ആറ് ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യമാണ് ലെബനൻ. അതിൽ 1.5 ദശലക്ഷം സിറിയക്കാരാണ്. രാജ്യത്തെ ദശാബ്ദങ്ങൾ പഴക്കമുള്ള ആഭ്യന്തരയുദ്ധത്തിൽ നിന്ന് പലായനം ചെയ്തു വന്നവർ.
മുറി ചൂടാക്കാൻ കൽക്കരി(Coal) കത്തിച്ചതിനെ തുടർന്ന് ഉയർന്ന വിഷപ്പുക ശ്വസിച്ച് ലെബനനി(Lebanon)ൽ ഒരു അമ്മയും, മൂന്ന് കുട്ടികളും മരണപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും, നാലുപേരും മരിച്ചതായി അധികൃതർ പ്രഖ്യാപിച്ചു. തുടർന്ന് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കൊണ്ടുപോയതായി റെസാല ഹെൽത്ത് ആംബുലൻസ് അസോസിയേഷന്റെ ഉദ്യോഗസ്ഥനായ യൂസഫ് അൽ-ദോർ പറഞ്ഞു.
മെഡിറ്ററേനിയൻ കടലിനെ അഭിമുഖീകരിക്കുന്ന തെക്കൻ ഗ്രാമമായ ഖരയാബിലാണ് സംഭവം. അവിടെ ഇപ്പോൾ കൊടുംതണുപ്പാണ്. രാത്രിയിൽ തങ്ങളുടെ മുറി ചൂടാക്കാൻ കുടുംബം കൽക്കരി ഉപയോഗിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ഉറക്കത്തിലായിരുന്നു മരണം സംഭവിച്ചത്. അമ്മയ്ക്ക് 31 -ഉം, മക്കൾക്ക് 8,7,4 എന്നിങ്ങനെയായിരുന്നു പ്രായം. ഇവർ ശ്വാസംമുട്ടി മരിച്ചതായിരിക്കാമെന്ന് അധികൃതർ വിലയിരുത്തി. നാല് പേരും വീട്ടിൽ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ, വീടിനുള്ളിൽ കൽക്കരി കത്തിക്കുന്നത് "ബെൻസീൻ, കാർബൺ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ്, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്നിങ്ങനെ നിരവധി ദോഷകരമായ രാസവസ്തുക്കൾ വായുവിൽ കലരുന്നതിന് കാരണമാകുന്നു." തെക്കൻ തുറമുഖ നഗരമായ സിഡോണിനടുത്തുള്ള അൽ-വസ്ത ഗ്രാമത്തിലായിരുന്നു സംസ്കാര ചടങ്ങ് നടന്നത്. രക്ഷപ്പെട്ട പിതാവ് മഹേർ അൽ-അബ്ദല്ല ഭാര്യയുടേയും മൂന്ന് കുട്ടികളുടെയും അവസാന ചടങ്ങിൽ പങ്കെടുത്തു. പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം.
ആറ് ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യമാണ് ലെബനൻ. അതിൽ 1.5 ദശലക്ഷം സിറിയക്കാരാണ്. രാജ്യത്തെ ദശാബ്ദങ്ങൾ പഴക്കമുള്ള ആഭ്യന്തരയുദ്ധത്തിൽ നിന്ന് പലായനം ചെയ്തു വന്നവർ. അവർ പലപ്പോഴും വൃത്തിഹീനമായ ക്യാമ്പുകളിലും വീടുകളിലുമാണ് താമസിക്കുന്നത്. അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പിടിമുറുക്കുമ്പോൾ, ലെബനീസുകാരും സിറിയക്കാരും ഒരുപോലെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. 90 ശതമാനം സിറിയൻ അഭയാർത്ഥി കുടുംബങ്ങളും കടുത്ത പട്ടിണിയിലാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു.
