Asianet News MalayalamAsianet News Malayalam

യുദ്ധം ചെയ്യുന്ന രണ്ട് ബീഗങ്ങള്‍, ഒരാള്‍ അധികാരക്കസേരയില്‍, മറ്റേയാള്‍ ജയിലില്‍!

ഇരു നേതാക്കള്‍ക്കും ഒരേ വിധിയായിരുന്നു. രണ്ടുപേരും കൊല ചെയ്യപ്പെട്ടു. രാഷ്ട്രപിതാവായ മുജീബിനെയും കുടുംബത്തെയും പട്ടാള അട്ടിമറിക്കിടെ, വീട്ടില്‍ കയറി കൂട്ടക്കൊല ചെയ്യുകയായിരുന്നു ശത്രുക്കള്‍.

tale of two warring begums lokajalakam a column by alakananda
Author
First Published Jan 10, 2024, 6:35 PM IST

ശൈഖ് ഹസീന ആദ്യ പ്രസിഡന്റിന്റെ മകളാണ്. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി. ഖാലിദ സിയ ഒരു മുന്‍ പ്രസിഡന്റിന്റെ ഭാര്യ. ഇരുവരും തമ്മില്‍ കാലങ്ങളുടെ ബദ്ധശത്രുത. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടിയുടെ (ബി എന്‍ പി) നേതാവായ ഖാലിദ സിയ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

 

tale of two warring begums lokajalakam a column by alakananda

ഷേഖ് ഹസീന

 

ഇന്ത്യ നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന 2024,  തൊട്ടടുത്തുള്ള മറ്റ് രണ്ട് രാജ്യങ്ങളിലും തെരഞ്ഞെടുപ്പ് വര്‍ഷമാണ്. ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളാണ് തെരഞ്ഞെടുപ്പിലൂടെ കടന്നുപോവുന്നത്. ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് ജനുവരി ഏഴിനായിരുന്നു. നിലവിലെ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗാണ് 40 ശതമാനം വോട്ടര്‍മാര്‍ മാത്രം വിധിയെഴുതിയ തെരഞ്ഞെടുപ്പില്‍ ജേതാക്കളായത്. 

ഫെബ്രുവരി എട്ടിനാണ് പാക്കിസ്താനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചത്. അതിനിടെ, കൊടുംശൈത്യവും സുരക്ഷാ കാരണവും മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സെനറ്റില്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. എന്നാല്‍, തീയതി മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലമല്ല. മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ് ഇത്തവണ വിജയസാധ്യത കല്‍പ്പിക്കുന്നത്. പക്ഷേ, പാക്കിസ്താനില്‍ സര്‍വശക്തരായി വാഴുന്ന സൈന്യത്തിന് ഇംറാനെ താല്‍പര്യമില്ല. അതാണ് കഴിഞ്ഞ തവണ അദ്ദേഹത്തിന് വിനയായത്. ഈ തെരഞ്ഞെടുപ്പില്‍ ഇംറാന്റെ വിധി എന്താവുമെന്ന അനിശ്ചിതത്വത്തിന് കാരണം സൈന്യത്തിന്റെ താല്‍പ്പര്യക്കുറവാണ്. 

ബംഗ്ലാദേശിലാവട്ടെ, ഷേഖ് ഹസീന നാലാമൂഴത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചും വിമത സ്വരങ്ങളെ നിശ്ശബ്ദമാക്കിയുമാണ് ഹസീനയുടെ സര്‍ക്കാര്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഏകാധിപത്യ ഭരണരീതിയാണ് ഹസീന കൈക്കൊള്ളുന്നതെന്നാണ് പ്രതിപക്ഷ വിമര്‍ശനം. 

ബീഗങ്ങളുടെ പോരാട്ടം

രാഷ്ട്രപിതാവായ ഷേഖ് മുജീബ് റഹ്മാന്റെ മകള്‍ ഷേഖ് ഹസീനയും മുന്‍ പട്ടാള ജനറലും ബംഗ്ലാദേശ് പ്രസിഡന്റുമായിരുന്ന ജനറല്‍ സിയാ ഉര്‍ റഹ്മാന്റെ ഭാര്യ ഖാലിദ സിയയും തമ്മിലെ പോരാട്ടമായിരുന്നു കുറേക്കാലമായി ബംഗ്ലാദേശ് രാഷ്ട്രീയം. എന്നാലിപ്പോള്‍, അധികാരം, ഷേഖ് ഹസീന കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്. വണ്‍ വുമണ്‍ ഷോ ആയി ആയി മാറിയിരിക്കുന്നു ഷേഖ് ഹസീനയുടെ ഭരണം എന്ന് വിമര്‍ശനമുണ്ട്.

ബീഗങ്ങളുടെ പോരാട്ടം, ഒരു കാലത്ത് ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ ആപ്തവാക്യം അതായിരുന്നു. ശൈഖ് ഹസീന ആദ്യ പ്രസിഡന്റിന്റെ മകളാണ്. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി. ഖാലിദ സിയ ഒരു മുന്‍ പ്രസിഡന്റിന്റെ ഭാര്യ. ഇരുവരും തമ്മില്‍ കാലങ്ങളുടെ ബദ്ധശത്രുത. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടിയുടെ (ബി എന്‍ പി) നേതാവായ ഖാലിദ സിയ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

ചോരക്കളികളുടെ തുടര്‍ച്ച

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമര നായകനും രാജ്യത്തിന്റെ സ്ഥാപകനുമായ മുന്‍ പ്രസിഡന്റ് ഷേഖ് മുജീബുര്‍ റഹ്മാന്റെ മകളാണ് ഷേഖ് ഹസീന. രാജ്യത്തെ ആദ്യത്തെ സൈനിക ഏകാധിപതി ജനറല്‍ സിയാവുര്‍ റഹ്മാന്റെ ഭാര്യയാണ് ഖാലിദ സിയ. മുജീബ് റഹ്മാനും സിയാവുര്‍ റഹ്മാനും ബംഗ്ലാദശ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാത്രന്ത്യത്തിനു ശേഷം ഇരുവരും ശത്രുക്കളായി. മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടിയായ അവാമി ലീഗ് രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ നട്ടെല്ലായിരുന്നു. പാര്‍ട്ടിയില്‍നിന്നും വിട്ടുപോയശേഷം, പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയശേഷം സിയ ഉര്‍ റഹ്മാന്‍ രൂപവല്‍കരിച്ച പാര്‍ട്ടിയാണ് ബി എന്‍ പി. കുറേ കാലമായി, ഈ രണ്ടു പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുകയായിരുന്നു ബംഗ്ലാദേശ്. എന്നാല്‍, നാലു തവണയായി ബിഎന്‍പി അധികാരത്തില്‍നിന്ന് പുറത്താണ്. 

മുജീബ് റഹ്മാനും സിയാവുര്‍ റഹ്മാനും പ്രതിനിധീകരിച്ച രാഷ്ട്രീയം എന്തായാലും, ഇരു നേതാക്കള്‍ക്കും ഒരേ വിധിയായിരുന്നു. രണ്ടുപേരും കൊല ചെയ്യപ്പെട്ടു. രാഷ്ട്രപിതാവായ മുജീബിനെയും കുടുംബത്തെയും പട്ടാള അട്ടിമറിക്കിടെ, വീട്ടില്‍ കയറി കൂട്ടക്കൊല ചെയ്യുകയായിരുന്നു ശത്രുക്കള്‍. പട്ടാളത്തിലെ ഒരു വിഭാഗവുമായി ഗൂഢാലോചന നടത്തിയ മുജീബ് സര്‍ക്കാറിലെ മന്ത്രി മുഷ്താഖ് റഹ്മാന്റെ നേതൃത്വത്തിലാണ് കൂട്ടക്കൊല നടത്തിയത്. ഒരു വിഭാഗം സൈനികരാണ് മുജീബിനെയും കുടുംബത്തെയും വക വരുത്തിയത്. 10 വയസുള്ള കുഞ്ഞും മുജീബിന്റെ ഗര്‍ഭിണിയായ മരുമകളും ഉള്‍പ്പടെ 16 പേര്‍ അന്ന് അരുംകൊല ചെയ്യപ്പെട്ടു. അന്ന് ജര്‍മ്മനിയിലായിരുന്നതുകൊണ്ടാണ് ഷേഖ് ഹസീന രക്ഷപ്പെട്ടത്. അതിനുശേഷം, ഷേഖ് ഹസീന ഇന്ത്യയിലും ബ്രിട്ടനിലുമായി കഴിഞ്ഞു. 1981 -ല്‍ ഹസീന മുജീബിന്റെ പാര്‍ട്ടിയായ അവാമിലീഗ് നേതാവായി. ഒരു പതിറ്റാണ്ട് കാലം അവര്‍ ജയിലിനകത്തും പുറത്തുമായി കഴിഞ്ഞു. 

മുജീബിന്റെ ഭരണകാലത്ത് സൈന്യത്തിലെ രണ്ടാം അധികാരകേന്ദ്രമായിരുന്ന സിയാവുര്‍ റഹ്മാനായിരുന്നു കൂട്ടക്കൊലയ്ക്കു പിന്നിലെന്ന് ഷേഖ് ഹസീന അടക്കം നിരവധി പേര്‍ പിന്നീട് ആരോപിച്ചു. ബംഗ്ലാദേശില്‍ ആ കൂട്ടക്കൊലയ്ക്കു ശേഷമുള്ള കാലങ്ങള്‍ പട്ടാള അട്ടിമറികളുടെയും തിരിച്ചടികളുടെയുമായിരുന്നു. ചോര മണക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷം, പട്ടാള അട്ടിമറിയിലൂടെ തന്നെയാണ് സിയാവുര്‍ റഹ്മാന്‍ അധികാരത്തിലേറിയത്. 

ഒരു വിഭാഗം സൈനികര്‍ തന്നെയാണ് 1981 മെയ് ഒമ്പതിന് ചിറ്റഗോംഗിലേക്കുള്ള യാത്രയ്ക്കിടെ സിയാവുര്‍ റഹ്മാനെ വധിച്ചത്. അതിനുശേഷമാണ് വിദേശരാജ്യങ്ങളില്‍ രാഷ്ട്രീയം അഭയം തേടിയിരുന്ന ഷേഖ് ഹസീന  രാജ്യത്ത് തിരിച്ചെത്തിയത്. അവര്‍ അവാമി ലീഗ് നേതാവായി. സിയാവുര്‍ റഹ്മാന്റെ ഭാര്യ ഖാലിദ സിയ ബി എന്‍ പി നേതാവുമായി. പിന്നെ നടന്നത് രണ്ട് ശക്തരായ സ്ത്രീകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. തോക്കായിരുന്നില്ല, തെരഞ്ഞെടുപ്പായിരുന്നു ഇരുവരുടെയും വഴി. രണ്ടുപേരും മാറി ബംഗ്ലാദേശ് മാറിഭരിച്ചു. 

ഏകാധിപത്യത്തിലേക്കുള്ള വഴികള്‍

മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് ബി എന്‍ പി എന്ന് അവാമി ലീഗും, അടിച്ചമര്‍ത്തലാണ് അവാമി ലീഗിന്റെ നയമെന്ന് ബി എന്‍ പിയും ആരോപിക്കുന്നു. രണ്ടുകൂട്ടരുടെയും ചരിത്രത്തില്‍ ചോര പുരണ്ട ഏടുകള്‍ ധാരാളമുണ്ട് എന്നതാണ് സത്യം. 2001 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹസീന തോറ്റു, പിന്നെ 2008-ലാണ് അധികാരം കിട്ടിയത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ, അടിസ്ഥാനസൗകര്യ വികസനം എന്നിവയിലേക്ക് ശ്രദ്ധ പതിപ്പിച്ചു, ഹസീന. ലോകത്ത് തന്നെ ഒന്നാമത് എന്ന് പറയത്തക്കവണ്ണം വസ്ത്രവ്യവസായവും മുന്നേറി. പക്ഷേ ഇപ്പോള്‍ രാജ്യത്തെ ശ്വാസംമുട്ടിക്കുന്നത് വിലക്കയറ്റമാണ്. അത് തടയാന്‍ സര്‍ക്കാരിനായില്ല എന്നാണ് ആരോപണം. വിമതശബ്ദവും മാധ്യമസ്വാതന്ത്ര്യവും അടിച്ചമര്‍ത്തുകയാണ് ഹസീന എന്ന വിമര്‍ശനവും ശക്തം. 

2014 -ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. 2018 -ലെ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്നും ആരോപണമുയര്‍ന്നു. എന്നാല്‍, അതൊന്നും ഹസീനയെ അലട്ടിയിട്ടില്ല. ഇത്തവണ 20000 അംഗങ്ങള്‍ അറസ്റ്റിലായെന്നാണ് ബി എന്‍ പി പറയുന്നത്. അവര്‍ വലിയ പ്രതിഷേധത്തിലാണ്. എന്നാല്‍, പ്രതിഷേധത്തിന് നല്‍കാന്‍ പാര്‍ട്ടി നേതാവ് ഖാലിദ സിയ സ്ഥലത്തില്ല. അവര്‍ വര്‍ഷങ്ങളായി വീട്ടുതടങ്കലിലാണ്. ഖാലിദ സിയയെ ശിക്ഷിച്ചത് പണം തട്ടിപ്പ് കേസിലാണ്. അനന്തരാവകാശിയായ മകന്‍ താരിഖ് റഹ്മാനാവട്ടെ ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുന്നു. 2023 -ല്‍ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ച കേസില്‍ താരിഖ് റഹ്മാനെയും ഭാര്യയേയും ബംഗ്ലാദേശ് കോടതി ശിക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ രാജ്യത്തേക്ക് തിരികെ വരാന്‍ പറ്റാതെ ലണ്ടനില്‍ കഴിയുന്നത്. നേതാക്കളില്ല എന്നതാണ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബി എന്‍ പി നേരിടുന്ന മുഖ്യപ്രതിസന്ധി. 

വികസനം, സമ്പദ് രംഗം

അതേസമയം രാജ്യത്തിന്റെ സമ്പദ് രംഗം വളരുകയാണ്. വസ്ത്രവ്യവസായമാണ് അതിന്റെ നെടുംതൂണ്‍. ചൈനയുടെ തൊട്ടുപിന്നിലാണ് ഇക്കാര്യത്തില്‍, ബംഗ്ലാദേശിന്റെ സ്ഥാനം. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമാണ് വസ്ത്ര കയറ്റുമതി കൂടുതല്‍. കയറ്റുമതി കൂടി, പക്ഷേ അഴിമതിയുടെ കൂത്തരങ്ങാണ് ഈ മേഖലയെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. കയറ്റുമതിയുടെ കണക്കുകളും എക്‌സ്‌പോര്‍ട്ട് റെസീറ്റുകളും തമ്മില്‍ ചേരുന്നില്ലെന്നും ആരോപണമുണ്ട്. ബില്യന്‍ കണക്കിന് വികസനഫണ്ടുകള്‍ നല്‍കുന്നതെല്ലാം സര്‍ക്കാരിന്റെ സ്വന്തമാളുകള്‍ക്കാണെന്നും വിമര്‍ശനമുണ്ട്. ഈ ഫണ്ടുകള്‍ അവരാരും തിരിച്ചടക്കാറുമില്ല. റിക്കവറി നോട്ടിസുകള്‍ പോയിട്ടുണ്ട്. പക്ഷേ അതൊക്കെ തട്ടിപ്പ് എന്നാണ് പൊതുപക്ഷം,

മൈക്രോ ഫിനാന്‍സ് മറ്റൊരു നേട്ടമാണ്. പക്ഷേ അതിന്റെ ഉപജ്ഞാതാവും നോബേല്‍ സമ്മാന ജേതാവുമായി മുഹമ്മദ് യൂനിസ് ഹസീനയുടേയും സിയയുടേയും കണ്ണിലെ കരടാണ്. തങ്ങളുടെ രാഷ്ട്രീയ എതിരാളിയായി വളരുമോ എന്ന പേടിയാവാം കാരണം. യൂനിസ് ഇപ്പോള്‍ തടവിലാണ്. 

ഇന്ത്യയുമായി അകല്‍ച്ചയായിരുന്നു എന്നും ബി എന്‍ പി. പക്ഷേ ഷേഖ് ഹസീന തിരിച്ചാണ്. ഇന്ത്യയും ചൈനയും ഒരേസ്വരത്തില്‍ പിന്തുണക്കുന്ന രാജ്യമാണ് ബംഗ്ലേദേശ്. അതൊരു വൈരുദ്ധ്യമാണെങ്കിലും.
 

Follow Us:
Download App:
  • android
  • ios