കുട്ടിയുമായി ഡെലിവറിക്കെത്തിയ സ്വിഗി ജീവനക്കാരനെ കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു. ടിപ്പ് നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്നേഹപൂര്‍വം അത് നിരസിക്കുകയും തനിക്ക് നല്ല റേറ്റിംഗ് നല്‍കിയാല്‍ മതി എന്ന് പറയുകയുമായിരുന്നു.
ഒരു സ്വിഗി ഇൻസ്റ്റാമാർട്ട് ഡെലിവറി പാർട്ണറെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ കുട്ടിയുമായി ജോലിക്കെത്തിയ ആ ചെറുപ്പക്കാരന് കസ്റ്റമർ ടിപ്പായി പണം നൽകാൻ തുനിഞ്ഞെങ്കിലും അത് വേണ്ട എന്നായിരുന്നു മറുപടി. പകരം തനിക്ക് നല്ല റേറ്റിംഗ് തന്നാൽ മതി എന്നാണത്രെ ഡെലിവറി പാർട്ണർ പറഞ്ഞത്. ബൈക്കിൽ തന്റെ കുട്ടിയെയും ഇരുത്തിയാണ് അയാൾ ഡെലിവറിക്ക് വേണ്ടി എത്തിയത്. വിനീത് കെ എന്ന യൂസറാണ് ഹൃദയസ്പർശിയായ ഈ അനുഭവം എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബൈക്കിലിരിക്കുന്ന കുട്ടിയെ കുറിച്ച് വിനീത് ചോദിച്ചപ്പോൾ ഇത് തന്റെ കുട്ടിയാണ് എന്ന് ഡെലിവറി ഡ്രൈവർ മറുപടി നൽകിയതായും വിനീത് പറയുന്നു. ബൈക്കിലിരിക്കുന്ന കുട്ടിയുടെ ചിത്രവും വിനീത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. താൻ എപ്പോഴും നേരിട്ടാണ് ടിപ്പ് നൽകാറുള്ളത്. എന്നാൽ, ഇത്തവണ ഡെലിവറി പാർട്ണറായ അജിത്ത് ആ തുക നിരസിച്ചു, പകരം തന്റെ സേവനത്തിന് നല്ല റേറ്റിംഗ് നൽകിയാൽ മതി എന്ന് പറയുകയായിരുന്നത്രെ.
ഇങ്ങനെയാണ് വിനീതിന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്: 'ഇന്ന് ഇൻസ്റ്റാമാർട്ടിൽ വാങ്ങിയ കുറച്ച് സാധനങ്ങൾ ഡെലിവറി ചെയ്യാനായി ഒരു സ്വിഗ്ഗി ഡെലിവറി പാർട്ണർ വന്നു. അദ്ദേഹം ഡോറിനടുത്ത് നിൽക്കുമ്പോൾ, അദ്ദേഹത്തിന്റെ ബൈക്കിൽ ആരോ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ചോദിച്ചപ്പോൾ അത് തന്റെ കുഞ്ഞാണെന്നാണ് അദ്ദേഹം മറുപടി നൽകിയത്. സാധാരണയായി ഞാൻ നേരിട്ടാണ് ടിപ്പ് നൽകാറ്. എന്നാൽ അദ്ദേഹം അത് വിനയപൂർവ്വം നിരസിച്ചു. തന്റെ സേവനത്തിന് നല്ലൊരു റേറ്റിംഗ് നൽകിയാൽ മാത്രം മതിയെന്നാണ് പറഞ്ഞത്. നിർഭാഗ്യവശാൽ, ഡെലിവറിക്ക് ശേഷം സ്വിഗ്ഗി ആപ്പിൽ ടിപ്പ് നൽകാനുള്ള ഓപ്ഷനും ലഭ്യമല്ല. എനിക്ക് അദ്ദേഹത്തെ സഹായിക്കാൻ മറ്റെന്തെങ്കിലും വഴി ഉണ്ടോ? ആർക്കെങ്കിലും എന്നെ സഹായിക്കാമോ?'
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. അദ്ദേഹത്തിന് ടിപ്പ് വേണ്ട എന്നത് അഭിമാനത്തോടെ പറഞ്ഞതാണെങ്കിൽ അദ്ദേഹത്തെ ടിപ്പ് വാങ്ങാൻ നിർബന്ധിക്കാതിരിക്കുകയാണ് ഉചിതം എന്ന് ആളുകൾ അഭിപ്രായപ്പെട്ടു.


