Asianet News MalayalamAsianet News Malayalam

'ചതുപ്പിലെ ഭൂതം'; രണ്ടാം ലോക മഹായുദ്ധത്തില്‍ വെടിവെച്ചിട്ട ആ പോര്‍വിമാനം 68 വര്‍ഷം എവിടെയായിരുന്നു..

വിമാനം വിട്ടിറങ്ങിയ അവർ അധികം വൈകാതെ തങ്ങൾ വന്നിറങ്ങിയിരിക്കുന്ന നരകമെന്തെന്ന് തിരിച്ചറിഞ്ഞു. ഒരു കടി കിട്ടിയാൽ ഉറപ്പായും മലേറിയ ബാധിക്കുന്ന കൊതുകുകൾ, ആളെക്കൊല്ലി  ഭീമൻ മുതലകൾ, ഇതിനൊക്കെപ്പുറമെ പറഞ്ഞു കേട്ടിട്ടുള്ള കഥകളിലെ നരഭോജി ഗോത്രവർഗ്ഗക്കാരും. എന്തായാലും പൊള്ളുന്ന ചൂടിനേയും, നിർജലീകരണത്തിനെയും ഒക്കെ അതിജീവിച്ചുകൊണ്ട് അവർ ആഴ്ചകളോളം  തുടർച്ചയായി നടന്നു.  

swamp ghost the missing war plane found after 68 years
Author
Thiruvananthapuram, First Published Mar 21, 2019, 3:48 PM IST

പസഫിക്ക് മഹാ സമുദ്രത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് പാപ്പുവാ ന്യൂ ഗിനി എന്ന രാജ്യം.  നിബിഢവനങ്ങൾ നിറഞ്ഞതാണ് പാപ്പുവയുടെ ഭൂപ്രകൃതി. പടിഞ്ഞാറ് ഭാഗത്ത്  അതിർത്തി പങ്കിട്ടുകൊണ്ട് ഇന്തോനേഷ്യയുണ്ട്. സമുദ്രാതിർത്തി പങ്കു വെച്ചുകൊണ്ട് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും. ആദിമപ്രജാതികളുടെ  അക്ഷയഖനികളാണ് ഈ കാടുകൾ. പണ്ടുകാലത്ത് നരഭോജികളായ നിരവധി ഗോത്രങ്ങൾ പാപ്പുവയിലുണ്ടായിയുന്നു

ഈ പാപ്പുവയുടെ മധ്യത്തിലുള്ള  ഒരു ചതുപ്പുനിലമാണ് അഗായിമ്പോ.  അതിവിശാലമായ ഈ  ചതുപ്പു നിലം മലേറിയ പരത്തുന്ന കൊതുകുകളുടെയും അപകടകാരികളായ മുതലകളുടെയും പ്രജനനകേന്ദ്രമാണ്. ഇവിടെയാണ് 1972 -ൽ ഹെലികോപ്റ്ററിൽ പോവുകയായിരുന്ന ഒരു ആസ്ട്രേലിയൻ വ്യോമസേനാ സംഘം രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ വ്യോമസേന ഉപയോഗിച്ചിരുന്ന B-17 E ഫ്ളയിങ്ങ് ഫോർട്രസ്സ് വിമാനത്തെ ഇടിച്ചിറക്കിയ നിലയിൽ കണ്ടെത്തുന്നത്. 

swamp ghost the missing war plane found after 68 years

ആ വിമാനാപകടം നടക്കുന്നത് 1942 -ലാണ്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുന്ന കാലം. ക്യാപ്റ്റൻ ഫ്രെഡ് സി ഈറ്റൺ, ക്യാപ്റ്റൻ ഹെൻറി ഹാർലോ എന്നിവരായിരുന്നു കംഗാരൂ സ്ക്വാഡ്രനിലെ ആ പോർവിമാനം പറത്തിയിരുന്നത്.  അത് ആ വിമാനത്തിന്റെ ആദ്യത്തെയും വിധിവൈപരീത്യത്താൽ അവസാനത്തെയും ആക്രമണ ദൗത്യമായിരുന്നു. സിംപ്സൺ ഹാർബറിൽ നങ്കൂരമിട്ട ജാപ്പനീസ് യുദ്ധക്കപ്പലുകൾ തകർക്കുക എന്നതായിരുന്നു ലക്ഷ്യം.

ആദ്യത്തെ പാസ്സിങ്ങിൽ ലക്ഷ്യം ഭേദിക്കാൻ  അവർക്കായില്ല. രണ്ടാമത് ഒരിക്കൽക്കൂടി കറങ്ങി വന്ന് അവർ ലക്ഷ്യം കണ്ടെങ്കിലും അപ്പോഴേക്കും ആ യുദ്ധക്കപ്പലിൽ നിന്നും പുറപ്പെട്ട ഒരു മിസൈൽ വിമാനത്തിന്റെ ചിറകുകളിൽ ഒന്ന് തുളച്ചു പോയിക്കഴിഞ്ഞിരുന്നു. വിമാനത്തിന് കാര്യമായ തകർച്ച നേരിടേണ്ടി വന്നെങ്കിലും തകർന്നു വീഴുന്ന പരുവത്തിൽ ആയിരുന്നില്ല അത്. ദൗത്യം വിജയകരമായി പൂർത്തിയാക്കി അവർ ആസ്ട്രേലിയയിലെ തങ്ങളുടെ വ്യോമാസ്ഥാനത്തിലേക്ക് തിരിച്ചു പറന്നു.  

പാതി വഴി എത്തിയപ്പോഴേക്കും ജാപ്പനീസ് പോർവിമാനങ്ങൾ അവരെ വളഞ്ഞു.  7.7mm യന്ത്രത്തോക്കുകളിൽ നിന്നും  20mm പീരങ്കികളിൽ  നിന്നും തുരുതുരാ ഉതിർന്ന വെടിയുണ്ടകൾ വിമാനത്തിന്റെ വാൽ ഭാഗം തുളച്ചുകൊണ്ടിരുന്നു. അതി വിദഗ്ദ്ധരായ ആ പൈലറ്റുകൾ അതിനെയും അതിജീവിച്ച്‌ ആസ്‌ട്രേലിയ ലക്ഷ്യമാക്കി പാർക്കുകൾ തുടർന്നു. എന്നാൽ, പോരാട്ടത്തിൽ നഷ്ടപ്പെട്ട സമയം അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. വിമാനം പാപ്പുവയുടെ മുകളിലെത്തിയപ്പോഴേക്കും അവരുടെ ഇന്ധനം പറ്റെ തീർന്നുപോയി.  രണ്ടും കൽപ്പിച്ച് അവർ വിമാനം ക്രാഷ്  ലാൻഡ് ചെയ്യിച്ചു. ചെന്നുവീണിടം ഒരു ചതുപ്പുനിലമായിരുന്നതിനാൽ വിമാനം ലാൻഡിങ്ങിൽ പാടെ തകർന്നൊന്നുമില്ല.  പ്രൊപ്പല്ലറുകൾ ചെറുതായൊന്നു വളഞ്ഞു പോയി. അത്രമാത്രം. 

swamp ghost the missing war plane found after 68 years

വിമാനം വിട്ടിറങ്ങിയ അവർ അധികം വൈകാതെ തങ്ങൾ വന്നിറങ്ങിയിരിക്കുന്ന നരകമെന്തെന്ന് തിരിച്ചറിഞ്ഞു. ഒരു കടി കിട്ടിയാൽ ഉറപ്പായും മലേറിയ ബാധിക്കുന്ന കൊതുകുകൾ, ആളെക്കൊല്ലി  ഭീമൻ മുതലകൾ, ഇതിനൊക്കെപ്പുറമെ പറഞ്ഞു കേട്ടിട്ടുള്ള കഥകളിലെ നരഭോജി ഗോത്രവർഗ്ഗക്കാരും. എന്തായാലും പൊള്ളുന്ന ചൂടിനേയും, നിർജലീകരണത്തിനെയും ഒക്കെ അതിജീവിച്ചുകൊണ്ട് അവർ ആഴ്ചകളോളം  തുടർച്ചയായി നടന്നു.  

ഒടുവിൽ  അവർ ആ വനത്തിനുള്ളിൽ മരം വെട്ടിക്കൊണ്ടിരുന്ന ഒരു ഗ്രാമവാസിയുടെ മുന്നിൽ ചെന്ന് പെട്ടു. അവരുടെ ഗതികെട്ട അവസ്ഥ കണ്ട്‌ സഹതാപം തോന്നിയ അയാൾ അവരെ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി ഭക്ഷണവും മറ്റും നൽകി. തുടർന്ന് പ്രദേശവാസിയായ ആസ്ട്രേലിയൻ മജിസ്‌ട്രേറ്റ് ഒരു വഴി അമേരിക്കൻ  സൈനിക കേന്ദ്രങ്ങളിൽ ഒന്നിലെത്തിച്ചേർന്ന അവർ, ഒടുവിൽ തകർന്നുവീണതിന്റെ മുപ്പത്താറാം ദിവസം തിരിച്ച് തങ്ങളുടെ എയർ ബേസിലെത്തിച്ചേർന്നു.

പക്ഷേ, ഇങ്ങനെയൊരു  അത്യാഹിതത്തിൽ നിന്നും രക്ഷപ്പെട്ടുവന്നതിന്റെ വിശ്രമമൊന്നും കിട്ടുകയുണ്ടായില്ല.  ഒന്നോ രണ്ടോ ആഴ്ചത്തെ വിശ്രമത്തിനു ശേഷം അവർ വീണ്ടും  വ്യോമാക്രമണങ്ങളിൽ പങ്കെടുക്കാൻ പറന്നുയർന്നു.  ചതുപ്പുനിലത്തിൽ തകർന്നു വീണ ആ പോർ വിമാനത്തെ പിന്നെയാരും തിരഞ്ഞു ചെന്നില്ല വർഷങ്ങളോളം. 'ചതുപ്പിലെ ഭൂതം' എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്നു, അക്കാലമത്രയും ആ വിമാനം പാപ്പുവയിലെ ഗ്രാമവാസികൾക്കിടയിൽ.  

1972-ൽ ആസ്ട്രേലിയൻ എയർ ഫോഴ്സ് ഹെലികോപ്റ്റർ ഒരു പരിശീലനപ്പറക്കലിനിടയിൽ വിമാനത്തെ കണ്ടെത്തിയെങ്കിലും അതിനെ തിരിച്ചെടുക്കാനും യുദ്ധ മ്യൂസിയത്തിൽ  സൂക്ഷിക്കാനുമുള്ള ശ്രമങ്ങൾ ഒരുപാട് കാലം നീണ്ടു. ഡേവിഡ് ടാലിഷെറ്റ്, ആൽഫ്രെഡ് വാഗൺ എന്നീ ഏവിയേഷൻ വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന  നീണ്ട  ചർച്ചകൾക്കും, ഒടുവിൽ അനുകൂലമായ തീരുമാനമുണ്ടായ ശേഷം അവർ നടത്തിയ  നീണ്ട അന്വേഷണങ്ങൾക്കും ശേഷം ഒടുവിൽ 2006 -ലാണ് ആ വിമാനം അമേരിക്കൻ സംഘത്തിന്റെ കയ്യിൽ തടയുന്നത്. 

swamp ghost the missing war plane found after 68 years

അതിനെ തിരിച്ച് അമേരിക്കൻ നിയന്ത്രണത്തിലുള്ള ഹവായിയിലെ പേൾ ഹാർബറിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ വാർ മ്യൂസിയത്തിൽ  എത്തിക്കുന്നത് 2013 -ലാണ്.  വെടിയുണ്ട തുളച്ചു കേറിയതിന്റെ 120 -ലധികം  ദ്വാരങ്ങളുണ്ട് ആ വിമാനത്തിൽ. വന്ന അന്ന് മുതൽക്കു തന്നെ  ആ മ്യൂസിയത്തിലെ ഒരു പ്രധാന ആകർഷണമാണ് 'ചതുപ്പിലെ ഭൂതം' 

Follow Us:
Download App:
  • android
  • ios