വിവാഹമോചിതയായ സ്ത്രീ എന്ന നിലയിലും സ്വീപ്പർ ആയി ജോലി ചെയ്തതിനാലും സമൂഹം അവളെ നിരന്തരം പരിഹസിക്കുമ്പോൾ, ആശ അത് തന്റെ പ്രചോദനമാക്കി മാറ്റി. 

ചില ജീവിതങ്ങള്‍ നമുക്ക് വലിയ പ്രചോദനമാകാറുണ്ട്. ജീവിതത്തിലെ കഷ്ടതകളെയും ബുദ്ധിമുട്ടുകളെയുമെല്ലാം കരുത്തോടെ തരണം ചെയ്യുന്നവര്‍, ജീവിതവിജയം നേടുന്നവരെല്ലാം അതില്‍ പെടുന്നു. അതിലൊരാളാണ് ആശ കന്ദാരയും. ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ തൂപ്പുകാരിയായിരുന്ന ആശ അടുത്തിടെ രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് പരീക്ഷ ജയിച്ചിരിക്കുന്നു. 

ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥയാകണമെന്ന് ആശ എപ്പോഴും സ്വപ്നം കണ്ടിരുന്നു. എങ്കിലും, പ്രായപരിധി കഴിഞ്ഞതിനാൽ അവർക്ക് പരീക്ഷഎഴുതാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ അവര്‍ക്ക് ഡെപ്യൂട്ടി കളക്ടറാവാം. 1997 -ലാണ് ആശയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ അത് പരാജയമായിരുന്നു. എട്ട് വര്‍ഷം മുമ്പാണ് അവര്‍ വിവാഹമോചിതയാവുന്നത്. പിന്നീട് രണ്ട് മക്കളെ വളര്‍ത്തുകയും ഒപ്പം തന്നെ ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു. 

2018 -ലാണ് ആശ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. എന്നാല്‍, കൊവിഡ് 19 -നെ തുടര്‍ന്ന് റിസള്‍ട്ട് വൈകുകയായിരുന്നു. ആ സമയത്ത് മറ്റൊരു വഴിയും കാണാത്തതിനെ തുടര്‍ന്നാണ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ സ്വീപ്പറായി ചെല്ലുന്നത്. അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് അവര്‍ ജീവിച്ചത്. 

ഈ പതിമൂന്നിന് റിസള്‍ട്ട് വന്നതോടെ അവളുടെ കഠിനാധ്വാനങ്ങള്‍ക്ക് ഫലം കണ്ടു. വിവാഹമോചിതയായ സ്ത്രീ എന്ന നിലയിലും തൂപ്പുകാരി ആയി ജോലി ചെയ്തതിനാലും സമൂഹം അവളെ നിരന്തരം പരിഹസിച്ചു. എന്നാൽ ആശ അത് തനിക്ക് പ്രചോദനമാക്കി മാറ്റി. ഇവയൊന്നും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിക്കാനും ലക്ഷ്യത്തിലേക്കെത്താനും അവള്‍ പരിശ്രമിച്ചു.

“ഇത് ഒരു ദുഷ്‌കരമായ യാത്രയാണെങ്കിലും ഞാൻ വളരെയധികം കഷ്ടപ്പെട്ടിരുന്നുവെങ്കിലും സന്തോഷം ഉണ്ടാക്കുന്നതാണ്. നിരാലംബരായവർക്കും അനീതിക്ക് വിധേയരായവർക്കും വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് സഹായിക്കുന്ന ഒരു സ്ഥാനത്താണ് ഇപ്പോള്‍ ഞാനെന്നാണ് കരുതുന്നത്” ആശ വീക്കിനോട് പറഞ്ഞു.

ആശ പലർക്കും യഥാർത്ഥ പ്രചോദനമാണ്. നാം അർപ്പണബോധത്തോടെയും ഊര്‍ജ്ജസ്വലരായും പ്രവർത്തിക്കുന്നുവെങ്കിൽ ഒരു വെല്ലുവിളിയും വളരെ വലുതല്ല എന്നതിന്റെ തെളിവാണ് അവൾ.