ഒതുകെ (വടക്കന്‍ ഉഗാണ്ട): വീടുകള്‍ കൊള്ളയടിച്ചതിന് ഒരു മുപ്പത്തിനാലുകാരനെ കോടതിയില്‍ ഹാജരാക്കുന്നു. മജിസ്‌ട്രേറ്റ് കോടതിമുറിയിലെത്തുന്നു. കള്ളന്റെ വസ്ത്രം കണ്ടതും അദ്ദേഹം ഞെട്ടിപ്പോവുന്നു. കള്ളന്‍ ധരിച്ചത് മജിസ്‌ട്രേറ്റിന്റെ കോട്ട്!  ആ അമ്പരപ്പില്‍ മജിസ്‌ട്രേറ്റ് ഒരാഴ്ചത്തേക്ക് എല്ലാ കേസുകളും റദ്ദാക്കി ലീവില്‍ പോവുന്നു. 

വടക്കന്‍ ഉഗാണ്ടയിലെ ഒതുകെ ജില്ലാ കോടതി മുറിയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. അന്ന് അധികമാരും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഈ സംഭവം ഇതിലെ കൗതുകത്താല്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വൈകിയെങ്കിലും മറ്റ് മാധ്യമങ്ങളും പിന്നീട് ഇത് ഏറ്റെടുത്തു.  

ജിമ്മി ഒതേഗ് എന്നാണ് കള്ളന്റെ പേര്. ഒതുകെ ജില്ലയിലെ ഒകേലെ അമോനെ ഗ്രാമവാസിയാണ്. ഒരുമാസം മുമ്പ് ഇയാളെ മറ്റൊരു മോഷണക്കുറ്റത്തിന് ഇതേ കോടതി വെറുതെ വിട്ടു. അന്ന് കേസില്‍ വിധി പറഞ്ഞത് ബെഞ്ചമിന്‍ സെരുരു എന്ന ഇതേ മജിസ്‌ട്രേറ്റ് ആണ്. 

വീടു കുത്തിപ്പൊളിച്ചു കയറി ഒരു ബാഗ് മോഷ്ടിച്ച കുറ്റത്തിന് അറസ്റ്റിലായ ജിമ്മി ഒതേഗ് അന്ന് ആറു മാസം റിമാന്റ് തടവില്‍ കഴിഞ്ഞ ശേഷമാണ് കോടതിക്കു മുന്നിലെത്തിയത്. പരാതിക്കാരന്‍ പലതവണ ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ഇയാളെ വെറുതെ വിട്ടത്. 

ഇപ്പോഴതേ കള്ളന്‍ വീണ്ടും അതേ മജിസ്‌ട്രേറ്റിന്റെ മുന്നില്‍. കുറ്റം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ കയറി മോഷ്ടിച്ചത്. കോടതിക്കു മുന്നില്‍ ഹാജരാവുമ്പോള്‍ ധരിച്ചതോ അതേ മജിസ്‌ട്രേറ്റിന്റെ കോട്ട്. 

നടന്നത് ഇതാണ്: മോഷണ കേസില്‍ വെറുതെ വിട്ടതിനെ തുടര്‍ന്ന് കള്ളന്‍ വീണ്ടും നാട്ടിലിറങ്ങി. പിറ്റേദിവസം മുതല്‍ കള്ളന്‍ വീണ്ടും പണി തുടങ്ങി. ആദ്യ പോയത് രണ്ട് ജയില്‍ ജീവനക്കാരുടെ വീടുകളില്‍. ഇവിടെ നിന്നും വസ്ത്രവും പാചക എണ്ണയുമാണ് മോഷ്ടിച്ചത്. 

അതു കഴിഞ്ഞ്, ആളാരെന്ന് അറിയാതെ കള്ളന്‍ ചെന്നുകയറിയത് തന്നെ വെറുതെ വിട്ട മജിസ്‌ട്രേറ്റിന്റെ വീട്ടിലായിരുന്നു. അവിടെ കണ്ട നാല് ജോഡി സ്യൂട്ട്, മറ്റ് വസ്ത്രങ്ങള്‍ തുടങ്ങിയ മോഷ്ടിച്ചു.  ഒപ്പം നാലു ക്യാന്‍ വെള്ളവും. പാചക എണ്ണയാണെന്ന് കരുതിയാണ് കള്ളന്‍ വെള്ളവും മോഷ്ടിച്ചത്. 

കവര്‍ന്നതെല്ലാം വലിയൊരു പെട്ടിയിലാക്കി മുങ്ങിയ ഇയാള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിപ്പായിരുന്നു. ഇതിനിടെ ചില നായാട്ടുകാരുടെ കണ്ണില്‍ പെട്ടു. അവര്‍ പൊലീസിനെ വിളിക്കുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വലിയ ബാഗുമായി കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നത് കണ്ടതോടെയാണ് സംശയം തോന്നി പൊലീസിനെ വിളിച്ചതെന്ന് നായാട്ടുകാര്‍ പറയുന്നു. 

എന്തായാലും ഇയാളുടെ കേസില്‍ താനിനി വിധി പറയില്ലെന്നാണ് മജിസ്‌ട്രേററിന്റെ പക്ഷം. കേസ് ചീഫ് മജിസ്‌ട്രേറ്റിന്റെ കോടതിയിലേക്ക് മാറ്റി. അടുത്ത ആഴ്ച കേസില്‍ വിചാരണ ഉണ്ടാവും. അതുവരെ കള്ളനെ ജയിലിലേക്ക് തന്നെ പറഞ്ഞയച്ചിരിക്കുകയാണ്.