Asianet News MalayalamAsianet News Malayalam

മൂവായിരം രത്‌നക്കല്ലുകള്‍, ഒരു കിലോ ഭാരം, വെട്ടിത്തിളങ്ങുന്നു രാജ്ഞിയുടെ കിരീടം...

ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ കോഹിനൂര്‍ അമ്മറാണിയുടെ കിരീടത്തിലാണ് പതിപ്പിച്ചിട്ടുള്ളത്. 105 കാരറ്റ് വരുന്ന കോഹിനൂര്‍ ആണ് കിരീടത്തിന്റെ തിലകക്കുറി. മറ്റ് 2800 വജ്രക്കല്ലുകള്‍ കൂടി ഉപയോഗിച്ചിട്ടുണ്ട്.  ക്വീന്‍ മദര്‍ കിരീടവും ടവര്‍ ഓഫ് ലണ്ടനിലെ ശേഖരത്തിന്റെ കൂടെയാണ് സൂക്ഷിച്ചിട്ടുള്ളത്.

tale of imperial state crown by PR Vandana
Author
First Published Sep 17, 2022, 5:49 PM IST

ഈ ക്രൗണ്‍ ധരിക്കുമ്പോള്‍ കയ്യില്‍ പിടിച്ചിരിക്കുന്ന പേപ്പര്‍ നോക്കി വായിക്കാന്‍ പ്രയാസമാണെന്ന് റാണി തന്നെ പറഞ്ഞിട്ടുണ്ട്. പേപ്പര്‍ ഉയര്‍ത്തിവെച്ച് വേണം വായിക്കാന്‍. അല്ലെങ്കില്‍ കഴുത്ത് ഒടിഞ്ഞേക്കുമെന്ന്. കിരീടം വളരെ പ്രധാനപ്പെട്ട ഒന്നാണ്, പക്ഷേ ഇങ്ങനെ ചില പ്രശ്‌നങ്ങളുണ്ടെന്നും റാണി പറയുമായിരുന്നു.

 

tale of imperial state crown by PR Vandana

 

വെസ്റ്റ് മിന്‍സ്റ്റര്‍ ഹാളില്‍ എലിസബത്ത് രാജ്ഞിയുടെ മൃതദേഹവും വഹിച്ചുള്ള പേടകം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. നൂറുകണക്കിനാളുകളാണ് മണിക്കൂറുകള്‍ ക്യൂ നിന്ന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തുന്നത്. കിലോമീറ്ററുകള്‍ നീളുന്ന ക്യൂ. 

തിങ്കളാഴ്ചയാണ്  സംസ്‌കാരച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. അതു വരെ 24 മണിക്കൂറും ഹാള്‍ തുറന്നിരിക്കും. പൊതുജനത്തിന് അവരുടെ നാട് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച റാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാം. മണിക്കൂറുകള്‍ കാവല്‍ നിന്ന് രാജ്ഞിക്ക് അന്ത്യപ്രണാമം അര്‍പ്പിക്കാനെത്തിയവരുടെ കൂട്ടത്തില്‍ ഇംഗ്ലണ്ടിന്റെ പ്രിയ താരം ഡേവിഡ് ബെക്കാമും ഉണ്ടായിരുന്നു.  ലോകനേതാക്കള്‍ ഉള്‍പ്പടെ രണ്ടായിരം വിശിഷ്ട വ്യക്തികളാണ് തിങ്കളാഴ്ച സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുക. ചടങ്ങുകളുടെ വിശദാംശങ്ങളും പങ്കെടുക്കുന്ന നേതാക്കളുടെ വിശദവിവരങ്ങളും പിന്നെയാകും പ്രസിദ്ധീകരിക്കുക. നമ്മുടെ നാടിന്റെ പ്രതിനിധി ആയി രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനില്‍ എത്തുന്നുണ്ട്. 

ഉയര്‍ന്ന തട്ടില്‍ ഒരു പീഠത്തിലാണ് റാണിയുടെ സംസ്‌കാര പേടകം . രാജകീയ പതാക പുതച്ച്. ചുറ്റും കാവലാളുകളുടെ പ്രണാമം ഏറ്റുവാങ്ങിയാണ് എലിസബത്ത് റാണിയുടെ അന്ത്യവിശ്രമം. പേടകത്തിന് മുകളില്‍ വെച്ചിരിക്കുന്ന കിരീടമാണ് രാജ്ഞിയുടെ പ്രതീകം. രാജകീയ ആഭരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണ്‍ ആണത്. 

മൂവായിരത്തോളം വിലപിടിപ്പുള്ള കല്ലുകള്‍ പതിപ്പിച്ചതാണ് ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണ്‍ എന്ന രാജകീയ മകുടം. 2868 വജ്രക്കല്ലുകള്‍. 273 മുത്തുകള്‍, 17 ഇന്ദ്രനീലക്കല്ലുകള്‍, 11 രത്‌നക്കല്ലുകള്‍, 5 മാണിക്യക്കല്ലുകള്‍. വിവിധ വര്‍ണങ്ങളില്‍ തിളങ്ങുന്ന കിരീടം. ശോഭ കൊണ്ട് ഏറെ നേരം കിരീടം നോക്കാന്‍ തന്നെ പറ്റില്ല. സമ്പത്തിനേക്കാളും രാജപദവിയുടെ ഗരിമ വിളിച്ചു പറയുന്നതാണ് ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണ്‍.

1937-ലാണ് ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണ്‍ നിര്‍മിച്ചത്. എലിസബത്ത് റാണിയുടെ അച്ഛന്‍ ജോര്‍ജ് ആറാമന്റെ കിരീടധാരണച്ചടങ്ങിന് വേണ്ടിയായിരുന്നു അത്.  

അതിന് മുമ്പ് ഉണ്ടായിരുന്ന രാജകിരീടത്തേക്കാള്‍ ഭാരം കുറഞ്ഞ, തലയില്‍ കൃത്യമായി ഇരിക്കുന്ന, ഉപയോഗിക്കാന്‍ കുറച്ചു കൂടി എളുപ്പമുള്ള ഒരു കിരീടം എന്ന നിലക്കാണ് പുതിയൊരെണ്ണം പണിയാന്‍ തീരുമാനിച്ചത്. വിക്‌ടോറിയ റാണിയുടെ കാലം മുതല്‍ക്കുള്ള കിരീടം ആയിരുന്നു അതുവരെ ഉപയോഗിച്ചിരുന്നത്. പുതിയ കിരീടത്തിനും പക്ഷേ വലിയ ഭാരക്കുറവ് ഒന്നുമില്ല. ഒരു കിലോയിലധികം ഭാരമുണ്ട് ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണിന്. വെറുതെയല്ല, പ്രധാനമായും കൊല്ലത്തില്‍ ഒരു തവണ മാത്രമാണ് കിരീടം റാണി ഉപയോഗിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കം കുറിക്കുന്ന വേളയിലാണ് എലിസബത്ത് റാണി ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണ്‍ ധരിക്കാറ് പതിവ്. 

ഈ ക്രൗണ്‍ ധരിക്കുമ്പോള്‍ കയ്യില്‍ പിടിച്ചിരിക്കുന്ന പേപ്പര്‍ നോക്കി വായിക്കാന്‍ പ്രയാസമാണെന്ന് റാണി തന്നെ പറഞ്ഞിട്ടുണ്ട്. പേപ്പര്‍ ഉയര്‍ത്തിവെച്ച് വേണം വായിക്കാന്‍. അല്ലെങ്കില്‍ കഴുത്ത് ഒടിഞ്ഞേക്കുമെന്ന്. കിരീടം വളരെ പ്രധാനപ്പെട്ട ഒന്നാണ്, പക്ഷേ ഇങ്ങനെ ചില പ്രശ്‌നങ്ങളുണ്ടെന്നും റാണി പറയുമായിരുന്നു. പ്രായം ക്ഷീണമേറ്റിയപ്പോള്‍ മുതല്‍ ഭാരം കുറഞ്ഞ മറ്റൊരു കിരീടമാണ് റാണി കൂടുതലായും ഉപയോഗിച്ചത്. എന്തായാലും ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണ്‍ ആണ് ഇപ്പോള്‍ റാണിയുടെ സംസ്‌കാരപേടകത്തിന് മുകളില്‍ വെച്ചിരിക്കുന്നത്. ചടങ്ങുകള്‍ക്ക് ശേഷം രാജകീയ സ്വര്‍ണാഭരണങ്ങളുടെ കാവലാളുകള്‍ എത്തി ലണ്ടന്‍ ടവറിലേക്ക് പതിവ് സൂക്ഷിപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. അവിടെ പ്രദര്‍ശനത്തിന് വെക്കും. അമ്മക്ക് പിന്നാലെ രാജാവ് ആയ മകന്‍ വിശിഷ്ട അവസരങ്ങളില്‍ ആ കിരീടം തലയില്‍ ചാര്‍ത്തും. 

കിരീടത്തിലുള്ള അമൂല്യ രത്‌നങ്ങളില്‍ ചിലത് ലോക പ്രസിദ്ധമാണ്.  317 കാരറ്റ് ഉള്ള കള്ളിനാന്‍ രണ്ട് എന്ന് പേരുള്ള വജ്രക്കല്ല് ആണ് അതില്‍ മുഖ്യം. ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കയുടെ ഭാഗമായിരുന്ന പഴയ കോളനി ട്രാന്‍സ്വാളിലെ ഭരണകൂടം എഡ്വേര്‍ഡ് ഏഴാമന്‍ രാജാവിന് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. ലോകത്തെ ഏറ്റവും വലിയ രത്‌നമായ കള്ളിനാനില്‍ നിന്ന് മുറിച്ചെടുത്തത്. ആഫ്രിക്കയുടെ രണ്ടാം നക്ഷത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കള്ളിനാന്‍ രണ്ട്  കിരീടത്തില്‍ തലയോട് ചേര്‍ന്നിരിക്കുന്നിടത്ത് മധ്യഭാഗത്തായി ഗാംഭീര്യം വിതറുന്നു.

രാജകീയ രത്‌നശേഖരത്തിലെ ഏറ്റവും പഴക്കമുള്ള രത്‌നങ്ങളില്‍ ഒന്നും കിരീടത്തില്‍ പതിപ്പിച്ചിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ രാജകീയ ശേഖരത്തിലെത്തിയ ഒരു അമൂല്യ ഇന്ദ്രനീലക്കല്ല്. അതാണ് കിരീടത്തിലെ ഏറ്റവും ഉയരത്തില്‍ നീലവെളിച്ചം വിതറുന്നത്. സെന്റ് എഡ്വേര്‍ഡ് സഫയര്‍ എന്ന് പേര്. 

കള്ളിനാന്‍ രണ്ടിന് മുകളിലായി കിരീടത്തിന് മധ്യഭാഗത്ത് ഉള്ളത് വലിയൊരു മാണിക്യക്കല്ലാണ്. ബ്ലാക്ക് പ്രിന്‍സ് റൂബി എന്ന് പേരുള്ള രത്‌നം. 1415-ല്‍ അഗിന്‍കോര്‍ട്ട് യുദ്ധകാലത്ത്  ഹെന്റി അഞ്ചാമന്‍ ധരിച്ചിരുന്ന കിരീടത്തിലുണ്ടായിരുന്നു ഈ റൂബി. ഫ്രഞ്ചുകാര്‍ക്ക് എതിരെ നേടിയ വിജയത്തിന്റെ മാധുര്യമുണ്ട് ഈ റൂബിയുടെ തിളക്കത്തിന്. അന്ന് തലപ്പാവിലെ മാണിക്യക്കല്ലില്‍ ഒരു ദ്വാരം ഉണ്ടാക്കി രാജാവ് ഒരു അലങ്കാരത്തൂവല്‍ വെച്ചെന്ന് ഒരു കഥയുമുണ്ട്. 

ഇങ്ങനെ പുകള്‍പെറ്റ രത്‌നങ്ങള്‍ക്ക് പുറമെയാണ് മറ്റ് നിരവധി കല്ലുകളും കിരീടത്തിന് ഭംഗിയും മൂല്യവും കൂട്ടുന്നത്. ചരിത്രവും കൂടി കിരീടത്തിന്റെ ഗാംഭീര്യം ഏറ്റുന്നു. അതു കൊണ്ട് തന്നെ കിരീടത്തിന് വിലയിടുക എന്ന അതിസാഹസത്തിന് ആരും മുതിര്‍ന്നിട്ടില്ല. അമൂല്യം എന്ന വാക്കില്‍ കിരീടത്തിന്റെ മതിക്കാനാകാത്ത വില ഉറങ്ങിക്കിടക്കുന്നു. 

 

tale of imperial state crown by PR Vandana
 


 വാല്‍ക്കഷ്ണം:

ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ കോഹിനൂര്‍ അമ്മറാണിയുടെ കിരീടത്തിലാണ് പതിപ്പിച്ചിട്ടുള്ളത്. 105 കാരറ്റ് വരുന്ന കോഹിനൂര്‍ ആണ് കിരീടത്തിന്റെ തിലകക്കുറി. മറ്റ് 2800 വജ്രക്കല്ലുകള്‍ കൂടി ഉപയോഗിച്ചിട്ടുണ്ട്.  ക്വീന്‍ മദര്‍ കിരീടവും ടവര്‍ ഓഫ് ലണ്ടനിലെ ശേഖരത്തിന്റെ കൂടെയാണ് സൂക്ഷിച്ചിട്ടുള്ളത്. പുരുഷന്‍മാര്‍ ഈ രത്‌നം ധരിച്ചാല്‍ നിര്‍ഭാഗ്യമെന്നാണ് വിശ്വാസമത്രേ. അതു കൊണ്ട് സ്ത്രീകള്‍ മാത്രമേ രത്‌നങ്ങളിലെ രത്‌നമായ കോഹിനൂര്‍ ധരിച്ചിട്ടുള്ളു. വിക്ടോറിയ റാണി ബ്രൂച്ചിലും ശിരോഭരണത്തിലും കോഹിനൂര്‍ പതിപ്പിച്ച് ഉപയോഗിച്ചിട്ടുണ്ട്. 1901-ല്‍ അവരുടെ നിര്യാണത്തിന് പിന്നാലെ എഡ്വേര്‍ഡ് എട്ടാമന്റെ ഭാര്യ അലക്‌സാണ്ട്ര റാണിയുടെ കിരീടത്തിലായി കോഹിനൂറിന്റെ ഇരിപ്പിടം. 1911-ല്‍ മേരി രാജ്ഞിയുടെ കീരീടത്തില്‍. പിന്നെ 1937-ല്‍ ജോര്‍ജ് ആറാമന്‍ രാജാവിന്റെ കിരീടധാരണസമയത്ത് ഭാര്യ എലിസബത്ത് ധരിച്ച കിരീടത്തിലെത്തി. പിന്നീട് ക്വീന്‍ മദര്‍ എന്ന് തന്നെ കിരീടത്തിനും പേരായി. പ്ലാറ്റിനത്തില്‍ നിര്‍മിച്ച ഏകകിരീടമാണ് ഇത്. 2002ല്‍ അമ്മമഹാറാണി മരിച്ചപ്പോള്‍ സംസ്‌കാരപേടകത്തിന് മുകളില്‍ പ്രതീകമായി വെച്ചിരുന്നതും ഇതേ കിരീടം. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണച്ചടങ്ങില്‍ രാജപത്‌നിയായ കമീല ശിരസ്സിലേറ്റുക ഈ കിരീടമാകും. 
 

Follow Us:
Download App:
  • android
  • ios