിതാവ് അതൊരിക്കലും മറന്നില്ല. 2001 സെപ്തംബര്‍ ഒമ്പതിന് താലിബാനും അല്‍ ഖാഇദയും ചേര്‍ന്ന് എന്റെ പിതാവിനെ കൊന്നു. അഫ്ഗാനിസ്താന് വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹം പോരാടിയത്. പടിഞ്ഞാറിനു കൂടി വേണ്ടി യായിരുന്നു''

ഇവിടെ സൂചിപ്പിക്കുന്ന ഫ്രഞ്ച് ചിന്തകന്‍ ബെര്‍ണാര്‍ഡ് ഹെന്റി ലെവി മസൂദിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ചെയ്തു. തന്റെ സുഹൃത്തിന്റെ മകനായ മസൂദിനും മുജാഹിദ് പോരാളികള്‍ക്കും ഒപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്: ഞാന്‍ അഹമ്ദ് മസൂദിനോട് ഫോണില്‍ സംസാരിച്ചു. അവന്‍ എന്നോട് പറഞ്ഞു: ''ഞാന്‍ അഹമ്മദ് ഷാ മസൂദിന്റെ മകനാണ്, കീഴടങ്ങല്‍ എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല.'' ഇതാണ് തുടക്കം. പ്രതിരോധം തുടങ്ങിക്കഴിഞ്ഞു. 

Scroll to load tweet…


'ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം വേണം'
കാലങ്ങളായി സംഭരിച്ചുവെച്ച ആയുധങ്ങള്‍ മാത്രമല്ല തങ്ങളുടെ കൈയിലുള്ളതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിലെ കുറിപ്പില്‍ മസൂദ് എഴുതുന്നു. ''പഞ്ച്ഷീറിനെ സംരക്ഷിക്കാനുള്ള എന്റെ ആഹ്വാനം കേട്ട് എത്തിയ നിരവധി അഫ്ഗാന്‍കാരുടെ ആയുധങ്ങള്‍ ഒപ്പമുണ്ട്. സ്വന്തം കമാണ്ടര്‍മാര്‍ താലിബാന് എളുപ്പം കീഴടങ്ങിയതില്‍ രോഷാകുലരായ അഫ്താന്‍ സൈന്യത്തിലെ നിരവധി പേരും ആയുധങ്ങളുമായി ഇവിടെ എത്തിയിട്ടുണ്ട്. അഫ്ഗാന്‍ പ്രത്യേക സേനയിലെ മുന്‍ അംഗങ്ങളും ഞങ്ങള്‍ക്കാപ്പമുണ്ട്.''

എന്നാല്‍, അതൊന്നും താലിബാനെതിരായ യുദ്ധത്തിന് അതൊന്നും മതിയാവില്ലെന്നും അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും സഹായം അടിയന്തിരമായി ലഭിക്കണമെന്നും ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം വേണം എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ മസൂദ് പറയുന്നു. 

''ആക്രമിച്ചാല്‍, താലിബാനെ ഞങ്ങള്‍ വെറുതെവിടില്ല. 20 വര്‍ഷം മുമ്പ് സംഭവിച്ചതുപോലെ, അവര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ ഞങ്ങളുടെ പതാക പാറും. എങ്കിലും, ഞങ്ങളുടെ സൈനികബലവും പടക്കോപ്പുകളും ദീര്‍ഘപോരാട്ടത്തിന് തികയില്ലെന്ന് ഞങ്ങള്‍ക്കറിയാം. സമയംകളയാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ങ്ങളെ സഹായിച്ചില്ലെങ്കില്‍, ഞങ്ങളുടെ ആയുധബലം കുറയും. ''-മസൂദ് എഴുതുന്നു. 

അഹമ്മദ് മസൂദിന്റെ പിതാവ് അഹമ്മദ് ഷാ മസൂദ്

''പെണ്‍കുട്ടികള്‍ക്ക് ഡോക്ടര്‍മാരാകാന്‍ കഴിയുന്ന, മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, ചെറുപ്പക്കാര്‍ക്ക് നൃത്തം ചെയ്യാനും സംഗീതം ആസ്വദിക്കാനും സ്‌റ്റേഡിയങ്ങളിലിരുന്ന് സോക്കര്‍ കാണാനും കഴിയുന്ന ഒരു തുറന്ന സമൂഹമായി അഫ്ഗാനെ മാറ്റിയെടുക്കാന്‍ വേണ്ടിയാണ് കാലങ്ങളായി ഞങ്ങള്‍ പോരാടുന്നത്. ''-മസൂദ് എഴുതുന്നു.

അഫ്ഗാന്‍ ജനതയ്ക്ക് മാത്രമായുള്ള പ്രശ്‌നമല്ല, താലിബാനെന്നും മസൂദ് മുന്നറിയിപ്പ് നല്‍കുന്നു. ''താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിസ്താന്‍ റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് ഭീകരവാദത്തിന്റെ ഗ്രൗണ്ട് സീറോ ആയി മാറും.'' 

എന്തുതന്നെ സംഭവിച്ചാലും, അഫ്ഗാന്‍ സ്വാതന്ത്ര്യത്തിന്റെ അവസാന തുരുത്ത് എന്ന നിലയില്‍ പഞ്ച്ഷീര്‍ താഴ്‌വരയെ ഞാനും എന്റെ മുജാഹിദീന്‍ യോദ്ധാക്കളും എന്തു വിലകൊടുത്തും സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന് മസൂദ് ലേഖനത്തില്‍ ആവര്‍ത്തിക്കുന്നു.