പ്രളയകാലത്ത് പാടെ മുങ്ങിയ കർണ്ണാടകത്തിൽ നിന്ന് ചില ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ആറുലക്ഷത്തിൽ അധികംപേരെ വീടുവിട്ടിറങ്ങാൻ നിർബന്ധിതരാക്കിയ, 61 പേരുടെ ജീവനെടുത്ത പ്രളയം ഏറ്റവും തീക്ഷ്ണമായത് ബെൽഗാവി എന്ന പ്രദേശത്താണ്. അവിടെ നിന്നുതന്നെ, പ്രതീക്ഷയുടെ തിരിവെളിച്ചം കെട്ടുപോകാത്ത ഒരു അതിജീവനത്തിന്റെ കഥയും വരികയാണ്. പ്രളയങ്ങൾക്ക് ഒരു ചരിത്രപുസ്തകമുണ്ടെങ്കിൽ അതിൽ ഇടംപിടിക്കേണ്ട ഒന്നാണ്, ഈ കഥ. അത്രയും ഹൃദയസ്പർശിയാണ് ഈ പ്രളയാതിജീവനം.

ഇത് രത്‌നാബായിയുടെയും കടപ്പയുടെയും കഥയാണ്. അഞ്ചേക്കറിൽ പരന്നുകിടക്കുന്ന ഒരു വലിയ മാന്തോപ്പിന്റെ കാര്യക്കാരാണ് ഇരുവരും. ഉടമസ്ഥൻ നഗരത്തിലെങ്ങോ ആണ് താമസം. ആ തോപ്പിന്റെ ഒരു മൂലയ്ക്കൽ കെട്ടിപ്പൊക്കിയ ഒരു കൊച്ചുവീട്ടിൽ കഴിഞ്ഞ അഞ്ചുമാസമായി കഴിഞ്ഞുകൂടുകയാണ് ഇരുവരും. മാങ്ങയുടെ സീസണിൽ ഇവർക്ക് വിശപ്പടക്കാൻ വക നൽകുന്നത്  ഇവിടത്തെ ജോലിയാണ്. വികലാംഗനായ കടപ്പയെയും ഭാര്യ രത്നാബായിയെയും വിശ്വസിച്ചേൽപ്പിച്ചു പോയിരിക്കയാണ് ആ തോട്ടം. എന്തുതന്നെ വന്നാലും അത് വിട്ടുപോകാൻ അവർക്കിരുവർക്കും ആവില്ലായിരുന്നു. ചെയ്യുന്ന തൊഴിലിനോടുള്ള ആ ആത്മാർത്ഥത തന്നെയാണ് ഇരുവർക്കും വിനയായത്. പ്രളയം വന്നു പടിവാതിൽക്കൽ നിന്നിട്ടും അവർ പോയില്ല. വെള്ളം ഇറങ്ങും എന്നുതന്നെ അവർ പ്രതീക്ഷിച്ചു. കാത്തിരുന്നു. പക്ഷേ, അവർ പ്രതീക്ഷിച്ചപടിയായിരുന്നില്ല പ്രകൃതിയുടെ പ്ലാൻ. 

വെള്ളം കേറിക്കേറി വന്നു. അതിനനുസരിച്ച് അവരും കസേരയിലും മേശപ്പുറത്തും, പിന്നെ, കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഒക്കെയായി കഴിച്ചുകൂട്ടി. പിന്നെയും ചന്നംപിന്നം മഴ പെയ്തുകൊണ്ടേയിരുന്നു. ആ കെട്ടിടത്തിന്റെ മേൽക്കൂരയിൽ, ഒരിറ്റു ചോറ് തിന്നാനില്ലാതെ, പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് സ്വന്തം ദേഹം മറച്ച് അവർ തണുത്തുവിറച്ചിരുന്നു. മഴ കൂടുന്നതല്ലാതെ കുറയുന്നില്ലായിരുന്നു. ഒടുവിൽ ഒരു രാത്രിയിൽ ആ താത്കാലിക കെട്ടിടം പ്രളയത്തിന് മുന്നിൽ തോറ്റു. അത് ഇടിഞ്ഞു നിലംപൊത്തി.  

അതേപ്പറ്റി കടപ്പ ഇന്ത്യൻ എക്പ്രസിനോട് ഇങ്ങനെ പറഞ്ഞു, "എനിക്ക് അവളുടെ കാര്യം ഓർക്കുമ്പോൾ മാത്രമേ പേടിയുണ്ടായിരുന്നുള്ളൂ. താഴെനിന്ന് ഒരു തുണിയെടുക്കാൻ വേണ്ടി അവൾ ഇറങ്ങിപ്പോയപ്പോഴാണ് കെട്ടിടം ഇടിഞ്ഞു താഴെപ്പോകുന്നത്. സ്ലാബിടിഞ്ഞു വീണത് അവളുടെ കാലിൽക്കൂടി ആയിരുന്നു. വീടിനടുത്തുള്ള ഒരു മാവിൽ ഞാൻ വലിഞ്ഞു കേറി. എന്നിട്ട് കയറിട്ടുകെട്ടി അവളെയും മേലെ കയറ്റി.." മൂന്നാമത്തെ രാത്രി ഞങ്ങൾ ആ മാവിന്റെ മുകളിലാണ് ചെലവിട്ടത്. 

അപ്പോഴേക്കും ഫാമിന്റെ ഉടമസ്ഥൻ സ്ഥലത്തെത്തി. അയാൾക്കും കുടുങ്ങിക്കിടക്കുന്ന ദമ്പതികൾക്കും ഇടയിൽ ഒരു കയത്തിന്റെ ദൂരമുണ്ടായിരുന്നു. മുറിച്ചുകടക്കാൻ ആർക്കും ധൈര്യമില്ലാത്ത ഒരു കയം. കയത്തിന് അപ്പുറം നിന്നുകൊണ്ട് അയാൾ കടപ്പയ്ക്കും രത്‌നാബായിക്കും നേരെ ടോർച്ചടിച്ചുകൊണ്ടിരുന്നു. അവർക്ക് പ്രതീക്ഷ നൽകാൻ എന്നവണ്ണം. 

നാലാം നാൾ NDRFന്റെ സംഘം വന്നെത്തി. അവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ ഫാമിൽനിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയുള്ള ഒരു അമ്പലത്തിൽ കഴിയുകയാണ് ഇരുവരും.