കുട്ടികളും അധ്യാപകരും വീട്ടിലിരിക്കുന്ന കൊവിഡ് കാലത്ത്, ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പരസ്പരമറിയുന്നതിനായി നിലമ്പൂര്‍ ജി.എംയു.പി സ്‌കൂള്‍ അധ്യാപിക ഷീജ എം.പി തയ്യാറാക്കിയ ഗ്രൂപ്പ് ഫോട്ടോയുടെ കഥ. കെ. പി റഷീദ് എഴുതുന്നു
 

നമുക്കാദ്യം നിലമ്പൂര്‍ ഗവ. മോഡല്‍ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് എ ഡിവിഷനിലെ രണ്ട് ഗ്രൂപ്പ് ഫോട്ടോകള്‍ കാണാം. രണ്ടു കാലത്തുള്ളതാണ് ഈ ഫോട്ടോകള്‍. ആദ്യത്തേത് 2019-20 വര്‍ഷത്തെ ഗ്രൂപ്പ് ഫോട്ടോ.

 

 

മാര്‍ച്ചില്‍ സ്‌കൂള്‍ അടക്കുന്നതിന് തൊട്ടുമുമ്പ് എടുത്തതാണ് ഈ ഫോട്ടോ. ക്ലാസിനു പുറത്തുള്ള മരങ്ങളുടെ തണലില്‍ കസേരകളിട്ട്, ടീച്ചറും കുട്ടികളും നല്ല സ്‌റ്റൈലായി ഇരിക്കുന്നു. യൂനിഫോമൊക്കെ ഇട്ട്, നല്ല സ്മാര്‍ട്ടായിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖത്ത് 'ഇതാ ഞങ്ങടെ ക്ലാസിലെ കുട്ടികള്‍' എന്ന പരിചയഭാവം. 

 

 

ഒരു വര്‍ഷത്തിനു ശേഷമുള്ളതാണ് ഈ ഫോട്ടോ. കഴിഞ്ഞ ആഴ്ചയാണ് അത് തയ്യാറായത്. അതേ ടീച്ചര്‍ തന്നെയാണ് അതില്‍. അരികിലുള്ളത് ആ ക്ലാസിലെ പുതിയ കുട്ടികള്‍. മറ്റേ ഫോട്ടോ പോലെ, ഒട്ടും സ്‌റ്റൈലിഷല്ല അത്. ഒരുമിച്ചാണ് നില്‍ക്കുന്നത് എങ്കിലും പരസ്പരം ചേര്‍ന്നുനില്‍ക്കാത്ത എന്തോ ഒന്ന് അതിലുണ്ട്. 

ഈ രണ്ട് ഫോട്ടോകള്‍ തമ്മിലുള്ള വ്യത്യാസം എന്തെന്ന് ചോദിച്ചാല്‍, അതിലെ ഏതു കുട്ടിയും പറയും, 'ഈശ്വരാ, കൊറോണ' എന്ന്. അത്രയ്ക്ക് മാറിപ്പോയിട്ടുണ്ട് അവരുടെ ജീവിതവും കാലവും. അത് കുട്ടികളിലുണ്ടാക്കിയ സംഘര്‍ഷവും സങ്കടവും സമ്മര്‍ദ്ദവും കണ്ടുകണ്ടാണ്, കുട്ടികളുടെ ഒറ്റയൊറ്റ ഫോട്ടോകള്‍ ഫോട്ടോഷോപ്പില്‍ തുന്നിക്കൂട്ടി ഒരു ഗ്രൂപ്പ് ഫോട്ടോ മെനഞ്ഞെടുക്കാന്‍ ക്ലാസ് ടീച്ചര്‍ ഷീജ എം പി തീരുമാനിച്ചത്. അങ്ങനെ ഉണ്ടാക്കിയ ഫോട്ടോ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ കണ്ടതും കുട്ടികള്‍ ആഹ്‌ളാദഭരിതരായെന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ആ ആഹ്‌ളാദത്തിന് കാരണം അറിയണമെങ്കില്‍, കുട്ടികളെ അലട്ടിയ സങ്കടങ്ങളെക്കുറിച്ച് ഇത്തിരികൂടി അറിയണം. 

 


ആളൊഴിഞ്ഞ ക്ലാസ് മുറി

 

സങ്കടക്കുട്ടികളുടെ സന്തോഷഫോട്ടോ

'സ്‌കൂളില്‍ ചേര്‍ന്നു, എന്നിട്ടെന്ത്?' ഇതായിരുന്നു കൊവിഡ് കാലത്ത്, ഓണ്‍ലൈനില്‍ കുടുങ്ങിയ മറ്റെല്ലാ ഒന്നാം ക്ലാസ് കുട്ടികളെയും പോലെ, നിലമ്പൂര്‍ ജി എം യു പി സ്‌കൂളിലെ കുരുന്നുകളും ചോദിച്ചു കൊണ്ടിരുന്നത്. 

പറയുമ്പോള്‍ സ്‌കൂള്‍ കുട്ടികളാണ്. എന്നാലോ, സ്‌കൂളില്‍ പോയിട്ടില്ല, ക്ലാസ് ഇതുവരെ കണ്ടിട്ടില്ല, ബെഞ്ചില്‍ ഇരുന്നിട്ടില്ല, ടീച്ചറിനെ അടുത്തുനിന്ന് കണ്ടിട്ടില്ല, സഹപാഠികളെ കണ്ടിട്ടേയില്ല. മുമ്പ് വീട്ടിലായിരുന്നു സദാസമയം, സ്‌കൂളില്‍ ചേര്‍ന്നിട്ുടം അതു തന്നെ അവസ്ഥ. വാട്ട്‌സാപ്പിലോ ഗൂഗിള്‍ ക്ലാസ് മീറ്റിലോ ഒക്കെയായി കാണാറുണ്ടെങ്കിലും, ക്ലാസ് എന്ന ഫീലിംഗ് ഉണ്ടാക്കാന്‍ അതിനൊന്നും കഴിയാറില്ല. 

''വീട്ടില്‍നിന്നും ക്ലാസിലെത്തുന്ന കുട്ടിയെ വാടാതെ നോക്കുക, സ്‌നേഹവും കരുതലും നല്‍കി വളരാനുള്ള നന്നായി വളരാനുള്ള ഇടം ഒരുക്കുക-ഒന്നാം ക്ലാസിലെ ടീച്ചറിനുള്ള ഉത്തരവാദിത്തം വലുതാണ്. ഓരോ കുട്ടിയേയും പ്രത്യേകം പരിഗണിച്ച്, അവരുടെ സവിശേഷത മനസ്സിലാക്കി, എന്റെയും കൂടി ഇടമാണ് ഈ ക്ലാസ് മുറി എന്ന തോന്നലിലൂടെ അവരെ വളര്‍ത്തിക്കൊണ്ടുവരിക എന്നത് പ്രധാനമാണ്. നമ്മുടെ കണ്‍മുന്നിലാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. അവര്‍ വന്നു ചേര്‍ന്ന ആദ്യ ദിവസം മുതല്‍ പിരിഞ്ഞു പോകുന്നത് വരെയുള്ള ഓരോ നിമിഷവും ടീച്ചറുടെ മനസ്സിലുണ്ടാകും. ഇങ്ങനെയൊക്കെ ആയിരുന്നു ഞങ്ങള്‍ ഒന്നാംതരത്തെ ഒന്നാന്തരം ആക്കിയിരുന്നത്. അതാണിപ്പോള്‍ കൊവിഡ് വന്നപ്പോ ഇല്ലാതായത്.''-ഷീജ ടീച്ചറുടെ വാക്കുകള്‍. 

അത് കൊണ്ടാണ്, കിട്ടാവുന്നിടത്തൊക്കെ കുട്ടികള്‍ സങ്കടം പറഞ്ഞോണ്ടിരുന്നത്.  ''സ്‌കൂളില്‍ പോവണം, കുട്ടികളെ കാണണം, ടീച്ചറെ കാണണം.'' കുട്ടികളുടെ ഈ പരാതികളും സങ്കടങ്ങളും നിരന്തരം കേട്ടുകേട്ടാണ്, എന്താണ് ഇതിനൊരു പരിഹാരമെന്ന് ക്ലാസ് ടീച്ചര്‍ ഷീജ എം പി ആലോചിക്കാന്‍ തുടങ്ങിയത്. 

 

കുട്ടികളുണ്ടായിരുന്ന സമയത്ത് ഒന്നാം ക്ലാസിലെ എ ഡിവിഷന്‍

 

സംഗതി എളുപ്പമല്ല. കൊവിഡ് കാലമാണ്. കാട്ടുതീപോലെ രോഗം നാടെങ്ങും പടരുന്നു. അതിനെ തടയാന്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. സാമൂഹിക അകലം നിര്‍ബന്ധമായ കാലത്ത്, കുട്ടികള്‍ സ്‌കൂളില്‍ വരാതിരിക്കുന്നതാണ് നല്ലത്.  

എങ്കിലും, വഴിയുണ്ട്, ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികള്‍ക്ക് ഒന്നിച്ചിരിക്കാനാവും. അകലെ ഇരുന്നാണങ്കിലും അടുത്തു പെരുമാറാനാവും.  പക്ഷേ, പല കുട്ടികള്‍ക്കും നല്ല ഡിവൈസുകളോ മികച്ച കണക്ടിവിറ്റിയോ അതിനുള്ള സാഹചര്യങ്ങളോ ഇല്ല. ഇടയ്ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടെങ്കിലും, പല കാരണങ്ങളാല്‍, ക്ലാസിലെ 31 പേര്‍ക്കും പരസ്പരം കാണാനും കഴിയില്ല. 

അങ്ങനെയാണ് എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്താന്‍ ടീച്ചര്‍ മറ്റൊരു വഴി നോക്കിയത്. ഒരു ഗ്രൂപ്പ് ഫോട്ടോ. പല ഇടങ്ങളിലുള്ള കുട്ടികളുടെ ഒറ്റയ്ക്കുള്ള ഫോട്ടോകള്‍ കൂട്ടിചേര്‍ത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ കൃത്യമായി സൃഷ്ടിക്കല്‍. അങ്ങനെയത് സംഭവിച്ചു. ടീച്ചറത് കുട്ടികള്‍ക്ക് കൈമാറി. ഒപ്പം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. അകലങ്ങളിലേക്ക് ചിതറിപ്പോയ കുട്ടികള്‍ക്ക് പരസ്പരം അറിയാനും ഒന്നിച്ചു കാണാനും അവസരം നല്‍കുന്ന ഈ പുത്തനാശയം പെട്ടെന്ന് തന്നെ ചര്‍ച്ചയായി. കൊള്ളാമല്ലോ ഈ ഐഡിയ എന്ന് അധ്യാപകരും കുട്ടികളും പറയാന്‍ തുടങ്ങി. 

 

സായി ശ്വേതയും ഭര്‍ത്താവ് ദിലീപും

 

സാങ്കേതിക സഹായം, 'തങ്കുപ്പൂച്ചേ, മിട്ടുപ്പൂച്ചേ'! 

മറ്റാരെയും പോലെയല്ല സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികള്‍. എല്‍ കെ. ജി മുതലുള്ള സ്‌കൂള്‍ അനുഭവമൊന്നും അവരെല്ലാവര്‍ക്കുണ്ടാവണമെന്നില്ല. മിക്കവരും ആദ്യം കാണുന്നതും അറിയുന്നതും ഒന്നാം ക്ലാസില്‍ വെച്ചായിരിക്കും. പരസ്പരമുള്ള അറിയല്‍ മാത്രമല്ല, അക്ഷരങ്ങളെയും അറിവിനെയും പാഠഭാഗങ്ങളെയും വിദ്യാഭ്യാസം എന്ന പ്രകിയയെയും ഒക്കെ കുട്ടികള്‍ അറിയുന്ന സമയമാണത്. ആ അവസരമാണ് ഇത്തവണ അവര്‍ക്ക് ഇല്ലാതായത്. അതിനാല്‍ത്തന്നെ, കുട്ടികള്‍ പാരസ്പര്യം എന്ന വലിയ അനുഭവത്തെ അറിയാതെ, അതിനായി ആഗ്രഹിച്ച് പല വീടുകളില്‍ ഇങ്ങനെ ഇരുന്നു. 

ഈ സാഹചര്യം തന്നെയാണ് ഫോട്ടോഷോപ്പിനെ ആശ്രയിക്കാന്‍ ഷീജ ടീച്ചറെ പ്രേരിപ്പിച്ചത്. 

'ഞങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍, എല്ലാ മക്കളും പിറന്നാളിനും മറ്റും ഫോട്ടോകള്‍ ഇടാറുണ്ട്. അവ ഒരു ഫോള്‍ഡറില്‍ സേവ് ചെയ്ത് വെച്ചിരുന്നു. അതിലില്ലാത്ത മറ്റ് കുറച്ചു കുട്ടികള്‍ കൂടി ഉണ്ടായിരുന്നു. അവരോട് കൂടി ഓരോ ഫോട്ടോ ഗ്രൂപ്പിലിടാന്‍ പറഞ്ഞു. അവരത് ചെയ്തു. സ്മാര്‍ട്ട് ഫോണ്‍ കൈയിലില്ലാത്ത ഒരു കുട്ടിയുടെ ഫോട്ടോ, അടുത്തുള്ള ഒരു കുട്ടിയുടെ അമ്മയെ കൊണ്ട് എടുപ്പിച്ചു. നടുക്കിരിക്കാന്‍ ടീച്ചര്‍ വേണമല്ലോ. അതിനാല്‍, വീട്ടിലൊരു മുറിയില്‍ കസേര ഇട്ടിരുന്ന്, ഗ്രൂപ്പ് ഫോട്ടോയ്ക്ക് പറ്റിയ പടം ഞാനും എടുപ്പിച്ചു. സഹായത്തിനായി ഒരു സുഹൃത്തിനെ സമീപിച്ചു.''

 

ഷീജ ടീച്ചര്‍ ഗൂപ്പ് ഫോട്ടോയ്ക്ക് വേണ്ടി ഒറ്റയ്ക്ക് പോസ് ചെയ്തപ്പോള്‍

 

ആ സുഹൃത്തിനെ കേരളം അറിയും. കഴിഞ്ഞ വര്‍ഷത്തെ പ്രവേശനോല്‍സവത്തില്‍ 'തങ്കുപ്പൂച്ചേ, മിട്ടുപ്പൂച്ചേ' എന്ന വിളിച്ച് വിക്‌ടേഴ്‌സ് ചാനലില്‍ ക്ലാസെടുത്ത് പ്രശസ്തയായ സായി ശ്വേത ടീച്ചര്‍. ടീച്ചറുടെ ഭര്‍ത്താവ് ദിലീപ് ദിലീപ് ഛായാഗ്രഹകനും എഡിറ്ററുമാണ്. സായി ടീച്ചര്‍ വഴി ഈ ഒറ്റയൊറ്റ ഫോട്ടോകള്‍ ദിലീപിന് കൈമാറി. ദിലീപാണ് അതിനെ ഒരൊറ്റ ഫോട്ടോയുടെ സ്വഭാവത്തിലേക്ക് മുറിച്ചൊട്ടിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍, ടീച്ചറും കുട്ടികളും ഒന്നിച്ചുനില്‍ക്കുന്ന ആ ചിത്രം ഇക്കാര്യമൊന്നും അറിയാതിരുന്ന കുട്ടികളുടെ മുന്നിലേക്ക്, ഒട്ടും െൈവകാതെ എത്തി. 

എങ്ങനെയാണ് ആ ഫോട്ടോ പിറന്നത്? 

''കുറച്ചു കാലം മുമ്പ് ചില മക്കള്‍ വര്‍ക്ക് ഷീറ്റുകള്‍ വാങ്ങാന്‍ വന്നിരുന്നു. അന്ന് അവരെ ക്ലാസിലേക്ക് കൊണ്ടുപോയി ഫോട്ടോ എടുത്തിരുന്നു. അന്നേരമാണ്, അതിലില്ലാത്ത മറ്റു കുട്ടികളെയും കൂടി വെച്ച് ഒരു ഗ്രൂപ്പ് ഫോട്ടോ ചെയ്യാമല്ലോ എന്ന ആലോചന വന്നത്.'' -ഷീജ ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

 

വര്‍ക്ക് ഷീറ്റ് വാങ്ങാന്‍ രക്ഷിതാക്കള്‍ക്കൊപ്പം സ്‌കൂളില്‍ എത്തിയ കുട്ടികള്‍ ക്ലാസ് മുറിയില്‍
 

ഫോട്ടോകള്‍ കുട്ടികളിലുണ്ടാക്കിയ ആഹ്ലാദം എത്ര വലുതായിരുന്നു എന്നറിയാന്‍ ഷിഫ്‌ന ഫര്‍ഹാന്‍ എന്ന രക്ഷിതാവ് ഫേസ്ബുക്കില്‍ എഴുതിയ ഈ വരികള്‍ കണ്ടാല്‍ മതി.

''മകന് ഒരു സര്‍പ്രൈസ് ഉണ്ട് ഗ്രൂപ്പിലേക്ക് ഓടിവായോ എന്ന് അപ്രതീക്ഷിതമായി ടീച്ചര്‍ പറഞ്ഞപ്പോള്‍ ഞങ്ങളും ഗ്രൂപ്പിലേക്ക് ഓടിച്ചെന്നതാണ്. ഒരു ആയുഷ്‌കാലം മുഴുവന്‍ മക്കള്‍ക്ക് ഓര്‍ത്തിരിക്കാന്‍ പറ്റിയ വലിയ ഒരു സര്‍പ്രൈസ്.  'മോന്റെ ക്ലാസ് ഫോട്ടോ'. ആദ്യമായി തന്റെ ഫ്രണ്ട്‌സിനെയെല്ലാം നേരില്‍ കണ്ട അവന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഇതാ എന്റെ ഫ്രണ്ട്‌സ് എന്ന് പറഞ്ഞ് വീട്ടിലുള്ളവര്‍ക്കെല്ലാം മോന്‍ ഫോട്ടോ കാണിച്ച് കൊടുത്തപ്പോള്‍ അവനെപ്പോലെ തന്നെ ഞങ്ങളും സന്തോഷിച്ചു. ഒരു ക്ലാസിലായിട്ടും പരസ്പരം കണ്ടിട്ടില്ലാത്ത അവരെ ടീച്ചര്‍ ഒന്നിച്ചു ചേര്‍ത്തു.''

മറ്റു കുട്ടികള്‍ക്കും ഇതേറെ സന്തോഷമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു ഷീജ  ടീച്ചര്‍. കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങള്‍ ഏറെ സന്തോഷകരമായിരുന്നുവെന്നും  അവര്‍ പറയുന്നു. 

സ്‌കൂളില്‍നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയാണ് ഷീജ ടീച്ചര്‍ താമസിക്കുന്നത്്.  വയനാട്ടിലായിരുന്നു ആദ്യം ജോലി. 2008-ല്‍ എസ് എസ് എ പരിശീലകയായി നിലമ്പൂരില്‍ വന്നു. പിന്നെ ഇവിടെയാണ്. രണ്ടു വര്‍ഷമായി ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് ആണ്.