നഗ്‌നനായ, ചങ്ങല ധരിച്ച അടിമയുടെ പ്രേതം പിന്തുടരുന്നുവെന്നും, ഭീകരമായ അലച്ചകള്‍ കേള്‍ക്കുന്നുവെന്നും താമസക്കാര്‍ ആരോപിച്ചു. ഒടുവില്‍, താമസക്കാര്‍ക്ക് മതിയായി. അവര്‍ വീട് ഉപേക്ഷിച്ചു പോയി.
1834-ല്‍ ന്യൂ ഓര്‍ലിയാന്‍സിലെ 1140 റോയല്‍ സ്ട്രീറ്റിലെ ഒരു മാളികയില്‍ ഒരു തീപ്പിടിത്തമുണ്ടായി. അയല്‍വാസികള്‍ തീയണയ്ക്കാന്‍ വെള്ളവും കൊണ്ട് ഓടിയെത്തി. എന്നാല്‍ അവര്‍ വന്നപ്പോള്‍ അവിടെ ഗൃഹനാഥയായ മാഡം ലാലൗറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അന്നത്തെ കാലത്ത് അടിമകളില്ലാത്ത ഒരു മാളികയുമില്ലായിരുന്നു. അങ്ങനെ വരാന്‍ സാദ്ധ്യത ഇല്ലല്ലോ എന്ന ആലോചന തന്നെ ഞെട്ടിക്കുന്നതായിരുന്നു.
തുടര്‍ന്ന്, സംശയം തോന്നിയ ആളുകള്‍ മാളികയുടെ അകം അരിച്ച് പെറുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അവര്‍ അവിടെ കണ്ടെത്തിയത് തീര്‍ത്തും ഭയാനകമായ കാര്യങ്ങളായിരുന്നു. ആട്ടിന്‍ തോലിട്ട ചെന്നായായിരുന്നു മാഡം മേരി ഡെല്‍ഫിന്‍ ലാലൗറി എന്ന് അവര്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. അങ്ങനെ ഒരിക്കല്‍ സമൂഹത്തിലെ മാന്യയായി അറിയപ്പെട്ടിരുന്ന അവര്‍ ന്യൂ ഓര്‍ലിയാന്‍സിലെ സാവേജ് മിസ്ട്രസ് എന്നറിയപ്പെടാന്‍ തുടങ്ങി.
എന്താണ് അവര്‍ അവിടെ കണ്ടത്?
അത് പറയുംമുമ്പേ അവര്‍ ആരായിരുന്നു എന്ന് നോക്കാം.
1780-ല്‍ ന്യൂ ഓര്‍ലിയാന്‍സില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് ലാലൗറി ജനിച്ചത്. നേരത്തെ അവളുടെ കുടുംബം അയര്‍ലണ്ടിലായിരുന്നു. അവിടെ നിന്ന് അന്ന് സ്‌പെയിനിന്റെ നിയന്ത്രണത്തിലുള്ള ലൂസിയാനയിലേക്ക് താമസം മാറുകയായിരുന്നു. അവള്‍ മൂന്ന് തവണ വിവാഹം കഴിച്ചു. അതില്‍ ആകെ അഞ്ച് കുട്ടികളുണ്ടായിരുന്നു. 1831-ലാണ് മാഡം ലാലൗറി ഫ്രഞ്ച് ക്വാര്‍ട്ടറിലെ 1140 റോയല്‍ സ്ട്രീറ്റില്‍ മൂന്ന് നിലകളുള്ള ഒരു മാളിക വാങ്ങുന്നത്. അക്കാലത്ത് പലരും ചെയ്യുന്ന പോലെ മാഡം ലാലോറി അടിമകളെ മാളികയില്‍ താമസിപ്പിച്ചിരുന്നു. പൊതുസമൂഹത്തിന് മുന്നില്‍ അവള്‍ ദയവുള്ള, സത്യസന്ധയായ ഒരു സ്ത്രീയായിരുന്നു. എന്നാല്‍ മാളികളുടെ ചുവരുകള്‍ക്കുള്ളില്‍ അവള്‍ ക്രൂരതയുടെ ജീവിക്കുന്ന രൂപമായിരുന്നു. ന്യൂ ഓര്‍ലിയാന്‍സില്‍ അടിമകളെ ക്രൂരമായ ശിക്ഷകള്‍ക്ക് ഇരയാകുന്നത് നിയമവിരുദ്ധമായിരുന്നു. എന്നാല്‍ അതൊന്നും വകവെക്കാതെ അടിമകളെ ക്രൂരമായി കൈകാര്യം ചെയ്യുകയായിരുന്നു ലാലൗറി.

മാഡം മേരി ഡെല്‍ഫിന്‍ ലാലൗറി
ലാലൗറി അടിമസ്ത്രീകളെ ചങ്ങലകൊണ്ട് ബന്ധിക്കുകയും വയറു കീറുകയും കുടല്‍ വെളിയില്‍ എടുത്ത് അരയ്ക്ക് ചുറ്റും ബന്ധിക്കുകയും ചെയ്തിരുന്നു. അടിമകളുടെ ശവ ശരീരങ്ങളോട് പോലും അവള്‍ കരുണ കാണിച്ചിരുന്നില്ല. ശവശരീരങ്ങള്‍ അവള്‍ മറവ് ചെയ്തില്ല. അത് അവിടെ കിടന്ന് അഴുകി. ലാലൗറി തന്റെ അടിമകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ഏറ്റവും ക്രൂരമായ പീഡനങ്ങളില്‍ ഒന്ന്, വായില്‍ മൃഗത്തിന്റെ വിസര്‍ജ്യം കുത്തി തിരുകി ചുണ്ടുകള്‍ കൂട്ടികെട്ടുന്നതായിരുന്നു. അന്ന് തീപിടുത്തത്തിനെ തുടര്‍ന്ന്, ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അടിയും, ചതവും കൊണ്ട് രക്തം വാര്‍ന്ന്, കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത, തൊലി ഉരിഞ്ഞ, വായില്‍ മലമൂത്രവിസര്‍ജ്ജനം നിറച്ച് ചുണ്ടുകള്‍ തുന്നിക്കെട്ടിയ നിലയിലായിരുന്നു അടിമകള്‍.
ഒരു സ്ത്രീയുടെ കൈകളും കാലുകളും നഷ്ടപ്പെട്ടതായി കണ്ടെത്തി. മറ്റൊരു സ്ത്രീയെ നായ്ക്കള്‍ക്കുള്ള ഒരു ചെറിയ ലോഹക്കൂട്ടിനുള്ളില്‍ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. അവളുടെ അസ്ഥികള്‍ വളച്ചൊടിച്ചായിരുന്നു അതിനകത്ത് ഇരുത്തിയിരുന്നത്. അതുപോലെ അഴുകിയ പുഴുവരിച്ച തലച്ചോറുകളും, തുള വീണ നിരവധി തലയോട്ടികളും അവര്‍ അവിടെ നിന്ന് കണ്ടെടുത്തു. ലാലൗറിക്ക് തന്റെ അടിമകളായ പുരുഷന്മാരെ വെറുപ്പായിരുന്നുവെന്ന് ചിലര്‍ സിദ്ധാന്തിക്കുന്നു. അടിമകളുടെ മൃതദേഹങ്ങള്‍ വീട്ടില്‍ നിന്ന് നീക്കം ചെയ്തപ്പോള്‍, പുരുഷന്മാരുടെ നഖങ്ങളും കണ്ണുകളും ജനനേന്ദ്രിയങ്ങളും നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു.
അതുപോലെ, 70 വയസ്സുള്ള തന്റെ പാചകക്കാരനെ ചങ്ങലയില്‍ ബന്ധിച്ച് പട്ടിണിക്കിട്ടതായും കിംവദന്തികള്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ 100-ലധികം ഇരകള്‍ അവരുടെ കൈകളില്‍ പീഡനം അനുഭവിച്ചെന്ന് അനുമാനിക്കുന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും ക്രൂരയായ സ്ത്രീകളില്‍ ഒരാളായി മാഡം ലാലൗറിയുടെ പേര് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. എന്നാല്‍, അവരെ ഒരിക്കലും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. കാരണം, തീപിടുത്തത്തിന്റെ ഇടയില്‍ അവര്‍ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് പാരീസിലേക്ക് ഓടിപ്പോയി. എന്നാല്‍, അവള്‍ പാരീസില്‍ എത്തിയതായി ഒരു തെളിവും ലഭിച്ചില്ല. ഈ വീട് ഇപ്പോഴും റോയല്‍ സ്ട്രീറ്റിന്റെ അറ്റത്തുണ്ടെങ്കിലും, മാഡം ലാലൗറി എവിടെയാണെന്നോ, അവര്‍ക്ക് എന്ത് സംഭവിച്ചെന്നോ ഇപ്പോഴും അജ്ഞാതമാണ്.
അവര്‍ മാളികയില്‍ നിന്ന് ഓടിപ്പോയതിന് ശേഷം, ജനക്കൂട്ടം അവിടം കൊള്ളയടിച്ചു. പിന്നീട് ആ മാളിക വര്‍ഷങ്ങളോളം ഒഴിഞ്ഞുകിടന്നു. പഴയ അടിമകളുടെ പ്രേതങ്ങള്‍ അവിടെ അപ്പോഴും ഉണ്ടെന്ന് ആളുകള്‍ അവകാശപ്പെട്ടു. വീട്ടില്‍ പ്രേതബാധയുണ്ടെന്ന് കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങി. ഒടുവില്‍ പ്രയാസപ്പെട്ട് വീട് വാങ്ങാന്‍ ഒരാള്‍ എത്തി. എന്നാല്‍ പുതിയ ഉടമ രാത്രിയില്‍ നിലവിളികളും ഞരക്കങ്ങളും കേട്ടതായി പരാതിപ്പെട്ടു. മൂന്നു മാസമേ താമസിച്ചുള്ളൂ. അയാള്‍ അതുപേക്ഷിച്ച് ഓടി പോയി. ഒടുവില്‍, പുനര്‍നിര്‍മ്മാണ സമയത്ത് വീട് പെണ്‍കുട്ടികളുടെ ഹൈസ്‌കൂളാക്കി മാറ്റി.
എന്നാല്‍ അധികം താമസിയാതെ, സ്‌കൂളും അടച്ചു. അവസാനം, വാടക കുറഞ്ഞ ഒരു താമസസ്ഥലമാക്കി വീട്. നഗ്‌നനായ, ചങ്ങല ധരിച്ച അടിമയുടെ പ്രേതം പിന്തുടരുന്നുവെന്നും, ഭീകരമായ അലച്ചകള്‍ കേള്‍ക്കുന്നുവെന്നും താമസക്കാര്‍ ആരോപിച്ചു. ഒടുവില്‍, താമസക്കാര്‍ക്ക് മതിയായി. അവര്‍ വീട് ഉപേക്ഷിച്ചു പോയി.
അവിടെ നടക്കുന്ന വിചിത്രമായ സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നതോടെ, മാളിക വീണ്ടും വിജനമായി. 2010-ല്‍ വീട് വാങ്ങുകയും 2013-ല്‍ താമസം മാറുകയും ചെയ്ത എനര്‍ജി ട്രേഡറായ മൈക്കല്‍ വേല്‍ലിന്റെ സ്വകാര്യ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ലാലൗറി മാന്‍ഷന്‍.
