Asianet News MalayalamAsianet News Malayalam

ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിട്ടും തൂപ്പുകാരി, ഒടുവിൽ രജനി അസി. എന്റമോളജിസ്റ്റാവും?

രജനിയെ മന്ത്രിയുടെ അടുത്തെത്തിച്ച നഗരവികസന സ്‌പെഷ്യൽ ചീഫ് സെക്രട്ടറി അരവിന്ദ് കുമാറാണ് ജോലിയുടെ കാര്യം വെളിപ്പെടുത്തിയത്. 

Sweeper to asst entomologist
Author
Telangana, First Published Sep 21, 2021, 3:24 PM IST

ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിട്ടും ഒരു തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു തെലങ്കാനയിൽ നിന്നുള്ള രജനി. എന്നാൽ, അവരുടെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞ തെലങ്കാനയിലെ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ.ടി. രാമറാവു ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജിഎച്ച്എംസി) അസിസ്റ്റന്റ് എന്റമോളജിസ്റ്റിന്റെ ജോലി അവർക്ക് വാഗ്ദാനം ചെയ്തു. മുനിസിപ്പൽ കോർപ്പറേഷനിൽ ഒരു തൂപ്പുകാരിയായി ജോലി ചെയ്ത അവർ ഇനി അവിടെ തന്നെ അസിസ്റ്റന്റ് എന്റമോളജിസ്റ്റായി ജോലി ചെയ്യും.  

ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ എ. രജനി ജിഎച്ച്എംസിയിൽ കരാർ അടിസ്ഥാനത്തിലാണ് തൂപ്പുകാരിയായി ജോലിയ്ക്ക് ചേർന്നത്. ഒരു പ്രമുഖ തെലുങ്ക് ദിനപത്രത്തിൽ ആ സ്ത്രീയെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്ത വായിച്ച മന്ത്രി, അവരുടെ യോഗ്യതയ്ക്ക് അനുസൃതമായ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. വാറങ്കൽ ജില്ലയിൽ നിന്നുള്ള രജനി കർഷകത്തൊഴിലാളികളുടെ കുടുംബത്തിലാണ് ജനിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും, മാതാപിതാക്കളുടെ പിന്തുണയോടെ അവർ പഠിച്ചു. 2013 -ൽ ഒന്നാം ക്ലാസ്സോടെ എംഎസ്‍സി പാസായി. തുടർന്ന് അവർ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡിക്ക് യോഗ്യത നേടുകയും ചെയ്തു. എന്നാൽ ഇതിനിടയിലാണ് രജനി ഒരു അഭിഭാഷകനെ വിവാഹം കഴിക്കുകയും, ഹൈദരാബാദിൽ ഭർത്താവിന്റെ വീട്ടിലേയ്ക്ക് താമസം മാറുകയും ചെയ്തത്.  

പിന്നീട് രണ്ട് കുട്ടികളുടെ അമ്മയായെങ്കിലും, ഒരു ജോലിയെന്ന തന്റെ സ്വപ്‍നം ഉപേക്ഷിക്കാൻ രജനി തയ്യാറായില്ല. ഇതിനായി അവർ മത്സരപരീക്ഷകളിൽ പങ്കെടുത്തുകൊണ്ടിരുന്നു. എന്നാൽ, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഭർത്താവ് കിടപ്പിലായതോടെ കുടുംബം പ്രതിസന്ധിയിലായി. അമ്മായിയമ്മ ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന കുടുംബത്തെ പോറ്റാൻ പച്ചക്കറി വിൽക്കാൻ തുടങ്ങി രജനി. എന്നാൽ, അതിൽ നിന്ന് ആവശ്യത്തിന് പണം സമ്പാദിക്കാൻ അവർക്ക് കഴിഞ്ഞില്ല. അങ്ങനെയാണ്, ജിഎച്ച്‌എം‌സിയിൽ കരാർ അടിസ്ഥാനത്തിൽ 10,000 രൂപ ശമ്പളത്തിന് സ്വീപ്പർ ജോലിയ്ക്ക് ചേരുന്നത്.    

രജനിയെ മന്ത്രിയുടെ അടുത്തെത്തിച്ച നഗരവികസന സ്‌പെഷ്യൽ ചീഫ് സെക്രട്ടറി അരവിന്ദ് കുമാറാണ് ജോലിയുടെ കാര്യം വെളിപ്പെടുത്തിയത്. അവളുടെ ക്രെഡൻഷ്യലുകൾ പരിശോധിച്ച ശേഷമാണ് ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രണ്ട് പെൺമക്കളുള്ള രജനിയ്ക്ക് എല്ലാ പിന്തുണയും മന്ത്രി ഉറപ്പുനൽകി. അപ്രതീക്ഷിതമായ ഈ വാർത്ത കേട്ട രജനി വികാരഭരിതയായി. തന്റെ തിരക്കേറിയ ദിവസത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നും രജനിയുടെ പുതിയ ജോലിയ്ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios